29 September Tuesday

ബ്രഡ്ഡിനെ ഇകഴ‌്ത്തിപ്പറഞ്ഞാൽ ഡിങ്കനാണെ ഞങ്ങൾ അടിക്കും

കെ വി മണികണ‌്ഠൻUpdated: Sunday Jul 14, 2019

കെ വി മണികണ‌്ഠൻ

വിശപ്പാണല്ലോ രുചി! അറ്റത്തെ പുറംചട്ട ബ്രഡ്  വേണമെന്ന് അവൻ ആവശ്യപ്പെട്ടത് ഉദാരമതിയായ ഞാൻ അനുവദിച്ചു. ഞങ്ങൾ നദിസ്യയിലെ ഫുട്പാത്തിലൂടെ  കോർണിഷ് പാർക്കിലേക്ക് വേഗം നടന്നു. അഹ്ലാദം കൂടിപ്പോയതുകൊണ്ടോ എന്തോ, അവൻ ബ്രഡ്ഡും ജാമും ഇട്ട പ്ലാസ്റ്റിക്ക് കവർ കയ്യിൽ പിടിച്ച് കറക്കി. കവറിന്റെ പള്ളയിൽ ഉണ്ടായിരുന്ന വിള്ളലിൽ കൂടി ജാം ആകാശത്തേക്കുയർന്ന‌് ഞങ്ങൾക്ക് രണ്ടു മീറ്റർ മുന്നിൽ ലാൻഡ് ചെയ‌്തു.  തെറിയുടെ അകമ്പടിയോടെ ഞാൻ അവനെ കൊല്ലുന്ന നോട്ടം നോക്കി

 

‘പട്ടിണി കിടന്നിട്ടുണ്ടോ’ എന്ന ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ടോ? 

ഉണ്ടാകും. എഴുപതുകളിലും എൺപതുകളിലും ജനിച്ചവർ കേട്ടിട്ടുണ്ടാകും. ശ്ശെടാ, പട്ടിണി അങ്ങനെയൊന്നും കിടക്കേണ്ടി വരാത്തത് ഞങ്ങളുടെ കുറ്റമാണോ? ആണെന്നാണ‌് ചോദ്യം കേട്ടാൽ തോന്നുക. 
 
സമകാലിക മലയാള സാഹിത്യത്തിൽ പട്ടിണിയും ദാരിദ്ര്യവുമൊക്കെ കൊണ്ടുവരാൻ ഇച്ചിരി പാടാണ്. സന്തോഷ‌് ഏച്ചിക്കാനത്തിന‌് അതിന‌് ഗോപാൽ യാദവിനെ കൂട്ടുപിടിക്കേണ്ടിവന്നു. 
 
ഭൗതികമായി കാണാമറയത്തും മാനസികമായി നമുക്കൊപ്പവും എപ്പോഴും ഉണ്ടായിരിക്കുക എന്നത‌് കാൽനൂറ്റാണ്ടുമുമ്പ് വെറും വന്യഭാവനമാത്രമാരുന്നില്ലേ? ഇതൊക്കെ വേണ്ട രീതിയിൽ സാഹിത്യത്തിൽ വന്നോ ഇല്ലയോ എന്ന് പഠിച്ച ഗവേഷകർ ഉണ്ടോ? നമുക്കിപ്പോഴും എഴുത്ത് എന്നാൽ ഇല്ലായ‌്മ/ദാരിദ്ര്യം ഒക്കെ ആണെന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷം വായനക്കാരാണോ സാഹിത്യത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടത്?
 
 കുറച്ചുമാത്രം എഴുതിയ ഈയുള്ളവനോട് വായനക്കാരിയായ കൂട്ടുകാരി ഈയിടെ പറഞ്ഞു: ‘നിന്റെ കഥകളൊക്കെ കൊള്ളാം. പക്ഷേ, ഒരു കാര്യം ഉണ്ടെടേ, നിന്റെ പെണ്ണുങ്ങൾ (കഥാപാത്രങ്ങൾ) ഒക്കെ നല്ല ധൈര്യവതികളും തോന്നിയപോലെ ജീവിക്കുന്നവരുമാണ്. വരുമാനമുള്ളവർ. അവരുടെ ചില പ്രശ്നങ്ങൾ നീ പർവതീകരിക്കുന്നു. എന്നാൽ, ഞാൻ പറയട്ടെ, തിന്ന് എല്ലിൽകുത്തുന്നവർക്ക് ഉണ്ടാകുന്ന നിസ്സാരപ്രശ്നങ്ങൾ അല്ലേ അവയൊക്കെ. രണ്ടൂസം പട്ടിണി കിടന്നാ കഴിയില്ലേ അവളുമാരുടെ ഒക്കെ വിപ്ലവബോധവും ജെൻഡർ ഡിസ‌്ക്രിമിനേഷൻ ഒലക്കയുമോക്കെ? പട്ടിണി കിടക്കുന്ന ദുർബലയായ ഒരു  സ‌്ത്രീയുടെ കഥ എഴുതിക്കാട്ടടാ!'
 
ഞാൻ വെറും സാധാരണക്കാരനായ മലയാളിയാണ്. കൂടാതെ എഴുത്തുകാരനും. ഈ ചോദ്യം കേട്ടിട്ട് എനിക്ക് കുരുപൊട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പൊട്ടി. പൊട്ടിയൊലിച്ചു:
‘അല്ലയോ ഊളയായ സ‌്ത്രീയേ. നീ ദയവുചെയ‌്ത‌് എന്റെ എഴുത്ത് വായിക്കാതിരുന്നാലും. ദാരിദ്ര്യം എന്നത് ഭക്ഷ്യദൗർലഭ്യം എന്നും പട്ടിണി എന്നത് മൂന്നുനേരം ശാപ്പാട് കിട്ടാത്തതാണെന്നും വിചാരിക്കുന്ന നീ തകഴി, പൊൻകുന്നം വർക്കി, ബഷീർ എന്നിവരെയൊക്കെ ആവർത്തിച്ച് വായിച്ച് തൃപ്തി അടയൂ. എന്നെ വിട്ടേക്ക്. ഇനി നീ എന്നോട് മിണ്ടണ്ട. നീയുമായുള്ള സൗഹൃദം ഇതാ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു’. 
 
‘നീ അവസാനിപ്പിച്ചോ എനിക്ക് പുല്ലാണ്. നീ ഇല്ലേലും എനിക്ക് കിട്ടും ആയിരം പുരുഷസുഹൃത്തുക്കളേ. പെൺസൗഹൃദ ദാരിദ്ര്യം അനുഭവിക്കുന്ന ലക്ഷക്കണക്കിനു മല്ലു പുരുഷൂസ് ഉണ്ട്. നീ പോ മരയൂളേ. ഒരു ദിവസംപോലും പട്ടിണികിടക്കാത്ത നീയൊക്കെയാണ‌് മലയാള സാഹിത്യം ഒണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നത്.'
എനിക്ക് ആകെ കോംപ്ലക‌്സ‌ായി എന്ന് പറഞ്ഞാ മതിയല്ലോ. ഒരു ദിവസംപോലും പട്ടിണികിടക്കാത്ത എന്നെ എന്തിനു കൊള്ളാം. ശ്ശെ! എനിക്ക് ആത്മഹത്യ ചെയ്യാൻതോന്നി! വേസ്റ്റ് ജന്മം. അച്ഛനമ്മമാരെ മനസ്സിൽ പുച്ഛിച്ചു.  നിരാശനായി ഞാൻ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഓർമ വന്നത്! യെസ്! ഉവ്വ്! അനുഭവിച്ചിട്ടുണ്ട്!
 
 1996 മാർച്ച്, അബുദാബി 
 
1996 ജനുവരി 21നാണ‌്  അബുദാബിയിൽ എത്തുന്നത്. ഇരുപത‌് പിന്നിടാത്ത പാവം ഞാൻ. എന്റെ ഗ്രാമത്തിൽനിന്ന് അന്ന് അബുദാബിയിൽ ആരും ഇല്ല. കമ്പനി വിസ. അക്കോമഡേഷൻ. എല്ലാം ഒന്നിനൊന്ന് മെച്ചം. ജോയിൻചെയ‌്ത അന്നുമുതൽ ഓവർടൈം ഡ്യൂട്ടിയും. 1800 ദിർഹം 750 വീട്ടുവാടക. അന്നത്തെ  സൂപ്പർ പാക്കേജ്. 
സംഗതി എന്തെന്നാൽ നമ്മുടെ ഫ്ലാറ്റിൽ എല്ലാവരും തിരുവല്ലക്കാരാണ‌്. എനിക്ക് ആദ്യശമ്പളം കിട്ടിയത് മാർച്ച് ആദ്യം. ജനുവരി 10 നാൾ, ഫിബ്രുവരി മുഴുവൻ, കൂടാതെ ഓവർടൈം വേതനവും. വിചാരിച്ചതിൽ കൂടുതൽ കൈയിൽ. റൂംമേറ്റ് തോമാച്ചൻ തന്ന ക്ലാസിക് ഉപദേശം: ‘നേരെ തോമസ് കുക്കിൽ പോവുക. 200 ദിർഹം കൈയിൽവച്ച് ബാക്കി ചവിട്ടുക.’ -ശമ്പളം നാട്ടിലെ അക്കൗണ്ടിലേക്ക് മാറ്റൽ ആണ‌് ചവിട്ടൽ.- ഞാൻ അക്ഷരംപ്രതി പാലിച്ചു. 
 
കാരണം, മാർച്ച് 23‌ന‌് അനുജത്തിയുടെ വിവാഹം. (അതിൽ പങ്കെടുക്കുക എന്നതൊന്നും  സ്വപ്‌നത്തിൽപ്പോലും ചിന്തിക്കാൻ പറ്റാത്ത ഗൾഫ് കാലം) അതിന്‌ സപ്പോട്ട് ചെയ്യുക എന്ന ലക്ഷ്യവും മുൻനിർത്തി ഞാനും ചവിട്ടി. ആഹ്ലാദചിത്തനായി.
 
അക്കിടി പെട്ടെന്ന് മനസ്സിലായി. 200 ദിർഹംകൊണ്ടുള്ള ജീവിതം തോമാച്ചനേ പറ്റൂ. എല്ലാം പ്ലാനിങ‌്. കർശന പ്ലാനിങ‌്. സ്വയംപാചകം. ദിവസവും കണക്ക് നോക്കൽ.  
മാർച്ച് 15 മുതൽ നമ്മുടെ പോക്കറ്റ് കാലി. ഒരൊറ്റ നാട്ടുകാർ അടുത്തില്ല! ഒരുതവണ ആരോടോ പത്ത‌് ദിർഹം കടംവാങ്ങി. രാവിലെ ഒരു പൊറോട്ട. പഞ്ചാര പൊതിഞ്ഞ് ഒരു ചായ. ഒരു ദിർഹം. ഉച്ചയ‌്ക്ക‌് ഒരു കപ്പ് കേക്ക്, കടലാസ് പെട്ടിയിൽ കിട്ടുന്ന ജ്യൂസ്, ഒരു ദിർഹം. രാത്രി പച്ചവെള്ളംമാത്രം.  
 
അപ്പോഴാണ‌് ദുബായിലുള്ള എന്റെ ചങ്ക‌് ദുബായീന്ന് അബുദാബിയിലെത്തിയത്. അവൻ റൂം ഒക്കെ ശരിയാക്കി എന്നെ കാണാൻ വന്നു. അവനോട് അന്തസ്സായി 50 ദിർഹം വാങ്ങി അവനുതന്നെ ഒരു ബിരിയാണി വാങ്ങിക്കൊടുത്ത് ചെലവ് ചെയ്യാൻ തീരുമാനിച്ചു. അതേ ചിന്തകളോടെതന്നെയാണ‌് അവൻ എന്നെ കാണാൻ വന്നിരിക്കുന്നത്! ഉരൽ–-മദ്ദള ദ്വന്ദം! 
കല്യാണദിവസം ഒക്കെ അങ്ങനെ പട്ടിണിയോടെ അടിപൊളി ആയി പോയി. ഒരു ദിവസം അവൻ ആഹ്ലാദാരവത്തോടെ വിളിച്ചു. ടാക‌്സി ഫെയർ ഇനത്തിൽ അവന്റെ കൈവശം ബാക്കി അഞ്ച‌് ദിർഹം വന്നു. ആ വ്യാഴാഴ‌്ച രാത്രി ഞങ്ങൾ ആർഭാടമാക്കാൻ തീരുമാനിച്ചു! ഒരു മസാഫി മിനറൽ വാട്ടർ (1.50) ഒരു പാക്കറ്റ് ബ്രഡ് (1.25), ഒരു കുപ്പി ജാം (2.50) വാങ്ങി കവറിൽ ഇട്ട് കോർണിഷിൽ പോയിരുന്ന് തിന്ന് വയർ നിറയ‌്ക്കാൻ തീരുമാനിച്ചു. വിശപ്പാണല്ലോ രുചി! അറ്റത്തെ പുറംചട്ട ബ്രഡ്  വേണമെന്ന് അവൻ ആവശ്യപ്പെട്ടത് ഉദാരമതിയായ ഞാൻ അനുവദിച്ചു. ഞങ്ങൾ നദിസ്യയിലെ ഫുട്പാത്തിലൂടെ  കോർണിഷ് പാർക്കിലേക്ക് വേഗം നടന്നു.
 
ആഹ്ലാദംകൂടിപ്പോയതുകൊണ്ടോ എന്തോ, അവൻ ബ്രഡ്ഡും ജാമും ഇട്ട പ്ലാസ്റ്റിക‌് കവർ കൈയിൽ പിടിച്ച് കറക്കി. കവറിന്റെ പള്ളയിൽ ഉണ്ടായിരുന്ന വിള്ളലിൽകൂടി ജാം ആകാശത്തേക്കുയർന്ന‌് ഞങ്ങൾക്ക് രണ്ടുമീറ്റർ മുന്നിൽ ലാൻഡ് ചെയ‌്തു. തെറിയുടെ അകമ്പടിയോടെ ഞാൻ അവനെ കൊല്ലുന്ന നോട്ടം നോക്കി.
അവനാകട്ടെ, ഭാഗ്യം പൊട്ടിയില്ല എന്ന് പറയുന്നു.
 
ശരിയാണ‌്, ജാം കുപ്പി അങ്ങനെതന്നെ ഫുട്പാത്തിൽ ഇരിക്കുന്നു. മജീഷ്യൻ ഇട്ടപോലെ.
എടുക്കാൻ കുനിഞ്ഞപ്പോഴാണ് ആ നഗ്നസത്യം മനസ്സിലായത്. ജാം പൂർണനഗ്ന! അടപ്പ് മുകളിൽ ഉണ്ട്. പക്ഷേ, ചില്ല‌്‌ ബോഡി ചന്നം പിന്നം ചിതറിക്കിടക്കുന്നു.
പച്ചവെള്ളവും ബ്രഡ്ഡും എന്തൊരു ടേസ്റ്റാണെന്ന് അന്നാണ‌് ഞങ്ങൾ അറിഞ്ഞത്.
 
കൊല്ലം 26 കഴിഞ്ഞു. അവനിപ്പോഴും വൻപുലി ആയി ദുബായിലുണ്ട്.
ബ്രഡ്ഡിനെ ആരെങ്കിലും ഇകഴ‌്ത്തിപ്പറഞ്ഞാൽ, ഇന്നും, ഡിങ്കനാണെ ഞങ്ങൾ അടിക്കും. മേലുകീഴ് നോക്കില്ല! സാഹിത്യം ഒക്കെ പിന്നെ! ഹല്ലപിന്നെ!

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top