13 December Friday

ആർക്കുമുന്നിലും തോൽക്കാത്തവൾ

എ സുൽഫിക്കർUpdated: Sunday Jul 14, 2019

മേഗൻ റാപ്പിനോ

ലൈംഗിക ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതിനെതിരെ, ലിംഗവിവേചനത്തിനെതിരെ, വംശവെറിക്കെതിരെ, കപട ദേശീയതയ്‌ക്കതിരെ ഈ നീളൻ പിങ്ക‌് മുടിക്കാരിയുടെ വാക്കുകൾ ഇന്ന‌് ലോകം ഏറ്റ‌ുപാടുന്നു. മേഗന്റെ വാക്കുകളിൽ പറഞ്ഞാൽ ഈ ലോകത്തെ മനോഹരമാക്കുകയെന്ന‌ത‌് നമ്മുടെ ഉത്തരവാദിത്തമാണ‌്‌

 
2015ൽ അമേരിക്കൻ വനിതാ സോക്കർ ടീം തുല്യവേതനത്തിനായുള്ള ചരിത്രപരമായ ഒരു പോരാട്ടത്തിന‌് തുടക്കംകുറിച്ചിരുന്നു. ടീമിൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന കളിക്കാരിയെക്കോൾ 1.12 കോടി  രൂപ കൂടുതലാണ്‌ പുരുഷ ടീമിൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന കളിക്കാരന‌്  നൽകിയ ത‌്. ഈ അനീതിക്കെതിരെയുള്ള പോരാട്ടത്തിന‌ുമുമ്പിൽ ഫെഡറേഷന‌് മുട്ട‌ുമടക്കേണ്ടി വന്നങ്കെിലും തുല്യവേതനം നടപ്പായിട്ടില്ല. കഴിഞ്ഞ ഞായാറാഴ‌്ച ഫ്രാൻസിലെ ഒളിമ്പിക‌് സ‌്റ്റേഡിയത്തിൽ വനിതാ ലോകകപ്പിന്റെ ഫൈനലിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യവും ആ പോരാട്ടത്തിന്റെ തുടർച്ച. പതിനായിരക്കണക്കിന‌ു സ‌്ത്രീകൾ ഒരേ ആരവത്തോടെ കൈയുയർത്തി വിളിച്ചത‌് തുല്യവേതനമെന്നായിരുന്നു. വനിതാ ലോകകപ്പ‌് നേടുന്ന ടീമിന‌് മൂന്നു കോടി ഡോളറും പുരുഷ ടീമിന‌് 40 കോടി ഡോളറും നൽകുന്ന ഫിഫയുടെ വേദിയിലിരുന്നാണ‌് അവർ  പ്രതിഷേധം  ഉത്സവമാക്കി മാറ്റിയ‌ത‌്. ഇതിന‌്  ഊർജംപകർന്ന ക്യാപ‌്റ്റൻ മേഗൻ റാപ്പിനോയാകട്ടെ ലോകത്തെതന്നെ പ്രകമ്പനംകൊള്ളിച്ച പ്രകടനവുമായി സ‌്റ്റേഡിയത്തിൽ നിറഞ്ഞാടി.  
 
‘‘അവൾ ആർക്കുമുമ്പിലും തല കുനിക്കില്ല, ആരോടും മാപ്പും പറയില്ല, അത‌് ഇനി ഡോണൾഡ് ട്രംപ് ആണെങ്കിൽപ്പോലും.’’ അമേരിക്കൻ വനിതാ ഫുട‌്ബോൾ ടീം ക്യാപ‌്റ്റൻ മേഗൻ റാപ്പിനോയെക്കുറിച്ച‌് ജീവിതപങ്കാളിയും ബാസ്‌കറ്റ് ബോൾ താരവുമായ സ്യൂ ബേഡ് എഴുതി. 
 
ഇടത‌ുകൈയിൽ സുവർണ പാദുകവും വലത‌് കൈയിൽ ട്രോഫിയുമായി മേഗൻ റാപ്പിനോ നിന്നപ്പോൾ സ്യൂ ബേഡിന്റെ വാക്കുകൾ യഥാർഥ്യമാവുകയായിരുന്നു. ആദ്യം ലോകകപ്പ‌് നേടൂ എന്നിട്ട‌് സംസാരിക്കാമെന്ന‌് ട്രംപിന്റെ ട്വീറ്റിനോട‌് മേഗൻ മറുപടി പറഞ്ഞത‌്. 
 
ലോക കീരിടം നേടിയാലും താൻ ആ നശിച്ച വൈറ്റ‌് ഹൗസിൽ പോകില്ലെന്ന‌് മേഗൻ പറഞ്ഞത‌് സ‌്പെയ‌്നിനെതിരായ പ്രീ ക്വാർട്ടർ മത്സര വിജയത്തിന‌ുശേഷം. ട്രംപിന്റെ വംശവെറിക്കും ലൈംഗിക ന്യൂനപക്ഷവിരുദ്ധ സമീപനത്തോടും എതിരെയായിരുന്നു റാപ്പിനോ സംസാരിച്ചത‌്.   ഒരിക്കൽ റാപ്പിനോ  ഇങ്ങനെ പറഞ്ഞു:  ‘‘ഞാൻ എന്താണോ അതിനെ ബഹുമാനിക്കണം. സ‌്ത്രീ എന്ന നിലയിലും സ്വവർഗനുരാഗി എന്ന നിലയിലും അത‌്‌ലീറ്റ് എന്ന നിലയിലും’’. വനിതാ ലോകകപ്പിലാകെ റാപ്പിനോ നേടിയത‌് ആറു ഗോൾ. അഞ്ചും നോക്കൗട്ട് മത്സരങ്ങളിൽ. ഫൈനലിൽ നെതർലൻഡ‌്സിനെതിരെ സ്‌കോർചെയ്‌തതോടെ ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ബഹുമതിയും ഈ മുപ്പത്തിനാലുകാരിക്ക‌് സ്വന്തം. കളിക്കളത്തിൽമാത്രമല്ല നിലപാടുകൊണ്ടും ശക്തയാണെന്ന‌് തെളിയിച്ചു റാപ്പിനോ. 2016ൽ തന്റെ പുരുഷസുഹൃത്തും ഫുട‌്ബോൾ താരവുമായ കോളിൻ കേപ്പർനിക്കിന‌് ഐക്യദാർഢ്യമറിയിച്ച‌് ദേശീയഗാനത്തിന‌ു മുന്നിൽ നെഞ്ചിൽ കൈവയ‌്ക്കാതെ മുട്ടികുത്തിയിരുന്നതോടെയാണ‌് ആദ്യമായി റാപ്പിനോ കളിക്കളത്തിനപ്പുറം ലോകശ്രദ്ധ നേടിയത‌്. ഇതിന‌ു പിന്നാലെ റാപ്പിനോയ‌്ക്കതെിരെ കടുത്ത വിമർശവുമായി അമേരിക്കയിലെ ദേശീയവാദികൾ രംഗത്തെത്തി. അവർക്കുള്ള  മറുപടി ഇങ്ങനെ: "എനിക്കറിക്കറിയാം ചിലരെ ഇത‌് അസ്വസ്ഥമാക്കുമെന്ന‌്. എല്ലാം അറിയാമെന്ന‌് ധരിക്കുന്നവരെ സ്വന്തം ഉള്ളിലേക്ക‌ുകൂടി നോക്കാൻവേണ്ടിയായിരുന്നു എന്റെ പ്രതിഷേധം'.  ലൈംഗിക ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതിനെതിരെ, ലിംഗവിവേചനത്തിനെതിരെ, വംശവെറിക്കെതിരെ, കപട ദേശീയതയ‌്ക്കതിരെ ഈ നീളൻ പിങ്ക‌് മുടിക്കാരിയുടെ വാക്കുകൾ ഇന്ന‌് ലോകം ഏറ്റ‌ുപാടുന്നു. അവരുടെ വാക്കുകളിൽ പറഞ്ഞാൽ ഈ ലോകത്തെ മനോഹരമാക്കുകയെന്ന‌ത‌് നമ്മുടെ ഉത്തരവാദിത്തമാണ‌്‌.
പ്രധാന വാർത്തകൾ
 Top