10 August Monday

കണിയാപുരം യാത്രകള്‍

എസ് എന്‍ റോയ്Updated: Sunday Mar 15, 2020

എസ് എന്‍ റോയ്

വിദേശങ്ങളിൽനിന്ന്‌ ഒഴുകിവന്ന പണം ഞങ്ങളെ ധാരാളികളും സുഖലോലുപരുമാക്കി. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകൾ ആരംഭിച്ചപ്പോൾ അതിൽക്കയറി എന്തിനുമേതിനും തിരുവനന്തപുരത്തേക്ക്‌ പോകുന്നത് ശീലമായി.  ഞങ്ങൾക്കിപ്പോൾ നഗരവും മടുത്തിരിക്കുന്നു.  കഴക്കൂട്ടം സാറ്റലൈറ്റ് സിറ്റിയായി ഉയർന്നപ്പോൾ ഞങ്ങളുടെ  സ്വപ്‌നങ്ങളും ആവശ്യങ്ങളുമെല്ലാം കഴക്കൂട്ടത്ത്‌ ചുറ്റിത്തിരിയുകയാണ്

 

അത്രയൊന്നും അകലെയല്ലെങ്കിലും കണിയാപുരം എന്ന പ്രദേശം അതിവിദൂരവും വ്യത്യസ്‌തവുമായ ഒരനുഭവലോകമായാണ് ഞങ്ങളുടെ ബാല്യകൗമാരങ്ങളിൽ നിറഞ്ഞത്. പുഴയും നെൽപ്പാടങ്ങളും തെങ്ങിൻത്തോപ്പുകളും നീർത്തടങ്ങളുമൊക്കെയുള്ള അതിമനോഹരമായ ഭൂപ്രദേശങ്ങൾ പിന്നിട്ടുവേണം അവിടെയെത്താൻ. കാഴ്‌ച കണ്ടും മനോരാജ്യങ്ങളിൽ മുഴുകിയും ചന്തയിലേക്ക് പോകുന്ന അമ്മമാർക്ക് പിറകിൽ ഓടിയും നടന്നുമൊക്കെയായിരുന്നു ആദ്യകാല കണിയാപുരം യാത്രകൾ. 

പാർവതീപുത്തനാറിന് കുറുകെ നിലയുറപ്പിച്ച ഇളകിപ്പൊളിഞ്ഞ അണക്കപ്പിള്ളപ്പാലം യാത്രയിലെ ആദ്യ കടമ്പ. വശങ്ങളിൽ കെട്ടിയിറക്കിയ അനേകം കൽപ്പടവുകൾ കയറി വേണം തടിപ്പാലത്തിന്റെ മേൽനിരപ്പിലെത്താൻ. പലകകൾ  അപ്രത്യക്ഷമായിരുന്നു. വിടവുകളിലൂടെ താഴെ പുഴവെള്ളം കാണുമ്പോൾ തല കറങ്ങും. എന്നിട്ടും ഇളകിയാടുന്ന കൈവരികളിൽ പിടിച്ചില്ല. കരയിലും വെള്ളത്തിലുമായി പാലത്തെ താങ്ങിനിൽക്കുന്ന കരിങ്കൽക്കെട്ടുകളുടെ അറകൾ നിറയെ ഭൂതപ്രേതാദികൾ വാഴുന്നുണ്ടെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പൊട്ടിച്ചൂട്ടുകളുടെ മിന്നാവെട്ടങ്ങളും കുറുക്കന്മാരുടെ ഓരിയിടലുകളും   പ്രദേശത്തിന് രാത്രികാലങ്ങളിൽ ഒരു നിഗൂഢഭാവം നൽകി. സന്ധ്യയോടെതന്നെ അതുവഴിയുള്ള യാത്രകൾ മിക്കവാറും അവസാനിച്ചിരുന്നു. 

ആദ്യകാലങ്ങളിൽ  അധികമകലെയല്ലാത്ത അണക്കപ്പിള്ള പാലംവരെ മാത്രമായിരുന്നു സഞ്ചാരസ്വാതന്ത്ര്യം. അവിടെയെത്തിക്കഴിയുമ്പോൾ വട്ടിയും കൊട്ടയും ചുമലിലേന്തിയ അമ്മമാർ  യാത്ര പറഞ്ഞ് പാലം കയറി കണിയാപുരം അന്തിച്ചന്തയിലേക്ക് നടന്നകലും. പുഴക്കരയിൽ കുറേനേരം ഞങ്ങൾ ചുറ്റിത്തിരിയും. ഇതിനിടയിൽ പുഴയുടെ ഒഴുക്ക് തെക്കോട്ടാണോ വടക്കോട്ടാണോയെന്ന് തർക്കിക്കും. പിന്നെ  മനസ്സില്ലാമനസ്സോടെ വീടുകളിലേക്ക്‌. അന്തിമയങ്ങുമ്പോൾ  അമ്മമാരെ സ്വീകരിക്കാൻ വീണ്ടുമവിടെ. പാലമിറങ്ങിവരുന്ന അമ്മമാരെ ഞങ്ങൾ കൂടുതൽ സ്‌നേഹിച്ചു. കാരണം, ഞങ്ങൾ പറഞ്ഞേൽപ്പിച്ചിരുന്ന സാധനങ്ങൾ ആ വട്ടികളിലെവിടെയെങ്കിലുമുണ്ടാകും. 

ഒട്ടും നിനച്ചിരിക്കാതെ കണിയാപുരം യാത്ര തരമായി. ഗേറ്റുമുക്കിന് അപ്പുറമുള്ള നൂമാൻ ഡോക്ടറിന്റെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കാണാനാണ്‌ യാത്ര. അമ്മയില്ലാത്ത വീടിന്റെ ശൂന്യതയും ദൈന്യതയും ഞങ്ങളെ തളർത്തിയിരുന്നു. സങ്കൽപ്പത്തിലെ  സ്വപ്‌നലോകം കാണാൻ പോകുന്നതിന്റെ ആനന്ദവും അനുഭൂതിയും. മൂത്ത ജ്യേഷ്‌ഠൻ ബേബിച്ചന്റെ കൈപിടിച്ചാണ് യാത്ര. പക്ഷേ, അണക്കപ്പിള്ള പാലത്തിന്റെ മുകളിലെത്തിയപ്പോൾ കളി കാര്യമായി.  വായും തുറന്നിരിക്കുന്ന പാതാളവിടവുകൾ ഭയപ്പെടുത്തി. എങ്ങനെയെങ്കിലും തിരിച്ചുപോണം. ജ്യേഷ്‌ഠന്റെ മനസ്സാന്നിധ്യം  എങ്ങനെയോ ഞങ്ങളെ അക്കരെ കടത്തി. 

വഴിയോരക്കാഴ്‌ചകൾ കണ്ട് വയലേലകളുടെ ചാരുത നുകർന്ന്  കണിയാപുരത്തെത്തി.  ഗേറ്റുമുക്കിലെ കൂറ്റൻ ആൽമരം അടുക്കുംതോറും ഭീമാകാരം പൂണ്ടുവന്നു. കണ്ണടച്ചുമയങ്ങുന്ന ഒരു വൃദ്ധതാപസന്റെ ഭാവമാണതിന്‌. സമാന്തരമായി പോകുന്ന, വെയിലിൽ തിളങ്ങുന്ന രണ്ടു ലോഹപാളികൾ.  അത് റെയിൽപാളമാണെന്ന് ജ്യേഷ്‌ഠൻ പറഞ്ഞുതന്നു.  തെക്കുനിന്നും ചൂളംവിളി. പുകയും പറത്തി തീവണ്ടി പാഞ്ഞടുക്കുന്നു! നേരത്തെ കണ്ട ആൽമരംപോലെ അതും അടുക്കുന്തോറും വലുതായി. കാതടപ്പിക്കുന്ന ഒച്ചയും ബഹളവും. ജ്യേഷ്‌ഠന്റെ കൈയിൽ ബലമായി പിടിച്ച് സ്‌തബ്‌ധനായി ഞാനും. പാളങ്ങളെ ഞെരിച്ചമർത്തി നീളൻ ലോഹവാഹനം കടന്നുപോകുമ്പോൾ മരങ്ങളും കെട്ടിടങ്ങളും ഞങ്ങളും കുറേനേരമങ്ങനെ നിന്നുകുലുങ്ങി. എന്റെ ആദ്യത്തെ തീവണ്ടിക്കാഴ്‌ച. 

ഉപ്പുമൂട്‌ കഴിഞ്ഞാൽ കണിയാപുരംവരെ  നീർത്തടങ്ങളാണ്. കണ്ണെത്താദൂരത്തോളം നെൽവയലുകൾ. പച്ചപ്പുകൾക്ക് മുകളിലൂടെ വെള്ളക്കൊറ്റികൾ പാറുന്നു. വയലുകൾക്ക് നടുവിലെ മണൽത്തിട്ടകളിൽ ഇടയ്‌ക്കിടെ  ഇരുവശത്തെയും വയലുകളെ ബന്ധിപ്പിക്കുന്ന നീരൊഴുക്കുകൾ.  ചെറു കുളങ്ങൾപോലെ വെള്ളം കെട്ടിക്കിടന്നിരുന്നു. തെളിവെള്ളം നിറയെ  മാനത്തുകണ്ണികളും പരൽമീനുകളും. ആ ചെറുമീനുകളെ  കൈക്കുമ്പിളിലാക്കാൻ നോക്കും. ഞങ്ങളെ വിദഗ്‌ധമായി വെട്ടിച്ച് മീനുകൾ ചുറ്റിലും ഓടും. ഈ ഒളിച്ചുകളി മൂക്കുമ്പോഴാണ് ഞങ്ങൾ കൂടെയില്ലെന്ന്‌ മുമ്പേ നടന്നുപോയ അമ്മമാർ  അറിയുന്നത്. അവർ  പിറകേ ചെല്ലാൻ ഒച്ചയിടും.

 
സ്‌കൂൾ തുറക്കുമ്പോൾ വീണ്ടും ഞങ്ങൾ പാലം കടന്ന് കണിയാപുരത്തേയക്ക് യാത്രപോകും. അക്കാലത്ത് ഞങ്ങളുടെ പ്രദേശത്തെ ഏക ബുക്ക് സ്റ്റാൾ കണിയാപുരത്തെ സുലേഖ ബുക്ക് ഡിപ്പോയായിരുന്നു. ക്ലാസ് ടീച്ചറിന്റെ നിർദേശപ്രകാരം എഴുതിയുണ്ടാക്കിയ ചെറിയൊരു ലിസ്റ്റ് ഞങ്ങളുടെ കൈവശമുണ്ടാകും. അതനുസരിച്ച് കടക്കാരൻ ടെക്‌സ്റ്റ്‌ ബുക്കുകളും നോട്ടുബുക്കുകളുമൊക്കെ തിരഞ്ഞെടുത്ത് മേശമേൽ നിരത്തും. ഇരുണ്ടനിറമുള്ള കിളരം കൂടിയ അധികം സംസാരിക്കാത്ത ഒരാളായിരുന്നു കടയുടമ. അധികം സംസാരിക്കുകയില്ല, അയാൾ ഒരിക്കലും ചിരിക്കുകയുമില്ല. എന്നാൽ, അവിടെനിന്ന്‌ വാങ്ങുന്ന പുസ്‌തകങ്ങൾക്കോ ബുക്കുകൾക്കോ ആ ഗൗരവഭാവമൊന്നുമില്ലായിരുന്നു. അവ എപ്പോഴും ഞങ്ങളെ നോക്കി  വെളുക്കെ ചിരിച്ചു. അവ പ്രസരിപ്പിച്ച ഹൃദ്യമായ പുതുഗന്ധം ഞങ്ങളെ മത്തുപിടിപ്പിച്ചു.
 
ഒരിക്കൽ അന്തിമയങ്ങിത്തുടങ്ങിയ നേരത്ത് ഞങ്ങൾ ചിലർ കണിയാപുരത്തുനിന്ന്‌ മടങ്ങുകയായിരുന്നു. കൂട്ടത്തിൽ മീൻ വിറ്റ് മടങ്ങുന്ന ഒന്നുരണ്ട്‌ സ്‌ത്രീകളുമുണ്ടായിരുന്നു. അവർ കുട്ടികളായ ഞങ്ങളോട് പണ്ടുകാലത്തെ പല കഥകളും പറഞ്ഞുകൊണ്ടിരുന്നു. വയലുകൾ ആരംഭിക്കുന്നിടത്ത് എത്തിയപ്പോൾ സ്‌ത്രീ പെട്ടെന്നുനിന്നു. എന്നിട്ട് ഒറ്റപ്പെട്ടുനിന്ന മരം ചൂണ്ടിക്കാണിച്ചുകൊണ്ട്  ഗൗരവഭാവത്തിൽ പറഞ്ഞു,  ‘‘ഇതാണ് ചാട്ടങ്ങ മരം. ഇതിന്റെ കായകഴിച്ചാൽ അപ്പോൾത്തന്നെ മരിക്കും.’’ പിന്നീട് ആ വഴി പോകുമ്പോഴൊക്കെ അറിയാതെ അങ്ങോട്ടേക്ക് നോക്കിപ്പോകും. പാണ്ടിമാങ്ങയേക്കാൾ അൽപ്പം വലിപ്പമേറിയ മങ്ങിയ പച്ചനിറമുള്ള കായകളുള്ള മരം.  ഒരു  കൊലമരമാണെന്ന് തോന്നിക്കാത്ത സൗമ്യപ്രകൃതം. എങ്കിലും അന്തികഴിഞ്ഞ് മടങ്ങുമ്പോൾ ഒറ്റപ്പെട്ട് നിൽക്കുന്ന അതിന്റെ പ്രേതരൂപം  ഉൾഭയമുണ്ടാക്കി.
  
പാടശേഖരങ്ങൾ പിന്നിട്ടാൽ ഒന്നുരണ്ട്‌ കലുങ്കുണ്ടായിരുന്നു. അവിടെ ചെറുപാറകൾക്കിടയിലൂടെ ഒഴുകുന്ന  നീർച്ചാലുകളുടെ സംഗീതം കേൾക്കാം. സുഖകരമായ ഒച്ചയിൽ മുഴുകി കുറച്ചുനേരം കണ്ണുകളടച്ചങ്ങനെ നിൽക്കും. പിന്നെ വശങ്ങളിലെ കരിങ്കൽക്കെട്ടുകൾക്ക്  മുകളിലൂടെ ഏന്തിവലിഞ്ഞ്‌ താഴേക്കുനോക്കും. വെള്ളത്തിന് മുകളിലേക്ക് ഉന്തിനിൽക്കുന്ന ചെറുപാറക്കഷണങ്ങളിൽ വിശ്രമിക്കുന്ന പാമ്പുകളുണ്ടാകും. ദേഹത്ത് പച്ചയും നീലയും പുള്ളികളുള്ള അവ നാവുകൾ പുറത്തേക്ക് നീട്ടിയും വലിച്ചും തലകളുയർത്തി അനങ്ങാതെ ഒരേ ഇരുപ്പിരിക്കും. കല്ല് എറിഞ്ഞാലും ഒരു  ഭാവഭേദവുമില്ല. പേടിയായിരുന്നെങ്കിലും അവയുടെ അനന്തവും ഏകാഗ്രവുമായ ഇരിപ്പ് എന്നെ ആകർഷിച്ചു. കൂട്ടുകാരെല്ലാം നടന്നകന്നാലും പിന്നെയും ആ കൗതുകം കണ്ട് കുറേനേരം അവിടെത്തന്നെ നിൽക്കും. കാലക്രമേണ കണിയാപുരം ഞങ്ങളുടെ ജീവിതങ്ങളിൽ അപ്രസക്തമായി. കറണ്ടിന് പണമടയ്‌ക്കാനും ഫോൺ ബില്ലടയ്‌ക്കാനുമൊക്കെ മാത്രമാണ് ഞങ്ങൾ പിൽക്കാലങ്ങളിൽ അവിടേക്ക്‌ പോയിരുന്നത്.
 
വിദേശങ്ങളിൽനിന്ന്‌ ഒഴുകിവന്ന പണം ഞങ്ങളെ ധാരാളികളും സുഖലോലുപരുമാക്കി. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകൾ ആരംഭിച്ചപ്പോൾ അതിൽക്കയറി എന്തിനുമേതിനും തിരുവനന്തപുരത്തേക്ക്‌ പോകുന്നത് ശീലമായി.  ഞങ്ങൾക്കിപ്പോൾ നഗരവും മടുത്തിരിക്കുന്നു.  കഴക്കൂട്ടം സാറ്റലൈറ്റ് സിറ്റിയായി ഉയർന്നപ്പോൾ ഞങ്ങളുടെ  സ്വപ്‌നങ്ങളും ആവശ്യങ്ങളുമെല്ലാം കഴക്കൂട്ടത്ത്‌ ചുറ്റിത്തിരിയുകയാണ്.
 
വയലേലകൾ പാടേ അപ്രത്യക്ഷമായിരിക്കുന്നു. അവയുടെ സ്ഥാനത്ത് സുന്ദരമായ മണിമാളികകൾ. നീർത്തടങ്ങളുടെ സ്ഥാനത്ത് തെങ്ങിൻത്തോപ്പുകളും വാഴത്തോട്ടങ്ങളും. കലുങ്കുകൾ ഇപ്പോഴുണ്ടെങ്കിലും നീർച്ചാലുകളില്ല. പണ്ടുകണ്ട വർണ സർപ്പങ്ങളുടെയും മാനത്തുകണ്ണികളുടെയുമൊക്കെ വംശപരമ്പരകൾ എവിടെയാകും ചേക്കേറിയിരിക്കുകയെന്ന് പലപ്പോഴും ഞാൻ സങ്കടത്തോടെ ഓർക്കാറുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top