30 May Saturday

ക്രോധത്തിനും മഞ്ഞുവീഴ്‌ച

ഫസൽ റഹ്‌മാൻ pkfrahman@gmail.comUpdated: Sunday Feb 16, 2020

 

ജിനിന്‍ കമ്മിന്‍സിന്റെ American Dirt സമകാലിക മെക്സിക്കന്‍–-അമേരിക്കന്‍ കുടിയേറ്റസംഘര്‍ഷങ്ങളുടെ തീക്ഷ്ണ ചിത്രീകരണമെന്നനിലയില്‍ വമ്പന്മാരുടെ പുകഴ്‌ത്തലിനും റേസിസ്റ്റ്, പ്രതിലോമപരം എന്നൊക്കെയുള്ള ഇകഴ്‌ത്തലിനും ഒരുപോലെ നിമിത്തമായ, സമീപകാലസാഹിത്യത്തില്‍ സമാനതകളില്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തിയ നോവലാണ് 

 

‘‘നമ്മുടെ കാലത്തെ ‘ഗ്രേപ്‌സ്‌ ഓഫ് റാത്ത്' എന്ന പ്രശംസ ഓപ്ര ബുക്ക് ക്ലബ്ബിൽ നേടിയെടുക്കുക, ഒപ്പം തികച്ചും പ്രതിലോമപരം, നഗ്നമായ റേസിസ്റ്റ് രചന,  എന്നൊക്കെ ഇകഴ്‌ത്തപ്പെടുകയും ചെയ്യുക’’–- ഈയിടെ പുറത്തിറങ്ങിയ പുസ്‌തകങ്ങളിൽ ഏറ്റവുമധികം വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ നോവലിന്റെ വിധിയാണിത്: ജിനിൻ കമ്മിൻസ് എഴുതിയ American Dirt വിചിത്രമായ ഈ ‘അങ്ങേയറ്റങ്ങ'ളിലേക്കാണ് വലിച്ചിഴയ്‌ക്കപ്പെട്ടത്. മെക്‌സിക്കൻ മതിൽ എന്ന രൂപകം അടയാളപ്പെടുത്തുന്ന കുടിയേറ്റവും അഭയാർഥിത്വവും നിയാമകമായിക്കഴിഞ്ഞ വർത്തമാനകാലം ഫിക്‌ഷനിൽ ഒട്ടേറെ പ്രതിഭാധനരുടെ തട്ടകമായിട്ടുണ്ട്. കാർലോസ് ഫ്യുയെന്തസ്സിനെപ്പോലുള്ള കുലപതികൾമുതൽ  ലൂയിസ് ആൽബെർട്ടോ ഉറേയയെപ്പോലുള്ള പ്രശസ്‌തരും ഗബ്രിയേല യിബാറയെപ്പോലുള്ള പുതിയ എഴുത്തുകാരുംവരെ ഡ്രഗ് കാർട്ടലുകൾ സൃഷ്ടിക്കുന്ന ഭീഷണാവസ്ഥയെ ആവിഷ്‌കരിച്ചിട്ടുണ്ട്. വിഭജനമതിൽ ദേശീയതയുടെ ചിഹ്നമായി എടുത്തുകാട്ടപ്പെടുന്ന ട്രംപ്‌ കാലത്തും ഐക്യനാടുകളിലേക്കുള്ള അനന്തമായ ‘അനധികൃത' മെക്‌സിക്കൻ കുടിയേറ്റത്തിന്റെ കാരണങ്ങൾ മിക്കപ്പോഴും നേരിട്ടോ അല്ലാതെയോ കാർട്ടലുകളുമായി ബന്ധിതമാണ്. അത്തരം കഥ പറയുമ്പോൾ രചനയുടെ ആധികാരികത രചയിതാവിന്റെ പൗരത്വവുമായി അനിവാര്യമായും കൂട്ടിവായിക്കേണ്ടതുണ്ട് എന്നതായിരുന്നു ഒരു വെള്ളക്കാരിയുടെ ഏകപക്ഷീയ നിരീക്ഷണങ്ങൾ ആരോപിക്കപ്പെട്ട പുസ്‌തകത്തിനെതിരെ പ്രധാനമായി ഉന്നയിക്കപ്പെട്ട വിമർശം.

അകാപുൽകോയിൽ പുസ്‌തകക്കട നടത്തുന്ന ലിഡിയ ഉയർന്ന ചിന്തകളും വിമോചിത കുടുംബ സങ്കൽപ്പങ്ങളും പങ്കുവയ്‌ക്കുന്ന യുവ മാതാവാണ്‌. സമാന ചിന്താഗതിക്കാരനും ജേർണലിസ്റ്റുമായ ഭർത്താവുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുന്ന കുടുംബിനി.  സാഹിത്യാഭിരുചിയുള്ള ഹാവിയർ ഒരുനാൾ പുസ്‌തകക്കടയിലെത്തു ന്നതും യാദൃച്ഛികമായി തനിക്കേറെ പ്രിയപ്പെട്ട, എന്നാൽ അധികമാരും പരിഗണിക്കാറില്ലാത്ത രണ്ടു പുസ്‌തകം ഉൾപ്പെടെ വലിയൊരു ശേഖരം വാങ്ങുന്നതും അപൂർവ സൗഹൃദത്തിലേക്ക്‌ നയിക്കുന്നു. എന്നാൽ, കാണപ്പെടുന്നതും വസ്‌തുതയും ഒന്നായിരിക്കണമെന്നില്ലെന്ന നിഗൂഢത ഹവിയറിന്റെ കാര്യത്തിൽ ഭീഷണമായ രൂപത്തിലാണ് ലിഡിയയെ ബാധിക്കുക. ഭർത്താവുൾപ്പെടെ 16 പേരുടെ കൂട്ടക്കുരുതിക്കൊടുവിൽ കഷ്ടിച്ച്‌ രക്ഷപ്പെട്ട് എട്ടുവയസ്സുകാരൻ ലൂക്കയെന്ന കുഞ്ഞുമകനോടൊപ്പം രായ്‌ക്കുരാമാനം പലായനത്തിലേക്ക് വിനാശകാരിയായ സൗഹൃദം അവളെ കൊണ്ടെത്തിക്കുന്നു. ഭൂമുഖത്ത്  ജേർണലിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും അപകടകരം എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യത്ത്, ദേശത്തെ ഏറ്റവും ശക്തമായ മയക്കുമരുന്ന് മാഫിയയുടെ പുതിയ തലവന് തന്റെ അസ്‌തിത്വത്തെ കടപുഴക്കിയ, പുത്രീവിയോഗത്തിലേക്ക് നയിച്ച ജേർണലിസ്റ്റിക് അനാവരണത്തോട് കണക്കുതീർക്കാതെ വയ്യാതിരുന്നതിന്റെ ഫലം. പിരിമുറുക്കത്തോടെ കഥ പറയാനറിയുന്ന നോവലിസ്റ്റിന് വാഗ്ദത്ത ഭൂമിയായ ‘വടക്കോ’ട്ടുള്ള കുടിയേറ്റ ദുരന്തങ്ങളുടെ ‘ഗ്രാഫിക്' ആവിഷ്‌കാരത്തിന് ആവശ്യമായ ഭൂമിക ഈ വിധം ഒരുങ്ങിക്കിട്ടുകയാണ്. 

‘മൂങ്ങ'യെന്നറിയപ്പെടുന്ന കാർട്ടൽ തലവന്റെ കണ്ണുകൾ സദാ പിന്തുടരുന്നുണ്ട് എന്ന ഭയപ്പാടോടെ ഒളിച്ചും പതുങ്ങിയും സമയത്തോട് മത്സരിച്ചും, ശീലിച്ചുപോയ ഉപരി–-മധ്യവർഗ സൗകര്യങ്ങളൊന്നുമില്ലാത്ത പലായന ദുരിതങ്ങൾ ഏറ്റുവാങ്ങിയും മുന്നോട്ടുപോകുന്ന ലിഡിയയും സാഹചര്യത്തിന്റെ പ്രത്യേകതയിൽ സാഹസിക കൗതുകവും ഒപ്പം അച്ഛൻ പകർന്നുനൽകിയ ‘സംരക്ഷക ആണത്ത'ത്തിന്റെ പ്രയോഗസാധ്യത നൽകുന്ന ‘മുതിരൽ' ഭാവവും പങ്കുവയ്‌ക്കുന്ന ലൂക്കയും എത്രമാത്രം കുടിയേറ്റ നിസ്സഹായതയുടെ പ്രതീകങ്ങളാണ് എന്നത് നോവലിലെ ഒരു പ്രശ്നമാണ്. തനിക്ക്‌ 17 വയസ്സായിരിക്കെ ക്യാൻസർ ബാധിതനായ പിതാവ് മരിച്ചപ്പോൾ, ലൂക്കയ്‌ക്കുമുമ്പ് ഏറെ വൈകിയ ഘട്ടത്തിൽ ഒരബോർഷൻ സംഭവിച്ചപ്പോൾ, ലൂക്കയുടെ ജനനസമയത്ത് ഇനി ഗർഭിണിയാകാനാകില്ല എന്ന് ഡോക്ടർ അറിയിച്ചപ്പോൾ പ്രാർഥന അസാധ്യമാക്കിയ മരവിപ്പ് ലിഡിയയെ വീണ്ടും പിടികൂടുന്നു. യാത്രയ്‌ക്കിടെ കണ്ടുമുട്ടുകയും കൂട്ടുകൂടുകയും ചെയ്യുന്ന ഇതര മനുഷ്യർ ഒട്ടുമുക്കാലും ഭിന്നസാഹചര്യങ്ങളിൽ ഭിന്നദേശങ്ങളിൽനിന്ന് പറിച്ചെറിയപ്പെട്ടവരും പിറകിൽ പാലങ്ങൾ തകർന്നു വീണവരുമാണ്. ഹോണ്ടുറാസിൽനിന്നുള്ള അത്യപകടകരമായ സൗന്ദര്യമുള്ള സോലെദാദ്–- റബേക്കാ സഹോദരിമാരുടെ കഥയിലും വില്ലൻ കാർട്ടൽതന്നെ. കുടിയേറ്റക്കാർ നേരിടുന്ന നാനാതരം പ്രതിസന്ധികളും ആൾനാശവും മനുഷ്യക്കടത്തിന്റെ ഭീകരതയും സെക്‌സ്‌ ട്രാഫിക്കിങ്ങിന്റെ ഭീഷണിയുമെല്ലാം ഹോളിവുഡ് ത്രില്ലറിന്റെ പിരിമുറുക്കത്തോടെ ആവിഷ്‌കരിക്കുന്നു. ‘ഓരോ നാളും  പുതിയ ഭീകരാനുഭവങ്ങൾ, അത് കഴിയുമ്പോൾ അതിവിചിത്രമായ നിർവികാരത, ഇതൊക്കെ തങ്ങൾ കടന്നുപോന്നോ എന്ന അവിശ്വസനീയത  മനസ്സ് എന്നതൊരു മാന്ത്രികയാണ്, മനുഷ്യൻ തന്നെയും' എന്ന് ലിഡിയ ചിന്തിക്കുന്നു. ഉള്ളുലയ്‌ക്കുന്ന അനുഭവങ്ങൾ ഒട്ടേറെയുള്ള നോവലിൽ വഴിമധ്യേ പൊലിയുന്ന ജീവിതങ്ങളും ഏറ്റുമുട്ടുന്ന ജൈവചോദനകളും മദമാത്സര്യങ്ങളും എല്ലാമുണ്ട്; നിസ്സഹായരായ കുടിയേറ്റക്കാരെ അട്ടയെപ്പോലെ ഊറ്റിക്കുടിക്കുന്ന ഇടനിലക്കാരും. ഇതുതന്നെയാകണം പുസ്‌തകത്തെ സ്റ്റീൻബെക്കിന്റെ മാസ്റ്റർപീസിനോട് തുലനംചെയ്യാൻ   നിരൂപകരെ പ്രേരിപ്പിച്ചതും. മുൾമുനയിൽ നിർത്തുന്ന പരിണാമഗുപ്തിക്കൊടുവിൽ അതിർത്തിയിലെ മുൾവേലിക്കുള്ളിലൂടെ കൈയിട്ട് ‘വടക്ക്' ഭൂമിയിൽ വിരൽതൊടുന്ന സോലെദാദിൽ അങ്ങനെയൊരു ചിന്തയുണ്ട്: ‘‘അവൾ വെളിയിലൂടെ തുപ്പുന്നു. അവിടെ അമേരിക്കൻ മണ്ണിൽ തന്റെ ഒരംശം ബാക്കിവയ്‌ക്കാൻമാത്രം.'' എങ്കിലും സ്റ്റീൻബെക്കിന്റെ മാ ജോഡിന്റെയോ റോസ് ഓഫ് ഷാരോണിന്റെയോ ഒന്നും നിഴൽപോലുമാകുന്നില്ല കമ്മിൻസിന്റെ ഒരു പാത്രസൃഷ്ടിയും. മുഖ്യ കഥാപാത്രത്തിന്റെ പലായനമാകട്ടെ, അന്തിമമായി ഒരനാവശ്യമായിരുന്നു എന്ന അവസാന നിമിഷ ‘വെളിപ്പെടുത്തൽ'തന്നെയും ഈ നിസ്സാരതയുടെ തുടർച്ചയാണ്.
 
ജിനിൻ കമ്മിൻസ്

ജിനിൻ കമ്മിൻസ്

നരകാനുഭാവങ്ങളിലും മാനുഷികതയുടെ തുരുത്തുകൾ കണ്ടെത്താനാകും എന്നത് ഫിക്‌ഷന്റെ സാധ്യതയിൽ വരാത്തതല്ല. എന്നാൽ, നന്മയുടെ അതിപ്രസരം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും കുടിയേറ്റമെന്ന ഇരുട്ടിൽ ഇത്രയ്‌ക്കങ്ങു നിറഞ്ഞുനിൽക്കുമോ എന്നത് പുസ്‌തകത്തിന്റെ ദൗർബല്യംതന്നെ. അമേരിക്കൻ മണ്ണിൽ കാര്യങ്ങളെല്ലാം ഇത്രയ്‌ക്കങ്ങ്‌ ശുഭകരമാകും എന്ന മട്ടിൽ ഒരു ‘കൈറ്റ് റണ്ണർ' പരിസമാപ്തി നോവലിന് നൽകുന്നത് പ്രശ്നപരിഹാരം എഴുത്തുകാരിയുടെ ബാധ്യതയാണ് എന്ന ജനപ്രിയ സാഹിത്യ സമീപനമായി വിലയിരുത്താം. അതത്രയ്‌ക്കങ്ങ്‌ പ്രവർത്തനക്ഷമമല്ല എന്ന ചിന്തകൊണ്ടുതന്നെയാകണം, കുടിയേറ്റാനന്തര കഥകളെല്ലാം  സമാപന അധ്യായത്തിൽ നോവലിസ്റ്റ് ചുരുട്ടിക്കെട്ടുന്നതും. ‘അമേരിക്കൻ' എന്ന പദം തലക്കെട്ടിൽ ഇടംപിടിക്കുന്ന കൃതികൾ മിക്കപ്പോഴും ആ ‘അമേരിക്കൻ സ്വപ്‌ന'മെന്ന അലസ ജീവിതവീക്ഷണത്തിന്റെ നിശിതമായ നിരീക്ഷണങ്ങളിലാണ് ശ്രദ്ധയൂന്നാറുള്ളത് എന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ പരീക്ഷണത്തിലും അത്രകണ്ട് വിജയിക്കുന്ന കൃതിയല്ല ‘അമേരിക്കൻ മണ്ണ്‌.'
പ്രധാന വാർത്തകൾ
 Top