19 January Sunday

വാർക്കണം പ്രതിരോധത്തിന്റെ ഉറുമികൾ; പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ സച്ചിദാനന്ദൻ സംസാരിക്കുന്നു

വിജയ് സി എച്ച് vijaych8222@gmail.comUpdated: Sunday Dec 15, 2019

അസഹിഷ്‌ണുതയുടെയും വിദ്വേഷത്തിന്റെയും ജ്വരനൃത്തങ്ങളും പോർച്ചിരികളും മുഴങ്ങുകയാണ്‌ ഇന്ത്യയിൽ. മുസ്ലിമാണെന്നതിന്റെ പേരിൽ ഇവിടെ ജീവിക്കാനുള്ള അവകാശം നഷ്‌ടപ്പെടുന്ന കാലം. ദാരിദ്ര്യവും ദുരിതവും ചേർന്ന്‌ കുഴിച്ചെടുത്ത കണ്ണുകളുള്ള കോടിക്കണക്കിനു മനുഷ്യരുടെ നാട്ടിലാണ്‌ മതത്തിന്റെ പേരിൽ വീണ്ടുമൊരു വിഭജനത്തിന്‌ വിത്തുപാകുന്നത്‌.  ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അനുഭവങ്ങളിലേക്കാണ്‌ നാം നടന്നടുക്കുന്നതെന്ന്‌ ആശങ്കപ്പെടുന്നു കവി സച്ചിദാനന്ദൻ. നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ചു മരിച്ചവരുടെ പരമ്പരകളെപ്പോലും മതത്തിന്റെ പേരിൽ ആട്ടിപ്പായിക്കാൻ വഴിയൊരുക്കുന്ന  പൗരത്വ ഭേദഗതി നിയമം ഭരിക്കുന്നവരുടെ രാഷ്ട്രീയവും മതപരവും സാമൂഹ്യവുമായ ഹ്രസ്വദൃഷ്ടിയുടെ ഉൽപ്പന്നമാണെന്ന്‌ പറയുന്നു അദ്ദേഹം. പൗരത്വ ഭേദഗതി ബില്ലിനെയും അത്‌ സൃഷ്‌ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും  സച്ചിദാനന്ദൻ സംസാരിക്കുന്നു  

മുസ്ലിങ്ങളോട്‌ വിവേചനം പുലർത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്ക്‌ പ്രതിഷേധമുയരുകയാണ്‌. കവിയും സാമൂഹ്യവിമർശകനുമെന്ന നിലയിൽ അതിനെ എങ്ങനെ കാണുന്നു? 

ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ മുസ്ലിംവിരുദ്ധ അജൻഡയുടെ ഒരു മറയുമില്ലാത്ത പ്രകടനമാണ്‌   പൗരത്വ ഭേദഗതി നിയമം. മറ്റെന്ത് അനുവദിച്ചാലും പൗരത്വ രജിസ്റ്ററിൽ മുസ്ലിങ്ങളെ കയറ്റില്ലെന്നുതന്നെ. മറ്റാരെ ഉൾപ്പെടുത്തിയാലും മുസ്ലിങ്ങൾ പാടില്ലെന്ന്‌.  
 
ഇത് ഇന്ത്യയുടെ മതേതരത്വ ഭരണഘടനയുടെ പ്രത്യക്ഷ ലംഘനമാണ്. രാജ്യത്തിന്റെ പ്രതിച്ഛായക്കുമേലുള്ള കടന്നാക്രമണമാണ്. കാരണം, പൗരത്വത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ്. മതപരമോ ജാതീയമോ ലിംഗപരമോ സാമുദായികമോ ആയ ഒരു വിവേചനവും  ഭരണഘടന അനുവദിക്കുന്നില്ല.
 
അഭയാർഥികളായ ഹിന്ദുക്കൾക്കും സിഖുകാർക്കും ക്രിസ്‌ത്യാനികൾക്കും ജൈനർക്കും ബുദ്ധർക്കും പാർസികൾക്കും അനുവദിക്കുന്ന ഒരു ആനുകൂല്യം, മുസ്ലിങ്ങൾക്കുമാത്രം നിഷേധിക്കുന്നത് വിദ്വേഷപരമാണ്. അവരുടെ മാതൃരാജ്യങ്ങളിൽ അവർ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും, അഭയാർഥികളായാണ് അവർ ഇവിടെ എത്തിയിരിക്കുന്നത്. അഭയാർഥി ഏത്‌ മതത്തിപ്പെട്ടയാളായാലും അവരുടെ വേദന ഒന്നുതന്നെയാണ്.
 
പലർക്കും പൗരത്വം നിഷേധിക്കുന്നു. അസമിൽ 104 വയസ്സുള്ള ഒരാളോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. അത്‌ തെളിയിക്കാൻ അദ്ദേഹത്തിന്റെ കൈയിൽ രേഖകൾ ഇല്ലാത്തതിനാൽ നാടുകടത്തുമെന്നാണ്‌ ഭീഷണി.  ഇത്‌ കരിനിയമമാണ്.
 
പൗരത്വം തെളിയിക്കാൻ പലരോടും ആവശ്യപ്പെടുന്നുണ്ട്. മുത്തച്ഛനും മുതുമുത്തച്ഛനും ഒരിടത്ത് ജീവിച്ചിരുന്നവരാണെന്നതിനുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നു. ആർക്കെങ്കിലും കഴിയുമോ ഈ വക രേഖകൾ ഹാജരാക്കാൻ. 
കാലങ്ങളായി ഉണ്ടാക്കിയെടുത്തതാണ് നമ്മുടെ മതേതരത്വം. എന്നാൽ, ഈ ഭരണത്തിൻ കീഴിൽ രാജ്യത്തെ മതനിരപേക്ഷ ഇടങ്ങൾ ചുരുങ്ങുന്നു!
 
 അടിയന്തരാവസ്ഥയെക്കാൾ‍ ഭീഷണമായ വെല്ലുവിളിയാണ് രാജ്യം ഇപ്പോൾ നേരിടുന്നതെന്ന് താങ്കൾ ഈയിടെ പറഞ്ഞിരുന്നു. ജയപ്രകാശ്‌ നാരായണും എ കെ ജിയും അടക്കം  ആയിരക്കണക്കിന്‌ നേതാക്കളെ അടിയന്തരാവസ്ഥക്കാലത്ത്‌ തുറുങ്കിലടച്ചു. ‘രാജൻ സംഭവം' ഉൾപ്പെടെയുള്ള കൊടുംക്രൂരതകൾ അരങ്ങേറി. ആ അവസ്ഥയുമായി വർത്തമാനകാലത്തിന്‌ എന്താണ്‌ താരതമ്യം?  
 
 1975-ലെ അടിയന്തരാവസ്ഥയുടെ പ്രത്യേകത, അത് പ്രഖ്യാപിച്ചതായിരുന്നു എന്നുള്ളതാണ്. ഭരണഘടനയിലുള്ള ഒരു വ്യവസ്ഥയുടെ ദുരുപയോഗമായിരുന്നു അത്. ഒരു കവിത എഴുതിയതിന് എന്നെയും അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇന്നത്തെ അടിയന്തരാവസ്ഥ മറ്റൊരു രീതിയിലാണ്. ഭൂരിപക്ഷമുള്ളതുകൊണ്ടല്ല, ചെയ്യപ്പെട്ട വോട്ടിൽ ഭൂരിപക്ഷം കിട്ടിയെന്നതിനാൽ, ആ ജനവിധി ഉപയോഗിച്ച്‌ രാജ്യത്ത് ഭീതി സൃഷ്ടിക്കുന്നുവെന്നതാണ് ഇന്നുകാണുന്ന അടിയന്തരാവസ്ഥ.
 
കശ്‌മീർ സംഭവംമാത്രം മതി രാജ്യത്ത് അടിയന്തരാവസ്ഥയാണെന്നു പറയാൻ. ഭരണഘടനയിലെ അനുച്ഛേദം 370നെ  സുപ്രീംകോടതി ആവർത്തിച്ച്‌ പിന്താങ്ങിയിട്ടുണ്ട്‌. ജമ്മു–--കശ്‌മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാക്കിയ വ്യവസ്ഥയാണത്. അത് കാറ്റിൽ പറത്തിയില്ലേ. 
 
അതേസമയം നാഗാലാൻഡിൽ പഴയ നിയമം ഇപ്പോഴും നിലനിൽക്കുന്നു. അവർക്ക് സ്വന്തം കൊടിമുതൽ സൈന്യംവരെ അനുവദിക്കുന്നു. ഒരേ സമയത്ത് ഒരേ രാജ്യത്ത് രണ്ടിടത്ത് രണ്ടുരീതിയിൽ നിയമങ്ങൾ. പല തരത്തിലുള്ള സമീപനങ്ങൾക്ക്‌ പിന്നിൽ മതപരമായ അജൻഡകൾ തന്നെയാണ്‌.  കൂടാതെ, യുഎപിഎ-യിൽ  കൊണ്ടുവന്ന ഭേദഗതി അനുസരിച്ച്‌ ഏതു വ്യക്തിയെയും തീവ്രവാദിയായി പ്രഖ്യാപിക്കാം. സർക്കാരിനെ വിമർശിക്കുന്ന ആരെയും തീവ്രവാദിയെന്നു വിളിച്ചു ജീവിതകാലം മുഴുവൻ തുറുങ്കിലടയ്‌ക്കാം.
 
മറ്റൊന്നാണ് വിവരാവകാശ നിയമത്തിൽ വെള്ളം ചേർത്തത്. മുമ്പ്‌ പ്രതിരോധ രഹസ്യങ്ങൾ മാത്രമാണ് നമുക്ക് അറിയാൻ കഴിയാത്തതായി ഉണ്ടായിരുന്നത്. ഇപ്പോൾ പലതും വിവരാവകാശ നിയമത്തി-ന്‌ പുറത്തുനിർത്തിയിരിക്കുന്നു.
 
ബുദ്ധിജീവികളും എഴുത്തുകാരും കൊല്ലപ്പെടുന്നു, ഒരാശയത്തിൽ വിശ്വസിച്ചതിനാൽ കൊല്ലപ്പെടുന്നു, ബീഫിന്റെ പേരിലും കൊല്ലപ്പെടുന്നു.  പൗരസ്വാതന്ത്ര്യങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടുന്നതിന് നാം സാക്ഷികളാകുന്നു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കിൽ ഇതിനെല്ലാം എതിരെ ഒരു ദേശീയമായ പ്രസ്ഥാനംതന്നെ നയിക്കുമായിരുന്നു. 
 
ഏതുനിലയിൽ നോക്കിയാലും അടിയന്തരാവസ്ഥയ്‌ക്കു സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഭീഷണമായ വെല്ലുവിളികൾ. ദിനംപ്രതി ഈ അവസ്ഥ കൂടുതൽ മോശമാകാനേ സാധ്യതയുള്ളൂ. കവികൾ എല്ലാം അൽപ്പം മുൻകൂട്ടി കാണുന്നവരുമാണ്. അതിനാൽ, ഞാൻ പറഞ്ഞ ഒരുവാക്കും പിൻവലിക്കുന്നില്ല, പൂർണമായും അതിൽ വിശ്വസിക്കുന്നു. 
 
  ഫാസിസ്റ്റ് ശക്തികളെ എതിർക്കുകയെന്ന ഏകമുഖ പരിപാടിയിലേക്ക് എഴുത്തുകാരുടെ സർഗഭാവന ചുരുങ്ങിയിരിക്കുന്നുവെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?  
 ഈ നിരീക്ഷണം അത്ര ശരിയല്ല. എന്നാൽ, ഇങ്ങനെ സംഭവിക്കണമെന്ന്‌ ആഗ്രഹിക്കുന്ന വ്യക്തിയാണ്‌ ഞാൻ. ജീവിതത്തെ അർഥശൂന്യമാക്കുന്ന പ്രത്യയശാസ്‌ത്രമാണ് ഫാസിസം. മനുഷ്യരെ അത്‌ അടിമകളാക്കുന്നു. കലാകാരന്മാരിൽപ്പോലും ചെറിയൊരു വിഭാഗം മാത്രമേ ഫാസിസത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുന്നുള്ളൂ. കലാകാരന്മാർക്ക് സർക്കാരിൽനിന്ന്‌ സാധിക്കാൻ പല ആവശ്യങ്ങളുമുണ്ട്. പലരും മൗനം പാലിക്കുന്നത് നിർഭാഗ്യവശാൽ അതുകൊണ്ടാണ്.
 
യഥാർഥത്തിൽ, ഫാസിസത്തെ എതിർക്കുകയെന്നത് കലാകാരന്റെ മൗലിക ധർമമാണ്. എന്നാൽ, എല്ലാവരും ആക്റ്റിവിസ്റ്റുകളാകണമെന്നില്ല. പക്ഷേ, കലയിലൂടെ അവർക്ക് ഫാസിസത്തെ എതിർക്കാനാകും.  കാരണം, കലയുടെ പ്രാഥമികമായ ധർമങ്ങളിലൊന്ന് അധികാരത്തെ നോക്കി സത്യം പറയുക എന്നതാണ്. നിർഭയമായി സത്യം പറഞ്ഞില്ലെങ്കിൽ അയാൾ കലാകാരനല്ലാതായിത്തീരും. അതിനാൽ, കലാപ്രവർത്തകരും എഴുത്തുകാരും  സദാ പ്രതിപക്ഷത്താണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് അവരുടെ വിഷയം. ആര്‌   അധികാരത്തിലിരുന്നാലും, അവർ അധികാരത്തോട്‌ സത്യം ഉച്ചത്തിൽ വിളിച്ചുപറയണം.  കവികളെ വൈലോപ്പിള്ളി ‘സൗവർണ പ്രതിപക്ഷം' എന്നു വിശേഷിപ്പിച്ചത് അതുകൊണ്ടാണ്. 
 
 കലാകാരന്മാരുടേതടക്കം ഏറ്റവും ശക്തമായ പ്രതികരണം പ്രധാനമന്ത്രി മോഡിയുടെ ആദ്യ സർക്കാരിനെതിരെ ഉണ്ടായിട്ടും   രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾ വോട്ടുചെയ്‌ത്‌ മോഡിയെ വീണ്ടും   അധികാരത്തിലേറ്റുകയാണുണ്ടായത്?
 
 കവിതയും സാഹിത്യവുമെല്ലാം ന്യൂനപക്ഷ കലകളാണ്. അവയ്‌ക്ക് സിനിമയോ തെരുവു നാടകമോപോലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. കലാകാരന്മാർക്കു ചെയ്യാൻ കഴിയുന്നത് അതിനാൽ വളരെ പരിമിതമായ കാര്യങ്ങളാണ്. സാമൂഹ്യമാറ്റങ്ങൾ നയിച്ചിട്ടുള്ളത് എന്നും സമൂഹനായകന്മാരാണ്. കലാകാരന്മാർക്ക് അതിന്റെ ചെറിയൊരു ഭാഗമാകാനേ കഴിയൂ.
 
മോഡിയുടെ ആദ്യ  അഞ്ചുവർഷം സമ്പൂർണ പരാജയമായിരുന്നുവെന്നതിൽ സംശയമില്ല. ജനങ്ങൾ സത്യം അറിയാതിരുന്നതുകൊണ്ടാണ് മോഡി വീണ്ടും അധികാരത്തിലെത്തിയത്. അവസാനം, പുൽവാമ ഭീകരാക്രമണവും തുടർന്നുണ്ടായ ബാലാകോട്ട് വ്യോമാക്രമണവും മോഡിയുടെ രക്ഷയ്‌ക്കെത്തുകയും ചെയ്‌തു. രാജ്യത്തിന്‌ ഇപ്പോൾ വേണ്ടത് ശക്തമായൊരു നേതൃത്വമാണെന്ന് ഉത്തരേന്ത്യയിലെ കോർപറേറ്റ് പത്രങ്ങൾ എഴുതിയത് സാധാരണക്കാർ വിശ്വസിച്ചു, മോഡിയെ വീണ്ടും ഭരണത്തിൽ അവരോധിച്ചു. 
 
 എടുത്തെയ്യാൻ കലാകാരന്മാരുടെ ആവനാഴിയിൽ ഇനി എന്ത് അസ്‌ത്രമാണ് അവശേഷിക്കുന്നത്?
 
 മുനയൊടിഞ്ഞിട്ടില്ല. തൊണ്ണൂറ്‌ സംഘടന ഒരുമിച്ചു ചേർന്ന ശക്തിയേറിയ പ്രതിഷേധവേദിയുണ്ട്‌. ഞാനും അംഗമായിട്ടുള്ള അതിന്റെ പ്രവർത്തനങ്ങൾ ഏറെ സജീവമായി  നടക്കുന്നു. അധികാരികൾ എത്രകണ്ട് ഇതിനെ ഭയപ്പെടുന്നുവെന്നത് അടൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഒരുമ്പെട്ട സംഭവത്തിൽ വ്യക്തമാണ്. കേന്ദ്ര സർക്കാരിന് ഓർക്കാൻ താൽപ്പര്യമില്ലാത്തൊരു ദുഃസ്വപ്‌നമാണ് അംഗീകാരങ്ങൾ തിരിച്ചുകൊടുത്തു നടത്തിയ ചരിത്രപരമായ  പ്രതിഷേധം. മുനയൊടിഞ്ഞുവെന്നു പറഞ്ഞുകൂടാ, അതിന്റെ  പ്രഭാവം ഇപ്പോഴും തുടരുന്നു. അസ്‌ത്രങ്ങൾ ഇനിയുമെത്രയോ ബാക്കിയുണ്ട്.  സ്വാതന്ത്ര്യസമര കാലംമുതൽ നാം പ്രയോഗിച്ച്‌ വിജയംകണ്ട പ്രതിഷേധമുറകൾ എത്രയെത്ര. ആവശ്യം വരുമ്പോൾ എടുത്ത്‌ പ്രയോഗിക്കും. 
 
 ഉത്തരേന്ത്യയിലെ അതിക്രമങ്ങൾക്കെതിരെ സദാ ശബ്ദമുയർത്തുന്നവർ, സമാനമായ മറ്റ്‌ സംഭവങ്ങളിൽ പ്രതിഷേധിക്കുന്നത് നാമമാത്രമായാണെന്ന വിമർശനം എങ്ങനെ നേരിടുന്നു?
  എഴുത്തുകാർ രാവിലെ മുതൽ ഇരുട്ടുംവരെ പ്രതിഷേധിച്ചുകൊണ്ടിരുന്നാൽ അവർക്ക് എഴുതാൻ എപ്പോഴാണ് സമയം കിട്ടുക. വ്യക്തിപരമായ ചോദ്യമാണെങ്കിൽ പറയുന്നു, എല്ലാ അനിഷ്ട സംഭവങ്ങൾക്കെതിരെയും പ്രതികരിച്ച ഒരാളാണ് ഞാൻ. 
 
ഏതു വ്യവസ്ഥിതിയിലും ആ വ്യവസ്ഥിതിയുടെ സ്വാതന്ത്ര്യ നിഷേധങ്ങൾക്കും പീഡനങ്ങൾക്കും എതിരായി നിൽക്കുന്നവരാണ് എഴുത്തുകാർ.  പ്രതിപക്ഷമാകുകവഴി ഇതാണ് ഇടതുപക്ഷമെന്ന് ജനങ്ങളോട്‌ പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് എഴുത്തുകാർ.
പ്രധാന വാർത്തകൾ
 Top