05 July Sunday

പരിസ്ഥിതിവിനാശത്തിലൂടെയൊരു ഐതിഹ്യയാത്ര

ഡോ. ബി ഇക‌്ബാൽ ekbalb@gmail.comUpdated: Sunday Jul 14, 2019

സാർവദേശീയ കാഴ്‌ചപ്പാടും ആഴത്തിലുള്ള ചരിത്ര ബോധവും ഘോഷിന്റെ മറ്റ് നോവലുകള്‍പോലെ ഗണ്‍ ഐലന്റിനെയും വ്യത്യസ‌്തമാക്കുന്നു.  കെട്ടുകഥകളുടെയും  പുരാവൃത്തങ്ങളുടെയും  സ്വപ‌്നാനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഗണ്‍ ഐലന്റ്  വാണിജ്യ സാഹിത്യത്തിൽ പെടുത്താവുന്ന കേവലമൊരു ബംഗാളി ഡാവിഞ്ചി കോഡു മാത്രമാണെന്ന് വിമര്‍ശിക്കുന്ന വരുമുണ്ട്. ചില നിരൂപകര്‍ മനോരഥ നോവല്‍ (Speculative Fiction) എന്ന രണ്ടാംതരം  സാഹിത്യസരണിയിലാണ്  നോവലിനെ ഉള്‍പ്പെടുത്തിയി ട്ടുള്ളത്

 

ഇംഗ്ലീഷിൽ സാഹിത്യരചന നടത്തുന്ന ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖനാണ് ബംഗാളിയായ അമിതാവ‌് ഘോഷ്. ഐബിസ് ത്രയം എന്നറിയപ്പെടുന്ന മൂന്നു നോവലാണ് ഘോഷിനെ പ്രശസ്‌തനാക്കിയത്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആഭിമുഖ്യത്തിൽ പത്തൊമ്പതാം  നൂറ്റാണ്ടിൽ ഇന്ത്യയും ചൈനയുമായി നടന്ന കറുപ്പുകച്ചവടത്തിന്റെയും മൗറീഷ്യസിലേക്കുള്ള കൂലിത്തൊഴിലാളികളുടെ മനുഷ്യക്കടത്തിന്റെയും പശ്ചാത്തലത്തിലെഴുതിയ  നോവലുകളാണിവ.  പ്രധാന കഥാപാത്രങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത് ഐബിസ് എന്ന കപ്പലിലായതുകൊണ്ടാണ് ഐബിസ് ത്രയം എന്ന‌് നോവലുകൾക്ക് പേരുവീണത്. ഐബിസ് ത്രയത്തിനു പുറമെ അഞ്ച് നോവലും ഏതാനും ലേഖന സമാഹരവും ഘോഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ മലേറിയ ഗവേഷകനായ സർ റോണാൾഡ് റോസിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചെഴുതിയ കൽക്കട്ട ക്രോമസോം   (The Calcutta Chromosome:  1995) എന്ന ശാസ‌്ത്രനോവലും ബംഗാൾ ഉൾക്കടലിലെ സുന്ദർബൻസ‌് ദ്വീപിൽ അന്യംനിന്നുപോകുന്ന ഡോൾഫിനുകളെ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ‌്ത്രജ്ഞയുടെ അനുഭവ കഥയായ ഹംഗ്രി ടൈഡും (Hungry Tide: 2004)  ഏറെ പ്രശസ‌്തി നേടി.  2007ൽ പത്മശ്രീക്കും 2017ൽ  ജ്ഞാനപീഠ പുരസ‌്കാരത്തിനും അർഹനായി.

ലോകത്തെ പിടിച്ചുകുലുക്കുന്ന  പരിസ്ഥിതിദുരന്തങ്ങളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങളും  ദുരിതങ്ങളും  കലയിലും സാഹിത്യത്തിലും എന്തുകൊണ്ടാണ് വേണ്ടത്ര ചിത്രീകരിക്കപ്പെടാതെപോകുന്നതെന്ന പ്രകോപനപരമായ പ്രസ്‌താവന ഏതാനും വർഷംമുമ്പ‌് ഘോഷ് നടത്തിയിരുന്നു. തുടർന്ന് കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ചിന്തിക്കാൻപോലും കഴിയാത്ത പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ദി ഗ്രേറ്റ് ഡീറേഞ്ച്മെന്റ്  (The Great Derangement: Climate Change and the Unthinkable) എന്ന പേരിൽ 2016ൽ അദ്ദേഹം പ്രസിദ്ധീകരിച്ച  ലേഖനസമാഹാരം വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു.
 
പരിസ്ഥിതിയുടെ തകർച്ച സൃഷ്ടിക്കുന്ന വിനാശങ്ങൾക്കൊപ്പം സാർവദേശീയമായി ഏറെ ചർച്ചചെയ്യപ്പെടുന്ന അഭയാർഥികൾ അഭിമുഖീകരിക്കേണ്ടിവരുന്ന ക്രൂരതകൾകൂടി ചിത്രീകരിക്കുന്നു ഘോഷിന്റെ ഒമ്പതാമത്തെ നോവൽ ഗൺ ഐലൻഡ‌്  (Gun Island: Penguin Hamish Hamilton 2019).  സത്യവും മിഥ്യയും, ഐത്യഹ്യവും ശാസ‌്ത്രവും യുക്തിയും വിശ്വാസങ്ങളും ഇടകലർന്നുള്ള  നിഗൂഢാത്മകമായ അന്തരീക്ഷം ഉടനീളം പുലർത്തുന്ന അസാധാരണമായ നോവലാണ് ഗൺ ഐലൻഡ‌്. ഹംഗ്രി ടൈഡിലെ  നീലിമ ബോസ്, മോയ്ന, പിയ എന്നീ കഥാപാത്രങ്ങൾ  ഗൺ ഐലൻഡിലും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അമേരിക്കയിൽ പുരാതനങ്ങളും അപൂർവങ്ങളുമായ പുസ‌്തകങ്ങൾ ശേഖരിച്ച് വില്പന നടത്തുന്ന ബ്രൂക്‌ലിനിൽ  താമസിക്കുന്ന ദീൻദത്ത എന്ന ബംഗാളി ബുദ്ധിജീവിയെ കേന്ദ്രീകരിച്ചാണ് നോവൽ വികസിക്കുന്നത്. 
 
കൊൽക്കത്തയിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന ദീൻ, നീലിമ ബോസ് ആവശ്യപ്പെടുന്നതനുസരിച്ച് ബന്ദുഗി സദാഗർ എന്ന തോക്കുവ്യാപാരി സ്ഥാപിച്ചതായി കരുതപ്പെടുന്ന ദേവാലയത്തിനു പിന്നിലുള്ള ചരിത്രവിവരങ്ങൾ  കണ്ടെത്താൻ  സുന്ദർബൻസ‌ിൽ എത്തുന്നതോടെയാണ് ഉദ്വേഗജനകമായ രംഗങ്ങൾ ഒന്നൊന്നായി അനാവാരണം ചെയ്യപ്പെടുന്നത്. മാനസദേവിയെന്ന സർപ്പദേവതയുടെ കോപം ശമിപ്പിക്കാൻ ബന്ദുഗി സദാഗർ കെട്ടിപ്പടുത്തതാണ്  ദ്വീപിലെ ബലിപീഠംപോലുള്ള ക്ഷേത്രമെന്നാണ് ഐതിഹ്യം. ബംഗാൾ ഉൾക്കടലിലും വെനീസിലും മറ്റും കടൽക്കൊള്ളക്കാരുമായി തോക്കുവ്യാപാരം നടത്തിയിരുന്ന ബന്ദുഗി സദാഗറിന്റെ അതിവിചിത്രമായ ജീവിതകഥയാണ് നോവലിന്റെ ആദ്യഭാഗം. സർപ്പകോപത്തിൽനിന്ന‌് രക്ഷനേടാനാണ് ബന്ദുഗി സർക്കാർ ക്ഷേത്രം സ്ഥാപിച്ചത‌്. ക്ഷേത്രം സന്ദർശിക്കുന്ന ദീൻ ദത്തയെ സർപ്പം ആക്രമിക്കയും ടിപ്പു എന്ന യുവാവ് രക്ഷപ്പെടുത്തുകയും ചെയ്യുന്നതോടെ  കഥാഗതി പുരോഗമിക്കുന്നു. പാമ്പുകടിയേറ്റതിനെത്തുടർന്ന‌് അർധബോധാവസ്ഥയിലായ ടിപ്പു പിയ പിന്തുടർന്നുവന്നിരുന്ന അത്യപൂർവ ഡോൾഫിന് സംഭവിക്കാൻ പോകുന്ന ദുരന്തം മുൻകൂട്ടി പ്രവചിക്കുന്നു.  
 
ശാസ‌്ത്രീയമായോ വസ‌്തുനിഷ‌്ഠമായോ വിശദീകരിക്കാനാകാത്ത നിരവധി സ്വപ്‌നപ്രവചനങ്ങൾ നോവലിലുടനീളം പല കഥാപാത്രങ്ങളും നടത്തുന്നുണ്ട്. ദീൻ ദത്തയുടെ സുഹൃത്തായ വെനീസിലുള്ള സിന്ത എന്ന ചരിത്രപണ്ഡിത ഇവയെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ദത്തയാകട്ടെ ഇത്തരം പ്രവചനങ്ങളെ അന്ധവിശ്വാസമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയുന്നു.  അന്ധവിശ്വാസങ്ങൾ, പ്രകൃത്യാതീത ശക്തി എന്നെല്ലാം ആധുനികകാലത്ത് വിശേഷിപ്പിക്കപ്പെടാറുള്ള പ്രതിഭാസങ്ങൾ മധ്യകാലത്തെ മതദ്രോഹ വിചാരണകാലത്ത് ഉയർന്നുവന്ന സങ്കൽപ്പനങ്ങൾമാത്രമാണെന്ന് സിന്ത വാദിക്കുന്നു.  അയഥാർഥങ്ങളെന്നോ  അയുക്തികരങ്ങളെന്നോ വിശേഷിപ്പിക്കാവുന്ന അനുഭവങ്ങളും യുക്തിചിന്തയും തമ്മിലുള്ള സംഘർഷം നോവലിന്റെ അന്തർധാരയായി വായനക്കാരെ അന്ധാളിപ്പിച്ചും അസ്വസ്ഥരാക്കിയും നിലനിൽക്കുന്നു.
 
 ഹംഗ്രി ടൈഡിന്റെ തുടർച്ചയായി പിയ എന്ന ജന്തുശാസ‌്ത്രജ്ഞ അപൂർവമായി കാണപ്പെടുന്ന ഡോൾഫിനുകളെ സംരക്ഷിക്കാൻ നടത്തുന്ന വിഫലമായ ശ്രമങ്ങൾ ഗൺ ഐലൻഡിലും തുടരുന്നുണ്ട്. പാരിസ്ഥിതീയ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ രാസഫാക്ടറികളുണ്ടാക്കുന്ന ജലമനീകരണം ഡോൾഫിനുകളുടെയും കടലിലെ മറ്റ് ജീവികളുടെയും  വംശനാശത്തിന് കാരണമെന്ന‌് പിയയുടെ ഗവേഷണഫലങ്ങൾ  സൂചിപ്പിക്കുന്നു. ബംഗാളിൽനിന്ന‌് ലോസ് ആഞ്ചൽസിലും വെനീസിലും ഓറിഗണിലും ദീൻ ദത്ത എത്തുന്നുണ്ട്. എല്ലായിടത്തും പാരിസ്ഥിതിക തകർച്ചകൾ ദീൻ ദത്തയെ പിന്തുടരുന്നു. ലോസ് ആഞ്ചൽസിൽ പൊട്ടിപ്പുറപ്പെട്ട  കാട്ടുതീയും ഓറിഗണിലെ വീട്ടിൽ പ്രത്യക്ഷപ്പെട്ട വിഷചിലന്തികളും  കാലാവസ്ഥാവ്യതിയാനത്തിന്റെ സാർവദേശീയ സ്വഭാവം വെളിപ്പെടുത്തുന്നു. 
 
ജോലി തേടി ടിപ്പുവും സുഹൃത്തായ റാഫിയും നാടുവിട്ട് പോകുന്നു.  തുടർന്ന് അവർ വെനീസിലും മറ്റും അഭിമുഖീകരിക്കുന്ന ദുസ്സഹമായ കൂലിഅടിമത്തവും അഭയാർഥികളാകാൻ നിർബന്ധിതരായതോടെ നേരിടേണ്ടിവരുന്ന ദുരിതങ്ങളുമാണ്  രണ്ടാം ഭാഗത്ത് ചിത്രീകരിക്കപ്പെടുന്നത്. അറേബ്യൻ ഉൾക്കടലിലൂടെ അജ്ഞാതകേന്ദ്രത്തിലേക്ക് പിന്റോയുമായി നീങ്ങുന്ന ബ്ലൂ ബോട്ടിനെ പിന്തുടർന്ന് ദീൻ ദത്തയും സുഹൃത്തുക്കളും  ഒരു പായ‌്ക്കപ്പലിൽ കടലിലൂടെ നടത്തുന്ന സാഹസികയാത്ര നോവലിന്റെ അവസാനഭാഗത്ത്  ഉദ്വേഗജനകങ്ങളായ രംഗങ്ങൾ സൃഷ്ടിക്കുന്നു. വെനീസ് ഭരണാധികാരികളിൽ ഒരു വിഭാഗം അഭയാർഥിവിരുദ്ധരായ എതിർഭാഗത്തെ അവഗണിച്ച് പിന്റോയെ രക്ഷപ്പെടുത്തുന്നു.  ലോക ഭരണാധികാരികളിൽ ചിലരിലെങ്കിലും അഭയാർഥിപ്രശ്നത്തിൽ സ്വീകരിക്കുന്ന  മനുഷ്യത്വപരമായ സമീപനങ്ങളിലേക്ക്  നോവലിന്റെ അന്ത്യഭാഗം വിരൽചൂണ്ടുന്നു. പിന്റോയെപ്പോലെയുള്ള അഭയാർഥികൾക്ക്  പ്രകൃതിസ്നേഹികളിൽനിന്നും മറ്റും ലഭിക്കുന്ന വമ്പിച്ച പിന്തുണ അവതരിപ്പിച്ചുകൊണ്ട് ശുഭാപ്തിവിശ്വാസത്തോടെയാണ് നോവൽ അവസാനിക്കുന്നത്. 
 
കാലാവസ്ഥാവ്യതിയാനകാലത്ത് വികസിതരാജ്യങ്ങളിൽപ്പോലും അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന  കൊടുങ്കാറ്റും പ്രളയവും ചുഴലിക്കാറ്റുമെല്ലാം മനുഷ്യസമൂഹത്തിന്റെയും ജീവജാലങ്ങളുടെയും  പ്രവചനാതീതമായ ദോഷസാധ്യത  വ്യക്തമാക്കുന്നുവെന്നതാണ് നോവലിന്റെ മുഖ്യസന്ദേശം. സാർവദേശീയ കാഴ്‌ചപ്പാടും ആഴത്തിലുള്ള ചരിത്രബോധവും ഘോഷിന്റെ മറ്റ് നോവലുകൾപോലെ ഗൺ ഐലൻഡിനെയും വ്യത്യസ‌്തമാക്കുന്നു.  കെട്ടുകഥകളുടെയും  പുരാവൃത്തങ്ങളുടെയും  സ്വപ‌്നാനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഗൺ ഐലൻഡ‌്  വാണിജ്യസാഹിത്യത്തിൽപെടുത്താവുന്ന കേവലമൊരു ബംഗാളി ഡാവിഞ്ചികോഡുമാത്രമാണെന്ന് വിമർശിക്കുന്നവരുമുണ്ട്. ചില നിരൂപകർ മനോരഥ നോവൽ (Speculative Fiction) എന്ന രണ്ടാംതരം  സാഹിത്യസരണിയിലാണ്  നോവലിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരസാധാരണ വായനാനുഭവമാണ് ഗൺ ഐലൻഡ‌് നൽകുന്നതെങ്കിലും  കാലാവസ്ഥാ വ്യതിയാനം, അഭയാർഥിപ്രവാഹം തുടങ്ങിയ സമകാലിക പ്രതിസന്ധികളെ അനുവാചകരിലെത്തിക്കാൻ എന്തുകൊണ്ടാണ് ഘോഷ് ഐതിഹ്യങ്ങളെയും കാല്പനിക കഥകളെയും ചിഹ്നശാസ‌്ത്രങ്ങളെയും മറ്റും  ഇത്രയധികം ആശ്രയിച്ചതെന്ന ന്യായമായ ചോദ്യം നോവൽ അവശേഷിപ്പിക്കുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top