27 May Wednesday

അനുഭൂതികളുടെ പൊൻവെയിൽ മണിക്കച്ച

ഏഴാച്ചേരി രാമചന്ദ്രൻUpdated: Sunday Mar 15, 2020

സിനിമയുടെ സമസ്‌ത മേഖലകളിലും പതിഞ്ഞിട്ടുണ്ട്‌ ഈ പ്രതിഭയുടെ കൈയൊപ്പ്‌.   ആയിരക്കണക്കിന്‌ പ്രിയഗാനങ്ങളുടെ രചയിതാവ്‌,  സംവിധായകൻ, നിർമാതാവ്‌, തിരക്കഥാകൃത്ത്‌, സംഗീത സംവിധായകൻ എന്നിങ്ങനെ വിവിധ വേഷങ്ങളിൽ 53 വർഷമായി  തിടമ്പേറ്റി നിൽക്കുന്ന ശ്രീകുമാരൻതമ്പിക്ക്‌ നാളെ 80 തികയുന്നു

 
 
പാലാ സെന്റ് തോമസ് കോളേജിലെ ആദ്യവർഷം. ഞങ്ങളുടെ ബാച്ചിൽ ഹരിപ്പാട്ടുനിന്ന് രണ്ടുമൂന്ന് കുട്ടികൾ; അവർ നടപ്പും ഇരുപ്പും ഒക്കെ ഒരുമിച്ച്; പറയുന്ന കാര്യങ്ങളും ഏകദേശം ഒരേ മട്ടിൽ. ഇവരുടെ തിണ്ണമിടുക്കുകളിൽ കൂടെക്കൂടെ കടന്നുവരുന്ന കഥാപാത്രമായിരുന്നു ഹരിപ്പാട് ശ്രീകുമാരൻതമ്പി.
 
അതിനുമുന്നമേതന്നെ ഇങ്ങനെയൊരാളെപ്പറ്റി കേട്ടിരുന്നു. കൗമുദി ആഴ്‌ചപ്പതിപ്പിലെ ചെറുകവിതകളിലൂടെയാവണം ഈ പരിചയം. അന്നൊരിക്കൽ ഏതോ വാരാന്തപ്പതിപ്പിൽ ഇദ്ദേഹത്തിന്റെ ഒരു കവിത. പലകുറി ആവർത്തിച്ചുവായിച്ചു.
 
"കരിനീലത്താമരപ്പൂക്കളിറുക്കുവാൻ
കായാമ്പൂ കണ്ണുള്ള പെണ്ണൊരുത്തി
കയ്യിൽ കുരുത്തോലക്കുടയുമായൊരു
കന്നിപ്പുലരിയിൽ വന്നണഞ്ഞു'
 
തരളമായ  കൗമാരഹൃദയത്തിന്റെ പ്രണയമാപിനിയെ ത്രസിപ്പിക്കാൻ പോരുന്ന സകല ചേരുവകളും ചേരുംപടി ചേർന്ന കവിത. കണ്ടിച്ചെടുത്ത്‌ ആ തുണ്ടുകടലാസ്‌ നോട്ടുബുക്കിൽ സൂക്ഷിച്ചു. ഒന്നാം രം​ഗം ഇവിടെ തീർന്നു.
 
 
കാലപ്രവാഹത്തിൽ ഹരിപ്പാട്ടുകാരായ "തിണ്ണമിടുക്കുകാർ'എവിടെയോ മറഞ്ഞു. പ്രസവിക്കാൻ കൂട്ടാക്കാത്ത മയിൽപ്പീലിക്കണ്ണുകൾക്കൊപ്പം, മറ്റു പല കൗമാരക്കളിമ്പങ്ങൾക്കൊപ്പം നോട്ടുബുക്കിലെ കവിതത്തുണ്ടും അപ്രത്യക്ഷമായി.
 
കാലം പിന്നെയും കടന്നു. കവിത നിറഞ്ഞ മാസങ്ങൾ വന്ന്‌  പൂവും നീരും വീഴ്‌ത്തി. അകവിതാനത്തിലെ മുല്ലത്തറയിൽ പലരെയും കുടിയിരുത്തി. മിക്കവരും കവികൾ; അക്കൂട്ടത്തിൽ ഹരിപ്പാടിനെ അകത്തേക്കു തിരുകിവച്ച ശ്രീകുമാരൻതമ്പിയും ഉണ്ടായിരുന്നു.- 
രണ്ടാം രം​ഗം:----- -- ചങ്ങനാശേരി കോളേജിൽനിന്ന് ഓണപ്പരീക്ഷകടന്ന് പത്തു ദിവസത്തെ അവധി ആഘോഷിക്കാൻ പാലായ്‌ക്ക്‌ പുറപ്പെട്ട കുറേ ഹോസ്റ്റൽ കുട്ടികൾ. അക്കൂട്ടത്തിൽ ഈരാറ്റുപേട്ടക്കാരും ഉണ്ടായിരുന്നു.
 
ശ്രീകുമാരൻ തമ്പി   തിരുവനന്തപുരം പേയാട്ടെ വസതിയിൽ

ശ്രീകുമാരൻ തമ്പി തിരുവനന്തപുരം പേയാട്ടെ വസതിയിൽ

കോട്ടയത്തെ രാജ് മഹാൾ തിയറ്ററിനു മുന്നിൽ ആ വാനരപ്പട വണ്ടിയിറങ്ങി. അവിടെ ചിത്രമേള എന്ന സിനിമ. ഒരു സിനിമയിൽ മൂന്ന് സിനിമ. സംവിധായകൻ ടി എസ്‌ മുത്തയ്യ. ​ഗാനരചന ശ്രീകുമാരൻ തമ്പി; സം​ഗീതസംവിധായകൻ സാക്ഷാൽ ദേവരാജൻ മാസ്റ്റർ; ആനന്ദലബ്‌ധിക്കിനിയെന്തുവേണം! മദം പൊട്ടിച്ചിരിക്കുന്ന മാനം, കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ തുടങ്ങി ഏഴെട്ടു പാട്ടുകൾ. ഒക്കെയും ഒന്നിനൊന്നു മെച്ചപ്പെട്ടവ!
 
"കരയുവാൻ കൺകളിൽ കണ്ണുനീരില്ലാത്ത
കളിമരപ്പാവകൾ ഞങ്ങൾ;
കാലമാം മാന്ത്രികൻ ഹോമത്തിനെഴുതിയ
കരിമഷിക്കോലങ്ങൾ ഞങ്ങൾ'
 
പണിക്കുറ തീർന്ന രസികൻ ഭാവ​ഗീതം. ഇത് വയലാർ എഴുതേണ്ടിയിരുന്നതല്ലേ? നല്ലതാണെങ്കിൽ വേറൊരാൾ എഴുതിയാലും അം​ഗീകരിച്ചുകൂടെ? മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. ഒരു പാട്ടിന് ഇങ്ങനെയും നുള്ളിനോവിക്കാനാകുമോ? ദേവരാജൻ മാസ്റ്ററുടെ സം​ഗീതമാകാം കാരണം. സമാധാനം കണ്ടെത്തി.
 
‘കാലമതിന്റെയനശ്വരമാം രഥയാനം തുടരുന്നു.’ പി ഭാസ്‌കരൻ, വയലാർ എന്നിവരുടെ നിരയിലേക്ക്‌, അഭയദേവിനെ തള്ളിമാറ്റി, ശ്രീകുമാരൻതമ്പി കടന്നുവരുന്നു.-- വയലാർ–-- ഭാസ്‌കരൻ പക്ഷപാതികളായ ഞങ്ങളിൽ ചിലർക്ക് മനസ്സില്ലാ മനസ്സോടെയാണെങ്കിലും തമ്പി എന്ന നേരിനെ അം​ഗീകരിക്കേണ്ടി വരുന്നു.
 
വേനലും മഞ്ഞും മഴയുമായി ഋതുക്കളുടെ ഭാവപ്പകർച്ചകൾക്കിടയിലേക്ക്‌ റസ്റ്റ്ഹൗസ് എന്ന സിനിമയുടെ സഭാപ്രവേശം. അർജുനൻ---‐ --- തമ്പി എന്ന പുതിയ സം​ഗീത​ദ്വയം. ഒന്നിനൊന്നുമെച്ചപ്പെട്ട ഒത്തിരി പാട്ടുകളാൽ അനുഗൃഹീതമായ സിനിമ. ലോകമാസകലമുള്ള മലയാളമറിയുന്ന കാമുകീകാമുകന്മാർക്ക് ഈ കൂട്ടുകെട്ട് നെറുകയിൽ ചുംബിച്ച് നേർന്നു സമർപ്പിച്ച കുമ്പിൾ കവി‍ഞ്ഞ അകാലവസന്തം. പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, പാടാത്ത വീണയും പാടും, യദുകുലരതിദേവനെവിടെ, മുത്തിലും മുത്തായ മണിമുത്തുകിട്ടി ഇനിയും ശ്രീകുമാരൻതമ്പിയെ മാറ്റിനിർത്തുന്നതു ശരിയല്ല. അവശിഷ്‌ട സഹ‍ൃദയപക്ഷം ഏകകണ്ഠമായി പ്രമേയം പാസാക്കി.
 
അന്നുമുതൽക്കേ, കിഴക്കോട്ടിറങ്ങിയ ആ പൂരത്തിന് ഇന്നോളം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ദക്ഷിണാമൂർത്തി, എം എസ് വിശ്വനാഥൻ, ബാബുരാജ്, എം ബി ശ്രീനിവാസൻ തുടങ്ങി ഒന്നാംനിരക്കാരും അല്ലാത്തവരുമായ സം​ഗീതസംവിധായകരിലൂടെ, പ്ര​ഗൽഭരായ ​ഗായകരിലൂടെ ശ്രീകുമാരൻതമ്പി എന്ന ​ഗാനരചയിതാവ് മലയാളത്തിലെ അതിരും എതിരുമില്ലാത്ത സർ​ഗപ്രതിഭയായി വളർന്നു.
 
ഇപ്പോഴിതാ, മലയാളമർത്യതയുടെ ആരാധനകളത്രയും അത്യന്തം വിനീതനായി ഏറ്റുവാങ്ങി, ഒരു ദീപ​ഗോപുരം കണക്കെ അദ്ദേഹം സ്വക്ഷേത്രബലവാനായി നിലകൊള്ളുമ്പോൾ ഒരു കണക്കെടുപ്പും സ്ഥാനനിർണയവും വേണ്ടേ? എണ്ണിക്കൊണ്ടുപറഞ്ഞാൽ 278 ചലച്ചിത്രങ്ങളിൽ ആയിരക്കണക്കിനു ​ഗാനങ്ങൾ; അദ്ദേഹം തിരക്കഥയും സംഭാഷണവും രചിച്ച 85 ചിത്രങ്ങൾ, സംവിധാനം ചെയ്‌ത 30 സിനിമകൾ, സ്വന്തമായി നിർമിച്ച 26 ചലച്ചിത്രം, കഥയും തിരക്കഥയും ഗാനങ്ങളും രചിച്ച്‌ സ്വന്തമായി സംവിധാനംചെയ്‌ത്‌ നിർമിച്ച 14 മെ​ഗാ സീരിയലുകൾ, ​ഗാനരചനയ്‌ക്കുപുറമെ സംഗീതസവിധാനം നിർവഹിച്ച രണ്ടു ചിത്രങ്ങൾ (ബന്ധുക്കൾ ശത്രുക്കൾ, അമ്മയ്‌ക്കൊരു താരാട്ട്).
 
ഇവയ്‌ക്കുപുറമെ 15 കവിതാസമാഹാരം, മൂന്നു നോവൽ, ഒരു നാടകം,  ഒരു ബാലകവിതാ സമാഹാരം ഇവ വേറെയും. ബുദ്ധിജീവിനാട്യങ്ങളില്ലാത്ത ഒരു ശരാശരി മലയാളി ഒരൽപ്പം ധാർഷ്ട്യത്തോടെതന്നെ ചോദിക്കുന്നു! ഒരു ജന്മം കൊണ്ട് അർഥസമ്പൂർണമായ എത്ര ജന്മങ്ങളുടെ സർ​ഗനിയോ​ഗമാണ് ഈ കവി പൂർത്തിയാക്കിയത്. എന്നിട്ടും അദ്ദേഹത്തിന്റെ സ്ഥാനനിർണയത്തിന് നിങ്ങൾ മടിക്കുന്നത് ആരെ ഭയന്നിട്ടാണ്?
 
ആലപ്പുഴ എസ്ഡി കോളേജിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് ഒരു കവിയും കുറേ മാലാഖമാരും എന്ന ആദ്യ കവിതാസമാഹാരം പുറത്തുവരുന്നത്. വയലാർ ആയിരുന്നു അവതാരികാകാരൻ. എഞ്ചിനീയറുടെ വീണ, നീലത്താമര, അമ്മയ്‌ക്കൊരു താരാട്ട് തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ കടന്ന് ‘അവശേഷിപ്പുക’ളിൽ എത്തിനിൽക്കുന്ന കാവ്യരം​ഗം. കാക്കത്തമ്പുരാട്ടി, ഞാനൊരു കഥ പറയാം, കടലും കരളും തുടങ്ങിയവയാണ് നോവലുകൾ; നാടകം അച്ചുതണ്ട്, ബാലകവിത-- -- ഓമനയുടെ ഒരു ​ദിവസം
നീലായുടെ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ ചലച്ചിത്രപ്രവേശം.
 
‘താമരത്തോണിയിൽ താലോലമാടി
താനേ തുഴഞ്ഞുവരും പെണ്ണേ,
താരമ്പൻ അനുരാ​ഗത്തങ്കത്തിൽ തീർത്തൊരു താരുണ്യക്കുടമല്ലേ നീ?’
 
അനശ്വരനായ ബാബുരാജിന്റെ സം​ഗീതസംവിധാനത്തിൽ യേശുദാസും ജാനകിയും ആലപിച്ചതായിരുന്നു ​ഈ യു​ഗ്മ​ഗാനം.
 
കാട് എന്ന നീലാ ചിത്രത്തിൽ വേദ്‌പാൽ വർമ സം​ഗീതം നൽകിയ ​ഗാനം ലയ സൗഭ​ഗത്താൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
 
‘ഏഴിലംപാല പൂത്തു, പൂമരങ്ങൾ കുടപിടിച്ചു
വെള്ളിമലയിൽ..... വേളിമലയിൽ...’
 
എന്നതാണ് ഈ വിശ്രുത​ഗാനം. ശ്രീകുമാരൻതമ്പിയും വയലാറും തമ്മിൽ ഈ രം​ഗത്ത് ഒരു സാമ്യമുണ്ട്. രണ്ടുപേരുടെയും ആദ്യ​ഗാനം സംവിധാനം ചെയ്‌തത്‌ ബാബുരാജ്. ചെറുകാടിന്റെ "നമ്മളൊന്ന്' നാടകത്തിന് വേണ്ടി വയലാർ രചിച്ച ​ഗാനങ്ങൾ (പൊൻകുന്നം ദാമോദരനോടൊപ്പം) ബാബുരാജ് ഈണപ്പെടുത്തി (ശിവദാസ് എന്ന സം​ഗീതസംവിധായകനും ഉണ്ടായിരുന്നു). 
 
പഞ്ചവടിയിലെ മായാസീതയെ, തിരുവാഭരണം ചാർത്തി വിളങ്ങി, എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ, പൊൻവെയിൽ മണിക്കച്ച, മല്ലികപ്പൂവിൻ മധുര​ഗന്ധം , ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു , ഹൃദയസരസ്സിലെ, മലയാളിപ്പെണ്ണേ നിന്റെ മനസ്സ്‌, വൈക്കത്തഷ്ടമിനാളിൽ,  ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, പൂവിന്‌ കോപംവന്നാൽ, നിൻ മണിയറയിലെ, മാവിന്റെ കൊമ്പിലിരുന്നൊരു, സുഖമൊരുബിന്ദു, ചന്ദ്രക്കല മാനത്ത്‌, കുയിലിന്റെ മണിനാദം , ചെമ്പകത്തൈകൾ പൂത്ത മാനത്ത്, കസ്‌തൂരി മണക്കുന്നല്ലോ–- --ശ്രീകുമാരൻ തമ്പിയെ അനശ്വരനാക്കിയ ​ഗാനങ്ങൾ എത്ര വേ​ഗമാണ് ഹൃദയവാതിൽ തള്ളിത്തുറന്ന് കടന്നുവരുന്നത്.
 
മർത്യതയുടെ സംസ്‌കാരയാത്രയുടെ വർണസുരഭിലമായ ​ഗ്രാഫ് വരയ്‌ക്കുമ്പോൾ ചുംബനംപോലെ ഇത്ര ദിവ്യമോഹനമായ മറ്റൊരു വികാരസമർപ്പണം ഉണ്ടോ? ഇല്ലെന്ന് വേണ്ടേ പറയാൻ! എങ്കിൽ സ്‌നേഹത്തിനു വേണ്ടി ഒരു ജന്മം മുഴുവൻ വ്രതവിശുദ്ധമായ ധ്യാനങ്ങളെ അക്ഷരങ്ങളാക്കിയ തമ്പിസാർ എത്ര രചനകളിലാണ് ചുംബനത്തിന്റെ നാനാർഥങ്ങളെ സു​ഗന്ധ മധുരിമയോടെ അവതരിപ്പിക്കുന്നത്.
 
1 സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ ഒരു
ചുംബനം തന്നാൽ പിണങ്ങുമോ നീ?
2 ചുംബനപ്പൂകൊണ്ട് മൂടി, എന്റെ തമ്പുരാട്ടീ നിന്നെയുറക്കാം
3 ചിരിക്കാതെ ചിരിക്കുന്ന ചിരിക്കുടുക്കേ, നിന്റെ
ചിത്തിരച്ചിലമ്പുകളെവിടെ?
പ്രിയതമാ, നീയെന്നെ ചുംബിച്ച ലജ്ജയിൽ
മറന്നു പോയീ, ഞാൻ മറന്നു പോയീ
4 ചെമ്പകത്തൈകൾ പൂത്ത
മാനത്തു പൊന്നമ്പിളി
ചുംബനം കൊള്ളാനിറങ്ങി
 
ഇനി ഒരു സ്വകാര്യം! തമ്പിസാറിന്റെ രചനയിൽ, സം​ഗീതംകൂടി ചേർന്നപ്പോൾ എനിക്കേറ്റവും ഇഷ്ടപ്പെട്ട ​ഗാനം "സത്യവാൻ സാവിത്രി’യിലേതാണ്‌.
 
‘നീലാംബുജങ്ങൾ വിടർന്നു
നീലാരവിന്ദായതാക്ഷിയെത്തേടി  
നിറമാല വാനിൽ തെളിഞ്ഞു
നീരദവേണിയാം ദേവിയെത്തേടി’
 
ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഈ ​ഗാനത്തിന്‌ എത്രതവണ കേട്ടാലും ഒരു അലൗകികാനുഭൂതിയുണ്ട്.  തമ്പിസാർ ഇതിനോട്‌ യോജിക്കുമെന്നുതോന്നുന്നില്ല. ഭാവ​ഗീതത്തിന്റെ പരിപൂർണതയിലെത്തിനിൽക്കുന്ന നിരവധി ​​ഗാനങ്ങൾ ഇദ്ദേഹത്തിന്റെ വകയായുണ്ട്.
 
"ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകൽക്കിനാവിൽ പനിനീർമഴയിൽ
പണ്ടുനിൻമുഖം പകർന്ന ഗന്ധം'
 
ഈ വരികളെ ഭാവ​ഗീതം എന്നുതന്നെയല്ലേ വിളിക്കേണ്ടത്?
 
"വർണരഹിതമാം നിമിഷദലങ്ങളെ
സ്വർണ പതം​ഗങ്ങളാക്കി,
പുഷ്‌പങ്ങൾ തേടുമീ കോവിലിൽ പ്രേമത്തിൻ
നിത്യപുഷ്പാഞ്ജലി ചാർത്തി'
ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!
"എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ
ഇന്നെത്ര ധന്യതയാർന്നു' എന്നു തുടങ്ങുന്ന തരം​ഗിണി ​ഗാനവും ഈ​ഗോത്രത്തിൽപ്പെടുന്നതുതന്നെ.
 
മലയാളകവിതയിൽ കലർപ്പറ്റ കാൽപ്പനികവസന്തം വിരിയിച്ചത് ചങ്ങമ്പുഴയാണല്ലോ. പിന്നീട്‌ ആ വഴിയിലൂടെ സഞ്ചരിച്ച്‌ തനതായ സിംഹാസനം കരസ്ഥമാക്കിയത്‌   പി ഭാസ്‌കരൻ. ആ പരമപദത്തിലേക്കാണ് പിന്നാലെ വയലാറും ഒ എൻ വിയും തിരുനെല്ലൂരും മറ്റും സ‍‍ഞ്ചരിച്ചെത്തിയത്. 
 
ആ രാവിൽ നിന്നോടു ഞാൻ ഓതിയ രഹസ്യങ്ങൾ
ആരോടുമരുളരുതോമലേ നീ (ചങ്ങമ്പുഴ)
 
സൂര്യപടം കൊണ്ടു പാവാടനെയ്യുമീ
ചീരകച്ചെമ്പാവു പാടം
പൊൻവെയിൽപ്പക്ഷിയായ്
നിന്നെയയച്ചതു
മന്മനോരാജ്യത്ത് പറക്കാനോ?(വയലാർ) 
 
നിന്നിതൾത്തുമ്പിലെപ്പുഞ്ചിരിമായുമ്പോൾ
നിന്നെക്കുറിച്ചൊന്നു പാടാൻ
എൻ മണിവീണയിൽ വീണപൂവേ, നിന്റെ
നൊമ്പരം നിന്നു തുടിപ്പൂ (ഒ എൻ വി)
 
പൊന്തിവിളങ്ങിയ പൊൻനാളത്താ–-
ലന്തിവിളക്കിൻ നിടിലത്തിൽ
ചന്ദന​ഗോപിക്കുറി തൊടുവിക്കാ–-
നന്നെൻ കയ്യുകൾ മുതിരുമ്പോൾ
അന്നൊരുനാളിൽ വിരുന്നിനായി
വന്നു ഭവാനെൻ ചെറുവീട്ടിൽ(പി ഭാസ്‌കരൻ)
 
അന്തിമയങ്ങുമ്പോളമ്പിളി പൊങ്ങുമ്പോ–-
ളരികത്തെത്തുമോ ദേവാ
ഈ മലർച്ചാർത്തുപോലാ വിരിമാറിൽ ഞാൻ
വീണുമയങ്ങുമോ ദേവാ? (തിരുനല്ലൂർ)
 
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ
ഇന്നെത്ര ധന്യതയാർന്നു
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകിപ്പടർന്നതിനാലോ? (ശ്രീകുമാരൻതമ്പി)
 
മലയാളയുവതയുടെ (ഒരു പരിധിവരെ വാർധക്യത്തിന്റെയും) നിശ്വാസ മന്ദഹാസങ്ങളും ആത്മാവിലെ കണ്ണുനീരും സ‍ഞ്ചരിച്ചെത്തിയ വഴിയാണിത്. ഇതിൽ തിരുനെല്ലൂർമുതൽ തുടങ്ങുന്നു അത്യന്തം നീചമായ തമസ്‌കരണം. ഇനിയെങ്കിലും ഒരു തിരിച്ചൊഴുക്ക് ആകരുതോ?  
 
ഇനി ഒരൽപ്പം ഫ്ലാഷ് ബാക്ക്. ഇതെഴുതുന്നയാൾ ആലപ്പുഴയിൽ ദേശാഭിമാനി ലേഖകനായിരുന്ന കാലം. ഒരുപോലെ മൂന്നു തമ്പിമാർ, അഡ്വക്കേറ്റ് പി ജി തമ്പി, പി വി തമ്പി, ശ്രീകുമാരൻതമ്പി. ഒരമ്മപെറ്റ മക്കൾ, പി ജി തമ്പി പ്രമുഖനായ ക്രിമിനൽ വക്കീലായിരുന്നു; നല്ല പ്രഭാഷകൻ; തികഞ്ഞ സഹൃദയൻ. മൂന്നു തമ്പിമാരിൽ അദ്ദേഹവുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. കമ്യൂണിസ്റ്റുകാരുടെ കേസത്രയും വാദിച്ചിരുന്നത് അദ്ദേഹം. പ്രശസ്‌തിയുടെ മാലവിളക്കും കൊളുത്തി നിൽക്കെ അദ്ദേഹം ഹരിപ്പാട്‌ മണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർഥിയായി. തമിഴകത്ത് അച്ചടിച്ച വലിയകെട്ട് ബഹുവർണ പോസ്റ്റർ പ്രചാരണത്തിനെത്തി; ശ്രീകുമാരൻതമ്പിയുടെ വക. പി വി തമ്പി ഒന്നാംകിട നോവലിസ്റ്റായിരുന്നു. സ്റ്റഡി സർക്കിളിന്റെ ചില വേദികളിൽ ഞങ്ങൾ ഒരുമിച്ചു. ശ്രീകൃഷ്‌ണപ്പരുന്ത് ഉൾപ്പെടെ കഴമ്പുറ്റ രചനകൾ. മൂത്ത തമ്പിമാർ രണ്ടുപേരും അസ്‌തമിച്ചു.
 
‘കുമ്പനാട്ടുള്ളോരഭിഭാഷകപുത്രി
കുമ്പസാരിക്കുമഭിസാരിക’
 
പി വി തമ്പി പഠിപ്പിച്ച രണ്ടുവരിക്കവിത ഇപ്പോഴും മനസ്സിലുണ്ട്‌. പത്തനംതിട്ട ജില്ലയിലെ  കുമ്പനാട്‌ ഒരുകാലത്ത്‌ യാഥാസ്ഥിതികതയുടെ ബാബേൽ ഗോപുരമായിരുന്നു. ഇപ്പോൾ ശ്രീകുമാരൻതമ്പി തിടമ്പേറ്റി നിൽക്കുന്ന കാലം. ​ഗുരുസ്ഥാനീയനായ ആ മുതിർന്ന സഹോദരന് വിനീതമായ പ്രണാമം. വർണനാതീതമായ നൊമ്പരങ്ങൾ ഹൃദയത്തിലേറ്റുമ്പോഴും കരിമുൾപ്പടർപ്പിൽ ചിറകുടക്കിയ ഒരു കാട്ടുകിളികണക്കേ അ​ദ്ദേഹം പാടുന്നു.
 
‘നീയെന്ന മോഹനരാ​ഗമില്ലെങ്കിൽ ഞാൻ നിശ്ശബ്ദവീണയായേനേ’ എന്ന് അദ്ദേഹത്തോ‍ടൊപ്പം ശ്രുതി ചേർക്കാൻ ഒരു തലമുറ വരാതിരിക്കില്ല.
പ്രധാന വാർത്തകൾ
 Top