30 September Wednesday

കുട്ടികള്‍ക്കൊരു ‘ലഞ്ച് ബ്രേക്ക്’

നന്ദു വിശ്വംഭരൻUpdated: Sunday Dec 15, 2019

മേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത ലഞ്ച് ബ്രേക്കിന്റെ അണിയറ പ്രവർത്തകര്‍ എ എം ആരിഫ്‌ എംപിയിൽനിന്ന്‌ പുരസ്കാരം സ്വീകരിക്കുന്നു

ആലപ്പുഴയിൽ എസ്ഐഇടി സംഘടിപ്പിച്ച കുട്ടികളുടെ  ദ്വിദിന  ചലച്ചിത്രോത്സവം ഒരുപിടി പുത്തന്‍ ആശയങ്ങളും  ഒരുപാട് സന്ദേശങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി

 
ഗേറ്റിന് മുന്നിൽ നോക്കിനിന്ന രണ്ടു ചെറുവയറുകളുടെ വിശപ്പ് അവൾക്ക് മനസ്സിലായി. ചോറുപാത്രത്തിൽനിന്ന് അവളാ ഭക്ഷണം അവർക്ക്  നീട്ടി. വൈകിയെത്തിയതിന് ടീച്ചറുടെ വഴക്കുകേട്ടെങ്കിലും അവളുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലഞ്ച് ബ്രേക്ക് ആയിരുന്നു അത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏഴാമത് അഖിലകേരള കുട്ടികളുടെ ചലച്ചിത്രമേളയിൽ മികച്ച സിനിമയായി തെരഞ്ഞെടുത്ത ‘ലഞ്ച് ബ്രേക്ക്’  ഭക്ഷണം പാഴാക്കരുത്, ഉള്ളത് പങ്കിടാനുള്ള മനസ്സുവേണം തുടങ്ങി പലതും ഓർമിപ്പിച്ചാണ് അവസാനിക്കുന്നത്. കഴക്കൂട്ടം എലൻ ഫെൽഡ്‌മാൻ പബ്ലിക്‌ സ്‌കൂളിലെ തമന്ന സോളാണ് നാലുമിനിറ്റ്‌ ദൈർഘ്യമുള്ള ചിത്രം സംവിധാനംചെയ്‌തത്. വ്യത്യസ്‌തവും അറിവ്‌ പകരുന്നതുമായ നിരവധി ചിത്രങ്ങളാണ് മേളയിൽ  ഒരുക്കിയത്. അവയിൽ ചിലതിലൂടെ..
 

കാടോ...

 
വിദേശത്ത് പഠിക്കുന്ന ഏതാനും മലയാളി വിദ്യാർഥികളിലൂടെ പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതി കാണിച്ചുതരുന്ന ചിത്രമാണ് കാടോ. പ്രവാസികളായ കുട്ടികളെ നാട്ടുകാരനായ വിദ്യാർഥി കാട്ടിലേക്കെന്ന പേരിൽ റബർ തോട്ടത്തിൽ കൊണ്ടുപോകുന്നതും അവിടെ അവർക്കുണ്ടാകുന്ന അനുഭവങ്ങളുമാണ് ചിത്രം പങ്കുവയ്‌ക്കുന്നത്. സംവിധായകൻ സദഫ് കുന്നിലിനെ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരത്തിനും ചിത്രം അർഹനാക്കി.
 
വെള്ളായണിക്കായൽ
 
ഒരുകാലത്ത് ആയിരത്തിലധികം ഏക്കറിൽ വ്യാപിച്ചുകിടന്ന തിരുവനന്തപുരത്തെ വെള്ളായണിക്കായലിന്‌ ഇന്നു വിസ്‌തൃതി വെറും 400 ഏക്കർ.  കൈയേറ്റത്തിലൂടെ നശിപ്പിച്ചതിനുപുറമേ ആ ശുദ്ധജലതടാകം ഇന്ന് മാലിന്യവാഹിയാണ്. കായലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് പത്ത്‌ മിനിറ്റിൽ അപർണ പ്രഭാകർ അണിയിച്ചൊരുക്കിയിരിക്കുന്നത്.
 

മൺകുടുക്ക

 

യഥാർഥ സംഭവം ആസ്‌പദമാക്കി തോക്കുപാറ ഗവൺമെന്റ്‌ യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഇഷാൻ സി മിഥുൻ തയ്യാറാക്കിയ ചിത്രം. പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട കേരളജനത അതിജീവനത്തിന്റെ പാതയിലൂടെ മുന്നേറിയതിന് കൈത്താങ്ങായ കുട്ടികളുടെ കഥ പറയുന്നു.
 

സാക്ഷി

 

രണ്ടാനച്ഛന്റെ ക്രൂരതകളിൽനിന്ന് രക്ഷപ്പെട്ട് ഒരു പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ അവധിക്കാല ക്യാമ്പായ കിളിക്കൂട്ടത്തിൽ എത്തുന്നു. പ്രശ്നങ്ങൾ മറന്ന് കഴിയുന്ന പെൺകുട്ടി ക്യാമ്പ് കഴിഞ്ഞ് വീണ്ടും പോകേണ്ടത് പഴയ ക്രൂരതയിലേക്കാണ്. ഇതറിഞ്ഞ സമൂഹം അവളെ ഏറ്റെടുക്കുന്നു. ദുരിതങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കൊപ്പം സമൂഹമുണ്ടെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
 

വ്യത്യസ്‌തതയുടെ ഫ്രെയിമുകൾ

 

വ്യത്യസ്‌ത  വിഷയങ്ങൾ ചർച്ചചെയ്‌ത മൂന്ന് ദിവസമാണ് ആലപ്പുഴയിൽ കഴിഞ്ഞുപോയത്. എല്ലാ ചിത്രവും കാണാൻ കുട്ടികളുടെ വലിയ തിരക്ക്. രാജ്യാന്തര ചലച്ചിത്ര മേളകൾ അവസാനിക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കാൻ എന്തെങ്കിലും നമുക്ക് ലഭിക്കും. അത്തരത്തിൽ ഒരുപിടി പുത്തൻ ആശയങ്ങളും  ഒരുപാട് സന്ദേശങ്ങളും കുട്ടികൾക്ക് പകർന്നുനൽകിയ ദിവസങ്ങൾ. കുട്ടികളുടെതന്നെ ചിന്തകളിൽനിന്ന് രൂപംകൊണ്ട കഥകൾ, അത് കാണിക്കാൻ കുഞ്ഞുമനസ്സിലെ ഫ്രെയിമുകൾ. ചെറിയ നുറുങ്ങ് പശ്ചാത്തല സംഗീതം. എല്ലാമായപ്പോൾ കാണാനെത്തിയ ചെറുമനസ്സുകളിലേക്ക് ആശയങ്ങൾ പെയ്‌തിറങ്ങി. കുട്ടികൾ നിർമിച്ചതിനുപുറമേ കുട്ടികൾക്കായി നിർമിച്ച ചിത്രങ്ങളും പ്രദർശിപ്പിച്ചു. പുഴതേടി കാട്ടിലൂടെ സഞ്ചരിച്ച് വിജയിക്കുന്ന കുട്ടിയിലൂടെ ജീവിതയാത്രയുടെ കാഴ്‌ചകളൊരുക്കിയ ‘പ്രാഗ്രാമിന്റെ പേര്: ഹൗ ഫാർ ഈസ് ദി റിവർ', ആഗോള താപനത്തിന്റെ പ്രശ്നങ്ങളും പരിഹാരവും ആധാരമാക്കിയ ‘അങ്ങാടിക്കുരുവി', ജലസംരക്ഷണം പ്രമേയമാക്കിയ ‘ജലതരംഗം', മൊബൈൽ ഫോണിനോടുള്ള അമിതാസക്തി ചൂണ്ടിക്കാണിക്കുന്ന ‘നോമോഫോബിയ' തുടങ്ങി ഒരുപിടി ആശയങ്ങളിലൂടെ മേള കടന്നുപോയി. മികച്ച നടനായി  മൃദുൽ (എന്നിൽനിന്നും അകലേക്ക്), മികച്ച നടിയായി രേഷ്‌മ (ഒറ്റയ്‌ക്കല്ല നീ) എന്നിവരെയും തെരഞ്ഞെടുത്തു.
 
ആരോഗ്യകരമായ ദൃശ്യസംസ്‌കാരം പുതുതലമുറയിൽ വളർത്തുക, വിദ്യാഭ്യാസ ചലച്ചിത്രങ്ങൾ നിർമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ ചലച്ചിത്ര അഭിരുചികൾ വികസിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നതെന്ന് എസ്ഐഇടി ഡയറക്ടർ ബി അബുരാജ് പറഞ്ഞു. ചലച്ചിത്ര പ്രദർശനം, മത്സരം, ശിൽപ്പശാലകൾ എന്നിവയും മേളയുടെ ഭാഗം.  മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി എസ്ഐഇടി ഒരുക്കുന്ന ഗാന്ധിയാത്ര ചിത്രപ്രദർശനവും ഈ വർഷത്തെ പ്രത്യേകതയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top