16 February Saturday

രണ്ട് മറഡോണമാർ

നിസാം അസഫ‌്Updated: Sunday Jul 15, 2018

വട്ടേനാട് ജിഎച്ച്‌എസ്‌എസിലെ കുട്ടികളുടെ നാടകം ‘മറഡോണ’യിൽനിന്ന്‌

 1986 ജൂൺ 22 ലെ സായാഹ്നത്തിൽ മെക‌്‌സിക്കോ യിലെ എസ‌്‌താദ അസ‌്‌‌തേക്ക സ്റ്റേഡിയത്തിലെ ലോകകപ്പ് മത്സരത്തിന്റെ അമ്പത്തിയൊന്നാം മിനുട്ടിൽ മറഡോണയെന്ന ഇതിഹാസം പന്ത് കൈകൊണ്ട് കുത്തിയിട്ടപ്പോൾ ചരിത്രം തെറിച്ചുവീണത് പുതിയൊരു ഗോൾ മുഖത്തേക്കാണ്. 51‐ാം  മിനുട്ടിനും 54‐ാം മിനുട്ടിനും ഇടയിൽ ഫുട്ബോളിലെ ഏറ്റവും നികൃഷ്ടമെന്ന് കരുതുന്ന പ്രവൃത്തിയെ (കൈകൊണ്ട് ഗോളടിക്കുക) നാലു മിനുട്ടിനുശേഷം നൂറ്റാണ്ടിന്റെ  ഗോളെന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഗോളിലൂടെ മറികടക്കുംവരെ മറഡോണ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ടിരുന്നവനായിരിക്കണം.  

 

'ദൈവത്തിന്റെ കൈ' എന്ന് ലോകമിന്നറിയുന്ന ഗോളിനെക്കുറിച്ച് എന്നാൽ ഇതിഹാസത്തിന് പറയാനുള്ളത് മറ്റൊന്നായിരുന്നു. വലയിൽവീണ പന്തിനെ നോക്കി ഒരുനിമിഷം സ‌്‌തബ്‌‌ധരായിനിന്ന ഇംഗ്ലീഷ് കളിക്കാർക്കും തന്റെ സഹകളിക്കാർക്കും ഇടയിലൂടെ ആർത്തുവിളിച്ച് ഓടുമ്പോൾ നാലുവർഷങ്ങൾക്കിപ്പുറം 1982ൽ ഫോക‌്‌ലാൻഡ് യുദ്ധത്തിൽ അർജന്റീനിയൻ അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയ ഇംഗ്ലണ്ടുകാരെ പരാജയപ്പെടുത്താനായതിന്റെ ആഹ്ലാദമായിരുന്നു തനിക്കെന്ന് പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട് മറഡോണ.
 
വർഷങ്ങൾക്കിപ്പുറം ബൊളീവിയൻ സ്റ്റാർസിന്റെ മറഡോണയും പന്തുരുട്ടിയിടുന്നത് പ്രതിരോധത്തിന്റെ ഇത്തരമൊരു ഗോൾമുഖത്തേക്കാണ്. നിരന്തരം തോറ്റുകൊണ്ടിരുന്ന ബൊളീവിയൻ സ്റ്റാർസിന്റെ ക്യാപ്റ്റന്റെ അടുത്തേക്ക് ഒരു അവധൂതനെപ്പോലെയാണ‌് അവൻ വരുന്നത്. തോൽവിയുടെ കീറിയ ഗോൾവലകൾമാത്രം ബാക്കിയായ ബൊളീവിയൻ സ്റ്റാർസിന്റെ പ്രതീക്ഷയായ അവന്റെ മാന്ത്രിക കാലുകൾക്ക് മറഡോണ എന്ന പേരിട്ടതും ക്യാപ്റ്റൻ തന്നെ.  പിന്നീടങ്ങോട്ട്   ചിറകുകളിൽ അവർ പറന്നുയർന്നു. അതുവരെ തോൽവി മാത്രമറിഞ്ഞിരുന്നവർ 'തോറ്റ ചരിത്രം കേട്ടിട്ടില്ലെന്ന്' മുദ്രാവാക്യം മുഴക്കി കുട്ടിക്കരണം മറിഞ്ഞു. ജേഴ്സിയൂരി ചുവടുവച്ചു. എന്നാൽ, അവൻമാത്രം ജേഴ്സി ഊരാതിരുന്നപ്പോൾ അവന് ഐക്യപ്പെട്ട് ജേഴ്സി തിരിച്ചിട്ടു. 
 
ആഘോഷങ്ങൾക്കൊടുവിൽ പിന്നീടെപ്പോഴോ ക്യാപ്റ്റന‌ു മുന്നിൽ തന്നെ തുറന്ന് കാണിക്കുമ്പോഴാണ് ക്യാപ്റ്റനോടൊപ്പം കാണികളും അതറിയുന്നത്. അവൻ, അവനോ അവളോ അല്ല! ഗ്യാലറികൾ നിശബ്ദമായ നിമിഷങ്ങൾ.
 
അറപ്പും പരിഹാസവുമാണ് ബൊളീവിയൻ സ്റ്റാർസിൽനിന്ന‌് മറഡോണ നേരിട്ടത്. തന്റേതല്ലാത്ത കാരണങ്ങളാൽ ഗ്യാലറികൾ നിഷേധിക്കപ്പെട്ട ഒരുവനെപ്പോലെ മറഡോണ തന്റെ വിഴുപ്പിടങ്ങളിലേക്ക് തിരിച്ചുപോകുന്നു. എന്നാൽ, അവർക്കു ചുറ്റും ഉരുളുന്ന പന്തിന് ഒരു ലിംഗമില്ലെന്ന തിരിച്ചറിവാകണം ബൊളീവിയൻ സ്റ്റാർസിനെ മറഡോണയിലേക്ക് വീണ്ടുമെത്തിക്കുന്നത്. മറഡോണയുടെ ബന്ധനങ്ങൾക്കൊരു വലിയ ചുവപ്പ് കാർഡ് കാണിച്ച് കൂട്ടിക്കൊണ്ടുപോകുമ്പോൾ അവർ ഒന്നടങ്കം പറയുന്നത് ഇതാണ്. 'ഇവൻ ആണോ പെണ്ണോ അല്ല, ബൊളീവിയൻ സ്റ്റാർസിന്റെ പത്താംനമ്പർ താരം മറഡോണയാണ്.’
 
ഏറ്റവും നികൃഷ്ടമെന്ന് ഒരുപക്ഷേ സമൂഹം കരുതിപ്പോരുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രതിരോധത്തിന് ഏറ്റവും മനോഹരമായ രംഗഭാഷതീർത്ത നാടകമാണ് വട്ടേനാട് സ്കൂളിലെ കുട്ടികൾ കളംനിറഞ്ഞാടിയ അരുൺലാൽ സംവിധാനം ചെയ്ത മറഡോണ. എസ‌്‌താദ സ്റ്റേഡിയത്തിലെ ആരവങ്ങളെ അതിലും ഇരട്ടിയിലെന്നോണം കാണികളിലേക്കെത്തിക്കുന്നുണ്ട് മറഡോണ.
 
തുല്യശക്തികൾ ഏറ്റുമുട്ടിയ മനോഹരമായൊരു ഫുട്ബോൾ മത്സരത്തിന്റെ ഉദ്വേഗംനിറഞ്ഞ രണ്ടാംപകുതിയുടെ ആവേശത്തോടെയല്ലാതെ നമുക്ക് മറഡോണയെ കണ്ടിരിക്കാനാവില്ല. മറഡോണ ജയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. വിജയംമാത്രം പ്രതീക്ഷിച്ചിറങ്ങുന്ന ബൊളീവിയൻ സ്റ്റാർസ് വിളിച്ചുപറയുന്നതും അതുതന്നെയാണ്: 'കൊല്ലാം, പക്ഷേ തോൽപ്പിക്കാനാകില്ല.’
പ്രധാന വാർത്തകൾ
 Top