23 May Thursday

മഴയുടെ നാട്ടിലെ പെണ്ണ്

അജിത്രിUpdated: Sunday Apr 15, 2018

 ബാല്യത്തിന്റെ ചിതറിയ ചിത്രങ്ങളിൽ ഒരു സോവിയറ്റ് നാടിന്റെ കരടിച്ചിത്രം ജനാലപ്പടി മേലിരുന്ന്  ഓർമയുടെ അരുമ മഴയിലേക്ക് കൈ നീട്ടുന്നു. യശ്പാലിന്റെ നിറം പിടിപ്പിച്ച നുണകളിൽനിന്ന് വലിയ നേരുവലിച്ച് കാണാമറയത്തേക്ക് അച്ഛൻ ഇറങ്ങിപ്പോയിരിക്കുന്നു. പണ്ട് അനിയൻ കുട്ടിയുടെ കാണാതായ കളിപ്പാട്ടം തിരഞ്ഞുപോയ പോലെ. ഒരു പാട് കണ്ണുകളെ  നിർത്താതെ പെയ്യിപ്പിച്ച ആ മഴയും പതുക്കെ തോർന്നു പോയിരിക്കുന്നു. 

ഒരു മണ്ണെണ്ണ വിളക്കും പിടിച്ച്  ദാരിദ്യം ബാധിച്ച കിണറ്റിലേക്ക് അന്തിക്ക് വെള്ളം കോരാൻ പോകുന്ന ഒരുത്തിയുടെ ദൈന്യമാണ് എന്റെ എഴുത്തിന്. അത് തോറ്റം ചൊല്ലുന്നത് സർഗ മഴയ്ക്കു വേണ്ടി. നനഞ്ഞ മണ്ണ് മണക്കാൻ വേണ്ടി. വേനൽ കുരുക്കൾക്കിടയിൽ മഴ കൊണ്ട് മഴ കൊണ്ട് മാങ്ങാ ചുന പൊള്ളിയ പാടിൽ ധാരവെയ്ക്കാൻ! മുപ്പത്തിമൂന്ന് കോലാഴമുള്ള കിണർ നിറഞ്ഞ് തുളുമ്പണത് കാണാൻ ! മഴ മടുത്ത് അടുത്ത വേനൽ തേടാൻ! ഗമയിലങ്ങനെ ആകാശത്തെ നോക്കാൻ... അങ്ങനെ നോക്കിനിന്ന് പറയണം മഴ രഹസ്യത്തിൽ മൊഴിഞ്ഞതാണ്. എല്ലാം ദുരിത മഴ കനിവോടെ തന്നതാണ്.
ആര്യവേപ്പുമരങ്ങൾക്കു മേലെ നിന്ന ആവിയിൽ  പുതഞ്ഞ മഴ കാണുന്നത് പ്രവാസ ജീവിതകാലത്താണ്...
അതിനെക്കുറിച്ച് ഒരുപാട് വർണിച്ച ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്. ശ്രീലങ്കയിൽനിന്ന് ജീവിതം പുതുക്കിപ്പണിയാനെത്തിയ തമിഴ് വേരുകളുള്ള, രഞ്ജിനിയെന്ന് ഞാൻ പേരിട്ട വീർപ്പുമുട്ടിക്കുന്ന ഒരു സ്നേഹം. അവൾ ഈ ‘ഭൂമിയിൽനിന്നു വിട പറഞ്ഞു പോയിരിക്കുന്നു. തിരുവള്ളുവരെക്കുറിച്ച് അവൾ തന്ന അറിവിനോളം വരില്ല ഞാൻ കുറിച്ചുവച്ചതൊന്നും. ഞങ്ങൾ പിരിഞ്ഞുപോന്നത് 1998ലാണ്. അന്നും മിണ്ടാതിരുന്ന അവൾ എന്നെ ഓർമിപ്പിച്ചു. അജീ... നീ മഴയുടെ നാട്ടിലെ പെണ്ണാണ്.
അതോർക്കുമ്പോൾ അകത്തും പുറത്തും ഇരുട്ട് പെയ്യുന്നു. ഇരുട്ടിൽ മഴ കനക്കുന്നു. പാറി വന്ന ഓർമ മഴ. ചിറകുകൾ വിടർത്തി പറക്കുന്ന വംശവെറി കാലത്തെ കഴുകൻമഴ...
ഏതു കടുത്ത വേനലിലും  ഏതു മാനസികാവസ്ഥയിലും പശ്ചാത്തല സംഗീതമായി മേഘങ്ങളിരുണ്ടുകൂടിയ മനസ്സാകെ മറയ്ക്കുന്നഒരു വിഷാദ രാഗം ദൂരെനിന്ന് തേടിയെത്താറുണ്ട്. കാലത്തിന്റെ തിരിച്ചുപിടിക്കാൻ കഴിയാത്ത ചില കളികൾ, ഓർമയിലെ മഴ നനവായി, ഡയറിയിലെ പച്ചമഷിയിലെ വീണ്ടുവിചാരത്തിന്റെ തണുപ്പായി, ആദ്യ പ്രണയത്തിന്റെ ഉണങ്ങാത്ത മുറിവിലേയ്ക്കിറ്റുന്ന കണ്ണീർത്തുള്ളിയായി, പ്രിയപ്പെട്ടതും വെറുക്കപ്പെട്ടതുമായി  പെയ്യാൻ മടിച്ച് മൂടിക്കെട്ടി നിൽപ്പാണ്.
വിജയലക്ഷ്മിയുടെ മഴ കവിതയുടെ മുഗ്ധ സൗന്ദര്യം നുകർന്നു മരുഭൂമിയിലൂടെ ഞാൻ നടന്നിട്ടുണ്ട് ഒരു ബാധയേറ്റവനെപ്പോലെ. ‘ആടിമാസമേ... നിന്ന സിതം മുഖം, നീല കേശം, നിലയ്ക്കാത്ത സാന്ത്വനം’ എന്ന് ക്ഷോഭത്തിലേക്കും അപക്വതയിലേക്കും വാശികളിലേക്കും പ്രണയത്തിലേക്കും പെയ്തിറങ്ങാനായി മാത്രം മഴയുടെ താളത്തിൽ ചൊല്ലിത്തന്ന പ്രിയ കൂട്ടുകാരൻ ബാബുവിനെ നിലയ്ക്കാത്ത സാന്ത്വനമായല്ലാതെ വേറെയെങ്ങനെയാണ് ചേർത്തുപിടിക്കുക!
ചാറ്റൽ മഴയിലെ  അമ്മ പാട്ടിനാൽ പോലും അസ്വസ്ഥമാകുന്ന മനസ്സും പെരുമഴയിൽ ഒലിച്ചുപോയ   അച്ഛൻ പെരുമയും. കാനൽജലത്തിൽ തൂവിപ്പോകുന്ന പ്രണയവും  കുടയുണ്ടായിട്ടും നിവർത്താൻ കൂട്ടാക്കാതിരുന്ന  ഒരു തണുമനസ്സും ‘തന്ന സമ്മാനങ്ങൾ വലുതാണ്... സങ്കടം പെയ്യുന്ന രോഗ രാത്രികളിലും, ഹൃദയം പൊള്ളി പിടയുന്ന സർഗവേളകളിലും, വേർപാടുകളുടെ വേനൽച്ചൂടിലും  പ്രതീക്ഷ തളിരിടുന്ന പ്രഭാതങ്ങളിലും  വിഷാദ മൂകമായ  സായംസന്ധ്യകളിലും  ആ ഉപഹാരങ്ങൾ  എന്നോടൊപ്പമുണ്ടാകാറുണ്ട്. എങ്ങനെ സ്നേഹം പ്രകടിപ്പിക്കണമെന്നറിയാതെ പോയ കാമുകിയുടെ നിശ്ചലചിത്രം വരച്ച കാണാമറയത്തെ കാർമുകിലൊളിവർണൻ മഴയുടെ നനവു തേടിയിറങ്ങുമ്പോൾ ജല ലിപിയിൽ എഴുതിയ  കുറിമാനം വാക്കുകളുടെ കാവ്യഭംഗി അടർത്തിയെടുത്ത് സമ്മാനിക്കണമെനിക്ക്! എഴുത്ത്  മഴപോലെ നിലയ്ക്കാത്ത സാന്ത്വനമാകുന്നു. ദൂരെയിരുന്ന് ഞാൻ പറയുന്നതും തോരാതെ പെയ്ത് നീ കേൾക്കുന്നതും ചോർന്നു പോയ പഴയ ഓർമയെക്കുറിച്ചുതന്നെ! 
മറവി പെണ്ണാണ്. 
ഓർമയാണ് ആണ്.
എന്നിട്ടും മറവിക്കെതിരെ
കലഹിക്കാതിരിക്കാൻ
ഓർമ മറന്നുപോവുന്നു.
മറവി അവനെ മാത്രം
ഓർത്തുകൊണ്ടിരിക്കുന്നു. 
അക്ഷരങ്ങളിലേക്കുള്ള മടക്കം നീയെനിക്ക് കൈയെത്തും ദൂരത്താണെന്ന തോന്നൽ തരുന്നു ... നമുക്കിടയിൽനിന്ന് ഒലിച്ചുപോയതെല്ലാം തിരിച്ചുപിടിക്കാമെന്നൊരു പാഴ്മോഹവും കൂടെ വരുന്നു ... ഒരു കള്ള പായാരം  കാറുനിറഞ്ഞ് വർഷമാകാൻ വേണ്ടി കാത്തിരിക്കുന്നു ...
ജല ലിപിയിൽ വായിക്കൂ... സ്വപ്നങ്ങളുടെ കാതരഭംഗി. ഓർമകളിൽ മഴ ഭ്രാന്തിന്റെ ചങ്ങലക്കിലുക്കം!
പ്രധാന വാർത്തകൾ
 Top