08 July Wednesday

പോൾ റോബ്‌സൻ: പാട്ട്‌ എന്ന സമരായുധം

നദീം നൗഷാദ‌് noushadnadeem@gmail.comUpdated: Sunday Feb 16, 2020

പോൾ റോബ്സൻ

 “ഭാർഗവിക്കുട്ടീ, ചുറ്റും ഭയാനകമായ ഇരുൾ. അതിനേക്കാൾ ഭയാനകമായ നിശ്ശബ്ദത. കനമേറിയ നിശ്ശബ്ദത. ഈ നിശ്ശബ്ദതയെ ഞാൻ തകർക്കാൻ പോകുകയാണ്, സംഗീതംകൊണ്ട്... ശ്രദ്ധിക്കുന്നുണ്ടോ? ഞാൻ ആദ്യം വയ്‌ക്കാൻ പോകുന്നത് പോൾ റോബ്സൻ എന്ന നീഗ്രോ ഗായകന്റെ റെക്കോഡാണ്. നീഗ്രോ, കറുമ്പൻ, പിരുപിരാ മുടിയുള്ള കാപ്പിരി... അതുകൊണ്ട്, ഭാർഗവിക്കുട്ടീ, ഭീകരമായ ഈ നിശ്ശബ്ദതയെ ലക്ഷം ലക്ഷം കഷണങ്ങളായി തകർക്കാൻ പോകുകയാണ്. ശ്രദ്ധിക്കുക. പോൾ റോബ്സന്റെ  മനോഹരമായ, ഇടിമുഴക്കംപോലുള്ള ഗംഭീര ശബ്ദം.  

(ഭാർഗവീനിലയം സീൻ7–- 
വൈക്കം മുഹമ്മദ്‌ ബഷീർ) 
 
ഗായകൻ, നടൻ, രാഷ്ട്രീയപ്രവർത്തകൻ, കായികതാരം എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന പോൾ റോബ്സൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ ഇഷ്ടഗായകനായിരുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ പങ്കാളി. കുപ്രസിദ്ധമായ മക്കാർത്തിയൻ കാലത്ത് അമേരിക്കൻ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളി. നൂറ്റാണ്ടുകളായി അടിമകളായിരുന്ന ജനവിഭാഗത്തിന്റെ അമർഷവും വേദനയും പ്രതിധ്വനിച്ചു പോൾ റോബ്സന്റെ ശബ്ദത്തിൽ. അതുകൊണ്ടായിരിക്കാം സഹജീവികളോട് ഏറെ കരുണയും സ്‌നേഹവുമുള്ള  ബഷീറിന് പോൾ റോബ്സൻ പ്രിയപ്പെട്ട ഗായകനായത്‌. 
 
 തെക്കൻ പ്രവിശ്യകളിൽ കറുത്ത വംശക്കാർക്കുനേരെ വംശീയ ഭ്രാന്തന്മാരുടെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടാണ് പോൾ റോബ്സൻ ശ്രദ്ധനേടിയത്. പാട്ടും പ്രസംഗവും സമരായുധങ്ങൾ. 1936ൽ അദ്ദേഹം പാടിയ ‘ഓൾഡ്‌ മാൻ റിവർ’ കറുത്തവർ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനങ്ങളുടെ ചരിത്രം പറയുന്നു. വംശീയമായി വിഭജിക്കപ്പെട്ട അമേരിക്കയിൽ മനുഷ്യമഹത്വം ഓർമപ്പെടുത്തിയ പാട്ട്. അത് ഓരോ തലമുറയും വേദനയോടെ കേട്ടു. റോബ്സൻ മരിച്ചപ്പോൾ അവർ ആദരാഞ്ജലി അർപ്പിച്ചത് ഇത് പാടിക്കൊണ്ടായിരുന്നു.
  
1920കളുടെ തുടക്കത്തിൽ യൂജീൻ ഒനീലിന്റെ എംപറർ ജോൺസ് നാടകത്തിലൂടെയാണ് റോബ്സന്റെ അഭിനയജീവിതത്തിന് തുടക്കമായത്. നടൻ എന്ന നിലയിൽ അന്താരാഷ്ട്ര ശ്രദ്ധനേടിയത് ഒഥല്ലോയിലൂടെ. അമേരിക്കൻ തിയറ്ററിൽ ആദ്യമായി ഗൗരവമുള്ള വേഷങ്ങൾ ചെയ്‌ത ആദ്യത്തെ കറുത്തവംശക്കാരനാണ് റോബ്സൻ. തുടർന്ന് നിരവധി സിനിമകൾ. അമേരിക്കയിൽ മാത്രമല്ല, ജനപ്രീതി നേടിയപ്പോഴേക്കും റോബ്സൻ  ലോകംമുഴുവൻ അറിയപ്പെട്ടു തുടങ്ങിയിരുന്നു.
 
1930കളുടെ മധ്യത്തിലാണ്‌ പോൾ റോബ്സൻ ആദ്യമായി രാഷ്ട്രീയപ്രശ്നങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചുതുടങ്ങിയത്. സോവിയറ്റ് യൂണിയനിൽ പാടാൻ പോയശേഷമാണ് അദ്ദേഹത്തിന് കമ്യൂണിസത്തിൽ താൽപ്പര്യം വന്നത്. പ്രശസ്‌തിയുടെ ഉന്നതിയിൽ നിൽക്കുന്ന കാലത്ത് സ്‌പെയിനിലെ ഫാസിസ്റ്റ് ഭരണത്തിനെതിരായും സ്വന്തം നാട്ടിൽ വംശീയതയ്‌ക്ക് എതിരായും പോരാടുന്ന സാംസ്‌കാരിക പ്രവർത്തകൻ എന്ന്‌ കീർ ത്തിനേടി. നീതിക്കും സമാധാനത്തിനുംവേണ്ടി നിലകൊള്ളുക തന്റെ കർത്തവ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം  ആരാധകരെ എന്നപോലെ ശത്രുക്കളെയും നേടിക്കൊടുത്തു.
 
ശീതസമരം തുടങ്ങിയകാലം. രാജ്യത്ത് നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളെയും സംശയദൃഷ്ടിയോടെ നോക്കിക്കണ്ട അമേരിക്കൻ ഭരണകൂടം കുപ്രസിദ്ധമായ മകാർത്തിയൻ നിയമങ്ങൾ നടപ്പാക്കിത്തുടങ്ങിയിരുന്നു. റോബ്സന്റെ കമ്യൂണിസ്റ്റ് ആഭിമുഖ്യവും തൊഴിലാളിസമരങ്ങളോടുള്ള അനുഭാവവും കറുത്തവംശക്കാരുടെ പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും ഭരണകൂടത്തെ അസ്വസ്ഥമാക്കി. എഫ്ബിഐയുടെ നിരീക്ഷണക്കണ്ണുകൾ അദ്ദേഹത്തെ സദാ പിന്തുടർന്നു. പിന്നെ പീഡനനാളുകൾ. ആദ്യം പാസ്‌പോർട്ട് റദ്ദാക്കി. അതോടെ വിദേശയാത്രകൾ മുടങ്ങി. തുടർന്ന്‌ റോബ്സനെ ഭരണകൂടം കരിമ്പട്ടികയിൽപ്പെടുത്തി. സിനിമ, നാടകം, പൊതുപരിപാടികൾ, റേഡിയോ, ടെലിവിഷൻ എന്നിവിടങ്ങളിൽനിന്നെല്ലാം വിലക്കി. സുപ്രീംകോടതി വിധിയെത്തുടർന്ന്‌ യാത്രാവിലക്ക് നീക്കിയപ്പോൾ  പാസ്‌പോർട്ട് തിരികെ കിട്ടി. പക്ഷേ, അപ്പോഴേക്കും ആരോഗ്യം ക്ഷയിച്ചിരുന്നു. ‘ഫ്രീഡം ഫ്രീഡം’ എന്ന പാട്ട് ലോകംമുഴുവനുള്ള അടിച്ചമർത്തപ്പെട്ടവരുടെ  പ്രതീക്ഷകളെ ഉത്തേജിപ്പിച്ചു. പാട്ട് വലിയ ജനപ്രീതി നേടി. 1936ൽ പുറത്തുവന്ന ‘സോങ്‌ ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ പാടിയതായിരുന്നു. സമാധാനത്തിനും നീതിക്കുംവേണ്ടി അദ്ദേഹം 25 ഭാഷയിൽ പാടി. അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ലോകപൗരൻ എന്നറിയപ്പെട്ടു. യൂറോപ്പിലൂടെയുള്ള യാത്ര ഒരു കാര്യം അദ്ദേഹത്തെ പഠിപ്പിച്ചു. അമേരിക്കയിലെ അത്ര വംശീയവിദ്വേഷം അവിടെ ഇല്ലെന്ന്. അമേരിക്കയിൽ കറുത്തവർക്ക് വിളമ്പുന്ന ഹോട്ടലുകൾ കുറവായിരുന്നു. നാടകം കാണാനും പ്രയാസം. ഇരിപ്പടങ്ങൾതന്നെ വേറെയായിരുന്നു. ചില അവസരങ്ങളിൽ നാടകം അവതരിപ്പിക്കവെ ചെറിയരീതിയിലുള്ള  കൈയേറ്റങ്ങളുമുണ്ടായി. 
 
 ജവാഹർലാൽ നെഹ്‌റു, റൂസ്‌വെൽറ്റ്‌, പാബ്ലോ നെരൂദ, ജയിംസ് ജോയ്സ്, ഏണസ്റ്റ് ഹെമിങ്‌വേ തുടങ്ങി ലോകത്തെ പ്രധാന വ്യക്തികൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. അന്താരാഷ്ട്ര സൗഹൃദത്തിൽ വിശ്വസിക്കുന്നതുകൊണ്ട് ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് റഷ്യയുമായി  സൗഹൃദം സ്ഥാപിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു. 1949ൽ അദ്ദേഹത്തിന്റെ സംഗീതപരിപാടി പൊലീസ് നോക്കിനിൽക്കെ വംശവെറിയന്മാരായ ആൾക്കൂട്ടം ആക്രമിച്ചു. അദ്ദേഹം ചെറുത്തുനിന്നു. ജനങ്ങൾ ആവശ്യപ്പെട്ടാൽ എവിടെവച്ചും ഞാൻ പാടുമെന്നും ഒരു ആക്രമണവും തന്നെ ഭയപ്പെടുത്തില്ലെന്നും പ്രഖ്യാപിച്ചു. 
 
തുടർച്ചയായുള്ള യാത്രകളും പരിപാടികളും റോബ്സനെ ക്ഷീണിതനാക്കി. ഇതിനിടെ വിഷാദരോഗം പിടിപെട്ട് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോക്ക് ചികിത്സയ്‌ക്ക് വിധേയമാക്കി. 1963ൽ അമേരിക്കയിൽ തിരിച്ചെത്തിയപ്പോൾ തെറ്റായ രീതിയിലുള്ള ചികിത്സയ്‌ക്ക് വിധേയമാക്കി എന്നും ആരോപണമുണ്ട്. മുമ്പത്തെപ്പോലെ പാടാനും പ്രസംഗിക്കാനും കഴിയുന്നില്ല എന്ന് തിരിച്ചറിഞ്ഞ റോബ്സൻ പൊതുരംഗത്തുനിന്ന് പതിയെ പിൻവാങ്ങി ഫിലാഡെൽഫിയക്ക്‌ മടങ്ങി. 1976 ജനുവരി 23ന് മരിക്കുംവരെ സ്വയം തീർത്ത ഏകാന്ത തടവറയിൽ കഴിഞ്ഞു. 
 
പോൾ റോബ്സന് അർഹിക്കുന്ന സ്ഥാനം അമേരിക്ക കൊടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ ഓർമകൾ ചരിത്രത്തിൽനിന്ന് മായ്‌ചുകളയാനാണ്‌  എന്നും അമേരിക്ക ശ്രമിച്ചത്‌.  പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടന്നുവരുമ്പോൾ പോൾ റോബ്സന്റെ പാട്ടുകളും പോരാട്ടങ്ങളും വീണ്ടും ഓർമിക്കപ്പെടേണ്ടതുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top