25 July Thursday

ഇനി കരയില്ല

സുജിത്‌ ബേബി sujith.baby2@gmail.comUpdated: Sunday May 14, 2023

ശ്രീവിദ്യയും മകളും ഫോട്ടോ: മിഥുൻ അനില മിത്രൻ

പെറ്റമ്മയുടെ ജീവിതദുരിതത്തിൽനിന്ന്‌ രക്ഷതേടിയുള്ള ഓട്ടത്തിനിടെയാണ്‌ 16–-ാം വയസ്സിൽ ശ്രീവിദ്യക്ക്‌ അമ്മയാകേണ്ടി വന്നത്‌. ഭർത്താവ്‌ പിരിഞ്ഞുപോയ അമ്മയുടെ ജീവിതത്തിലേക്ക്‌ കടന്നുവന്ന സുഹൃത്തിന്റെ കണ്ണ്‌ തന്റെമേൽ പതിഞ്ഞതോടെയാണ്‌  പ്രായമെത്തുംമുമ്പേ വിവാഹമെന്ന തീരുമാനത്തിലേക്ക്‌ നടത്തിച്ചത്‌. പ്രീഡിഗ്രി ഒന്നാംവർഷ വിദ്യാർഥിയായിരുന്ന ശ്രീവിദ്യയുടെ ജീവിതത്തിലേക്ക്‌ വന്നത്‌  വായനപോലും വശമില്ലാതിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ. സ്വരക്ഷ തേടിയുള്ള പാച്ചിലിൽ അതൊന്നും ആലോചിക്കാൻ അവൾക്കായില്ല. സുരക്ഷിതമെന്ന്‌ കരുതി കയറിച്ചെന്നിടത്തും നല്ലതൊന്നും കാത്തിരിക്കുന്നില്ലെന്ന തിരിച്ചറിവിലെത്താൻ അധികനാളെടുത്തില്ല. കൈക്കുഞ്ഞായ മകനുമായി ശ്രീവിദ്യ പഠനം പുനരാരംഭിച്ചു. കംപ്യൂട്ടർ ടിടിസിയും ഡാറ്റാ എൻട്രി ഡിപ്ലോമയും പാസായി. കൃത്യമായി തൊഴിലെടുക്കാൻപോലും ഭർത്താവ്‌ തയ്യാറല്ലെന്ന്‌ വന്നതോടെ കുഞ്ഞിനെ പോറ്റാനുള്ള ഉത്തരവാദിത്വം ശ്രീവിദ്യക്ക്‌ ഒറ്റയ്‌ക്ക്‌ ഏറ്റെടുക്കേണ്ടിവന്നു. ടൈപ്പിങ്ങും അച്ചാർ വിൽപ്പനയും ഉൾപ്പെടെ ചെയ്യാത്ത ജോലിയുണ്ടായിരുന്നില്ല. അതിനിടയിൽ മകളും പിറന്നു. മക്കൾക്കുവേണ്ടി എന്നല്ലാതെ മറ്റൊരു വിശേഷണവും ആ നാളുകളിൽ ജീവിതത്തിന്‌ ഇല്ലായിരുന്നു.
 

ഉരുകിത്തെളിയുകയാണ്‌ ജീവിതം

പിന്നീടൊരിക്കൽ മകൾക്കായി കാച്ചിയ എണ്ണയിലാണ്‌ ശ്രീവിദ്യയുടെ ജീവിതം ഉരുകിത്തെളിഞ്ഞത്‌. താരനും മുടികൊഴിച്ചിലും മാറാൻ പഠിച്ചെടുത്ത കൂട്ടുമായി ശ്രീവിദ്യ കാച്ചിയ എണ്ണ സുഹൃത്തുക്കൾക്കും മകളുടെ അധ്യാപകർക്കും നൽകിയതോടെ ആവശ്യക്കാരേറി. ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞതോടെ അതൊരു വരുമാനമാർഗമായി. പതിയെപ്പതിയെ ‘നന്തികേശം’ ഹെയർ ഓയിലിനൊപ്പം ജീവിതത്തിന്റെ പരുക്കനൊച്ചകളും  ഇല്ലാതായിത്തുടങ്ങുകയായിരുന്നു. ഹെയർ ഓയിലും ആയുർവേദ സോപ്പുമായി ബിസിനസ്‌ വളർച്ചയുടെ പാത കണ്ടെത്തിയപ്പോഴും ജീവിതത്തിന്റെ മറുവശത്ത്‌ ഇരുട്ടകന്നില്ല. ഭർത്താവിൽനിന്ന്‌ ഏൽക്കേണ്ടിവന്ന അപമാനം ശ്രീവിദ്യയിലെ സ്‌ത്രീയെ തളർത്താൻ പോന്നതായിരുന്നു. ഒരുവേള പ്രായപൂർത്തിയായ മകനെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ അയാൾക്കായി. അവന്റെ കൂട്ടുകാരിലൂടെ ആ അമ്മ  മകനെ പിന്നെയും മാറോടണച്ചു. യാത്രയിലെ കാഴ്‌ചകൾ ക്യാൻവാസിലേക്ക്‌ പകർത്തുന്നത്‌ ലഹരിയാക്കിയ മകൻ ജോലി തേടി ദുബായിലേക്ക്‌ പറന്നു. പ്രമുഖ ഹോട്ടൽ ശൃംഖലയിൽ ആർട്ടിസ്റ്റായ അവൻ അമ്മയ്‌ക്ക്‌ കരുത്തായി. ലഹരിക്ക്‌ അടിപ്പെട്ടുപോയ തന്റെ സഹോദരന്റെ കണ്ണുകൾ മകളുടെ ദേഹത്ത്‌ പതിഞ്ഞതോടെ ശ്രീവിദ്യ രണ്ടാമതും വീടുവിട്ടിറങ്ങി. എവിടേക്ക്‌ പോകണമെന്ന്‌ അറിയാതെ മകളെയും ചേർത്തിരുത്തി തിരുവനന്തപുരം നഗരത്തിലൂടെ ഒരു രാത്രി മുഴുവൻ സ്‌കൂട്ടറോടിച്ചു. രാത്രിയുടെ പകുതിയിൽ മാനവീയം വീഥിയിലിരുന്ന്‌ അമ്മ മകളോട്‌ മരണത്തെക്കുറിച്ച്‌ പറഞ്ഞു. അപമാനത്തിന്റെ കൊടുമുടി കയറിയ കുഞ്ഞും അമ്മയ്‌ക്കൊപ്പം മരിക്കാൻ തയ്യാറായിരുന്നു. കണ്ണീരിനും വിലാപത്തിനും ഒടുവിൽ അവർ എത്തിയത്‌ ജീവിതത്തിന്റെ തീരത്തേക്ക്‌ തുഴയാമെന്ന നിശ്ചയദാർഢ്യത്തിൽ. ആ രാത്രിയിലാണ്‌ ശ്രീവിദ്യ ഇനി ജീവിതം അച്ഛൻ ഒപ്പമില്ലാത്ത മക്കൾക്കരികിലെന്ന ഉറച്ച തീരുമാനമെടുത്തതും.
 

സമൂഹം വിളിക്കുന്നു

ജീവിതത്തോട്‌ പൊരുതാൻ തീരുമാനിച്ച ശ്രീവിദ്യ പിന്നീട്‌ തിരിഞ്ഞുനോക്കിയില്ല. ഓഫീസിലെ സുഹൃത്തുക്കൾ ഒഴിഞ്ഞുനൽകിയ ഒറ്റമുറി ക്വാർട്ടേഴ്‌സിലായി  ജീവിതം. രണ്ടുവർഷം മുമ്പുവരെ സുഹൃത്തുക്കളുടെ കരുതലിൻ കീഴിലായിരുന്നു ശ്രീവിദ്യ കുഞ്ഞിനെ രാവുറക്കിയത്‌. ജീവിതത്തിൽ പ്രതീക്ഷയുടെ തളിരുകൾ പടർന്ന നാളുകളിൽ സഹജീവികളെ കാണാതിരിക്കാൻ ശ്രീവിദ്യക്കായില്ല. പൊതിച്ചോറുമായി തെരുവിലേക്കിറങ്ങി. വയറെരിയുന്നവരുടെ മിഴി നനയരുതെന്ന ആപ്‌തവാക്യം ഏറ്റെടുക്കുകയായിരുന്നു അവർ. പാതയോരങ്ങളിൽ വിശന്നിരുന്ന അനേകം മക്കൾക്കും അച്ഛനമ്മമാർക്കും അന്നമൂട്ടി. തമ്പാനൂരിൽ മനോനില തെറ്റിയ ഒരമ്മയ്‌ക്ക്‌ ഒരിക്കൽ ശ്രീവിദ്യ ഭക്ഷണം വാങ്ങി നൽകി. ശ്രീവിദ്യ ഫെയ്‌സ്‌ബുക്കിലിട്ട കുറിപ്പിലൂടെ അവരെ ലോകം തിരിച്ചറിഞ്ഞു, അനവധി കുട്ടികൾക്ക്‌ വിദ്യ പകർന്നുനൽകിയ വത്സ ടീച്ചറെ. മകനെ തേടിയലഞ്ഞ്‌ സമചിത്തത കൈവിട്ട ആ അമ്മയെ സമൂഹം ഏറ്റെടുത്തതുപോലെ നിരവധി അനുഭവങ്ങൾ. ഒരു പെൺകുട്ടിയെ സഹായിച്ചതിന്റെ പേരിൽ നേരിടേണ്ടിവന്ന ഭീഷണിയെയും അതിജീവിച്ചു. അവിടെയും ക്രിമിനൽ കൈചൂണ്ടിയത്‌ ശ്രീവിദ്യയിലെ അമ്മയ്‌ക്കുനേരെ. മകളെ ഉപദ്രവിക്കുമെന്ന ക്രൂരശബ്‌ദം. അവളെ മാറോടണച്ച്‌ ശ്രീവിദ്യ പിന്നെയും പൊരുതുകയാണ്‌, മകൾക്കായി. സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെട്ടുപോകുന്നവരെ ചേർത്തുനിർത്താനും ശ്രീവിദ്യ ശ്രമിക്കാറുണ്ട്‌. തനിക്കൊപ്പം ജോലിചെയ്യുന്നവർ ഏതെങ്കിലും രീതിയിൽ കൈത്താങ്ങ്‌ വേണ്ടവരാണെന്ന്‌ ഉറപ്പിക്കാനും അവർ മറക്കുന്നില്ല.
 

സ്വപ്‌നത്തിലേക്ക്‌ നടക്കണം

പ്ലസ്‌ടു പൂർത്തിയാക്കിയ മകൾ വിദേശപഠനത്തിന്‌ തയ്യാറെടുക്കുകയാണ്‌. അവളുടെ ജീവിതം സുരക്ഷിതമായെന്ന്‌ ഉറപ്പിച്ചാൽ ജോലിയും ബിസിനസും മാത്രമായി ഒതുങ്ങാൻ ശ്രീവിദ്യ തയ്യാറല്ല. ഇരയാക്കപ്പെടുന്ന കുട്ടികൾക്ക്‌ അഭയകേന്ദ്രം ഒരുക്കണമെന്ന സ്വപ്‌നത്തിലേക്ക്‌ നടക്കാനാണ്‌ താൽപ്പര്യം. അത്രയെളുപ്പമല്ല ആ യാത്രയെന്ന്‌ അറിയുമെങ്കിലും നടന്നുകയറുക തന്നെ. ദുരിതത്തിന്റെയും സങ്കടത്തിന്റെയും കടൽ നീന്തിക്കടന്ന കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top