18 February Tuesday

രാഷ്ട്രീയക്കാരി പ്രണയിക്കുമ്പോള്‍

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Jul 14, 2019

ആന്ധിയിലെ തേരാ ബിനാ സിന്ദഗി എന്ന പാട്ടുരംഗത്തിൽ സഞ‌്ജീവ‌് കുമാറും സുചിത്ര സെന്നും

 ‘‘നീ ജയിച്ചു കാണുന്നതാണ് എനിക്കിഷ്ടം. എപ്പോഴും.'' 

സംഭവബഹുലമായിരുന്ന തെരഞ്ഞെടുപ്പു  ജയിച്ച ആരതി ഡൽഹിക്ക‌് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുംമുമ്പ് ജെ കെ പറഞ്ഞു. ഒമ്പതുവർഷംമുമ്പ് വിവാഹബന്ധം വേർപെടുത്തിയവരാണ് രാഷ്ട്രീയനേതാവായ ആരതിയും ഹോട്ടൽ മാനേജരായ ജെ കെയും. ധനികനും രാഷ്ട്രീയനേതാവുമായ അച്ഛന്റെ എതിർപ്പ‌് വകവയ‌്ക്കാതെ ജെ കെയെ പ്രണയിച്ച‌് വിവാഹം ചെയ‌്തവളാണ് ആരതി. ആരതി മത്സരിച്ച മണ്ഡലത്തിലെ പട്ടണത്തിലാണ് ജെ കെ ജോലിചെയ്യുന്ന ഹോട്ടൽ. പ്രചാരണസമയത്ത് ആരതി ദിവസങ്ങളോളം താമസിച്ചത് അവിടെ. വർഷങ്ങൾക്കുശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ ദാമ്പത്യത്തിന്റെ കയ്‌പും മധുരവുമുള്ള ഓർമകൾ അവരെ വന്നുപൊതിഞ്ഞു. കാലത്തിനു മുറിവേൽപ്പിക്കാൻ കഴിയാത്ത സ‌്നേഹവും പരസ‌്പരബഹുമാനവും ഇപ്പോഴും തങ്ങളിലുണ്ടെന്ന് തിരിച്ചറിഞ്ഞു. 
 
പ്രമേയങ്ങളിൽ ഒരിക്കലും സ്വയം ആവർത്തിക്കാത്ത ഗുൽസാറിന്റെ ആന്ധി (1975)യിലെ കഥാപാത്രങ്ങളാണ് ജെ കെ (സഞ്ജീവ് കുമാർ)യും ആരതി (സുചിത്ര സെൻ)യും.  ഇന്ദിര ഗാന്ധിയും ഭർത്താവ് ഫിറോസ് ഗാന്ധിയും തമ്മിലുള്ള ബന്ധമാണ് സിനിമയ‌്ക്കാധാരമെന്ന് പ്രചാരണമുണ്ടായി.  ഇരുപതാഴ‌്ച വിജയകരമായി പ്രദർശിപ്പിച്ച ആന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നിരോധിക്കപ്പെട്ടു. ആരതി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സീനുകൾ നീക്കി. ഇന്ദിര ഗാന്ധിയാണ്  ആരാധനാപാത്രം എന്ന് ആരതി പറയുന്ന സീൻ കൂട്ടിച്ചേർത്തു. ഇന്ദിരയുടെ പല സവിശേഷതകളും –- നര പടർന്ന മുടി, ദ്രുതചലനങ്ങൾ –- സുചിത്ര സെൻ അനുകരിക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. അമ്പതുകളിലും അറുപതുകളിലും ബിഹാറിൽനിന്ന് പലവട്ടം പാർലമെന്റിലേക്ക‌് തെരഞ്ഞെടുക്കപ്പെടുകയും നെഹ്റു മന്ത്രിസഭയിൽ ധന സഹമന്ത്രിയാകുകയും ചെയ്‌ത താരകേശ്വരി സിൻഹയെയും ആരതി എന്ന കഥാപാത്രത്തിന് മാതൃകയാക്കിയിരുന്നു (ഫിറോസ് ഗാന്ധിയോട് സൗഹൃദമുണ്ടായിരുന്ന താരകേശ്വരിയെ ഇന്ദിരയ‌്ക്ക‌് വെറുപ്പായിരുന്നു). ഏതായാലും  അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി പരാജയപ്പെട്ടതോടെ ആന്ധിക്ക് പുനർജന്മം ലഭിച്ചു. 
 
 ഇന്ത്യൻ രാഷ്ട്രീയത്തിൽ കരുത്തോടെ നിലയുറപ്പിച്ച സ‌്ത്രീയുടെ കഥയെന്ന നിലയിൽ മാത്രമല്ല, അനശ്വരമായ ഗാനങ്ങളുടെ പേരിലും ആന്ധി പ്രേക്ഷകമനം കവർന്നു. ഗുൽസാർ–- ആർ ഡി ബർമൻ സഖ്യം സർഗശോഭയുടെ  ഉച്ചസ്ഥായിയിലുള്ള കാലം. ആന്ധിയിൽ ഒരൊറ്റ പാട്ടിനുപോലും സാധ്യതയുണ്ടായിരുന്നില്ലെന്ന് ആർ ഡി ബർമൻ പറഞ്ഞിട്ടുണ്ട്. ഗുൽസാറിന്റെ പ്രസിദ്ധമായ ഫ്ളാഷ്ബാക് ട്രാക്കുകൾവഴിയാണ് ആന്ധിയിൽ കിഷോർ കുമാറിന്റെയും ലത മങ്കേഷ‌്‌കറുടെയും ശബ്ദത്തിലുള്ള  മനോഹരഗാനങ്ങൾ  ഇടംപിടിച്ചത്. ‘ഇസ് മോഡ് സേ ജാതേ ഹേ' എന്ന പാട്ട്   തുടക്കത്തിൽതന്നെ ജെ കെയുടെയും ആരതിയുടെയും പ്രണയം തളിരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ ഇപ്പോഴുള്ള ഭംഗി ഉണ്ടാകുമായിരുന്നില്ലെന്ന് ആർ ഡി ബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓർമകളിലൂടെ ഇതൾവിരിയുമ്പോഴാണ് ആ ഗാനത്തിന് സാംഗത്യമേറുന്നത്.
 
ഇസ് മോഡ് സേ ജാതേ ഹേ
കുച്ഛ് സുസ്‌ത‌് കദം രസ‌്തേ
കുച്ഛ് തേജ് കദം രാഹേ...
 
(ഈ വഴിത്തിരിവിൽനിന്ന് ചിലർ മന്ദഗതിയിൽ പുറപ്പെടുന്നു. മറ്റു ചിലർ അതിദ്രുതം ചുവടുവച്ച് നടക്കുന്നു). വിജിഗീഷുവായ ആരതിയുടെ ചടുലവേഗവും ശാന്തജീവിതം ഇഷ്ടപ്പെടുന്ന ജെ കെയുടെ അലസചലനങ്ങളും ഈ വരികളിലുണ്ട്.  അനുരാഗത്തിന്റെ ദിനങ്ങളിലേക്കും പിന്നീട് വേർപിരിയലിനുശേഷമുള്ള വർത്തമാനകാലത്തിലേക്കും ഗാനം സഞ്ചരിക്കുന്നു. രണ്ടു കാലങ്ങളിലും അവർ ജീവിതത്തിന്റെ വഴിത്തിരിവുകളിലാണ്. ഈ വഴികൾ എവിടേക്കുവേണമെങ്കിലും നയിച്ചേക്കാം. ശിലാനിർമിതമായ പ്രാസാദങ്ങളുടെ സുരക്ഷിതത്വത്തിലേക്ക‌്, എപ്പോൾ വേണമെങ്കിലും തകരാവുന്ന ചില്ലുകൊട്ടാരങ്ങളുടെ അനിശ്ചിതത്വത്തിലേക്ക‌്,  പുൽക്കൂടിലുകളിലേക്ക‌്... ചതിയൻവഴികളുണ്ടാകാം. ഏകാന്തവീഥികളുണ്ടാകാം. എങ്കിലും, ഏതെങ്കിലുമൊരു പാത നിന്നിലേക്കെത്തുമെന്നാണ് എന്റെ പ്രതീക്ഷ..
 
യേ സോച് കെ ബൈഠ്തീ ഹൂം, എക് രാഹ് തൊ വോ ഹോഗീ
തുമ് തക് ജോ പഹുംച്തി ഹേ
ഓർമകളുടെ ചിറകിലേറി കുറച്ചുകൂടി പിറകിലേക്ക‌്, ശുഭാപ്തിവിശ്വാസം തുടിക്കുന്ന പ്രണയത്തിന്റെ ആദ്യനാളുകളിലേക്ക‌് പറക്കുന്നു, അടുത്ത ഗാനം. 
തും ആ ഗയേ ഹോ നൂർ ആ ഗയാ ഹേ
നഹീം തോ ചരാഗോം സേ ലൗ ജാ രഹീ ഥീ 
ജീനേ കീ തും സേ വജേ മിൽ ഗയീ ഹേ
ബഡീ ബേവജേ സിന്ദഗീ ജാ രഹീ ഥീ
 
നിനക്കൊപ്പം വെളിച്ചവുമെത്തുന്നു. നീ വന്നില്ലായിരുന്നെങ്കിൽ ഈ വിളക്കുകളിലെ തിരികൾ  കെട്ടുപോയേനേ. നിന്റെ വരവോടെ ജീവിതത്തിന് പുതിയ അർഥങ്ങളുണ്ടായിരിക്കുന്നു.  
അനുരാഗത്തിന്റെ മധുരം കിനിയുന്ന രണ്ടു പാട്ടുകളും കശ്‌മീരിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ചപ്പോൾ ഇന്ത്യൻ സിനിമാസംഗീതത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ തേരേ ബിനാ സിന്ദഗി സേ കോയീ എന്ന ഗാനം എട്ടാം നൂറ്റാണ്ടിൽ അനന്ത്നാഗിൽ നിർമിക്കപ്പെട്ട മാർത്താണ്ഡ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് ഗുൽസാർ അവതരിപ്പിച്ചത്. 
 
തേരേ ബിനാ സിന്ദഗി സേ കോയീ ശിക്‌വാ തോ നഹീ 
തേരേ ബിനാ സിന്ദഗി ഭീ ലേകിൻ സിന്ദഗി തോ നഹീ
 
(നീയില്ലാതെയും എനിക്കു ജീവിക്കാം. പക്ഷേ, അതിനെ ജീവിതമെന്നു പറയാനാകില്ലെന്നുമാത്രം)  വേർപിരിഞ്ഞ ഭാര്യാഭർത്താക്കന്മാർക്ക് വർഷങ്ങൾക്കുശേഷമുണ്ടാകുന്ന വലിയൊരു തിരിച്ചറിവാണ് വേർപാടിന്റെ വേദന കലർന്ന ഈ ദർശനം. കേവലം മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ അനശ്വരമായ പ്രകാശനമുണ്ടതിൽ. തന്റെ മുഴുവൻ പാട്ടുകൾ എടുത്തുവച്ചാലും ഈ പാട്ടിനോടു തുലനംചെയ്യാനാകില്ലെന്ന് വിഖ്യാത പാകിസ്ഥാനി സംഗീതകാരൻ നുസ്റത് ഫത്തേ അലി ഖാൻ പറഞ്ഞിട്ടുണ്ട്. സംഗീതാസ്വാദകരുടെ മനംകവർന്ന ഈ പാട്ടിന്റെ ഈണം ആർ ഡി ബർമൻ ആന്ധിക്കുവേണ്ടിയല്ല ആദ്യം സൃഷ്ടിച്ചതെന്ന് അധികമാർക്കുമറിയില്ല. ആന്ധിയുടെ പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്ന കാലത്ത് ദുർഗാപൂജ ആഘോഷങ്ങളുടെ ഭാഗമായി കുറച്ചു ബംഗാളി ഗാനങ്ങൾ ചിട്ടപ്പെടുത്തുകയായിരുന്നു ബർമൻ. അതിലൊന്നിന്റെ ഈണം ഗുൽസാറിനെ സ്‌പർശിച്ചു. അദ്ദേഹം അതിൽ ഹിന്ദിപദങ്ങൾ നിറച്ച് ആന്ധിക്കുവേണ്ടി ഉപയോഗിക്കുകയായിരുന്നു. 
 
ജേതേ ജേതേ പോഥേ ഹോലോ ദേരി
തായി തോ പാരി നി ജേതേ പാരി നി
 
എന്നു തുടങ്ങുന്ന ആ ബംഗാളി ഗാനം ആർ ഡി ബർമന്റെ ശബ്ദത്തിൽ യു ട്യൂബിൽ കേൾക്കാം. ഈണംമാത്രമേ ഗുൽസാർ കടം കൊണ്ടിട്ടുള്ളൂ.  മധ്യവയസ്സു കഴിഞ്ഞപ്പോൾ ആകസ്‌മികമായി കണ്ടുമുട്ടിയിട്ടും, പരസ‌്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി മകൾ ഉണ്ടെന്നിരിക്കിലും ഇനിയുള്ള കാലം പഴയതുപോലെ ഒന്നിച്ചു ജീവിക്കാനാകില്ലെന്ന യാഥാർഥ്യം ജെ കെയ‌്ക്കും ആരതിക്കും അറിയാം. അതുകൊണ്ടാണ്, ആരോരുമറിയാതെയുള്ള തങ്ങളുടെ രാത്രികാല സമാഗമത്തിന്റെ സാക്ഷിയായ ചന്ദ്രബിംബം മറഞ്ഞുപോകരുതെന്ന് അവർ ആഗ്രഹിച്ചുപോകുന്നത്. 
 
തും ജോ കഹ് ദോ തൊ ആജ് കീ രാത് ചാന്ദ് ഡൂബേഗാ നഹീ 
രാത് കോ രോക് ലോ... രാത് കീ ബാത് ഹേ ഓർ സിന്ദ്ഗി ബാകീ തോ നഹീ...
 
നീ പറഞ്ഞാൽ ഈ രാത്രി ചന്ദ്രനസ‌്തമിക്കില്ല. രാത്രി ഒടുങ്ങാതിരിക്കട്ടെ. ഈ രാത്രിമാത്രം. ഇനിയില്ല, നാമൊരുമിച്ചുള്ള രാവുകൾ... 
ജെ കെയുമായുള്ള സമാഗമങ്ങളെ അവിഹിതബന്ധമായി ചിത്രീകരിച്ച എതിർസ്ഥാനാർഥിയെയും മാധ്യമങ്ങളെയും ചങ്കൂറ്റത്തോടെ നേരിടുന്ന ആരതി തനിക്ക‌് വോട്ടുചെയ്യരുതെന്ന് ജനങ്ങളോടഭ്യർഥിക്കുന്നു. പക്ഷേ, ആരതിയുടെ തുറന്നുപറച്ചിൽ വോട്ടർമാരെ സ്വാധീനിച്ചു. നല്ല ഭൂരിപക്ഷത്തിൽ അവർ വിജയിച്ചു. എന്നിട്ടും അച്ഛനുമമ്മയും മകളും ഒരുമിക്കുന്ന ശുഭാന്തകഥയൊരുക്കിയില്ല ഗുൽസാർ. ഏറ്റെടുത്ത ജോലി പൂർത്തിയാക്കണമെന്നു പറഞ്ഞ് ആരതിയെ യാത്രയാക്കുകയാണ് ജെ കെ.  യാത്ര അനിവാര്യമാണെന്ന് അയാൾക്കും അവൾക്കുമറിയാം.  ആരതിയെ വഹിച്ചുകൊണ്ട് പൊടി പറത്തി ഉയർന്നുപൊങ്ങുന്ന ഹെലികോപ്റ്ററും സ്വന്തം ജീവിതത്തിന്റെ ശാന്തതയിലേക്ക‌് തിരികെ നടക്കുന്ന ജെ കെയുമാണ്  അവസാന ഫ്രെയിമിൽ. ജീവിതകാലംമുഴുവൻ തന്നെ പിന്തുടരാനിരിക്കുന്ന ഏകാന്തതയുമായി ജെ കെ പൊരുത്തപ്പെട്ടിരിക്കുന്നു. ബന്ധങ്ങളുടെ സ‌്നേഹപാശങ്ങളും രാഷ്ട്രീയജീവിതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശവും ചേർന്ന് വരിഞ്ഞുമുറുക്കുന്നതിന്റെ വേദനയാകും ശിഷ്ടജീവിതത്തിൽ അനുഭവിക്കേണ്ടി വരികയെന്ന യാഥാർഥ്യവുമായി ആരതിയും. ആന്ധി എന്ന വാക്കിനർഥം കൊടുങ്കാറ്റ് എന്നാണ്. ഉള്ളിലൊതുക്കിപ്പിടിച്ച കൊടുങ്കാറ്റുകളുമായി അവർ ജീവിച്ചേ പറ്റൂ. കാരണം, ചേർത്തണച്ച‌് സ്വന്തമാക്കൽമാത്രമല്ല സ‌്നേഹം. വിട്ടുകൊടുക്കൽകൂടിയാണ്. സ‌്നേഹം സ്വാതന്ത്ര്യമാണ്.
പ്രധാന വാർത്തകൾ
 Top