23 April Tuesday

ചക്കര പൊന്നൂസിന്‌ എഫ‌്ബിയിൽ ജന്മദിനം

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Jul 15, 2018

 

 
മുമ്പ‌് ഒരു വൈകുന്നേരം ഒരാവശ്യം പ്രമാണിച്ച‌് സുഹൃത്തിനെ കാണാൻ പോയി. അയാൾ വീടിന്റെ മുറ്റത്തുനിന്ന‌് സെൽഫി എടുക്കുകയാണ‌്. പക്ഷേ, ആകെ ഒരു വിചിത്രമായ രീതിയിലാണ‌്. ഇടതുകൈയിൽ മൊബൈൽ പിടിച്ചിട്ട‌് വലതുകൈ വലത്തേക്ക‌് നീട്ടിപ്പിടിച്ചിരിക്കുന്നു. എന്നെ കണ്ട‌് മൊബൈൽ എന്റെ കൈയിൽ തന്നിട്ട‌്‐ ‘‘താൻ നല്ല സൂപ്പറായിട്ട‌് എന്റെ രണ്ടുമൂന്ന‌് ഫോട്ടോ എടുത്തേ.’’ തുടർന്ന‌് പഴയപടി വലതുകൈ വലത്തേക്ക‌് നീട്ടിപ്പിടിച്ചിട്ട‌് ഒരു പോസ‌് കണ്ടാൽ ആരെയോ ചേർത്തുപിടിച്ചിരിക്കുകയാണെന്ന‌് തോന്നും. പിന്നീട‌് മുഖമൊന്ന‌് വലത്തേക്ക‌് തിരിച്ച‌് ചുണ്ടുകൾ ഒന്നു കൂട്ടിപ്പിടിച്ച‌് ഒരു പോസ‌്. ആരുടെയോ കവിളിൽ ഉമ്മ വയ‌്ക്കുമ്പോലെ. പിന്നെയതാ ഒന്നു കുനിഞ്ഞ‌് രണ്ടു കൈകളും താഴേക്ക‌്. എനിക്ക‌് ആകെ ടെൻഷനായി. രണ്ടുചുവട‌് പിന്നോട്ട‌് വച്ചു. മനുഷ്യന‌് എന്തെങ്കിലും സംഭവിക്കാൻ എത്ര നേരം വേണം. ഇന്നലെവരെ ഒരു കുഴപ്പവുമില്ലാതിരുന്ന ആളാണ‌്. ഒരാക്രമണമുണ്ടായാൽ ഏതുവഴി ഓടണമെന്നൊക്കെ ഒന്നു നോക്കിവച്ചു. എന്നിട്ട‌് ചോദിച്ചു.
 
‘‘എന്തായിത‌്? എനിക്കൊന്നും മനസ്സിലാകുന്നില്ല’’. ആൾ ഒന്നു ചിരിച്ചു.
‘‘നാളെ മദേഴ‌്സ‌് ഡേ അല്ലേ അതിന്റെ ഒരുക്കങ്ങളാ...’’
അമ്മയുമൊത്തുള്ള ഫോട്ടോകൾ  ഫെയ‌്സ‌്ബുക്കിൽ പോസ‌്റ്റ‌് ചെയ്യാനാ...’’
‘‘അതിന‌് അമ്മ എവിടെ?’’
 
‘‘അതൊക്കെ ഞാൻ ഫോട്ടോഷോപ്പിൽ ക്രിയേറ്റ‌് ചെയ്യും. അമ്മയുടെ സിംഗിൾ ഫോട്ടോസുണ്ട‌്. അത‌് ഇപ്പോൾ ഞാനെടുക്കുന്ന ഫോട്ടോകളുമായി ബ്ലെൻഡ‌് ചെയ്യും. എന്റെ വേണ്ടപ്പെട്ട ഒരു പയ്യനുണ്ട‌്. കംപ്യൂട്ടർ എക‌്സ‌്പർട്ട‌്. ദാ കണ്ടോ. ഈ ഫോട്ടോയിൽ ഇവിടെ അമ്മയുടെ ഫോട്ടോ  പേസ‌്റ്റ‌് ചെയ്യും. അമ്മയെ ചേർത്തുപിടിച്ചിരിക്കുന്നതായി തോന്നും. ദാ ഇതിൽ അമ്മയുടെ കവിളിൽ സ‌്നേഹചുംബനം കൊടുക്കുന്നു. ദാ ഇതിൽ ഈ ഭാഗത്ത‌് അമ്മയുടെ പിക‌്ചർ ചേർക്കും. അപ്പോൾ നോക്ക‌്‌, അമ്മയുടെ കാലിൽ തൊട്ട‌് തൊഴുകയാണെന്നല്ലേ തോന്നൂ... നോക്കിക്കോ മോനേ നാളത്തെ മദേഴ‌്സ‌് ഡേ ഞാൻ കലക്കും.’’
 
‘‘അല്ല, അമ്മയുടെ ഫോട്ടോ ഫോട്ടോഷോപ്പിൽ എടുത്തൊട്ടിക്കാതെ യഥാർഥത്തിൽതന്നെ എടുത്തുകൂടേ’’
‘‘അമ്മ ഇപ്പോൾ ചേട്ടന്മാരോടൊപ്പം കോയമ്പത്തൂരാ. അമ്മ ഇവിടെ എന്റെ കൂടെ ആയിരുന്നല്ലോ.’’
 
അടുത്ത ആറുമാസം ചേട്ടന്റെ കൂടെ ആയിരിക്കും. അതു കഴിഞ്ഞ് ഇളയ അനിയത്തിയുടെ കൂടെ. ഞങ്ങള് മൂന്നുപേരും കൂടി ഉണ്ടാക്കിയ ധാരണപ്പുറത്താ ഈ റൊട്ടെഷൻ. ചേട്ടനും അനിയത്തിക്കുമാണ് വസ‌്തു ഷെയർ ചെയ്തപ്പോ കുറച്ച് കൂടുതൽ പോയത്. എന്നിട്ട് അമ്മയെ നോക്കുന്ന സമയം വന്നപ്പോൾ അവർ നൈസായി ആ ഡ്യൂട്ടി എന്റെ തലയിൽ കെട്ടിവച്ചു. നമ്മളെ അങ്ങനെയങ്ങ് മണ്ടനാക്കാൻ പാടില്ലല്ലോന്ന് ഞാനും ഉറച്ചു. ഒരുവർഷം നോക്കി കഴിഞ്ഞപ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞു, അമ്മയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം എന്ന്.
 
അതുചെറിയ തർക്കത്തലേക്കൊക്കെ പോയി. അവസാനമാ ഇങ്ങനെ  ഷെഡ്യൂൾ ഉണ്ടാക്കിയത്. അതുകൊണ്ട് ഞാനങ്ങോട്ട് ചെന്നാൽ ശരിയാവില്ല. മദേഴ്സ് ഡേ ആഘോഷിക്കാതെ പറ്റുകയുമില്ല. ചേട്ടനും ഇളയ അവളും കഴിഞ്ഞ പ്രാവശ്യം മദേഴ്സ് ഡേക്ക് കുറെ പോസ്റ്റുകളിട്ടു. ഇത്തവണ ഞാനവരെ കടത്തിവെട്ടും. താൻ ഇതിനൊരു ക്യാപ്ഷൻ പറഞ്ഞേ. ‘എന്റെ ദൈവമായ എന്റെ അമ്മയോടൊപ്പം’ അതെങ്ങനെ? ഞാനൊന്നു തിരുത്തി. ‘എന്റെ ഫെയ‌്സ്ബുക്ക് അമ്മയോടൊപ്പം’ അതല്ലേ കുറച്ചുകൂടി ട്രെന്റി. മറ്റേത് ക്ലീഷേ ആവില്ലേ?
ഏതായാലും മദേഴ്സ് ഡേ ദിനത്തിൽ ആഘോഷമായി തന്നെ ആശാന്റെ പോസ്റ്റ് ഉണ്ടായിരുന്നു. ഒറിജിനലായിട്ടാണെങ്കിൽ ഇത്രേം പെർഫക്ഷൻ ഉണ്ടാകുമായിരുന്നോ എന്ന് സംശയം. കിലോക്കണക്കിന് ലൈക്കും കമന്റുമാണ് അതിന് കിട്ടിയത്. ഒരു കമന്റ് ഇങ്ങനെയായിരുന്നു. “ഇങ്ങനെ ഒരു മകനെ കിട്ടിയത് ആ അമ്മയുടെ പുണ്യം’’.
പറഞ്ഞുവരുന്നതെന്താണെന്നുവച്ചാൽ ഇപ്പോൾ ഏതാണ്ടെല്ലാ ആഘോഷങ്ങളും ഫെയ്സ്ബുക്ക് ആഘോഷങ്ങളാണ്. ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ വിശേഷങ്ങളെല്ലാം ആഘോഷിക്കുന്നത് ഫെയ‌്സ്ബുക്കിലാണ്. ലാഭമെന്താണെന്നുവച്ചാൽ നമുക്കൊരു ആഘോഷം ആഘോഷിക്കുകയും ചെയ്യാം. എന്നാൽ വലിയ മുതൽമുടക്കും വേണ്ട. കുറച്ചു ഫോട്ടോ മാത്രം മതി.
 

വിവാഹവാർഷികാഘോഷം

 
ഫെയ്സ്ബുക്ക് ആഘോഷങ്ങളിൽ ഒന്നാംറാങ്ക് അടിച്ചുനിൽക്കുന്നത് വെഡ്ഡിങ് ആനിവേഴ്സറികളാണെന്നാണ് എനിക്ക് തോന്നുന്നത്. കല്യാണദിവസത്തെ ഫോട്ടോയും 20 വർഷം കഴിഞ്ഞ‌് ഇപ്പോഴുള്ള പ്രസന്റ് ഫോട്ടോയുംകൂടി മിക്സ് ചെയ്താണ് മിക്കവാറും പോസ്റ്റ് .‘‘കല്ലും മുള്ളും നിറഞ്ഞ ഈ ജീവിതയാത്രയിൽ എന്നെ സഹിച്ചും ക്ഷമിച്ചും എന്നോടൊപ്പം യാത്ര ചെയ്യുന്ന”എന്നോ  “യു ആർ മൈ സ്റ്റാർ വിച്ച് ഷൈൻസ് ഇൻ മൈ ഹാർട്ട്’’ എന്നൊക്കെ ഇംഗ്ലീഷിലോ ഒക്കെ ആകും വാർഷികാഘോഷ സാഹിത്യങ്ങൾ. ഫെയ്സ്ബുക്കിലെ ദാമ്പത്യപ്പൊരുത്തം കണ്ടാൽ ആരുടെ കണ്ണാണ് സന്തോഷംകൊണ്ട് നിറഞ്ഞുപോകാത്തത്. ചുറ്റുപാടുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഇട്ടു സാർ, രണ്ടും കൽപ്പിച്ച‌് ഒരു വിവാഹവാർഷിക പോസ്റ്റ്. “എന്നെപ്പോലെ ഒരു മുരടനെ സഹിച്ച് ക്ഷമിച്ച്... എന്റെ വാശികളും ശാഠ്യങ്ങളും നിശബ്ദം അംഗീകരിച്ച് എന്റെ ജീവിതത്തെ പ്രകാശിപ്പിച്ചുകൊണ്ട് എന്നോടൊപ്പം ജീവിക്കുന്ന മാലാഖക്കുട്ടീ...’’ എന്നൊക്കെ ഡെൻസിറ്റി മാക്സിമം കയറ്റിത്തന്നെ പോസ്റ്റിട്ടു. അതു വലിയ അബദ്ധമായി പോയെന്ന് പിന്നീട് മനസ്സിലായി. ഭാര്യ ആ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സേവ് ചെയ്തു. പിന്നീട് ഒരു ഭീഷണിയും.  ‘ഇതു മതി. ഇനി എന്നോട് വഴക്കുണ്ടാക്കാൻ വന്നാലുണ്ടല്ലോ, ഞാനിത് വനിതാ കമീഷനെ കാണിക്കും. എന്നെ മാനസികമായി പീഡിപ്പിക്കുന്നൂന്ന‌് ഈ പോസ്റ്റിൽനിന്ന് വ്യക്തമാവും. ങാഹാ കളി എന്നോടോ...’’ അതുകൊണ്ട് ഭാര്യമാരായാലും ശരി ഭർത്താക്കന്മാരായാലും ശരി, ഒരു മൂന്നുവട്ടം ആലോചിച്ചുവേണം വാചകങ്ങൾ ഫൈനലൈസ് ചെയ്യാൻ, ഡിജിറ്റൽ തെളിവ് വലിയ തെളിവാണ്. ആലങ്കാരികമായി പറഞ്ഞതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
 

ജന്മദിനാഘോഷം

 
ജന്മദിനാഘോഷങ്ങൾ ഇപ്പോൾ ഫെയ‌്സ്ബുക്കിലാണ് നടക്കുന്നത്. ഇതിനുമാത്രം ജന്മദിനങ്ങൾ എവിടെ കിടക്കുന്നു എന്ന് നമ്മൾ അന്തംവിട്ടുപോകും. ഫെയ്സ്ബുക്ക് ജന്മദിനാഘോഷം സജീവമായതോടെ ബർത്ഡേ പാർടികളിലൂടെ വരുമാനമുണ്ടാക്കിയിരുന്ന ഹോട്ടലുകളിൽ ബിസിനസ് മാന്ദ്യമാണെന്നുവരെ റിപ്പോർട്ടുകളുണ്ട്. ഫെയ‌്സ്ബുക്ക് സെറ്റിങ‌്സിലൂടെ നമ്മുടെ ബർത്ഡേ ഇന്ന ദിവസമാണെന്ന് ഫെയ്സ്ബുക്ക് ലോകത്തെ അറിയിക്കും. പിന്നെയതാ കേക്കുകളുടെയും ആശംസാ ബലൂണുകളുടെയും  ആശംസകളുടെയും വരവ്. വിവിധതരം കേക്കുകളുടെ പടങ്ങൾ ഫെയ‌്സ്ബുക്ക് ഗ്യാലറിയിലുണ്ട്. ഏത് വലിപ്പത്തിലുള്ളത് വേണമെന്ന് തീരുമാനിച്ച് തൊട്ടാൽ മതി. കഴിഞ്ഞ ബർത്്ഡേയ്ക്ക് എനിക്ക് ഫെയ്സ്ബുക്കിലൂടെ കിട്ടിയ അത്രയും കേക്കുകൾ നേരിട്ടാണ് കിട്ടിയിരുന്നതെങ്കിൽ അതുമാത്രം വിറ്റ് ഞാൻ മില്യനർ ആയേനെ. ഹാപ്പി ബർത്ഡേ റ്റു യു, മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ എന്നിങ്ങനെ പരമ്പരാഗത വാചകങ്ങളായിരിക്കും അധികവും. തിരക്കുകൾ കാരണം ‘ഹാപ്പി ബർത്ഡേ’ എന്ന് പൂർണമായും ടൈപ്പ് ചെയ്യാനുള്ള അവകാശമില്ലാത്തതിനാൽ എച്ച്ബിഡി എന്ന് ചുരുക്കുന്നവരും ധാരാളമുണ്ട്. ജന്മദിനം ആശംസിക്കാത്തവർ നമ്മുടെ ഹിറ്റ്ലിസ്റ്റിൽ കയറപ്പെടും. മുമ്പൊക്കെ ജന്മദിനത്തിന് രാവിലെ കുളിച്ച് റെഡിയാകുമെങ്കിൽ ഇപ്പോൾ ജന്മദിനാശംസയ്ക്ക് മറുപടി അയച്ചുതീരുമ്പോൾ ഏകദേശം ഉച്ചകഴിയുമെന്നതിനാൽ കുളി വൈകുന്നേരമാണ്.
 

ആഘോഷയാത്ര

 
യാത്ര ചെയ്യൽ ഇപ്പോൾ പലരും ഫെയ‌്സ്ബുക്ക് ആഘോഷമാക്കാറുണ്ട്്. ഫെയ്സ്ബുക്കിൽ നോക്കുമ്പോൾ നമ്മൾ കാണുന്നു “രവികുമാർ ട്രാവലിങ് ഫ്രം ദുബായ് എയർപോർട്ട് ടു ന്യൂയോർക്ക്’’ കൂടെ ഒരു മാപ്പിന്റെ ചിത്രവും. അതിൽ ചുവന്ന പുള്ളികൊണ്ട് ദുബായ്യും ന്യൂയോർക്കും മാർക്ക് ചെയ്തിട്ടുമുണ്ടാകും. “ശ്ശെടാ ഇവൻ ന്യൂയോർക്കിൽ പോകുന്നോ’’ എന്ന് നമ്മുടെ ഹൃദയം അസൂയയാൽ വിഷാദഭരിതമാകും. നമ്മളോ സിറ്റിവരെ ഒന്നുപോകാൻ ഓട്ടോയ്ക്ക് അറുപതു രൂപയാകും. അതിന്റെ കാശില്ല. ബസിലാണെങ്കിൽ വൻ തിരക്കും. അങ്ങനെ നിൽക്കുമ്പോഴാണ‌് ഓരോരുത്തർ ഗോവയിൽനിന്ന‌് ബാംഗ്ലൂരിലേക്കും മെൽബണിൽനിന്ന‌് മോസ‌്കോയിലേക്കും ആംസ്റ്റർഡാമിൽനിന്ന് അന്റാർട്ടിക്കയിലേക്കുമൊക്കെ പോകുന്നത് ഫെയ്സ്ബുക്കിൽ കാണുന്നത്. ഉറക്കം നഷ്ടപ്പെടാതിരിക്കുമോ. എന്റെ അടുത്തൊരു പരിചയക്കാരന്റെ പോസ്റ്റ‌് കണ്ടു. ഗൂഗിൾ മാപ്പൊക്കെയിട്ട് ട്രാവലിങ് ഫ്രം ക്യാനഡാ ടു സ്വിറ്റ്സർലൻഡ‌്. പിന്നീട് അവനെ കണ്ടപ്പോൾ ക്യാനഡയിൽ എപ്പോൾ പോയി എന്നു ചോദിച്ചു. “എന്തു ക്യാനഡ. ഇവിടെ കപ്പലണ്ടി വാങ്ങാൻ കാശില്ല. അപ്പോഴാണ് ക്യാനഡ. ഞാൻ എന്റെ ചില വിരോധികൾക്ക് ഒരു പണി കൊടുത്തതാ. ഞാനൊരു സെറ്റപ്പിലായെന്നറിഞ്ഞ് അവരൊന്നു മൂഡൗട്ടാകട്ടെ. ഫെയ്സ്ബുക്കുകൊണ്ടുള്ള ഓരോ ഉപകാരങ്ങളേ...’’
 

ഈറ്റിങ‌് അറ്റ്

 
ഭക്ഷണം കഴിക്കലും ഇപ്പോൾ ലോകത്തെ അറിയിച്ചുനടത്തേണ്ട ഒരു ആഘോഷമായി മാറിക്കഴിഞ്ഞു. ലൊക്കേഷൻ മാപ്പൊക്കെ ഇട്ട് ഈറ്റിങ‌് ഡിന്നർ അറ്റ‌് സിറ്റി റസ‌്റ്റോറന്റ‌് എന്ന് നമ്മളെ അറിയിക്കും. റസ്റ്റോറന്റിൽ ഇരിക്കുന്ന ഫോട്ടോകളും ഉണ്ടാകും. മുന്നിലെ ഭക്ഷണപദാർഥങ്ങൾ ഹൈലൈറ്റ് ആകത്തക്കവിധത്തിലാണ് ഫോട്ടോ.  നമ്മൾ “ഹൊ ഇന്നും രാത്രി ഗോതമ്പുദോശയും അച്ചാറും തന്നെയാണോ’’ എന്ന് വീട്ടിൽ കലാപം അഴിച്ചുവിടുന്ന സന്ദർഭത്തിലാണ്. ചില്ലിയും പനീറും ഡ്രൈയും  ഗ്രേവിയും ഇന്ത്യൻ പറാത്തയും ഫലൂഡയും ഫ്രൈഡ് റൈസും കരിമീൻ ഇലയിൽ പൊതിഞ്ഞതും ചിക്കൻ വാരിക്കെട്ടിയതും റൊട്ടിയും നാനും നീയുമൊക്കെയായുള്ള വിഭവങ്ങൾ കാണുന്നത്. സഹിക്കുകയല്ലാതെ എന്തുചെയ്യാൻ. മൊബൈൽ ഫോൺ നമ്മുടേതായിപ്പോയില്ലേ.
 

(പത്രാധിപർ: താങ്കൾക്ക് ആ ഫെയ്സ്ബുക്കിലൊന്നും താൽപ്പര്യമില്ലേ..?

 
ലേഖകൻ: ബെസ്റ്റ് സാറെ ഭൂമിയിൽ ഓക്സിജൻ നിലയ‌്ക്കാൻ പോകുന്നുവെന്നു പറഞ്ഞോളൂ. ഞാൻ എങ്ങനേം ജീവിക്കും. പക്ഷേ എഫ്ബി ഇല്ലാതെ പറ്റില്ല സാറെ. ദാ കണ്ടോ ഞാൻ സെൽഫി എഴുതുന്നതിനിടയിൽ ഇടതുകൈയിൽ മൊബൈലു പിടിച്ച് ഫസ്റ്റ് ഷോ സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് ടിക്കറ്റിന്റെ പടത്തോടൊപ്പം പോസ്റ്റു ചെയ്യുകയാണ്. പത്രാധിപരുടെ ജന്മദിനത്തിന് ഞാൻ ഇത്തവണ അഞ്ച് കേക്കുകളാണ് അയക്കാൻ പോകുന്നത്. ആ ഒരു പരിഗണന ഇങ്ങോട്ടും വേണം കേട്ടോ സാർ’’).
പ്രധാന വാർത്തകൾ
 Top