15 December Sunday

പാട്ടിന്റെ കട്ടമരത്തിലേറി

എൻ എസ്‌ സജിത്‌ nssajith@gmail.comUpdated: Sunday Jul 14, 2019

പുതിയതുറ കടൽപ്പാട്ടു സംഘത്തിലെ ജെയിംസ‌്, വിൻസെന്റ‌്, ക്ലീറ്റസ‌് എന്നിവർ ഫോട്ടോ: വിഷ്‌ണു രാജേന്ദ്രൻ

അഞ്ചുതെങ്ങുമുതല്‍ പൊഴിയൂർവരെയുള്ള മുപ്പത്തിരണ്ടു തുറകളിലെ മത്സ്യത്തൊഴിലാളികളുടെ സംസ്‌കാരത്തിന് കടലിനോളം ആഴവും വിസ്‌തൃതിയുമുണ്ട്. ലിപിയില്ലാത്ത സ്വന്തം ഭാഷയും ആ ഭാഷയില്‍ പാട്ടുകളുമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് പൂർവികര്‍ വാമൊഴിയായി കൈമാറിയ പാട്ടുകള്‍ നാടോടി സാഹിത്യത്തില്‍ ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. തിരുവനന്തപുരം പുതിയതുറയിലെ കടല്‍പ്പാട്ടുകാരെക്കുറിച്ച്

 

മരണവും അതേസമയം ഉയിർപ്പുമാണ് കടലിലേക്കുള്ള ഓരോ യാത്രയും. ഒരു നദിയിൽ ഒന്നിലേറെ തവണ മുങ്ങാനാകില്ലെന്നു പറയുംപോലെതന്നെയാണ് കടലിന്റെയും കാര്യം. ഇന്ന് ഇറങ്ങിപ്പോന്ന കടലിലേക്കാവില്ല  നാളെ തോണിയിറക്കുക. കടൽനടുവിലെ അവ്യവസ്ഥമായ ഋതുഭേദങ്ങളിലേക്കാണ് യാത്ര. അനാദിയായ കടലിന്റെ അഗാധനീലിമയിൽ ദുരന്തങ്ങളുടെ  ലാവാദ്രവം എപ്പോൾ കലരുമെന്നത് അചിന്ത്യം. കടൽദൂരങ്ങളിൽ വള്ളത്തിന്റെ തൊട്ടിലാട്ടങ്ങളിൽ മയങ്ങിയുണരുമ്പോഴായിരിക്കും അതുവരെ തെളിഞ്ഞുനിന്നിരുന്ന മാനത്ത് കാളിമ പടരുക. എപ്പോഴുമെത്താം മരണം. തിരകളുടെ സംഹാരത്തിൽ ചേതംവന്ന കപ്പലുകളുടെയും അജ്ഞാതരായ കപ്പിത്താന്മാരുടെയും വിശുദ്ധമായ കബറിടങ്ങൾകൂടിയാണ് കടൽത്തട്ട്. കടൽ കോപിക്കുമ്പോൾ മരണം മുന്നിലെത്തും. ഭയപ്പെടുത്തുന്ന കടൽ അടുത്തമാത്രയിൽ വഞ്ചിയെ താരാട്ടുന്ന അമ്മയാകും.

കടലനുഭവങ്ങൾ പാട്ടുകളിൽ

 
വള്ളത്തിലേക്ക് ആർത്തലച്ചെത്തുന്ന തിരമാലകളെ പത്തിവിടർത്തിയാടുന്ന പാമ്പുകളായി കൽപ്പിച്ചവരുണ്ട്. വള്ളത്തിന്റെ പള്ളയിൽ ആ തിരമാലകൾ ആഞ്ഞുകൊത്തുകയാണെന്ന് ഭാവനയിൽ കണ്ടവർ പേരെടുത്ത കവികളല്ല. ആ കൽപ്പനയുടെ തുമ്പിൽ പിടിച്ച‌് പാട്ടുകെട്ടിയവരെ നമ്മൾ കേട്ടിട്ടില്ല. കേൾക്കുകയുമില്ല. അവർ നമുക്ക് അജ്ഞാതരായ മത്സ്യത്തൊഴിലാളികൾ. വിദ്യാലയവും സർവകലാശാലയും നൽകാത്ത അറിവുകൾ കടലിൽനിന്ന് മുങ്ങിയെടുത്തവർ. 
 
"നാക്ക നാക്ക നീട്ടും പാമ്പ്
നല്ല മടൈയെടുത്താട്ടും പാമ്പ്
തേക്കുമരത്തിലറയും പാമ്പ്
തേവനാന പാമ്പല്ലോ '
 
അഞ്ചു മരത്തടികൾ ഏച്ചുകൂട്ടിയ കട്ടമരത്തിനുമേൽ തിരകൾ പാമ്പിനെപ്പോലെ ആഞ്ഞുകൊത്തുകയാണെന്ന അപാരഭാവനയിലുള്ള ഇത്തരം പാട്ടുകളുടെ സാഹിത്യം ആധുനിക മലയാളത്തിനും തമിഴിനും അപരിചിതം. അവ രേഖപ്പെടുത്തിയിട്ടില്ല. അതിന്റെ കാര്യവുമില്ല, കാരണം  അതവരുടെ ജീവിതത്തിന്റെ ഈണവും ഉപ്പുമാണ്.  കേരളത്തിലാണ് ഈ കടൽക്കവികളും കടൽപ്പാട്ടുകാരും ജനിച്ച് ജീവിച്ച് മരിച്ച് മണ്ണോട് ചേരുന്നതെങ്കിലും അവർ പറയുന്നതും പാടുന്നതും മലയാളത്തിലല്ല, തമിഴിലുമല്ല. വീടകങ്ങളിലും തുറയുടെ അതിരുകൾക്കുള്ളിലുംമാത്രം ഇവർ പറയുന്ന ഭാഷയിലെ കയറ്റിറക്കങ്ങൾ അത്യാകർഷകമാണ്. മലയാളവും തമിഴും ലത്തീനും സുറിയാനിയും പോർത്തുഗീസും വാമൊഴികളിൽ വന്നുംപോയുമിരിക്കും. അതിരുകാണാത്ത കടലിൽ മാസങ്ങൾ തുടർച്ചയായി യാത്രചെയ്യുമ്പോൾ വാക്കുവലകളിൽ കുരുങ്ങുന്ന കന്നടമൊഴികളും പല തുറകളിലും പതുക്കെ പ്രചാരത്തിലാകുന്നു. തുറയ്‌ക്കുപുറത്തെത്തിയാൽ തെളിമലയാളം പറയുന്നവർ വീടുകളിൽ പറയുന്നത് ഈ സങ്കരഭാഷ. 
 
കടൽപ്പാട്ട്‌ സംഘം വിനോദ്‌ വൈശാഖിക്കൊപ്പം

കടൽപ്പാട്ട്‌ സംഘം വിനോദ്‌ വൈശാഖിക്കൊപ്പം

അഞ്ചുതെങ്ങുമുതൽ പൊഴിയൂർവരെ

 
തിരുവനന്തപുരം‐കൊല്ലം അതിർത്തിയിലെ അഞ്ചുതെങ്ങുമുതൽ തെക്ക് തമിഴ്നാട് അതിർത്തിയിലുള്ള പൊഴിയൂരും അതിനപ്പുറവുംവരെ ദ്രാവിഡപ്പരപ്പിലെ 32 തുറകളിൽ ജീവിതത്തിന്റെ ഉപ്പുമണമുള്ള, അനന്തവൈവിധ്യമുള്ള കടൽപ്പാട്ടുകൾ ഓരോ ദിനത്തിലും പുതുക്കപ്പെടുന്നു. വിഴിഞ്ഞത്തിനടുത്ത് പുതിയതുറയിലെ മൂന്ന‌് മത്സ്യത്തൊഴിലാളികൾ, ക്ലീറ്റസും ജെയിംസും വിൻസെന്റും കടൽപ്പാട്ടിന്റെ ചരിത്രത്തിൽ സ്ഥാനംപിടിക്കുന്നത് അങ്ങനെയാണ്. അജ്ഞാത കർത്തൃകമായ കടൽപ്പാട്ടുകളെ പൊതുസമൂഹത്തിലെത്തിക്കുകയെന്ന ചരിത്രദൗത്യം നിർവഹിച്ചവർ. കവിതയോ പാട്ടോ എന്ന് വ്യവച്ഛേദിച്ചറിയാനാകാത്ത രചനകളുടെ കടലാഴങ്ങളിൽ മുങ്ങിനിവർന്നവർ. ഈ പാട്ടുകളുടെ പായ്‌ക്കപ്പലിനെ കടലിൽനിന്ന് പുറത്തെത്തിച്ച് തുറയ്‌ക്കുപുറത്ത് നങ്കൂരമിട്ടവർ.
 
ഒരു നാടോടിവിജ്ഞാനീയ ശാഖയുടെയും പരിധിയിൽ കടൽപ്പാട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. ഭാവിയിൽ അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിന് കാരണക്കാർ ഈ മൂന്നുപേരാകുമെന്നതിൽ സംശയമില്ല. കാരണം, കേരള സാഹിത്യ അക്കാദമി കടലറിവുകൾ എന്ന പേരിൽ കാസർകോട്‌ നീലേശ്വരം തൈക്കടപ്പുറത്ത്‌ സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്തതോടെ ചില ഫോക‌്‌ലോറിസ്റ്റുകളുടെ കണ്ണുകൾ ഇവരുടെ ഗാനശാഖയിൽ  പതിഞ്ഞിട്ടുണ്ട്.
 
ഇവർ പാടുന്ന തമിഴ്പാട്ടുകളുടെ ഇമ്പം കേട്ടറിഞ്ഞ് സമീപവാസിയും കവിയും പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമായ വിനോദ് വൈശാഖിയാണ് ഇവരെ നിർബന്ധപൂർവം നീലേശ്വരത്ത്‌ എത്തിച്ചത്. പുതിയതുറ കടൽപ്പാട്ടുസംഘം എന്നു പേരിട്ട ഇവരെ അവിടെ എത്തിക്കാൻപെട്ട പാട് വിനോദ് വൈശാഖി പറയും. ‘‘ഈ പാട്ടുകൾ നിലനിൽക്കണമെന്നും മറ്റുള്ളവർ ഇതേക്കുറിച്ചറിയണമെന്നും ആഗ്രഹം ഇവർക്കുണ്ട്‌. എന്നാൽ, വേദിയിൽ അവതരിപ്പിക്കാനുള്ള ലജ്ജകാരണം ഇവരിലൊരാൾ വഴിയിൽവച്ച് മടങ്ങി. തിരിച്ചെത്തി നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ക്യാമ്പിലുള്ളവർ ഇവരുടെ പാട്ടുകളുടെ, പ്രത്യേകിച്ച് നൂറ്‌ മീനുകളുടെ പേരുകളുള്ള മീൻപാട്ടിന്റെ വശ്യതയിൽ മുങ്ങിപ്പോകുകയായിരുന്നു. വങ്കട പെട്ടാലേ മോനേ സങ്കടം തീരുമെടാ, കൊളുവ പെട്ടാലേ മോനേ കവിളു കനക്കുമെടാ എന്നു തുടങ്ങുന്ന പാട്ടിലത്രയും മീൻഗന്ധം നിറയുകയായിരുന്നു. ഇവരിലൂടെ ഇവരുടെ പാട്ടുകളിലൂടെ കടലറിവുകൾ പുതുതലമുറയിലെത്തുകയാണ്. പ്രളയകാലത്ത‌് വള്ളവുമായി ജനങ്ങളെ രക്ഷിക്കാൻ പോയവർകൂടിയാണിവർ.''

 

പാട്ടിന്റെ കാണാക്കടൽ

 
തലമുറകളിലൂടെ വാമൊഴിയായി കൈമാറിവന്ന പാട്ടുകളെത്ര? അങ്ങനെയൊരു ചോദ്യംതന്നെ പാടില്ലെന്ന് ഈ പാട്ടുകാർ തിരുത്തും. എത്രയോ പാട്ടുകൾ മുൻതലമുറകൾ തന്നു. വല തുന്നുന്നതുപോലെ കുറച്ചു പാട്ടുകൾ ഞങ്ങളും തുന്നിക്കൂട്ടുന്നു. ജനപ്രിയമായ തമിഴ് പാട്ടുകളുടെ ഈണം കടമെടുത്ത് നിരവധി ക്രിസ്‌തീയ ഭക്തിഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.  രാജാവുമീനിന്റെയും റാണിമീനിന്റെയും  കല്യാണം വിഷയമാകുന്ന ഒരു കഥാപ്രസംഗവും  ചിട്ടപ്പെടുത്തി.
 
കടലിനുള്ളിലൊരു കടലുണ്ട് ഇവർക്ക്. കൊച്ചെടത്വ എന്നറിയപ്പെടുന്ന സെന്റ് നിക്കോളാസ് ദേവാലയഗോപുരത്തിന്റെ വിളക്കുകളും അസംഖ്യം നക്ഷത്രസമൂഹവും കടലിലെ നിഗൂഢവഴികളിൽ മത്സ്യത്തൊഴിലാളികൾക്ക് തുണയാകുന്നു. ഓരോ ഋതുവിലും വഴിവിളക്കാകുന്ന നക്ഷത്രസമൂഹത്തിന് അവരിട്ട പേരുകൾ വാനനിരീക്ഷകർക്ക് അപരിചിതം. കുരിശുവെള്ളി, കണിയവെള്ളി, എരണവെള്ളി, മുളയ്‌ക്കാമീൻ, കപ്പലുവള്ളി, ചോത്തിവള്ളി തുടങ്ങിയ പേരുകൾ. ഓരോ നക്ഷത്രസമൂഹത്തെയും കാണുന്നത്  ഓരോ ദിനത്തിലെയും ഗുണദോഷങ്ങൾക്ക് നിമിത്തമാകുമെന്നാണ്  മത്സ്യത്തൊഴിലാളികളുടെ വിശ്വാസം. വലനിറയെ മീൻകിട്ടാനും അന്നത്തിന് മുട്ടില്ലാതിരിക്കാനും ഈ നക്ഷത്രസമൂഹങ്ങളെ സ്‌തുതിച്ചും ഇവർ പാടും.
 
പാട്ടുകളിലെ വൈവിധ്യം തൊഴിലിന്റെ ഓരോ ഘട്ടത്തിലുമുണ്ട്. മണൽപ്പരപ്പിൽനിന്ന് കൂട്ടത്തോടെ വള്ളത്തെയും കട്ടമരത്തെയും തള്ളി കടലിലിറക്കുമ്പോൾ പാടും ഏലപ്പാട്ട്. കരയിലുറപ്പിച്ച വലയുടെ ഒരറ്റം കടലിലേക്കിറക്കി കടലിൽ വലകൊണ്ട് ഒരർധവൃത്തമുണ്ടാക്കി മീൻപിടിക്കുന്നതിനെ കരമടിവളയ്‌ക്കൽ എന്നാണ് പറയുക. ഈ പ്രവൃത്തിക്കിടെ പാടുന്ന പാട്ടിന് കരമടിപ്പാട്ട് എന്ന‌് പേര‌്. മീൻകൂട്ടത്തെ പിടിച്ച പിടിയിൽനിർത്താനും പാട്ടുണ്ട്, മന്ത്രപ്പാട്ട്. ശത്രുക്കൾ ചെയ്യുന്ന കൂടോത്രത്തിൽനിന്നും ആഭിചാരങ്ങളിൽനിന്നും ഊരിപ്പോരാൻ കുരുക്കഴിക്കൽ പാട്ട്. വലനിറയെ മീൻനിറയാൻ ഓരുപാട്ട്. ലത്തീൻ ക്രിസ്‌ത്യൻ അനുഷ്‌ഠാനങ്ങളിൽ പാടുന്നത് ചിന്തുപാട്ട്. സമപ്രായക്കാരാണ് വള്ളത്തിലുള്ളതെങ്കിൽ പാടുന്ന മുട്ടൻ തെറിപ്പാട്ടിലും കഥാപാത്രങ്ങൾ മീനുകൾതന്നെ. കടൽയാത്രയിൽ സംഭവിക്കുന്ന ഇടിവെട്ട്, മിന്നലടി, മഴയിരുത്ത് തുടങ്ങിയ പ്രതിഭാസങ്ങൾ വിഷയമാകുന്ന പാട്ടുകളും നിരവധി.
 

കടൽപ്പാട്ടിന്റെ ചരിത്രം

 
പുതിയതുറ ഉൾപ്പെടുന്ന കരിങ്കുളം പ്രദേശം കേരളീയ നവോത്ഥാനത്തിന്റെ ഭൂമികയാണ്‌. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതകൂടിയ ഗ്രാമപഞ്ചായത്താണ് കരിങ്കുളം. ശ്രീനാരായണഗുരു കാൽനടയായി വന്ന്‌ കെട്ടുകല്യാണം തടഞ്ഞ നാട്. അരുവിപ്പുറവും അയ്യൻകാളിയുടെ സ‌്മൃതികുടീരം സ്ഥിതിചെയ്യുന്ന ചിത്രകൂടവും പുതിയതുറയ്‌ക്ക്‌ വിളിപ്പാടകലെ.
പതിനാലാം നൂറ്റാണ്ടിലേക്കൊന്നു പോയാൽ ഇവിടെ കോവളം കവികളുടെ കാൽപ്പാദങ്ങൾ പതിഞ്ഞ മണ്ണുകാണാം. ജ്യേഷ്‌ഠകവി ഔവാടുതുറ അയ്യിപ്പിള്ളയാശാൻ രചിച്ച രാമകഥപ്പാട്ടും സഹോദരൻ അയ്യിനിപ്പിള്ളയാശാൻ രചിച്ച ഭാരതം പാട്ടും കേട്ടുണർന്ന നാടാണിത്.  ദ്രാവിഡവൃത്തങ്ങളുടെ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഈ രണ്ടു കൃതികളും. ഇവിടുത്തെ ഹിന്ദുഭവനങ്ങളിൽ കർക്കടകത്തിൽ പാടുന്നത് രാമായണമല്ല, രാമകഥപ്പാട്ടാണ്.  മുത്തശ്ശിമാരിൽ പലർക്കും രാമകഥപ്പാട്ട് കാണാപ്പാഠവുമാണ്. അമ്പിളിവളയം എന്ന താളവാദ്യം കൊട്ടിയാണ് പണ്ട് രാമകഥപ്പാട്ട് പാടിയിരുന്നത്.
 
അന്നത്തെ ദേശഭാഷ ഒഴുകിയൊഴുകി മത്സ്യത്തൊഴിലാളികളുടെ വ്യവഹാരഭാഷയുമായി കൂടിക്കലർന്നതുകൊണ്ടാകണം ഇന്ന് തുറകളിൽ തനതായ  ഭാഷ രൂപപ്പെട്ടത‌്. ഒപ്പം തുടർന്നുള്ള നൂറ്റാണ്ടുകളിൽ കേരളതീരമണഞ്ഞ വിദേശഭാഷകളും ഇവരുടെ ഭാഷയിൽ കലർന്നിരിക്കണം.
 
 

കടപ്പെറ പാസ

ഡി അനിൽകുമാർ

ഡി അനിൽകുമാർ

 
അഞ്ചുതെങ്ങുമുതൽ പൊഴിയൂർവരെയുള്ള 32 തുറകളുടെ ഭാഷയെയും സംസ്കാരത്തെയും ഇനിയും പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ‘കടപ്പെറ പാസ' എന്നപേരിൽ തുറകളിലെ വാക്കുകളുടെ നിഘണ്ടു തയ്യാറാക്കിയ കവിയും ഗവേഷകനുമായ ഡി അനിൽകുമാർ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ  തൊഴിൽപരമായ വിശ്വാസങ്ങൾ കൗതുകകരമാണ്. കടലിൽ ആമയെക്കണ്ടാൽ അവരതിനെ പരന്തകിളി (പരന്ന ചിറകുള്ള കിളി എന്ന അർഥത്തിൽ) എന്നേ വിളിക്കൂ. ആമയെന്ന‌് വിളിച്ചാൽ അത‌് അപ്രത്യക്ഷമാകുമത്രേ. തിമിംഗലത്തെക്കണ്ടാൽ അതിനെ പരിഹസിക്കാൻ പാടില്ല. പരിഹസിച്ചാൽ തിമിംഗലത്തിന് അത് മനസ്സിലാകുമെന്നും ചിലപ്പോൾ കോപിക്കുമെന്നും വിശ്വാസം. കേരളത്തിലെ മറ്റു തുറകളിൽനിന്ന് ഭിന്നമായി മത്സ്യബന്ധനംമാത്രമാണ് ഇവിടെ ജീവനോപാധി. മറ്റിടങ്ങളിൽ സംഭവിച്ച വൈദേശകാധിനിവേശങ്ങളോ  അതിന്റെ ഉപോൽപ്പന്നമായ കച്ചവടമോ കപ്പൽ‐പത്തേമാരി നിർമാണമോ അനുബന്ധ തൊഴിലുകളോ അന്യമാണിവിടങ്ങളിൽ. കടലുപോലെ ഇരമ്പുന്ന പാട്ടുറവുകളുടെ ഉടമകളാണിവർ.  പുതിയ പാട്ടുകളിൽ പുതിയ സംസ്‌കാരവും പ്രതിഫലിക്കുന്നുണ്ട്. കടലിനെ കുണ്ടുംകുഴിയും നിറഞ്ഞ റോഡായി സങ്കൽപ്പിച്ച് ചമയ്‌ക്കുന്ന പാട്ടുകൾ തൊണ്ണൂറുകൾക്കുശേഷം രൂപം കൊണ്ടിട്ടുണ്ട്‐ അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top