13 June Sunday

ഗാന്ധിയും ഗുരുവും ഒരുമിച്ച ഗാനം

വിനോദ്കുമാർ തള്ളശ്ശേരിUpdated: Sunday May 16, 2021

എം ഡി രാജേന്ദ്രൻ

കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്‌കരിച്ചാലും എന്നു തുടങ്ങുന്ന സിനിമാ ഗാനം ഇന്നും  നമ്മുടെ വർത്തമാന ദുരന്തങ്ങളെ മുൻകൂട്ടി കണ്ടിരുന്നു. മൗനം എന്ന സിനിമയ്‌ക്കുവേണ്ടി എം ഡി രാജേന്ദ്രൻ എഴുതിയ പാട്ടിനെക്കുറിച്ച്‌

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ,  കണ്ണൂരിൽനിന്ന്‌  വീണ്ടും ജയിച്ച  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കാണാൻ  ഒരു ചാനൽ റിപ്പോർട്ടർ എത്തി. രാഷ്ട്രീയ ചോദ്യങ്ങൾക്കു മറുപടി നൽകി. സംഗീതപ്രേമിയായ കടന്നപ്പള്ളിയോട്‌  പാട്ടുപാടാൻ റിപ്പോർട്ടർ  ആവശ്യപ്പെടുന്നു.  അദ്ദേഹം പാടി: 

കുറി വരച്ചാലും കുരിശ് വരച്ചാലും

കുമ്പിട്ട് നിസ്‌കരിച്ചാലും

കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്

കരുണാമയനാം ദൈവമൊന്ന്

ദൈവമൊന്ന് ദൈവമൊന്ന്

കടന്നപ്പള്ളി മുമ്പും ചില അവസരങ്ങളിൽ ഈ പാട്ട് പാടിയിട്ടുണ്ട്. 2009-ൽ പുറത്തിറങ്ങയ മൗനം എന്ന ചിത്രത്തിനുവേണ്ടി എം ഡി രാജേന്ദ്രൻ രചനയും സംഗീതവും നിർവഹിച്ച്‌ യേശുദാസ് പാടിയ പാട്ടാണിത്. കഴിഞ്ഞദിവസം അന്തരിച്ച മാടമ്പ് കുഞ്ഞുകുട്ടന്റെ കഥയെ ആസ്‌പദമാക്കി സുരേഷ് മച്ചാട് സംവിധാനംചെയ്‌ത മൗനത്തിൽ  സൈജു കുറുപ്പും സരയുവുമാണ്‌ പ്രധാന വേഷങ്ങളിൽ.   

എം ഡി രാജേന്ദ്രൻ യേശുദാസിനും വിജയ്‌ യേശുദാസിനുമൊപ്പം

എം ഡി രാജേന്ദ്രൻ യേശുദാസിനും വിജയ്‌ യേശുദാസിനുമൊപ്പം

പമ്പാ സരസ്സ് തടം ലോക മനോഹരം

പങ്കിലമാക്കരുതേ രക്ത

പങ്കിലമാക്കരുതേ

വിന്ധ്യഹിമാചല

സഹ്യസാനുക്കളിൽ

വിത്തു വിതയ്‌ക്കരുതേ വർഗീയ

വിത്തു വിതയ്‌ക്കരുതേ

 കവി എന്ത് സംഭവിക്കരുതെന്ന് എഴുതിയോ അതുതന്നെ സംഭവിക്കുന്നതിന്‌ നമ്മൾ സാക്ഷിയാകുന്നത്‌ സമകാലിക അനുഭവം. ശബരിമല സന്നിധാനം അക്രമസംഭവങ്ങളുടെ വേദിയായി.   

ഗീതയും ബൈബിളും വിശുദ്ധ ഖുറാനും

ഭാരത ഹൃദയമല്ലോ അദ്വൈത

ഭാരത ഹൃദയമല്ലോ

സിന്ധുവും ഗംഗയും വൈഗയും നിളയും

ഇന്ത്യ തൻ അക്ഷയനിധികൾ

ഇന്ത്യ തൻ ഐശ്വര്യഖനികൾ

രാജ്യത്തിന്റെ ആത്മാവ് ബഹുസ്വരതയിലാണെന്ന് ഊന്നിപ്പറയുന്ന വരികൾ. 

അപരന്റെ വിശ്വാസത്തെ നിന്ദിക്കുവാൻ ഒരു മതവും ആഹ്വാനം ചെയ്യുന്നില്ല. എന്നാൽ, ഇതിനു വിരുദ്ധമായ കാര്യങ്ങളാണ്‌ ലോകത്തെവിടെയും സംഭവിക്കുന്നത്. ഈ വരികൾ പ്രസക്തമാകുന്നത് ഇത്തരം അനുഭവങ്ങളുടെ കാലത്താണ്‌. അച്ഛനും ബാപ്പയും എന്ന സിനിമയ്‌ക്കുവേണ്ടി വയലാർ എഴുതിയ  മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ടുപോലെ തന്നെ പ്രവചനപരമായ ഈ പാട്ടിനെക്കുറിച്ച് രസകരമായ ഒരനുഭവം എം ഡി രാജേന്ദ്രൻ പങ്കുവയ്‌ക്കുന്നു. ആശയം മനസ്സിൽ വന്നപ്പോൾ ഒരു ലളിതഗാനംപോലെ എഴുതി.  മൗനത്തിലെ പാട്ടുകൾക്കുവേണ്ടി സംവിധായകൻ സമീപിച്ചപ്പോൾ, ഈ പാട്ട് പാടികേൾപ്പിച്ചു.  ഇഷ്ടപ്പെട്ടപ്പോൾ ദേവരാജൻ മാഷെക്കൊണ്ട് സംഗീതം ചെയ്യിക്കാമെന്ന ആഗ്രഹത്തോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. നേരത്തെ ഒരുമിച്ച് അവർ പാട്ടുകൾ ചെയ്‌തിട്ടുമുണ്ട്. പാട്ട് വായിച്ചു നോക്കിയതിനുശേഷം മാഷ്  രാജേന്ദ്രനോട് പാടാൻ പറഞ്ഞു. പാട്ട് എഴുതുമ്പോൾ മനസ്സിലുണ്ടായിരുന്ന ഈണത്തിൽ പാടി.  കേട്ടയുടനെ ദേവരാജൻ മാഷ് തീർത്തുപറഞ്ഞു, ‘ഞാനിത് ട്യൂൺ ചെയ്യത്തില്ല.’ വീടിനുള്ളിലേക്ക് തിരിഞ്ഞുനടന്നു. അകത്ത് കയറുന്നതിനുമുമ്പ് തിരിഞ്ഞുനോക്കി ഒരു കാര്യംകൂടി പറഞ്ഞു, ‘നിന്റെ ട്യൂൺ നല്ലതാണ്‌, നീ തന്നെ ചെയ്‌താൽ മതി’. അതിനുശേഷം ഒരു കാര്യംകൂടി തറപ്പിച്ചുപറഞ്ഞു, ‘പക്ഷേ ഞാൻ ചത്തിട്ട് മതി.’ 

അതിന്റെ അർഥം രാജേന്ദ്രന്‌  ഇന്നും പിടികിട്ടിയിട്ടില്ല. പക്ഷേ, ആ വാക്കുകൾ ശരിയായി. ദേവരാജൻ മാഷ്‌ മരിച്ചശേഷം 2009-ലാണ്‌ സിനിമ പുറത്തിറങ്ങിയത്‌.

മൗനം  സാമ്പത്തിക വിജയമായിരുന്നില്ല. പക്ഷേ, ഈ പാട്ടും വേണ്ടത്ര ശ്രദ്ധിക്കാതെ പോയി. ഗാന്ധിജി പാടി ജനപ്രിയമാക്കിയ ‘രഘുപതി രാഘവ രാജാറാം’ എന്ന ഭജൻ പറയുന്ന കാര്യവും ഗുരുവിന്റെ വിഖ്യാതമായ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌’ എന്ന സൂക്തവും പറയുന്ന ആശയം തന്നെയാണ്‌ എം ഡി രാജേന്ദ്രൻ പാട്ടിൽ ഉൾക്കൊള്ളിച്ചത്.

 യേശുദാസ് ഒരിക്കൽ ഷിമോഗയിൽ കച്ചേരിയിൽ ഈ പാട്ടുംപാടി.  ഭാഷ മനസ്സിലാകാതെ കേൾവിക്കാർ പാട്ടിനെക്കുറിച്ച് ചോദിച്ചു. ആശയം ഗായകൻ വിശദമാക്കി. കേൾവിക്കാർക്ക്‌ അതിഷ്ടപ്പെട്ടു. തുടർന്ന് യേശുദാസ് പാട്ടിന്റെ വരികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തുകൊടുക്കാൻ രാജേന്ദ്രനോട്‌  ആവശ്യപ്പെട്ടു. തമിഴിലേക്കും ഹിന്ദിയിലേക്കും എം ഡി രാജേന്ദ്രൻ തന്നെ മൊഴിമാറ്റി.  യേശുദാസിന്‌ ഇഷ്ടപ്പെട്ട വരികളാണ്‌ പാട്ടിലേതെന്ന് അഭിമാനപൂർവം രാജേന്ദ്രൻ പറയുന്നു.

ഇൻഡിവുഡ് എന്ന അന്താരാഷ്ട്ര സംഘടനയുടെ മികച്ച ഗാനരചയിതാവിനുള്ള  പുരസ്‌കാരത്തിന്‌ എം ഡി രാജേന്ദ്രനെ അർഹനാക്കിയത് ഈ പാട്ടുതന്നെ.

 വർഷങ്ങൾക്കുശേഷവും പാട്ടിന്റെ വരികൾ ചില കോണിലെങ്കിലും പരാമർശിക്കപ്പെടുന്നതിൽ സന്തുഷ്ടനാണ്‌  രാജേന്ദ്രൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top