06 August Friday

അനുഭവങ്ങളുടെ ദേശവും ഭാഷയും

രാജേഷ് കെ എരുമേലിUpdated: Sunday May 16, 2021

പൊതുസമൂഹം അടിസ്ഥാന സമൂഹങ്ങളെ  സംസ്‌കാരശൂന്യരും സദാചാരവിരുദ്ധരും തെറി പറയുന്നവരുമായാണ് വിലയിരുത്തുന്നത്. ഇത്തരം മനുഷ്യരുടെ ജനാധിപത്യ ബോധമോ  സാമൂഹിക ജീവിതത്തിന് അവര്‍ നല്‍കുന്ന സംഭാവനകളോ മനസ്സിലാക്കാതെയാണ് പല വാദവും. തങ്ങള്‍ക്ക് പറയാനുള്ളത് തുറന്ന ജീവിതം മാത്രമാണെന്ന സത്യം ഡി അനിൽകുമാറിനെപ്പോലുള്ളവര്‍ കവിതയിലൂടെ പറഞ്ഞുവയ്‌ക്കുന്നു

മലയാള കവിത ഭാഷയിലും ആഖ്യാനത്തിലും പുതുവഴി തേടുകയാണിന്ന്‌. നൂറ്റാണ്ടുകളായി മൂടിക്കിടന്ന വഴികൾ തെളിച്ചെടുത്തത് 2000നു ശേഷമിറങ്ങിയ പുതുകവിതയാണ്. കവിതയുടെ ലോകം ഇരപിടിയരിൽനിന്നും അധീശത്വത്തിൽനിന്നും കൃത്രിമ ആരാധകരിൽനിന്നും കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു. സാധാരണ മനുഷ്യരുടെ ജീവിതവും ഭാഷയും ഇന്ന്‌ സാഹിത്യത്തിന്റെ ഭാഗമായി.  അടിസ്ഥാനസമൂഹം നടത്തിയ  ഇടപെടലുകളുടെ ഫലമാണത്‌. ചിലരുടെ കൈകളിൽ മാത്രമായിരുന്ന കവിത അതിർത്തികൾ ലംഘിക്കുന്നു. കാടിനും കടലിനും പുറത്തു ജീവിച്ചവരുടെ, അതിനെക്കുറിച്ചുള്ള വർണനകളിൽ അതിഭാവുകത്വവും കളവുമുണ്ടായിരുന്നുവെന്ന്‌ നമ്മൾ തിരിച്ചറിയുന്നത് ഇത്തരം സമൂഹങ്ങളിലെ മനുഷ്യർ അവരുടെ അനുഭവങ്ങളെ ആവിഷ്‌കരിക്കാൻ തുടങ്ങിയതോടെയാണ്. ഡി അനിൽകുമാറിന്റെ കവിതാസമാഹാരം അവിയങ്കോര  ഈ അർഥത്തിൽ അടിത്തട്ടു മനുഷ്യരുടെ ജീവിതത്തെ നെയ്‌തെടുക്കുന്നതാണ്.

സവർണതയാൽ നിർമിക്കപ്പെട്ട പൊതുബോധത്തെ സാഹിത്യത്തിലെ ഉത്തമ ആവിഷ്‌കാരങ്ങളായി കണ്ട പ്രവണതയ്‌ക്ക്‌ മാറ്റംവരുന്നത് ഉത്തരാധുനികത നിർമിച്ച ബദൽ പാഠങ്ങളിലൂടെയാണ്. കർതൃത്വം സംബന്ധിച്ച ചോദ്യങ്ങളാണ് സവിശേഷമായി ദളിത്, പെൺ കവിതകളെക്കുറിച്ചുള്ള ആലോചനകൾക്ക് ഇടംനൽകിയത്. ആവിഷ്‌കാരത്തിന്റെ അകവും പുറവും എന്ന പ്രശ്നവൽക്കരണമാണ് പലപ്പോഴും പാരമ്പര്യത്തിന്റെ മൂല്യവ്യവസ്ഥയെ കടന്നാക്രമിക്കാൻ പുതുകവിതയ്‌ക്ക്‌ കരുത്തുനൽകിയത്. ചങ്കൊണ്ടോ പറക്കൊണ്ടോ എന്ന സമാഹാരത്തിലെ കവിതകളുടെ തുടർച്ചയായി വേണം അവിയങ്കോരയും വായിക്കാൻ.

വഷളൻ കാൽപ്പനികതയും സംസ്‌കൃതത്തിന്റെ അതിപ്രസരവും ഭാഷയുടെ ക്ലാസിക്കൽ വാദവും ചേർന്ന് മലയാള കവിതയെ അടച്ചുവച്ചിടത്താണ് പുതിയ ദേശങ്ങൾ, ഭാഷകൾ, വ്യത്യസ്‌ത മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങി സർവചരാരങ്ങളാൽ ബഹുസ്വരമാണ് സമൂഹമെന്ന കാഴ്‌ചപ്പാട് അവതരിപ്പിച്ചുകൊണ്ട് അനിൽകുമാറിനെപ്പോലുള്ള കവികൾ കടന്നുവരുന്നത്. ഭാഷയെ കേവലമായി ആവിഷ്‌കരിക്കുന്നതിനു പകരം വ്യവഹാര മനുഷ്യരുടെ അനുഭവങ്ങളോട് ചേർന്നുനിൽക്കുംവിധം മാറ്റിപ്പണിയുകയാണ് അനിൽകുമാറിനെപ്പോലുള്ളവർ.  

കടൽ എന്നത് മറ്റൊരു ലോകമാണെന്നും അവിടത്തെ മനുഷ്യരുടെ ചരിത്രം എങ്ങനെയാണ് സാമ്പ്രദായിക ചരിത്രപുസ്‌തകങ്ങളിൽനിന്നും അപ്രത്യക്ഷമായതെന്നും തിരിച്ചറിയുന്നതിലൂടെയാണ് ഇത്തരം കവിതകൾ രൂപപ്പെടുന്നത്. പൊതുസമൂഹം അടിസ്ഥാന സമൂഹങ്ങളെ  സംസ്‌കാരശൂന്യരും സദാചാരവിരുദ്ധരും തെറി പറയുന്നവരുമായാണ് വിലയിരുത്തുന്നത്. ഇത്തരം മനുഷ്യരുടെ ജനാധിപത്യബോധമോ  സാമൂഹിക ജീവിതത്തിന് അവർ നൽകുന്ന സംഭാവനകളോ മനസ്സിലാക്കാതെയാണ് പല വാദവും. തങ്ങൾക്ക് പറയാനുള്ളത് തുറന്ന ജീവിതം മാത്രമാണെന്ന സത്യം അനിലിനെപ്പോലുള്ളവർ കവിതയിലൂടെ പറഞ്ഞുവയ്‌ക്കുകയാണ്.

അടിത്തട്ട് മനുഷ്യർക്ക് അവരുടെ ജീവിതപരിസരവുമായി ചേർന്നുനിൽക്കുന്ന വിശ്വാസങ്ങളും നിലപാടുകളുമുണ്ട്. പ്രകൃതിയും അധ്വാനവുമായി ചേർന്നാണ് അത് രൂപപ്പെട്ടിരിക്കുന്നത്. അവിയങ്കോരയിൽ അത്തരം ആഖ്യാനങ്ങൾ നിരവധി കണ്ടെത്താനാകും. ചാക്കാല കഴിഞ്ഞ്/പക്കിയായി ആത്മാവ്/ വീട്ടിൽ വന്നു. ‘അപ്പാ അപ്പാ'യെന്ന്/ഞങ്ങളൊമ്പതും ആർത്തു/തൈലം പെരട്ടി/കെടന്നതേയുള്ളു അമ്മ/ഒറ്റക്കുത്തിന്/കൊണ്ടയ്‌ക്ക്‌ പിടിച്ച് നിർത്തി/തെറിച്ച കടലാളത്തിൽ/ നാലു പള്ളുരിച്ചു. ‘അപ്പാ അപ്പാ/ അപ്പന്റെ ചെറകെന്തായിങ്ങനെ/കല്ലറയിലെ കെടപ്പെങ്ങെ'/ഞങ്ങളൊമ്പതും മുട്ടുകുത്തി (അവിയങ്കോര). കടലിനുള്ളിലെ ജീവിതം സങ്കീർണമാണ്. എന്നാൽ, പുറംജീവിതങ്ങളുടെ സ്‌നേഹത്തേക്കാൾ ആഴമാണ് തീരദേശ മനുഷ്യരുടെ വീടുകൾക്കെന്ന് ബോധ്യപ്പെടുത്താൻ ഈ കവിതകൾക്ക് കഴിയുന്നു.

ഭാഷയെ സംബന്ധിച്ച് പുതു ആലോചനകളാണ് അവിയങ്കോരയിലെ കവിതകളുടെ പ്രത്യേകത. ‘ഇടുക്ക്', ‘തെരച്ചി' എന്നീ കവിതകൾ ഉദാഹരണം. പരന്ത് മലന്ത് കെടക്കണ/തരിയാ/കറുത്ത കട്ടിലിൽ/വെള്ളപൊതപ്പിട്ട മാതിരി. വാലോ വാല്/വെട്ടിയൊണക്കി/ചട്ടത്തടിച്ചാം/കൈകൊളന്ത/കാറാതിര്ക്ക/കൊണ്ട് നടക്കാം/വട്ടത്തി വലിച്ച് വച്ച്/പിടിവിട്ട് കളിച്ചാം(തെരച്ചി). ഇത് ജീവിതത്തിന്റെ നേർ ഭാഷയാണ്. അതായത് മാനകഭാഷയോട് കലഹിക്കുന്ന ഭാഷ.  എടുമീൻ പോത്തി ചേല് ചെല്ലുമ്പം/പാര് തേടി പോണ കത ആദ്യം വരും/ വങ്കാള പാര്/കപ്പല് പാര്/എന്ത തിക്കിലാണ്/കണ്ണ് തൊറന്ത് തൊളഞ്ചോം (പാര്). തീരദേശ മനുഷ്യരും ക്രിസ്തുമതവുമായുള്ള ബന്ധം നൂറ്റാണ്ടുകൾക്കു മുമ്പ് ആരംഭിച്ചതാണ്. അതിനാൽ ബൈബിളിലെ ചില പ്രയോഗങ്ങളും അനിലിന്റെ കവിതയിൽ അടയാളപ്പെടുന്നുണ്ട്.  തീരദേശഭാഷയുടെ താളവും ശക്തിയും ചോർന്നുപോകാതെ ചില വാക്കുകളുടെ മലയാള അർഥവും കവിതയോടൊപ്പം ചേർത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top