30 September Wednesday

വെള്ളരിനാടകത്തിന് ഒരു പുനര്‍ജന്മം

ബഷീര്‍ ചുങ്കത്തറUpdated: Sunday Dec 15, 2019
കേരളത്തിൽ നാടകം എത്തിയതിന്റെ ചരിത്രം വിശദീകരിക്കുമ്പോൾ  പരാമർശിക്കപ്പെടുന്ന  ഒന്നാണ് വെള്ളരി നാടകം.  കാർഷിക സംസ്‌കൃതിയുടെ ഉൽപ്പന്നമായി രൂപംകൊണ്ട കലാരൂപം. കൊയ്‌ത്തുകഴിഞ്ഞ പാടത്ത്‌ വെള്ളരികൾ മൂക്കുമ്പോൾ തിന്നാനെത്തുന്ന കുറുക്കൻമാരെ ഓടിക്കാൻ മാടംകെട്ടി ഉറക്കമൊഴിച്ച് കാവൽനിന്ന കൃഷിക്കാരുടെ  രാത്രികാല വിനോദം.  കൃഷിക്കാർ തന്നെയാണ്‌ നാടകം കളിച്ചത്‌.
   
 ആശാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നേടുന്നവർ കൈയിൽ കിട്ടിയ കൃതിയിൽ കൂട്ടിച്ചേർക്കലുകൾ നടത്തും. പൊടിപ്പും തൊങ്ങലും ചേർക്കും. കാലാന്തരത്തിൽ ഒട്ടേറെ വ്യവസ്ഥകളും നിബന്ധനകളും ഉള്ള കലാരൂപങ്ങളായി അവ. 
 

വെള്ളരി നാടകത്തിന്റെ ആദ്യകാലം

 

മലബാറിലെ വെള്ളരി നാടകത്തിന്റ ചരിത്രം ചികയുമ്പോൾ  ചെന്നെത്തുന്ന പേരുകളിലൊന്ന്‌ അരീക്കോട്‌ കീഴ്പറമ്പ് സ്വദേശി മണ്ണിൽത്തൊടി കാരാട്ട് കുഞ്ഞിപ്പോക്കറിന്റേതാണ്‌. മലയാളം, സംസ്‌കൃതം, അറബി, ഉറുദു, തമിഴ് എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം കവി, നാടകകൃത്ത്, ഇസ്ലാംമത പണ്ഡിതൻ, വിഷ ചികിത്സകൻ  തുടങ്ങിയ നിലകളിൽ അറിയപ്പെട്ടു.
  
ദേശാടനത്തിനിടെ  എവിടെയോ വച്ചുകണ്ട വെള്ളരി നാടകത്തിൽ ആകൃഷ്ടനായ കുഞ്ഞിപ്പോക്കർ അതിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കി. ‘വിത്തും കൈക്കോട്ടും' എന്ന നാടകം രചിച്ചു.  അഞ്ച് ദിവസംകൊണ്ട് അവതരിപ്പിക്കാവുന്ന നാടകത്തിൽ ഗുണപാഠ കഥകളും അനുബന്ധ കഥകളും ഉൾച്ചേർത്തിരുന്നു.
  
1936ൽ  കീഴ്പറമ്പിൽ ആദ്യമായി  നാടകം അവതരിപ്പിച്ചു.  സ്‌ത്രീവേഷം ചെയ്യുന്നതിനായി നടൻ വേലുക്കുട്ടി രണ്ടുവർഷം മുമ്പുതന്നെ മുടി നീട്ടിവളർത്താൻ തുടങ്ങിയിരുന്നു.  കൂനൂർ അയ്യപ്പൻ വൈദ്യർ, ചോല അഹമ്മദ് കുട്ടി, ചെന്തറ്റ രായിൻ മമ്മദ്,  കോട്ടേക്കുന്നേൽ കേലുണ്ണി തുടങ്ങിയവരായിരുന്നു നടന്മാർ. 
 
 കുഞ്ഞിപ്പോക്കറിന്റെ ബാപ്പ കീഴ്പറമ്പ് ചൂരോട്ട് പള്ളി ഭാരവാഹിയായിരുന്നു. നടൻ  ചോല അഹമ്മദ്കുട്ടിയാകട്ടെ കല്ലിങ്ങൽ പള്ളിയുടെ മുതവല്ലിയും. അതുകൊണ്ടുതന്നെ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ പിന്തുണയും പങ്കാളിത്തവും  ഉണ്ടായിരുന്നു.  ദൂരദിക്കുകളിൽനിന്ന്‌ ധാരാളം പേർ കാണാനെത്തി. നിലമ്പൂർ കോവിലകത്തുള്ളവർ ചാലിയാർ പുഴയിലൂടെ  തോണിയിലാണെത്തിയത്‌. 
 

വീണ്ടും അരങ്ങിൽ

 

വിത്തും കൈക്കോട്ടും നാടകത്തിന്റെ കൈയെഴുത്ത് പ്രതിയുടെ ഏതാനും ഭാഗങ്ങൾ കുടുംബശേഷിപ്പുകളിലൂടെ കുഞ്ഞിപ്പോക്കറുടെ സഹോദരപുത്രൻ അഹമ്മദ്കുട്ടി പാറമ്മലിന്റെ കൈവശം എത്തി.  കാണാതായ ഭാഗങ്ങളിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തി.  കീഴ്പറമ്പ് ഗവൺമെന്റ് ഹൈസ്‌കൂളിന്റെ അമ്പതാം വാർഷികത്തിൽ നാടകം വീണ്ടും അരങ്ങിലെത്തി.
അധ്യാപിക എൻ കെ രശ്‌മി, ആർട്ടിസ്റ്റ് ശങ്കർ, അമ്മാർ കീഴുപറമ്പ്, പി ടി നാസർ, അബു വേങ്ങമണ്ണിൽ തുടങ്ങിയവർ ഈ നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ പ്രവർത്തിച്ചു. 1936ലെ ആദ്യാവതരണത്തിന്‌ സാക്ഷിയായ ചവിട്ടുകളി കലാകാരൻ നെല്ലേരിമ്മൽ നീലകണ്ഠനായിരുന്നു രംഗപടം ഉദ്ഘാടനംചെയ്‌തത്. വേണു ജി നായർ, എം കെ മുജീബ്, മുഹമ്മദലി, ഉണ്ണി, എം ടി  നാസർ, ഫഹദ്, ആബിദ് പുല്ലൻ, ഉസ്‌മാൻ, ഉസൈൻ പാറമ്മൽ, സമദ്, പി കെ സത്യൻ, മോഹനൻ, റിഷ്ബിൻ, ശ്രീഹരി, റിഷി എന്നിവരടക്കം അമ്പതിലേറെ പേർ ഭാഗഭാക്കായി.
അഹമ്മദ് കുട്ടി പാറമ്മലിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത "വെള്ളരിപ്പാടം തിയറ്റേഴ്സ്'  ഈ നാടകം 13 വേദിയിൽ അവതരിപ്പിച്ചു.  ഗുരു ചേമഞ്ചേരിയടക്കമുള്ള മുതിർന്ന കലാപ്രവർത്തകർ അഹമ്മദ് കുട്ടി പാറമ്മലിനെയും സംഘത്തെയും അഭിനന്ദിച്ചിരുന്നു. 
 

 ചമയങ്ങൾക്ക്‌ കടുവർണം

 

 വെള്ളരി നാടകത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽനിന്ന്‌  ഈ കലാരൂപത്തിന്റെ രസാവഹമായ സവിശേഷതകൾ കണ്ടെത്താനായി അഹമ്മദ്‌ കുട്ടി പാറമ്മലിന്‌. പാടവരമ്പത്ത് കെട്ടിയ മാടങ്ങൾക്കുകീഴെ രാത്രി കാവലിന്‌ സ്‌ത്രീകൾ എത്താത്തതുകൊണ്ടാകണം സ്‌ത്രീവേഷങ്ങളും പുരുഷന്മാർ കെട്ടേണ്ടിവന്നതെന്ന്‌  അദ്ദേഹം അനുമാനിക്കുന്നു.  കാവ്യഭാഷയിലാണ്‌ ഡയലോഗുകൾ.  പച്ചക്കറികളും പാളയും കൊണ്ടാണ്‌  ആടയാഭരണങ്ങൾ. ചമയങ്ങളാകട്ടെ കടും നിറത്തിലും. 
 
കൂട്ടിത്തുന്നിയ തുണി  രണ്ടുപേർ കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്നതാണ്‌ കർട്ടൺ. കഥകളിയിലെ തിരശ്ശീലപോലെ.  എല്ലാ വെള്ളരി നാടകത്തിലും ഒരു കൃഷി പാഠവും  ഒരു ഗുണപാഠവും ഉണ്ടാകും. അവസാനം അതൊന്ന് ഏറ്റുപറയുകയും ചെയ്യും. കാണികൾ ആവശ്യപ്പെടുന്ന പക്ഷം ഒരു രംഗം വീണ്ടും അവതരിപ്പിക്കുകയോ ഡയലോഗ് വീണ്ടും പറയുകയോ ചെയ്യും. അതുകൊണ്ട്‌ സമയക്ലിപ്‌തതയില്ല. 
 
പാവപ്പെട്ടവരുടെ കലയായിരുന്നതുകൊണ്ടാകാം വില കൂടിയ വേഷങ്ങളില്ല. വേദിക്ക് പുറത്തും ആളുകൾക്കിടയിലുമെല്ലാമാകും അവതരണം. നാടകം കാണേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച്  മുൻകൂർ നിർദേശം നൽകും. കാണികൾ നിലത്തിരിക്കണം.  നടന്മാർക്കൊപ്പം കാണികളും പാടുകയും ചാടുകയും ഓടുകയുമെല്ലാം വേണം. 
എല്ലാ വെള്ളരി നാടകത്തിലും തമ്പുരാനും  സൂത്രധാരനും ഉണ്ടാകും. ആദ്യകാലത്ത് നാടകം കളിക്കുന്ന പാടത്തിന്റെ ഉടമ തന്നെയാണ് തമ്പുരാനായി അരങ്ങിലെത്തുക. ഭൂമിയില്ലാത്ത കൃഷിക്കാരന് അഭിനയിക്കാൻ തമ്പുരാന്റെ അനുമതി നിർബന്ധം.  ‘ഇതെന്താ വെള്ളരിനാടകമാണോ?' എന്നും ‘ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ' എന്നുമൊക്കെയുള്ള ചൊല്ലുകൾ പിറക്കാൻ ഇതാകണം കാരണം. 
 
കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും  ഉയർന്ന ചിന്തകൾ ഈ നാടകങ്ങൾ പങ്കുവച്ചിരുന്നു. ‘വിത്തും കൈക്കോട്ടും' നാടകത്തിൽ നെല്ല് വിളയേണ്ട പാടത്ത് കവുങ്ങ് വച്ച കൃഷിക്കാരൻ ശിക്ഷിക്കപ്പെടുന്നതും രത്നവ്യാപാരിയുടെ വീട്ടിൽക്കയറി മോഷണം നടത്തിയ കുരങ്ങനെ വിചാരണ ചെയ്യുന്നതുമായ രംഗങ്ങൾ പങ്കുവയ്‌ക്കുന്ന ദർശനം കാലാതീതം.  ഭക്ഷണം നൽകിയിരുന്ന ഫലവൃക്ഷങ്ങൾ കാട്ടിൽ കയറി വ്യാപാരി വെട്ടിമുറിച്ചതുകൊണ്ടാണ് തനിക്ക് നാട്ടിലിറങ്ങി മോഷ്ടിക്കേണ്ടിവന്നത് എന്നുപറയുന്ന കുരങ്ങന് തമ്പുരാൻ മാപ്പ് കൊടുക്കുന്നു. പരാതി നൽകിയ വ്യാപാരിയെ ശാസിക്കുന്നു. കൃഷിക്കാരനെ അവഗണിച്ച തഹസിൽദാരോട്‌  പാടത്തിറങ്ങി കൃഷിപ്പണി ചെയ്യാനാണ് തമ്പുരാൻ ശിക്ഷ വിധിക്കുന്നത്. സദസ്സിലിരുന്ന് പിഞ്ചുകുട്ടിയെ പീഡിപ്പിച്ച സ്‌ത്രീവേഷധാരിയെ ചന്തി അടിച്ചുപൊട്ടിച്ച്  കാന്താരിമുളക് തേച്ച് ജയിലിലടയ്‌ക്കുന്നു. 
 
ഡോ. വയലാ വാസുദേവൻപിള്ളയുടെ ‘മലയാള നാടക സാഹിത്യ ചരിത്രം' അടക്കമുള്ള ഒട്ടേറെ ഗ്രന്ഥങ്ങളിൽ വെള്ളരിനാടകങ്ങളെക്കുറിച്ച്‌ പരാമർശമുണ്ട്‌.  ഡോ. ടി പി സുകുമാരന്റെ  ‘പരിസ്ഥിതി സൗന്ദര്യശാസ്‌ത്രത്തിന് ഒരു മുഖവുര'യിൽ വെള്ളരി നാടകങ്ങളെക്കുറിച്ച്   വിവരണമുണ്ട്‌. വെള്ളരി നാടകങ്ങൾ പ്രബലമായിരുന്നത് അമ്പതുകളുടെ അവസാനം വരെയാണെന്ന് ആ പഠനഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും ഡോ. ടി പി സുകുമാരൻ തന്നെ മുൻകൈയെടുത്ത്‌ ‘ആഴ്‌വാഞ്ചേരി വല്യശ്‌മാൻ' എന്നൊരു വെള്ളരിനാടകം 1985 വരെ പലയിടത്തും അവതരിപ്പിച്ചിരുന്നു.  പിന്നീട്‌ അപൂർവമായിമാത്രം അരങ്ങിലെത്തിയ വെള്ളരിനാടകങ്ങൾക്ക് സജീവത നൽകിയത്‌  2016ൽ കീഴ്പറമ്പിലെ വെള്ളരിപ്പാടം തിയറ്റേഴ്സ്‌ ആണ്‌.  നിബന്ധനകൾ  കഴിയാവുന്നത്ര പാലിച്ചുകൊണ്ടാണ് അവതരണം. ഒരു മരമെങ്കിലും ഉള്ള സ്ഥലമായിരിക്കണം വേദി. വയൽ നികത്തിയെടുത്ത സ്ഥലം വേദിയാക്കില്ല എന്ന് മാത്രമല്ല, വയൽനികത്തി വീട് വച്ചവരെ നാടകത്തിൽ ഉൾപ്പെടുത്തുകയും ഇല്ല തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നുണ്ട്.  അനുബന്ധ രംഗങ്ങളിൽ സ്‌ത്രീകളെ ഉൾപ്പെടുത്താറുണ്ട്.  കേരളത്തിലുടനീളം ‘വിത്തും കൈക്കോട്ടും' നാടകം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്‌മ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top