16 August Sunday

സാംസ്‌കാരികനഗരിയിലെ നാട്യരാവുകള്‍

വി അനൂപ്Updated: Sunday Dec 15, 2019
കളിയരങ്ങിലെ മഹാനടൻ പത്മശ്രീ ഗോപിയാശാൻ മുതൽ യുവകലാകാരന്മാരുൾപ്പെടെ  132 പ്രതിഭകൾ നിറഞ്ഞാടിയ അഞ്ചു രാത്രി.  ആസ്വാദനത്തിന്റെ പുതുഭാവുകത്വത്തെ കണ്ടെത്തിയ കലയുടെ  ഉൽസവം പുത്തൻ ആസ്വാദകർക്കും പുതുകലാകാരന്മാർക്കും കാലം നൽകിയ കളരിപാഠങ്ങളായി.  കേരളസംഗീതനാടക അക്കാദമിയുടെയും കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെയും തൃശൂർ കഥകളി ക്ലബ്ബിന്റെയും സഹകരണത്തോടെയായിരുന്നു തൃശൂരിൽ മൂന്നാമത്‌ നാട്യനൈഷധം കഥകളിയുത്സവം. നളചരിതം നാലുദിവസത്തിന്റെ പൂർണാവതരണമായിരുന്നു  പ്രധാനം. ജനപ്രിയമായ ദുര്യോധനവധവും നാട്യനൈഷധത്തിന്റെ മാറ്റുകൂട്ടി.
  

നളചരിതം രണ്ടാം ദിവസത്തിൽ  നളനായി പത്മശ്രീ കലാമണ്ഡലം ഗോപി  ദമയന്തിയായി മാർഗി വിജയകുമാർ

നളചരിതം രണ്ടാം ദിവസത്തിൽ നളനായി പത്മശ്രീ കലാമണ്ഡലം ഗോപി ദമയന്തിയായി മാർഗി വിജയകുമാർ

നളപാകമൊത്ത കളിച്ചേരുവകൾ

 

ശൈലീകൃത അഭിനയസമ്പ്രദായങ്ങളിൽ നിന്നുഴറിമാറി പിടിതരാത്ത ഒന്നായിനിൽക്കുന്ന നളചരിതത്തിന്റെ ആട്ടവഴികളെ അടയാളപ്പെടുത്തുക വഴി ആസ്വാദകർക്കും പുതിയ കലാപ്രവർത്തകർക്കും പുതിയ അനുഭവമായി മാറി ഈ മേള. പൊതുവെ നടപ്പുള്ള കഥാഭാഗങ്ങളുടെ ഭാഗിക അവതരണത്തിൽനിന്ന്‌ ഭിന്നമായ പൂർണാവതരണം അതുകൊണ്ടുതന്നെ ഹൃദ്യമായി.  നളവേഷത്താൽ സഹൃദയപ്രീതിയാകർഷിച്ച ഗോപിയാശാനെപ്പോലെയുള്ള ആചാര്യൻമാരുടെ കൂട്ടുവേഷങ്ങളിലൂടെ കഥാഗതിയുടെ അന്തഃസത്ത സ്വാംശീകരിച്ചെടുക്കാൻ പുതുവേഷക്കാരെ പ്രാപ്തരാക്കാൻകൂടി ഈ ഉദ്യമത്തിന്‌ സാധിച്ചു.   കഥകളിയാസ്വാദനം ഒരു ശിക്ഷിതവൃത്തിയാണെന്ന ധാരണ പങ്കുപറ്റിക്കൊണ്ടുള്ള പ്രഭാഷണപരമ്പരയും ശ്രദ്ധേയമായി.
 
ഒന്നാം ദിവസത്തിലെ സായാഹ്നത്തിൽ നളനായി വേഷമിട്ട കൃഷ്‌ണകുമാറും ഹംസമായ കലാനിലയം ഗോപിനാഥനും ദമയന്തിയായി വന്ന കോട്ടയ്‌ക്കൽ രാജ്മോഹനും പ്രണയാർദ്രമായ  നളചരിതം ഒന്നാം ദിവസം പൂർവഭാഗത്തെ മികവുറ്റത്താക്കി. ഭൈമീകാമുകനായ നളവേഷത്തിൽ കലാമണ്ഡലം ഷണ്മുഖദാസും അമരാധിപനുൾപ്പെടെയുള്ള ദേവന്മാരുടെ പ്രണയാഭ്യർഥന നിരസിച്ച്  വരണമാല്യമേന്തുന്ന ദമയന്തിയായി കലാമണ്ഡലം മുകുന്ദനും  നളകഥയുടെ ഉത്തരഭാഗവും ഭാവോജ്വലമാക്കി. കലാനിലയം ഉണ്ണികൃഷ്ണൻ, വിനോദ്, നെടുമ്പിള്ളി രാംമോഹൻ എന്നിവർ പാട്ടിലും കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം ഹരിഹരൻ തുടങ്ങിയവർ മേളത്തിലും പങ്കുചേർന്നതോടെ അരങ്ങ് നാട്യനൈഷധത്തിന്റെ കേളി വിളിച്ചോതി.
 
നാലുപതിറ്റാണ്ടായി നളസങ്കൽപ്പത്തിന്‌ പൂർണത നൽകിയ മഹാനടൻ പത്മശ്രീ കലാമണ്ഡലം ഗോപിയുടെ നളവേഷം മേളയുടെ ഏറ്റവും സൗന്ദര്യപൂർണമായ നിമിഷങ്ങളിലൊന്നായി.  എൺപത്തിമൂന്നാം വയസ്സിലും ആഹാര്യശോഭകൊണ്ടും നടനവൈഭവംകൊണ്ടും നളകഥയെ ആവാഹിച്ചപ്പോൾ കൂട്ടുവേഷക്കാരനായ  മാർഗി വിജയകുമാറും പാട്ടിൽ പത്തിയൂർ ശങ്കരൻകുട്ടിയും കലാനിലയം രാജീവനും മേളത്തിൽ കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം രാജ് നാരായണനും  രണ്ടാം ദിവസത്തെ അവിസ്‌മരണീയമാക്കി.
പ്രതിനായകസ്വഭാവം പൂർണമായി പ്രകടിപ്പിച്ച കോട്ടക്കൽ ദേവദാസിന്റെ  കലിയും കലാമണ്ഡലം മനോജിന്റെ പുഷ്‌കരനും കലാമണ്ഡലം സോമന്റെ കാട്ടാളനും മികച്ചുനിന്നു.  ചൂതുകളിക്കുശേഷമുള്ള നളനായുള്ള കലാമണ്ഡലം ശ്രീകുമാറും ദമയന്തിയായി സദനം സദാനന്ദനും യുവനടൻ അരുൺരാജിന്റെ സാർഥവാഹകനും കളിക്ക്‌ ശോഭയേറ്റി.
  

ആത്മവിലാപങ്ങളുടെ മൂന്നാംദിവസം

 

മനുഷ്യജീവിതത്തിന്റെ അടിയൊഴുക്കുകളും അനിശ്ചിതത്വവും സംബന്ധിച്ച പാഠങ്ങൾ ഓർമിപ്പിച്ചുകൊണ്ടായിരുന്നു നളചരിതം മൂന്നാംദിനത്തിന്റെ അവതരണം. കലിബാധിതനായി കാട്ടിൽ അലയുന്ന നളന്റെ ചിന്തകളെ ഭംഗിയായി രംഗത്തവതരിപ്പിച്ചു കലാമണ്ഡലം പ്രശാന്ത്‌. കാർക്കോടകദംശനത്താൽ മറുവേഷധാരിയായ ബാഹുകന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനായി. സുദേവനെ പാത്രബോധത്തോടെയും ഔചിത്യത്തോടെയും അരങ്ങത്ത്‌ സാർഥകമാക്കാൻ പീശപ്പള്ളിക്കു കഴിഞ്ഞു.  വിരഹിയായ നളന്റെ ആത്മഭാഷണങ്ങളിലൂടെ ഇതൾവിടർത്തുന്ന വശ്യസംഗീതത്തെ ആസ്വാദകഹൃദയത്തിലെത്തിക്കാൻ  കലാമണ്ഡലം ബാബു നമ്പൂതിരിയുടെയും കലാനിലയം രാജീവന്റെയും പാട്ടിനായി. കലാമണ്ഡലം രാമൻനമ്പൂതിരി,  കലാനിലയം ഉദയൻ, വരവൂർ ഹരിദാസൻ, കലാനിലയം പ്രകാശൻ എന്നിവരുടെ മേളവും കൂടിച്ചേർന്നപ്പോൾ കഥാസന്ദർഭത്തിന്റെ സാന്ദ്രത ഘനീഭവിച്ചു.
  

ആനന്ദതുന്തിലനായ് വന്നിതാശു ഞാൻ

 

നാലുദിവസങ്ങളിലായി കെ ടി മുഹമ്മദ് തിയറ്ററിൽ നിറഞ്ഞ പ്രേക്ഷകവൃന്ദത്തെ സാക്ഷിനിർത്തി അവതരിപ്പിച്ച ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ നാലാം ദിവസത്തിന്റെ അവതരണത്തോടെ പൂർത്തിയായി. ചിട്ടയൊത്ത ചൊല്ലിയാട്ടംകൊണ്ട്‌ ദീപ്തവും നൃത്ത്യപൂർണമായ അംഗചലനങ്ങളാലും ശക്തമായ ഭാവാവിഷ്‌കാരത്താലും പ്രകാശമാനമായ പ്രകടനത്താൽ ഒന്നാംകിടയിലേക്കുയർന്ന സദനം കൃഷ്‌ണൻകുട്ടിയുടെ ബാഹുകനായിരുന്നു നാട്യനൈഷധം നാലാംദിനത്തിന്റെ സവിശേഷത. ദമയന്തിയുടെ സങ്കീർണമായ മാനസികനില അവിസ്‌മരണീയമാംവിധം ആവിഷ്‌കരിക്കാൻ  ചമ്പക്കര വിജയന്‌ സാധിച്ചു. കേശിനിയായി കലാമണ്ഡലം ആദിത്യനും ഉത്തരഭാഗത്തിലെ നളനായി മയ്യനാട് രാജീവനും മറ്റ്‌ ചെറിയ കഥാപാത്രങ്ങളും  പ്രകടനങ്ങളുടെ കൃത്യതകൊണ്ടും ഒതുക്കംകൊണ്ടും സുന്ദരമാക്കി. കോട്ടക്കൽ മധുവും നെടുമ്പിളി രാംമോഹനും നയിച്ച ഭാവസംഗീതവും കലാമണ്ഡലം ബലരാമനും കലാനിലയം മനോജും നയിച്ച മേളവും നളചരിതത്തെ ഒരുപോലെ ദൃശ്യാനുഭവവും ശ്രവ്യാനുഭവവുമാക്കി.
 
ആരവങ്ങൾ നിറഞ്ഞ പൂരപ്പറമ്പുകളിലും ക്ലാസിക്കൽ ആസ്വാദനത്തിന്റെ മിതത്വം പാലിക്കുന്ന കളിയരങ്ങുകളിലും ഒരുപോലെ വിനിമയം ചെയ്യപ്പെടുന്ന ജനപ്രിയകഥയായ ദുര്യോധനവധത്തിന്റെ അവതരണത്തോടെയാണ്   മഹോത്സവത്തിന്‌ തിരശ്ശീലവീണത്. ദുര്യോധനവധത്തിന്റെ ആദ്യഭാഗത്ത്‌ കളരിചിട്ടയുടെ സമസ്‌ത സൗന്ദര്യങ്ങളേയും ആവാഹിച്ച മെയ്‌വഴക്കങ്ങൾകൊണ്ട്‌ നാട്യസൗന്ദര്യം വിരിയിക്കുന്ന കോട്ടക്കൽ നന്ദകുമാരൻ നായരുടെ ദുര്യോ ധനനും താടിവേഷങ്ങളുടെ ആകാരസൗന്ദര്യംകൊണ്ടും അവതരണഭംഗികൊണ്ടും ലബ്‌ധപ്രതിഷ്ഠനേടിയ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ ദുശ്ശാസനനും നിറഞ്ഞ സദസ്സിനുമുന്നിൽ അരങ്ങുപിടിച്ചെടുത്തു. മുതിർന്ന സ്‌ത്രീവേഷക്കാരനായ കലാമണ്ഡലം രാജശേഖരന്റെ കുന്തിയും കലാമണ്ഡലം കൃഷ്‌ണപ്രസാദിന്റെ കർണനും ഫാക്‌ട്‌ മോഹന്റെ രൗദ്രഭീമനും കോട്ടക്കൽ സി എം ഉണ്ണികൃഷ്‌ണന്റെ കൃഷ്‌ണനുമെല്ലാം കർണശപഥത്തോടുകൂടിയുള്ള ദുര്യോധനവധത്തിന്റെ അവതരണത്തെ മികവുറ്റതാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top