16 February Saturday

കാഴ്ചയുടെ കാവൽമരങ്ങൾ

എം നന്ദകുമാർUpdated: Sunday Apr 15, 2018

 ജനപ്രിയമായ കാഴ്ചശീലങ്ങളുടെയും അംഗീകൃത പ്രദർശനസ്ഥലങ്ങളുടെയും പരിമിതികളിൽനിന്നു മാറി കലാപ്രവർത്തനത്തിലേർപ്പെട്ട നാലുപേരുടെ സൃഷ്ടികളിലേക്കുള്ള വാതായനമായി ഒരു കലാപ്രദർശനം തൃശൂർ ലളിതകലാ അക്കാദമിയിലെ ചിത്രശാലാ ആർട്ട് ഗ്യാലറിയിൽ അരങ്ങേറുകയാണ്. ഫ്ളൂറസന്റ് സ്ക്രീനിലെ മെലോഡ്രാമ, നൈമിഷികമായ പരസ്യകോലാഹലങ്ങൾ, ചുറ്റുമുള്ള കോൺക്രീറ്റ് വാസ്തുശിൽപ്പ അസ്വസ്ഥതകൾ എന്നിവയിൽനിന്ന് ഏറെ വ്യത്യസ്തമായ വീക്ഷണസാധ്യതകളിലേക്കും കണ്ണുകളെ തുറന്നുവിടുന്നു ഈ ചിത്രങ്ങളും ശിൽപ്പങ്ങളും.

അനിതയുടെ പെയിന്റിങ്‌

അനിതയുടെ പെയിന്റിങ്‌

ലോകവുമായുള്ള ബന്ധത്തിലെ ആനന്ദങ്ങളും പീഡകളും സ്വപ്നാത്മകമായി വരച്ചിടുന്നു ചിത്രകാരി അനിത. നേർത്ത വരകളിൽ പെണ്ണുങ്ങളും പക്ഷികളും ഇടകലർന്ന ഒരു പ്രദേശം. കറുത്ത ചിറകുകളിൽ നിറയെ പ്രകൃതിയുടെ കണ്ണുകൾ വരച്ചുചേർത്ത ശലഭങ്ങൾ അവിടെ പാറിനടക്കുന്നു. ജലാശയത്തിനും കുന്നുകൾക്കുമപ്പുറമുള്ള അസ്തമയത്തിന്റെ ഇരുണ്ടനിറങ്ങളിൽ. ചെങ്കൽവർണത്തിന്റെ പശ്ചാത്തലത്തിൽ വലിയ മരവും പന്നൽച്ചെടിപ്പടർപ്പുകളും ഉലയുന്നു. പുഴക്കരയിലെ കാറ്റുപിടിച്ച വൃക്ഷങ്ങൾ, രാത്രിയിലാണ്ടുപോകുന്ന തടാകം, സ്വപ്നാത്മകമായ കാടുകൾ എന്നിവ ഈ യാഥാർഥ്യത്തിന്റെ മറുപുറങ്ങൾ. കീഴറ്റംതൊട്ട് അഗ്രംവരെ ചുവന്ന പഴങ്ങൾ നിറഞ്ഞ മരവും പനങ്കുലകളും സമ്പന്നമാക്കുന്ന ഒരു ഭൂപ്രകൃതി. പച്ച, നീല, കറുപ്പ്, മെറൂൺ എന്നീ നിറസംഘാതങ്ങളാണ് അതിന്റെ അടരുകൾ. ചില്ലയിലെ പൊന്മാന്റെ നീലയും ശിഖരത്തിലെ കാക്കയുടെ ചെരിഞ്ഞ നോട്ടവും നിങ്ങളെ പിന്തുടരുന്നു. മത്സ്യങ്ങളുടെ നീന്തുന്ന പ്രതീകം അനിതയുടെ സൃഷ്ടികളിൽ ആവർത്തിച്ചുവരുന്നുണ്ട്. ഈ ചലനങ്ങൾക്കിടയിൽ ഏകാകിയായ ഞാൻ’എന്ന പ്രതിബിംബത്തെയും ഇടയ്ക്കിടയ്ക്കു കാണാം. കഴുത്തുനിറയെ മാലകളണിഞ്ഞ സ്വന്തം രൂപത്തിന്റെ ഇരട്ടിക്കലുകളായി. സ്ത്രീസ്വത്വമെന്ന നിർമിതിയുടെ സങ്കീർണസൂചകങ്ങൾ വ്യാഖ്യാനരഹിതമായ കടുംനിറങ്ങളിലേക്ക് പകർത്തിവയ്ക്കാൻ അനിതയുടെ ചിത്രങ്ങൾ ശ്രമിക്കുന്നു. മുൻകൂട്ടിയുള്ള ആശയങ്ങളാൽ നയിക്കപ്പെടാതെ ക്യാൻവാസിന്റെ പ്രതലത്തിലേക്ക് ജീവിതത്തെ നിറങ്ങളും രൂപങ്ങളുമായി പ്രക്ഷേപിക്കുന്ന രീതിയാണ് ഈ ചിത്രങ്ങളിൽ. അന്നേരം,വാക്കുകൾക്കുപകരം കണ്ണുകളാണ് സത്യത്തിന്റെ വാഹകർ. ശൈലിയിൽ പൊടുന്നനെയുള്ള മാറ്റങ്ങളോ വിപരീതദിശകളോ ഇല്ലാതെ ജൈവീകമായ വളർച്ച അനിതയുടെ സൃഷ്ടികളിൽ കാണാം. എത്തിപ്പിടിക്കാനുള്ള ഏതോ ജീവിതത്തിന്റെ ശ്രമത്തിൽ ഒരൊറ്റ ഇമേജിൽ ഒന്നിലേറെ സൂചകങ്ങളും തലങ്ങളും ഉൾക്കൊള്ളുന്നതിനാൽ ഭയാശങ്കകളെ ഉച്ചാടനംചെയ്യുന്ന ആത്മസമരങ്ങളായി അനിതയുടെ കല പരിണമിക്കുന്നു.
 
ടി പി പ്രേംജിയുടെ ശിൽപ്പം

ടി പി പ്രേംജിയുടെ ശിൽപ്പം

ആന്റോ ജോർജിന്റെ സൃഷ്ടികൾ ഭൂതകാലത്തിന്റെ സ്നാപ്ഷോട്ടുകളിൽനിന്ന് ആരംഭിക്കുന്നവയാണെന്ന് പൊതുവെ പറയാം. ഈ പെയിന്റിങ്ങുകളിലെ വസ്തുക്കളും ആളുകളും കഴിഞ്ഞുപോയതിന്റെ പുനഃപരിശോധനയിലൂടെ ഇന്നിലേക്ക് കടക്കുന്ന മാന്ത്രികവ്യാഖ്യാനങ്ങളാണ്. അസ്ഥികൂടങ്ങളും ആട്ടിൻകുട്ടികളും അലയുന്ന ഒരു വെളിപാടുപുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ദൃശ്യപ്രതീകങ്ങൾ. സ്വന്തം ഓർമകളിൽനിന്ന് മറ്റുള്ളവരുടെ ഓർമകളിലേക്ക് പ്രവേശിക്കാനുള്ള നാട്ടിടവഴികളാണ് ആന്റോയുടെ വരകൾ. അപ്രകാരം, കലാകാരൻ തന്റെ മുറിവിനെ ലോകത്തിന്റെ മുറിവുകളുമായി താദാത്മ്യപ്പെടുത്തുന്നു. ചാർക്കോൾ വരകളുടെ രൂപാലങ്കാരവിശേഷങ്ങൾക്കുള്ളിൽ കഥകളും പ്രബോധനമാതൃകകളും ആവിഷ്കരിക്കുന്ന വാക്യങ്ങൾ വളഞ്ഞുപുളഞ്ഞുപോകുന്നു. ജീവിതത്തെ കലയിലേക്ക് പരിവർത്തിപ്പിക്കുമ്പോൾ സ്ഥലകാലമാനങ്ങളിൽ വരുന്ന പ്രഹേളികാസ്വഭാവം മങ്ങിയ മഞ്ഞവെളിച്ചത്തിൽ ആന്റോ കാണിച്ചുതരുന്നു. ഉപയോഗമൂല്യം തേഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിത്യോപയോഗവസ്തുക്കൾ ഗൃഹാതുരത്വത്തിനപ്പുറമുള്ള ഒരു ലോകത്തിന്റെ ശൃംഖലയാണ് സൃഷ്ടിക്കുന്നത്. തകർന്ന വീടും ഒഴിഞ്ഞ കെട്ടിടങ്ങളും സമീപകാലചരിത്രവസ്തുക്കൾതന്നെയാണ്. അവയിൽനിന്ന് അക്ഷരപരതയ്ക്കപ്പുറമുള്ള ഒരു ദൃശ്യപരതയിൽ നാം തേടേണ്ട സാംസ്കാരികചിഹ്നങ്ങൾ ക്യാൻവാസ് കണ്ടെടുക്കുന്നു. ഓർമകളുടെ ഖനനശാസ്ത്രത്തിലൂടെ. ആന്റോയുടെ ലോകത്തിൽ ബഹുഭുജങ്ങളും ബഹുമുഖസ്തംഭങ്ങളും സ്ഥലത്തിന്റെ ആന്തരികരൂപമാതൃകകളായിത്തീരുന്നു. ചിത്രപ്രതലത്തിന്റെയും അബോധത്തിന്റെയും ചട്ടക്കൂടുകളിലൂടെയുള്ള കാഴ്ചകൾ, വ്യാഖ്യാനമാതൃകകൾ, പട്ടികതിരിക്കലുകൾ എന്നിവയെ ആന്റോ മറികടക്കുന്നത് ഫ്രെയിമുകളുടെ നവ്യമായ ചിത്രീകരണങ്ങളിലൂടെയാണ്. 
 
ആന്റോ ജോർജിന്റെ പെയിന്റിങ്‌

ആന്റോ ജോർജിന്റെ പെയിന്റിങ്‌

നാടകീയമായ പ്രകാശവിന്യാസത്തിൽ കരുതലോടെ അടുക്കിവച്ച ജ്യാമതീയരൂപമായി മാർട്ടിൻ ഒ സിയുടെ പെയ്ന്റിങ്ങിൽ രാത്രിയിലെ വീട് കാണപ്പെടുന്നു. വിദൂരതയിൽ സ്വീകരണമുറിയിലെ ദീപപ്രകാശവും. രാത്രി, അകലം, വീട് എന്നീ കൽപ്പനകൾ ആദ്യമായി കണ്ടെത്തുന്നതുപോലെയാണ് മാർട്ടിന്റെ ക്യാൻവാസിനു മുന്നിൽ നിങ്ങൾ നിൽക്കുന്നത്. കടുംനീലരാവിൽ മൊട്ടിടുന്ന കുഞ്ഞുപൂക്കളുടെ വെളുപ്പും വേനലിന്റെ വരവിൽ തോട്പൊട്ടുന്ന പഞ്ഞിക്കായകളും ഗാഢമായ പച്ചനിറമുള്ള ഇലകളും കായകളും പ്രകൃതിയുടെ കോടാനുകോടി അത്ഭുതപ്രകടനങ്ങളാണ് മാർട്ടിന്റെ സൃഷ്ടികൾക്ക് ആധാരം. പുൽനാമ്പുകളും ചെറുപ്രാണികളും ഉൾച്ചേർന്ന ഈ ആവാസവ്യവസ്ഥയിൽ മനുഷ്യകേന്ദ്രീകൃതമല്ലാതെതന്നെ സ്വന്തം നിലനിൽപ്പിനെ എപ്രകാരം ആവിഷ്കരിക്കും? ഇത്തരമൊരു അന്വേഷണത്തെ സൂക്ഷ്മമായി പിന്തുടരുന്ന പാതകളിലേക്ക് മാർട്ടിന്റെ ദൃശ്യബോധം നമുക്ക് വഴികാട്ടുന്നു. സുതാര്യവും വികാരനിർഭരവുമായ ഒരു ചൈതന്യത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സത്യാന്വേഷണങ്ങളാണ് മാർട്ടിൻ വരയ്ക്കുന്നത്.  
 
ഒ സി മാർട്ടിന്റെ പെയിന്റിങ്‌

ഒ സി മാർട്ടിന്റെ പെയിന്റിങ്‌

ടി പി പ്രേംജിയുടെ ശിൽപ്പങ്ങളിലെ മനുഷ്യരൂപങ്ങൾ ജീവിതത്തിന്റെ ദുരന്താത്മകതയോടൊപ്പം അതിന്റെ ആശ്ചര്യപരതയും സാക്ഷാൽക്കരിക്കുന്നു. ആടും കോഴികളും വലംവയ്ക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ ശിൽപ്പമായാലും എന്റെ ഗ്രാമത്തെക്കുറിച്ചുള്ള കളിമൺപരമ്പരയാണെങ്കിലും. ശാഖയും ഇലയും തളിരും പൂവുമില്ലാത്ത മരം അഗാധമായ ഏതോ അനുഭവം അരങ്ങേറിയ ഇടമാണ്. ആ അനുഭവത്തിന്റെ വൈശിഷ്ട്യമാർന്ന വീണ്ടെടുക്കലും അതിന് നാടകീയമായ ആകൃതി നൽകലും പ്രേംജിയുടെ കലയുടെ ഉറവിടങ്ങളാകുന്നു. ഒന്നിനുമുകളിൽ ഒന്നായി അടുക്കിവയ്ക്കുന്തോറും ചെറുതായിവരുന്ന ബ്രോൺസ് ബഹുഭുജങ്ങളുടെ കേന്ദ്രത്തിൽ വേദനയുടെ നിശ്ചലസാന്നിധ്യം. ആ നേർത്ത അഗ്രത്തിനുചുറ്റും ഒഴിച്ചിട്ട സ്ഥലം അസ്വസ്ഥകരമായ ഒരു സന്ദർഭത്തെ കാഴ്ചയിലേക്ക് കൊണ്ടുവരുന്നു. പ്രകാശത്തിനും ദ്രവ്യത്തിനുമിടയ്ക്കുള്ള, കഠിനമായ ഒരു സാന്നിധ്യത്തിന്റെയും നമുക്ക് തൊട്ടറിയാൻ കഴിയാത്ത അഭാവത്തിന്റെയും ഇടയ്ക്കുള്ള ഒരു നൃത്തമായി പ്രേംജിയുടെ ശിൽപ്പങ്ങൾ കാഴ്ചക്കാരന്റെ നാഢീവ്യൂഹത്തെ ബാധിക്കുന്നു. ടെറാക്കോട്ടയിലെ ചുവന്ന മരപ്പണിക്കാരൻ, ആയാസരഹിതമായി ഇരിക്കുന്ന പുരുഷൻ, ആലോചനയിലാണ്ട ഒരാൾ, കീഴടങ്ങിയ മറ്റൊരാൾ, പത്രംവായിക്കുന്ന വൃദ്ധൻ, ആനന്ദവതിയായ ഒരു സ്ത്രീ എന്നിങ്ങനെയുള്ള രൂപങ്ങൾക്ക് സാന്ദ്രമായ ഒരു ആന്തരികജീവിതം വിങ്ങുന്നതായി നമുക്ക് അനുഭവപ്പെടും. താറാവുകൂട്ടത്തിന്റെ വളഞ്ഞസഞ്ചാരപഥത്തിൽ, ജലത്തിന്റെ വില്ലീസുപടുതകൾക്കപ്പുറം ചെറുമീനുകളെയും മരണത്തെയുംതേടി മുങ്ങാങ്കുഴിയിടുന്ന ഖസാക്കിലെ കുപ്പുവച്ചന്റെ രൂപത്തിൽ ഇത്തരം ആകുലതകളുണ്ട്. ഈ ലോകത്ത് നമ്മുടെ സാന്നിധ്യം അവിചാരിതമായ ചില ആംഗ്യങ്ങൾമാത്രമാകാം. തൊട്ടിലിനും ശവമഞ്ചത്തിനുമിടയിലെ ചുരുങ്ങിയ ഇടവേളയിൽ അരങ്ങേറുന്ന ആംഗ്യങ്ങൾ. പ്രേംജിയുടെ മനുഷ്യമുഖങ്ങൾ കാണികളെ പൊടുന്നനെ ജാഗ്രതയുള്ളവരാക്കി മാറ്റുന്നു. മുഖം, അതിന്റെ പ്രതിരൂപം, തലയ്ക്കുചുറ്റുമുള്ള ഇടം അവയിലേക്കെല്ലാം നാം കൂടുതൽ അടുക്കുന്നതുപോലെ. ശിൽപ്പങ്ങളുടെ പരുപരുത്ത അസാധാരണതകളിലും കർക്കശമായ അപൂർണതകളിലും അടക്കിവച്ച ഒട്ടേറെ ഊർജവലയങ്ങൾ ത്രസിക്കുന്നു. രൂപങ്ങളുടെ സ്വതന്ത്രസാധ്യതകളും ഗൂഢതത്വങ്ങളുമാണ് പ്രേംജി ആവിഷ്കരിക്കുന്നത്. സ്ത്രീയുടെ തലച്ചുമടിന്റെ രൂപകമായി ആരംഭിക്കുന്ന കുടുംബത്തിന്റെ ഭാരം, വിവിധ ക്രിയകളിലേർപ്പെട്ടവരുടെ വൃത്തത്തിൽ വിന്യസിച്ച ആൾരൂപങ്ങൾ, ആ മകളുടെ മന്ദഗതിയിലുള്ള അതിജീവനത്വര മുതലായ ശിൽപ്പങ്ങളിൽ വിവിധങ്ങളായ നവീനതകളുടെ അവബോധവും അതിനുവേണ്ടിയുള്ള തീവ്രശ്രമവും അനുഭവവേദ്യമാണ്. ശിൽപ്പിയുടെ കൈയുകൾ, കുഴച്ച കളിമണ്ണ്, ഉരുകുന്ന ഈയം അവയ്ക്കിടയിലുള്ള അകലങ്ങളിൽ രൂപപ്പെടുന്ന നിത്യലോകത്തിന്റെ സമസ്യകളായി പ്രേംജിയുടെ സൃഷ്ടി നിങ്ങളെ അഭിമുഖീകരിക്കുന്നു. കാഴ്ച എന്ന പ്രക്രിയയെത്തന്നെയാണ് ഈ കലാവസ്തുക്കൾ അന്വേഷണവിധേയമാക്കുന്നത്. ഇടവും ദ്രവ്യവും തമ്മിൽ, ഉടലും അതിന്റെ അപാകതകളും തമ്മിൽ നടക്കുന്ന വലിവുകളും പിരിമുറുക്കങ്ങളും ഒത്തുചേരുന്ന മുഹൂർത്തങ്ങളാണ് ഈ ശിൽപ്പങ്ങളോരോന്നും.
ഏപ്രിൽ 23ന് സദാനന്ദ മേനോൻ ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം 27 വരെ നീണ്ടുനിൽക്കും.
പ്രധാന വാർത്തകൾ
 Top