22 June Tuesday

മുണ്ടൂരിന്റെ മുങ്ങാംകോഴിക്ക്‌ വേനലിൽ വിശ്രമമില്ല

ജോൺസൺ പി വർഗീസ്‌Updated: Sunday May 16, 2021

ആഴങ്ങളിലുള്ള ഉറവക്കണ്ണുകൾ തേടിപ്പോകുന്ന മുണ്ടൂരിലെ കൃഷ്‌ണൻ വേനലിൽ എവിടെയും പ്രത്യക്ഷപ്പെടും. ഒരു കൈ അറ്റുപോയതാണെങ്കിലും കൃഷ്‌ണൻ ഇല്ലാതെ മുണ്ടൂരുകാർക്ക്‌  കിണർ പണി  ആലോചിക്കാൻ വയ്യ

മുണ്ടൂരുകാർക്ക്‌ കിണർ കുത്തിന്റെ അവസാന വാക്കാണ് കൃഷ്‌ണൻ. ആഴങ്ങളിലുള്ള ഉറവക്കണ്ണുകൾ തേടിപ്പോകാൻ കൃഷ്‌ണനെപ്പോലെ മറ്റൊരാളില്ല. ഖസാക്കിന്റെ ഇതിഹാസത്തിലെ മുങ്ങാംകോഴിയെപ്പോലെ. ഇടതു കൈപ്പത്തി അറ്റുപോയതാണെന്ന കാര്യമൊന്നും കൂസാതെയാണ്‌ കൃഷ്‌ണൻ ഇക്കണ്ട കിണറുകളായ കിണറുകളെല്ലാം കുഴിച്ചതെന്ന്‌ അറിയുമ്പോൾ നമ്മളിൽ അതിശയത്തിന്റെ ഉറവ പൊട്ടും. 

ഉറവതേടി ഭൂമിയുടെ ആഴങ്ങളിലേക്ക്‌ മുങ്ങാംകുഴിയിട്ടുപോകാൻ ഈ മനുഷ്യന്‌ മനക്കരുത്തും ഒന്നരക്കൈയും ധാരാളം. ഇരുപതും മുപ്പതും കോൽ നീളമുള്ള കിണറ്റിലേക്ക്‌  വടത്തിൽ തൂങ്ങിയിറങ്ങുന്ന കൃഷ്‌ണൻ ഒരത്ഭുതക്കാഴ്‌ചയാണ്‌. ‍ മീനവെയിലിൽ  പാലക്കാടൻ ഗ്രാമങ്ങളിൽ നീരുറവകൾ കണ്ണടയ്‌ക്കുമ്പോൾ മുണ്ടൂർ ഒമ്പതാം മൈൽ കിഴക്കേക്കരയിൽ വീട്ടിൽ കൃഷ്‌ണന്റെ വീട്ടിലേക്ക്‌ ആളുകളെത്തും. മണ്ണിന്റെ ആഴങ്ങളിലേക്ക്‌ ഒറ്റക്കൈയുടെ ശക്തിയിൽ  കുഴിച്ചിറങ്ങും. 50–-ാം വയസ്സിലും തുടരുന്നു ഈ തൊഴിൽ. അധ്വാനിക്കാനുള്ള മനസ്സ്‌  മാത്രമാണ്‌ മൂലധനം. 18–-ാം വയസ്സിൽ കൈയിലിരുന്ന പടക്കംപൊട്ടിയാണ്‌ കൃഷ്‌ണന്റെ ഇടതുകൈ അറ്റുപോയത്‌. പിന്നീട്‌ വീടുനോക്കാൻ തുടങ്ങിയ കിണർ കുഴിക്കൽ മാറ്റിനിർത്തി ഇപ്പോൾ ജീവിക്കാൻ വയ്യാത്ത അവസ്ഥയായി. മുണ്ടൂർ, മലമ്പുഴ ഭാഗങ്ങളിൽ മാത്രം ആയിരത്തോളം കിണർ കുത്തിക്കഴിഞ്ഞു.  ഒരഭ്യാസിയുടെ മെയ്‌വഴക്കത്തോടെ പാതിയറ്റ കൈകളിൽ കയർ ചുറ്റിപ്പിടിച്ച്‌ കിണറ്റിലേക്കിറങ്ങുന്ന കൃഷ്‌ണനെ കണ്ടുനിൽക്കുന്നവർക്ക്‌ ആദ്യം തെല്ല‌്‌ ആശങ്ക വരുമെങ്കിലും തളരാത്ത ആ പോരാളിക്ക്‌ മുന്നിൽ മണ്ണടരുകൾ വഴിമാറി നിൽക്കും. കണ്ടുനിൽക്കുന്നവർക്ക്‌ അതിശയവും. കൃഷ്‌ണൻ കിണർ കുത്തുമ്പോൾ കരയിൽ ഭാര്യ ദേവകിയുമുണ്ട്‌. മണ്ണുകോരാൻ, ഇടയ്‌ക്ക്‌ നാരങ്ങയും ഉപ്പും പഞ്ചസാരയും കലക്കിയ വെള്ളം താഴേക്ക്‌ എത്തിച്ചുകൊടുക്കും. ക്ഷീണിക്കുമ്പോൾ കയറിവരാൻ ആവശ്യപ്പെടും. വിവാഹം കഴിഞ്ഞ്‌ അധികം വൈകാതെ തന്നെ ദേവകി സഹായിയായി കൂടെച്ചേർന്നതാണ്‌. ഈ മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ മാത്രം പതിനഞ്ചോളം കിണർ കുത്തിക്കഴിഞ്ഞു. വിസ്‌താരമുള്ള കിണറുകളാണ്‌ പാലക്കാടൻ ഗ്രാമങ്ങളിൽ കൂടുതലും. രണ്ടര അടിയാണ്‌ ഒരു കോൽ, ഇങ്ങനെ 25 കോൽ വരെ ആഴത്തിലായിരിക്കും പല കിണറും. ചെങ്കല്ല‌്‌ മനോഹരമായി വെട്ടിയൊതുക്കി. കല്ല‌്‌ കെട്ടിവൃത്തിയാക്കി കിണർ കുഴിക്കലിൽ എല്ലാ അർഥത്തിലും പ്രൊഫഷണലിസം കൃഷ്‌ണൻ ഉറപ്പാക്കും.  20 കോൽ വട്ടത്തിൽ ഒരു കോൽ താഴ്‌ചയിൽ കുഴിക്കാൻ 5000 രൂപവരെയാണ്‌ തുക. മണ്ണിന്റെ കാഠിന്യം അനുസരിച്ച്‌ തുകയിലും  മാറ്റംവരും. അട്ടപ്പാടിയിൽ പോയി  കിണർ കുത്തിയിട്ടുണ്ട്‌.  വർഷകാലമായാലോ പണിയില്ലാതായാൽ കൃഷിയാണ്‌ ഉപജീവനമാർഗം. പാട്ടത്തിനെടുത്ത ഭൂമിയിലാണ്‌ കൃഷി.  കൂർക്കയും പടവലവും  മറ്റ്‌ പച്ചക്കറികളുമാണ്‌ പ്രധാനമായും  വിളവിറക്കുക. വിദ്യ, ദിവ്യ, ബിൻസി, പ്രിയമോൻ എന്നിവരാണ്‌ മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top