05 July Sunday

അമേരിക്കൻ ചുവപ്പ്‌

ഗിരീഷ്‌ ബാലകൃഷ്‌ണൻ unnigiri@gmail.comUpdated: Sunday Feb 16, 2020

അമേരിക്കൻ ഫാക്‌ടറിയുടെ അണിയറ പ്രവർത്തകർക്കൊപ്പം ഓസ്‌കർ വേദിയിൽ ജൂലിയ

സമീപ ദശകങ്ങളിൽ അമേരിക്ക സൃഷ്ടിച്ച ഏറ്റവും മികച്ച ഡോക്യുമെന്ററിയായി അമേരിക്കൻ ഫാക്ടറിയെ നിരൂപകർ വിശേഷിപ്പിക്കുന്നു. ഓസ്‌കറിനുമുമ്പേ പ്രധാന മേളകളിലെല്ലാം ചിത്രം ആദരിക്കപ്പെട്ടു. എഴുപത്തിമൂന്നുകാരിയായ ജൂലിയ, രോഗക്കിടക്കയിൽ നിന്നാണ് ഓസ്‌കർ വേദിയിലെത്തിയത്

 
‘തൊഴിലാളികൾ പ്രയാസമേറിയ ദിനങ്ങളിലൂടെ കടന്നുപോകുകയാണ് ഇപ്പോൾ. സർവരാജ്യങ്ങളിലെയും തൊഴിലാളികൾ സംഘടിക്കുന്നതിലൂടെയായിരിക്കും അവരുടെ ദിവസങ്ങൾ കൂടുതൽ മെച്ചപ്പെടുക'
 
ഇത്തവണത്തെ ഓസ്‌കർ പുരസ്‌കാരവേദിയിൽ മുഴങ്ങിയ വാക്കുകൾ. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ തത്സമയം കാണുന്ന അമേരിക്കയിലെ ഏറ്റവും വലിയ പുരസ്‌കാരദാന രാവിൽ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാചകങ്ങൾ ഉറക്കെപ്പറഞ്ഞത്‌ ഡോക്യുമെന്ററി സംവിധായിക ജൂലിയ റൈക്കാർട്ട്. സുഹൃത്ത് സ്റ്റീവൻ ബോഗ്‌നറിനൊപ്പം ജൂലിയ ഒരുക്കിയ അമേരിക്കൻ ഫാക്ടറിക്കാണ്‌ ഏറ്റവും മികച്ച ഡോക്യുമെന്ററി ഫീച്ചർ പുരസ്‌കാരം.
 

ആരാണ് ജൂലിയ

 

അമേരിക്കൻ സ്വതന്ത്രസിനിമാ പ്രസ്ഥാനത്തിന്റെ നെടുംതൂണെന്ന് വിശേഷിപ്പിക്കാം ജൂലിയയെ. അരനൂറ്റാണ്ട് പിന്നിട്ടു അവരുടെ ചലച്ചിത്രജീവിതം. ഹോളിവുഡ് ചിത്രങ്ങൾ കാണിച്ചുതരാത്ത, പാശ്ചാത്യവാർത്താ ഏജൻസികളുടെ മുൻഗണനകളിൽ പെടാറില്ലാത്ത അമേരിക്കയിലെ തൊഴിലാളിവർഗത്തെക്കുറിച്ചുള്ളവയാണ് മിക്ക ചിത്രങ്ങളും. 1971ൽ ഇറങ്ങിയ ആദ്യ ഡോക്യുമെന്ററി ‘ഗ്രോയിങ് അപ് ഫീമെയിൽ’ അമേരിക്കൻ യുവതികളുടെ പ്രതിസന്ധികളാണ് ചിത്രീകരിച്ചത്. ആധുനിക വനിതാ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം കുറിച്ച ആദ്യ ഡോക്യുമെന്ററിയെന്ന്‌ അതിനെ ലോകം വാഴ്‌ത്തി.
 
ഷിക്കാഗോയിൽ എഴുപതുകളിൽ തൊഴിലാളി പ്രസ്ഥാനത്തിന് നേതൃത്വംകൊടുത്ത മൂന്ന് സ്‌ത്രീകളുടെ ജീവിതമാണ് യൂണിയൻ മെയ്ഡി (1976)ന്റെ പ്രമേയം. അമേരിക്കൻ കമ്യൂണിസ്റ്റ് പാർടിപ്രവർത്തകർ നേരിട്ട ദാരുണാനുഭവങ്ങളുടെ വെളിപ്പെടുത്തലായിരുന്നു സീയിങ് റെഡ് (1983). കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്ന സാധാരണക്കാരും തൊഴിലാളികളും 1950കളിൽ അമേരിക്കയിൽ ദാരുണമായി വേട്ടയാടപ്പെട്ടു. നാനൂറിലേറെ കമ്യൂണിസ്റ്റ് പ്രവർത്തകരെ കണ്ട് അവർ വിവരങ്ങൾ ശേഖരിച്ചു. ചുവപ്പിനെ അമേരിക്കൻ മുതലാളിത്തം എത്രമാത്രം പേടിച്ചിരുന്നുവെന്ന് തൊഴിലാളികളുടെ വാക്കുകളിൽ തെളിയുന്നു. സുഹൃത്ത് ജിം ക്ലെയിന് ഒപ്പം ചിത്രീകരിച്ച രണ്ട് ഡോക്യുമെന്ററിയും ഓസ്‌കർ നാമനിർദേശം നേടി.
 

യുഎസിലെ തൊഴിൽപ്രശ്നം

 

2008ൽ അമേരിക്കയെ വിഴുങ്ങിയ മാന്ദ്യത്തെതുടർന്ന് ലോകത്തെ വാഹനനിർമാണ ഭീമനായ ജനറൽ മോട്ടോഴ്‌സ് ഓഹയോയിലെ പ്ലാന്റ് അടച്ചുപൂട്ടിയപ്പോൾ തൊഴിലാളികൾക്ക് എന്തുപറ്റി എന്ന അന്വേഷണമായിരുന്നു ദ ലാസ്റ്റ് ട്രക് ക്ലോസിങ് ഓഫ് എജിഎം പ്ലാന്റ്. നവഉദാരനയങ്ങൾ അമേരിക്കയ്‌ക്ക്‌ ഏൽപ്പിച്ച ആഘാതത്തിന്റെ ചിത്രീകരണം. ജോലി നഷ്ടമായ മൂവായിരത്തിലേറെ  തൊഴിലാളികളെ നേരിട്ടുകണ്ട് അഭിമുഖം നടത്തി തയ്യാറാക്കിയ ചിത്രം 2009ൽ ഓസ്‌കർ നാമനിർദേശം നേടി. ഇതിന്റെ തുടർച്ചയായി അമേരിക്കൻ ഫാക്ടറിയെ വിശേഷിപ്പിക്കാം.
 

അമേരിക്കൻ ഫാക്ടറി

 

ജനറൽ മോട്ടോഴ്‌സ് കൈവിട്ട പ്ലാന്റ് ഫുയാവോ എന്ന ചൈനീസ് ഗ്ലാസ് കമ്പനിയാണ് വാങ്ങിയത്. ജിഎം മോട്ടോഴ്‌സിലെ തൊഴിലാളികളെ കമ്പനി നിലനിർത്തുന്നു. കൂടുതൽ ചൈനീസ് തൊഴിലാളികൾ എത്തുന്നു. ലോകത്തിന്റെ രണ്ടുഭാഗത്തുള്ള തൊഴിലാളികൾ ഒന്നിച്ച്‌ ഒരേ ജോലി  ചെയ്യുമ്പോൾ ഉണ്ടാകുന്ന സാംസ്‌കാരികവിനിമയമാണ് ചിത്രത്തിന്റെ കാതൽ. എല്ലാക്കാലത്തും എവിടെയും തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന യാഥാർഥ്യവും അമേരിക്കൻ ഫാക്ടറി അടിവരയിടുന്നു. ജനറൽ മോട്ടോഴ്‌സ്‌ പൂട്ടിയപ്പോൾ തൊഴിലാളികൾ അക്ഷരാർഥത്തിൽ വഴിയാധാരമാക്കപ്പെട്ടു. കാറുകളിലും പാലത്തിനടിയിലും കഴിഞ്ഞുകൂടിയവരുണ്ട്. എത്രയോ കുട്ടികൾ പഠനം അവസാനിപ്പിച്ച് വീട് പുലർത്താൻ കൂലിപ്പണിക്കു പോയി. എന്നാൽ, കമ്പനി വീണ്ടും തുറന്നത് അവർക്ക്‌ പ്രതീക്ഷയേകി. പക്ഷേ, എരിതീയിൽനിന്ന്‌ വറചട്ടിയിലേക്കാണ്‌ അവർ വീണത്. ഇത് അമേരിക്കയുടെമാത്രം സൂക്ഷ്‌മ യാഥാർഥ്യമല്ല, ലോകത്തെവിടെയും ഇതുതന്നെയാണ് പണിയെടുക്കുന്നവരുടെ അവസ്ഥ.  കുത്തകകൾ ലോകത്തെ മുമ്പില്ലാത്തവിധം ഞെക്കിപ്പിഴിയുകയാണ്–- ജൂലിയ പറഞ്ഞു.
അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും ചലച്ചിത്രനിർമാണക്കമ്പനിയായ ഹയർ ഗ്രൗണ്ട് നിർമിച്ച ആദ്യ ചിത്രമാണിത്.
 

ജൂലിയ റൈക്കാർട്ട്

ജൂലിയ റൈക്കാർട്ട്

രോഗക്കിടക്കയിൽനിന്ന്‌

 

സമീപ ദശകങ്ങളിൽ അമേരിക്ക സൃഷ്ടിച്ച ഏറ്റവും മികച്ച ഡോക്യുമെന്ററിയായി അമേരിക്കൻ ഫാക്ടറിയെ നിരൂപകർ വിശേഷിപ്പിക്കുന്നു. ഓസ്‌കറിനുമുമ്പേ പ്രധാന മേളകളിലെല്ലാം ചിത്രം ആദരിക്കപ്പെട്ടു. എഴുപത്തിമൂന്നുകാരിയായ ജൂലിയ, രോഗക്കിടക്കയിൽനിന്നാണ് ഓസ്‌കർവേദിയിലെത്തിയത്. അർബുദചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്‌ അവർ. പുരസ്‌കാരം ഏറ്റുവാങ്ങാൻ മേളകളിലെത്തുമ്പോൾ ഞാൻ ക്ഷീണിതയായിരിക്കും. മിക്ക സമയവും ഹോട്ടലിൽ കിടക്കും. അവാർഡ് പ്രഖ്യാപിക്കുന്ന സമയത്തുമാത്രം കുളിച്ചൊരുങ്ങി പുറത്തിറങ്ങും–- അവർ പറഞ്ഞു. മകൾ ലെയ്‌ലയ്‌ക്ക് കുട്ടിക്കാലത്തേ അർബുദം ബാധിച്ചിരുന്നു. ധീരമായി പൊരുതി രക്ഷനേടി. രോഗവുമായി നേരിട്ട ആ അനുഭവവും അവർ ഡോക്യുമെന്ററിയിൽ പകർത്തി. 2006ൽ അവർ പുറത്തിറക്കിയ എ ലയൺ ഇൻ ദ ഹൗസ് കാട്ടിത്തന്നത് അർബുദത്തിൽ പുകയുന്ന വീടകങ്ങളാണ്.
 

ഓസ്‌കറിൽ കേട്ടത്

 

ശക്തമായ രാഷ്ട്രീയ പ്രതികരണമാണ് ഇത്തവണ ഓസ്‌കർവേദിയിൽ ഉയർന്നത്. അഭിനയപുരസ്‌കാരങ്ങൾക്കുള്ള പരിഗണനയിൽ ഇത്തവണ കറുത്തവംശജർ ഒഴിവാക്കപ്പെട്ടതിനും സംവിധായകരുടെ പട്ടികയിൽ വനിതകൾ ഒഴിവാക്കപ്പെട്ടതിനും എതിരായ പ്രതിഷേധവും വേദിയിൽ മുഴങ്ങി. വംശീയതയ്‌ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരായ ശക്തമായ പ്രതികരണമാണ് മികച്ചനടനുള്ള പുരസ്‌കാരം നേടിയ വോക്വിൻ ഫിനിക്‌സ് നടത്തിയത്. ലിംഗപരമായ നീതിക്കും വംശീയവെറിക്കുമെതിരെ അദ്ദേഹം ശബ്ദമുയർത്തി. ട്രംപിനെതിരായ രൂക്ഷവിമർശമാണ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ അമേരിക്കൻ സൂപ്പർതാരം ബ്രാഡ് പിറ്റ് നടത്തിയത്.
പ്രധാന വാർത്തകൾ
 Top