30 May Saturday

ഹാട്രിക്‌ എഡിറ്റർ

രജിത്‌ മണ്ണൂർ rejithdesh@gmail.comUpdated: Sunday Feb 16, 2020

അപ്പു എൻ ഭട്ടതിരി

ചിത്രീകരിച്ച രംഗങ്ങളെ തിരക്കഥയുടെ അടിസ്ഥാനത്തിൽ ചേർത്ത്‌വച്ച്‌ രസംചോരാതെ ചേരുംപടി ചേർത്ത്‌ മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നവരാണ്‌ എഡിറ്റർമാർ. ഈയിടെ പുറത്തിറങ്ങിയ  അന്വേഷണം, മറിയം വന്ന്‌ വിളക്കൂതി, ഗൗതമന്റെ രഥം എന്നീ സിനിമകൾക്കു പിന്നിൽ അപ്പു എൻ ഭട്ടതിരി എന്ന യുവ എഡിറ്ററുടെ കൈയൊപ്പുണ്ട്‌. . സനൽ കുമാർ ശശിധരന്റെ ഒരാൾപ്പൊക്കം മുതൽ പതിനെട്ടോളം സിനിമകൾ എഡിറ്റ്‌ ചെയ്‌ത അപ്പു,  വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.
 

സഹസംവിധായകനായി  തുടക്കം

 

ദുൽഖർ സൽമാൻ അരങ്ങേറിയ സെക്കന്റ്‌ ഷോയിൽ സഹസംവിധായകനായിട്ടാണ്‌ സിനിമയിലെത്തുന്നത്‌. പിന്നീടാണ്‌ എഡിറ്റിങ്ങിലേക്ക്‌ തിരിയുന്നത്‌. പഠിക്കുമ്പോഴും മറ്റും സ്വന്തം ഷോർട്ട്‌ ഫിലിമുകളും സ്വന്തമായി തന്നെയാണ്‌  എഡിറ്റ്‌ ചെയ്‌തിരുന്നത്‌.  ഇത്‌ കൂടുതൽ എളുപ്പത്തിൽ ചെയ്യാമെന്ന്‌ മനസ്സിലായി. അങ്ങനെയിരിക്കെ തിരുവനന്തപുരം എഞ്ചിനിയറിങ്‌ കോളേജിൽ പഠിച്ച  സുഹൃത്തുക്കൾ അഭിനയിച്ച സിഇടി ലൈഫ്‌ എന്ന പേരിൽ ഒരു വീഡിയോ ചെയ്‌തു. അതിന്റെ വർക്കെല്ലാം ഞാൻ തന്നെയായിരുന്നു. അങ്ങനെയാണ്‌ ബേസിൽ ജോസഫിനെ പരിചയപ്പെടുന്നത്‌.  ബേസിലിന്റെ പ്രിയംവദ കാതരയാണോ? എന്ന ഷോർട്ട്‌ ഫിലിം ചെയ്‌തു. പിന്നീടാണ്‌  ഒരാൾപ്പൊക്കം ചെയ്യുന്നത്‌. 
 

ഒരേസമയം റിലീസ്‌ ചെയ്‌ത മൂന്ന്‌ സിനിമകൾ

 

മൂന്ന്‌ സിനിമയുടെയും സംവിധായകരും സുഹൃത്തുക്കളാണ്‌. സൗഹൃദം തന്നെയാണ്‌ ഈ സിനിമകളിലെത്തിച്ചത്‌. അതുകൊണ്ടുതന്നെ മൂന്ന്‌ വർക്കും എളുപ്പമായി. ജെനിത്‌ കാച്ചപ്പിള്ളി സംവിധാനം ചെയ്‌ത ‘മറിയം വന്ന്‌ വിളക്കൂതി ’യാണ്‌ ആദ്യം ചെയ്‌തത്‌.  
 

ഓഫ്‌ ബീറ്റോ കൊമേഴ്‌സ്യലോ

 

ഒരാൾപ്പൊക്കം, വീരം, ഉടലാഴം, സ്ലീപ്‌ലെസ്‌ലി യുവേഴസ്‌ തുടങ്ങിയ ഓഫ്‌ ബീറ്റ്‌ സിനിമകളും കുഞ്ഞിരാമായണം, തീവണ്ടി തുടങ്ങിയ വാണിജ്യ സിനിമകളും ഒരേ രീതിയിലുള്ള സന്തോഷമാണ്‌ തരുന്നത്‌. പക്ഷേ,  വാണിജ്യ സിനിമകൾ ചെയ്യാനാണ്‌ കൂടുതൽ താൽപ്പര്യം. ഓഫ്‌ ബീറ്റിനെ അപേക്ഷിച്ച്‌ വാണിജ്യ സിനിമകൾ കൂടുതൽ ആൾക്കാരിലെത്തുന്നു. 
 

2017ലെ ചലച്ചിത്ര പുരസ്‌കാരം

 

ജയരാജ്‌ സംവിധാനം ചെയ്‌ത വീരത്തിനും രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത ഒറ്റമുറി വെളിച്ചത്തിനുമാണ്‌ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിക്കുന്നത്‌. മറ്റ്‌ പുരസ്‌കാരങ്ങളും ഈ സിനിമകൾക്ക്‌ ലഭിച്ചിട്ടുണ്ട്‌.  
 

തിരക്കഥ വായിച്ചും വായിക്കാതെയും

 

സിനിമയുടെ തിരക്കഥ വായിച്ചിട്ടും വായിക്കാതെയും എഡിറ്റ്‌ ചെയ്യാറുണ്ട്‌. ചില സിനിമകൾ ചെയ്യുമ്പോൾ തിരക്കഥ വായന അത്യാവശ്യമാണ്‌. വീരം, ഒറ്റ മുറി വെളിച്ചം തുടങ്ങിയവ അങ്ങനെ ചെയ്‌തതാണ്‌. എന്നാൽ മറിയം വന്ന്‌ വിളക്കൂതി തിരക്കഥ വായിക്കാതെ ചെയ്‌ത സിനിമയാണ്‌. കാണുന്നവര മടുപ്പിക്കാനും സന്തോഷം നൽകാനുമെല്ലാം ഒരു എഡിറ്റർക്ക്‌ സാധിക്കും.  
 

ഡേവിഡ്‌ ഫിഞ്ചർ സിനിമകളുടെ ആരാധകൻ

 

ഗോൺ ഗേൾ പോലുള്ള ഡേവിഡ്‌ ഫിഞ്ചർ സിനിമകളോടാണ്‌ കൂടുതൽ താൽപ്പര്യം. മലയാളത്തിൽ അൽഫോൺസ്‌ പുത്രന്റെ സിനിമളോട്‌ ഇഷ്‌ടം.  നേരവും പ്രേമവുമൊക്കെ പലവട്ടം കണ്ടു. അദ്ദേഹത്തിന്റെ അടുത്ത പ്രോജക്‌ടിനായി കാത്തിരിക്കുകയാണ്‌.
 

സംവിധായകനാകണം

 
കഴിഞ്ഞ രണ്ടുവർഷമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പണിപ്പുരയിലാണ്‌. ഒരു സിനിമ എന്തായാലും വൈകാതെ ഉണ്ടാകും. 
 

വരും സിനിമകൾ

 

അനുഗ്രഹീതൻ ആന്റണി, മണിയറയിലെ അശോകൻ, കോഴിപ്പോര്‌

 

പ്രധാന വാർത്തകൾ
 Top