01 April Saturday

യാഥാർഥ്യത്തിനും മിഥ്യക്കുമിടയിലെ സ്റ്റേഷൻകടവ്

അശോകൻ വെളുത്ത പറമ്പത്ത് asokan.vp@gmail.comUpdated: Sunday Jan 15, 2023

കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു പ്രതിഭയുടെ അനുസ്മരണത്തിൽ "ടൈം ട്രാവലർ' നാടകം അവതരിപ്പിക്കപ്പെട്ടത് യാദൃച്ഛികമാകാനിടയില്ല. ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ അനുസ്മരണ പരിപാടിയിലാണ് കോഴിക്കോട് ടൗൺ ഹാളിൽ ചരിത്രത്തിന്റെ പിന്തുണയുള്ള ഫാന്റെസി നാടകമായ സോവിയറ്റ് സ്റ്റേഷൻകടവ് അരങ്ങേറിയത്. കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകം കണ്ടുകൊണ്ടിരിക്കെ സ്റ്റേഷൻകടവിലെ രവിയെന്ന ചെറുപ്പക്കാരനെ കാലത്തെ മാറ്റിമറിച്ചുകൊണ്ട് സോവിയറ്റ് യൂണിയനിൽ എത്തിക്കുകയും അവർ അയാളെ ഹിറ്റ്‌ലറെ വധിക്കാനയക്കുന്നതുമാണ് നാടകത്തിന്റെ തുടക്കം. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്‌ലർ വിജയിക്കപ്പെടുകയാണെങ്കിൽ, യുദ്ധാനന്തരം സോവിയറ്റ് യൂണിയന്റെ അവസ്ഥയെന്തായിരിക്കുമെന്ന് സങ്കൽപ്പിച്ചുകൊണ്ട്  ഒരു ടൈം മെഷീൻ ഉൾപ്പെടുന്ന പദ്ധതിയിൽ ഉൾച്ചേർക്കപ്പെടുകയാണ് രവി. നാടകത്തിലായാലും ജീവിതത്തിലായാലും കാലം ഒരു പ്രത്യേക ഘടകംതന്നെയാണ്. കാലത്തെക്കുറിച്ചുള്ള യുക്തിബോധത്തെ നിരാകരിക്കുകയും അയുക്തികതയിലൂടെ യാത്ര ചെയ്യാൻ നിർബന്ധിതനാകുകയും ചെയ്യുന്ന അയാൾ 2022ൽനിന്ന് 1980ൽ സോവിയറ്റ് യൂണിയനിൽ എത്തുന്നു. അവിടെനിന്ന് പിന്നോട്ടു സഞ്ചരിക്കുന്ന അയാൾ ജർമനിയിലെത്തി ഹിറ്റ്‌ലറുടെ പൂർവകാല ജീവിതത്തിലൂടെയും അനുയാത്ര ചെയ്യുന്നു. എല്ലാ ഏകാധിപതികളും തങ്ങളുടെ "യഥാർഥ' ഭൂതകാലം വെളിപ്പെടുത്താത്തതിന്റെ കാരണങ്ങൾ രവി തിരിച്ചറിയുന്നു. ഹിറ്റ്‌ലറിൽനിന്ന് ഇന്ത്യൻ സാഹചര്യങ്ങളിലേക്ക് വഴിമാറുന്ന നാടകം ജനങ്ങളുടെ യുക്തിബോധത്തെ ഊതിവീർപ്പിച്ച ദേശഭക്തികൊണ്ട് എങ്ങനെ കീഴ്പ്പെടുത്താൻ കഴിയുമെന്ന ഗൂഢാലോചനയും ചില വെളിപാടുകളായി കടന്നുവരുന്നുണ്ട്. ഫാസിസം ഒരു രാജ്യത്തെ ഒരവസ്ഥയല്ലെന്നും ആൾക്കൂട്ടത്തെ ദേശസ്നേഹത്തിന്റെ കവചമണിയിക്കുമ്പോൾ സംജാതമാകുന്ന പ്രതിഷേധങ്ങളില്ലാത്ത അരാഷ്‌ട്രീയാവസ്ഥയാണെന്ന സൂചനകളും നാടകം നൽകുന്നുണ്ട്. സ്ഥലകാലങ്ങൾക്കപ്രാപ്യമായി സഞ്ചരിക്കുന്ന നാടകം ഭീതിപ്പെടുത്തുന്ന ചില സത്യാവസ്ഥകളിലേക്കും വെളിച്ചം വീശുന്നു. ഒരു ടൈം സോണിൽനിന്ന് ഹിറ്റ്‌ലർ, ഈവ ബ്രൗൺ, ബ്രഷ് നേവ്, ടെസ്‌ല, ഗീബൽസ് എന്നിവർ എങ്ങനെ ചരിത്രത്തിന്റെ തുടർച്ചയെ നിയന്ത്രിച്ചിരുന്നെന്ന് നാടകം വളരെ ഗൗരവമായി ഓർമപ്പെടുത്തുന്നുണ്ട്.

വളരെ ഗഹനമായി സമീപിക്കേണ്ടുന്ന സമയത്തെയും കാലത്തെയും ഒരു തോന്നലായും എന്നാൽ ചരിത്ര കനൽ സാംസ്കാരികവേദിയുടെ ബാനറിൽ ഹാസിം അമരവിള സംവിധാനംചെയ്ത ഈ നാടകം മുരളീകൃഷ്ണന്റെ ചെറുകഥയുടെ ആവിഷ്കാരമാണ്.രവിയായി അമൽ കൃഷ്ണയും ഹിറ്റ്‌ലറായി കണ്ണൻ നായരും നല്ല പ്രകടനം കാഴ്ചവച്ചു. ഗീബൽസായി വേഷമിട്ട ജോസ് പി റാഫേൽ അരങ്ങിന് ഊർജമായിരുന്നു. യുവ ഹിറ്റ്‌ലറായി റെജു കോലിയക്കോടും ബ്രഷ്‌നേവായി സന്തോഷ് വെഞ്ഞാറമൂടും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സാങ്കേതിക പിന്തുണ നൽകുന്നത് ഇലക്ട്രിക്കൽ എൻജിനിയർ സുജിത്ത് രാജനാണ്. തൃശൂരിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവെലിലേക്ക് (ITFOK)തെരഞ്ഞെടുക്കപ്പെട്ട നാടകമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top