30 May Saturday

തമസ്സിന്റെ രാജ്യഭാരം

എ സുരേഷ്‌Updated: Sunday Feb 16, 2020

അർധസത്യങ്ങളെയും അസത്യങ്ങളെയും തിരിച്ചറിയാനാവാത്ത വിധം കൂട്ടിക്കലർത്തി ജനത്തിന്റെ സാമാന്യബോധത്തെപോലും സംശയഗ്രസ്‌തമാക്കുന്ന പ്രചാരണതന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ വൈദഗ്‌ധ്യമുള്ളവരാണ്‌ ഹിന്ദുത്വവാദികൾ. ജനങ്ങളെ അയഥാർഥ്യത്തിലേക്കും അസത്യത്തിലേക്കും നയിക്കുന്നതിൽ സവിശേഷ രീതിതന്നെ വികസിപ്പിച്ചവർ.

  ചരിത്രവും ഓർമകളുമില്ലാത്ത ജനതയെ അടിമപ്പെടുത്താനെളുപ്പം.  ഇന്ത്യയെ സത്യാനന്തരകാലത്തിനു പാകപ്പെടുത്തുന്ന  ഈ നുണഭീകരതയെ സത്യത്തിന്റെ തെളിവെട്ടത്തിൽ നിശിതമായി വിചാരണചെയ്യുകയാണ്‌ കെ അരവിന്ദാക്ഷൻ രാജ്യദ്രോഹി v/s രാജ്യസ്‌നേഹി എന്ന ഗ്രന്ഥത്തിൽ. രാജ്യദ്രോഹിയും രാജ്യസ്‌നേഹിയും തമ്മിലുള്ള സംഭാഷണമാണ്‌ 18 അധ്യായമുള്ള പുസ്‌തകം. ചരിത്രത്തിന്റെയും വസ്‌തുതകളുടെയും വെളിച്ചത്തിൽ സംസാരിക്കുന്ന ഗ്രന്ഥകാരനാണ്‌ രാജ്യദ്രോഹിയുടെ സ്ഥാനത്ത്‌. സംഘപരിവാറുകാരനായ  സുഹൃത്തിനെ രാജ്യസ്‌നേഹിയായി സങ്കൽപ്പിച്ചാണ്‌ വാദമുഖങ്ങൾ തുറക്കുന്നത്‌. ഗാന്ധിയുടെ വിഖ്യാത കൃതിയായ ഹിന്ദുസ്വരാജാണ്‌ ഇതിന്‌ മാതൃക. ഗാന്ധിയൻ ചിന്തയെ ആഴത്തിൽ സ്വാംശീകരിക്കുകയും മാറിയ ലോകസാഹചര്യത്തിനനുസൃതമായി  പുനർവായിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരൻ, നവലിബറൽ രാഷ്‌ട്രീയവും ഹിന്ദുത്വവും തമ്മിലുള്ള നിർലജ്ജ വേഴ്‌ചയെ തുറന്നുകാണിക്കുന്നുണ്ട്.

  
ഗാന്ധിയൻ വർത്തമാനത്തെക്കുറിച്ച്‌  ഗ്രന്ഥകാരൻ നേരത്തെ എഴുതിയ രണ്ടുലേഖനം സംഘപരിവാറിനെ പ്രകോപിപ്പിച്ചിരുന്നു. വീട്ടിലും ജോലിസ്ഥലത്തുമെത്തി അനുനയത്തിന്റെയും ഭീഷണിയുടെയും ഭാഷയിൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അതിനോടുള്ള പ്രതികരണമായാണ്‌ ‘രാജ്യദ്രോഹി’യുടെ സ്ഥാനത്തുനിന്ന്‌ ‘രാജ്യസ്‌നേഹി’ക്ക്‌  പറയാനുള്ളത്‌ കേൾക്കാനും തന്റെ നിലപാടുകൾ വ്യക്തമാക്കാനുമായി  സംവാദം വിഭാവനം ചെയ്‌തത്‌.  രാജ്യസ്‌നേഹി ആവേശം കൊള്ളുന്ന 2014 മെയ്‌ 26ലെ മോഡിയുടെ അധികാരമേൽക്കലിൽ സാമൂഹ്യമാധ്യമങ്ങളും കോർപറേറ്റ്‌ മേഖലയും അനിയന്ത്രിത പങ്കുവഹിച്ചു. ‘‘അന്നുമുതൽ അവർ അതിന്റെ വിഹിതം ചോദിച്ചുവാങ്ങുന്നു.  കോർപറേറ്റ്‌ മേഖല തെഴുക്കുംതോറും സംവാദം നിലയ്‌ക്കുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തിനുമേൽ കരിനിഴൽവീണു.’’  ജാതികൾക്കും മതങ്ങൾക്കുമുള്ളിലും തമ്മിലും നടന്ന സംവാദ‐വിനിമയങ്ങളിലൂടെയാണ്‌ ഏത്‌ സമൂഹത്തിലും ജനാധിപത്യവും നവോത്ഥാനവും സാധ്യമാകുന്നത്‌. എന്നാൽ സർവകലാശാലകളെ കശാപ്പുചെയ്‌തും പൻസാരെ, ധാബോൾക്കർ,   കൽബുർഗി, ഗൗരിലങ്കേഷ്‌ തുടങ്ങിയവരെ കൊലചെയ്‌തും മധ്യകാല മതാന്ധത പുനഃസ്ഥാപിക്കാനാണ്‌ സംഘപരിവാർ ശ്രമമെന്ന്‌ ലേഖകൻ പറയുന്നു.
 
ഹിന്ദുത്വവാദികളുടെ വിജ്ഞാനവിരോധവും ചരിത്രനിഷേധവും വിദ്യാഭ്യാസ‐ ചരിത്ര മേഖലകളെ എങ്ങനെയെല്ലാമാണ്‌ അക്രമോത്സുകമാക്കുന്നതെന്ന്‌ ആവിഷ്‌കാര സ്വാതന്ത്ര്യം, ചരിത്രം തിരുത്തിയെഴുതുമ്പോൾ, സംഘപരിവാറിന്റെ ബൗദ്ധികശൂന്യത എന്നീ അധ്യായങ്ങളിൽ  പറയുന്നു.  ആർഎസ്‌എസിന്റെ പൗരുഷ പൂജയും  സ്‌ത്രൈണതയോടുള്ള അവമതിപ്പും എങ്ങനെ ഗാന്ധി വിരോധത്തിൽ പ്രകടമായെന്ന്‌ ‘ആൺകോയ്‌മയുടെ സംഘപരിവാർ’ എന്ന അധ്യായം വരച്ചുകാണിക്കുന്നു.  നാഗ്‌പുരിലെ ആർഎസ്‌എസ്‌ ഓഫീസ്‌ സന്ദർശിച്ച ഗാന്ധി അവിടെ ചുവരിൽ ശിവജിമുതൽ സവർക്കർവരെയുള്ളവരുടെ ചിത്രങ്ങൾ കണ്ടപ്പോൾ, ‘‘എന്തുകൊണ്ട്‌ രാമന്റെ ചിത്രം  മാത്രമില്ല’’ എന്ന്‌ ചോദിച്ചു.   ‘‘തങ്ങളുടെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിൽ രാമനെപോലെ സ്‌ത്രൈണനായ ഒരാളെക്കൊണ്ട്‌ ഒരു പ്രയോജനവുമില്ല’’ എന്നായിരുന്നു മുതിർന്ന നേതാക്കളുടെ മറുപടി.  1990കൾ വരെ രാമൻ സംഘപരിവാറിന്റെ  വിഷയമായില്ല. 64ൽ പിറന്ന വിശ്വഹിന്ദു പരിഷത്തിന്റെ വിശാല ഹിന്ദുരാഷ്‌ട്ര സംസ്‌കാര നിർമിതി ബിജെപി ഏറ്റെടുത്തുതോടെയാണ്‌ രാമൻ പ്രചാരണായുധമായത്‌.   രാമചന്ദ്ര ഗാന്ധി എഴുതിയ സീതയുടെ അടുക്കള എന്ന ഗ്രന്ഥത്തെ മുൻനിർത്തി അതിന്റെ പ്രാധാന്യത്തെയും, വാജ്‌പേയിയുടെ പൊക്രാൻ ആണവ പരീക്ഷണത്തിൽ പ്രകടമായ സംഘപരിവാറിന്റെ ആൺ‐ ആയുധ പൂജയുടെ സ്വഭാവത്തെയും  ഇവിടെ ചർച്ചചെയ്യുന്നു.  രാമനെപോലെ പശുവിനെയും തങ്ങളുടെ കുടിലതാൽപ്പര്യങ്ങൾക്കു ഉപയോഗിക്കുന്ന ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ  ചരിത്രവിരുദ്ധതയും അധാർമികതയും വിശദീകരിക്കുകയാണ്‌ ‘പശു ഒരു രാഷ്‌ട്രീയ മൃഗമല്ല’ എന്ന അധ്യായത്തിൽ. ‘മധുവും മുകേഷ്‌ അംബാനിയും’, ‘ആധുനിക ഇന്ത്യൻ നാഗരികന്റെ ഹിന്ദുത്വ മനസ്സ്‌’ എന്നിവ പെരുകുന്ന ദാരിദ്ര്യത്തിന്റെയും, ആസക്തനായ ഉപരി‐മധ്യവർഗ നാഗരികനും ഹിന്ദുത്വവുമായുള്ള  ബാന്ധവത്തെയും വിശദീകരിക്കുന്നു. ‘ദേശീയതകൾക്കപ്പുറം’ എന്ന അവസാന സംവാദത്തിൽ ദേശീയതയെക്കുറിച്ച്‌ ടാഗോറിനും ഗാന്ധിക്കുമുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങളും ചേർച്ചകളും ഗഹനമായി വിശകലനം ചെയ്യുന്നു. 
 
പ്രധാന വാർത്തകൾ
 Top