17 February Sunday

മനുഷ്യസ്നേഹത്തിന്റെ നിര്‍മിതികള്‍

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday May 14, 2017

അശരണര്‍ക്ക് ചുരുങ്ങിയ ചെലവില്‍ പരിസ്ഥിതിസൌഹൃദ പാര്‍പ്പിടമൊരുക്കാനുള്ള ദൌത്യം ഏറ്റെടുത്ത് മുപ്പതുവര്‍ഷംമുമ്പാണ് ഹാബിറ്റാറ്റ് ആവിര്‍ഭവിച്ചത്. ഒരു മുറിയില്‍ ഒരാളില്‍നിന്ന് തുടങ്ങിയ സ്ഥാപനം ഇന്ന്് ഏഷ്യയിലെതന്നെ ഏറ്റവും വലിയ  ഭവനനിര്‍മാണപ്രസ്ഥാനമാണ്. ഒന്നരലക്ഷത്തോളം കെട്ടിടങ്ങള്‍,  നാല്‍പ്പതിനായിരത്തിലേറെ തൊഴിലാളികള്‍. സിമന്റും കമ്പിയും കൊണ്ടല്ല  മനുഷ്യസ്നേഹം കൊണ്ടാണ് ജനകീയ വാസ്തുശില്‍പ്പി ജി ശങ്കര്‍ വീടുണ്ടാക്കുന്നത്

റോഡരികില്‍ അങ്ങനെയൊരു കെട്ടിടമുണ്ടെന്ന് പുറത്തുനിന്നാല്‍ തോന്നില്ല. പുരയ്ക്കുമീതെ പടര്‍ന്നുപന്തലിച്ച മരങ്ങള്‍ അവയെ മറച്ചുപിടിച്ചിരിക്കുന്നു. മരങ്ങളുടെ സ്വാഭാവികത്തുടര്‍ച്ചപോലെ ഉള്ളില്‍ തണുപ്പൊളിപ്പിച്ച ആറുനിലക്കെട്ടിടം. വാതില്‍ തുറന്നാല്‍ അകത്ത് വിശാലത. ഉള്ളിലേക്ക് ചെല്ലുംതോറും വലുതായിവരുന്ന ജീവനുള്ള വീട്്്. ആര്‍ക്കിടെക്ട് ജി ശങ്കറിന്റെയും ഹാബിറ്റാറ്റിന്റെയും ആവാസകേന്ദ്രം. സിമെന്റും കമ്പിയും കൊണ്ടല്ലാതെ സ്നേഹംകൊണ്ട്് വീടുണ്ടാക്കുന്ന വിദ്യയെക്കുറിച്ചാണ് ശങ്കര്‍ സംസാരിച്ചത്്. മനുഷ്യസ്നേഹമെന്ന ചേരുവയുണ്ടെങ്കില്‍ തലമുറകള്‍ക്ക് ഭൂമിയില്‍ ആവാസമൊരുക്കാമെന്ന് പറയുന്നുണ്ട്്് ശങ്കറിന്റെ മൂന്ന് ദശാബ്ദം നീണ്ട കര്‍മകാണ്ഡം.

ചെലവുകുറഞ്ഞ, പരിസ്ഥിതിസൌഹാര്‍ദമായ, ഊര്‍ജം സംഭരിക്കുന്ന കെട്ടിടങ്ങളുടെ വ്യാപനത്തിനായി ശങ്കറിന്റെ മുന്‍കൈയില്‍ മുപ്പതുവര്‍ഷം മുമ്പാണ് ഹാബിറ്റാറ്റ് ആരംഭിച്ചത്. ഒരു മുറിയില്‍ ഒരാളില്‍നിന്ന് തുടങ്ങിയ പ്രസ്ഥാനം ഇന്ന്്് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഭവനനിര്‍മാണപ്രസ്ഥാനമായി വളര്‍ന്നു. നാല്‍പ്പതിനായിരത്തിലേറെ തൊഴിലാളികള്‍, നാനൂറോളം വാസ്തുശില്‍പ്പികളും എന്‍ജിനിയര്‍മാരും. ഐക്യരാഷ്ട്രസഭയുടേത് അടക്കം അന്തര്‍ദേശീയ അംഗീകാരം. രാജ്യത്തെമ്പാടും പണിതീര്‍ത്തത്് ഒന്നരലക്ഷത്തോളം കെട്ടിടങ്ങള്‍. അഞ്ചുലക്ഷത്തോളം ചെറുവീടുകളുടെ യൂണിറ്റുകള്‍ വേറെ.

"ഇത്തരത്തിലൊരു അതിജീവനം ഞാനും പ്രതീക്ഷിച്ചതല്ല''-ശങ്കര്‍ പറഞ്ഞുതുടങ്ങി-എങ്ങും വെല്ലുവിളികളായിരുന്നു. ഹാബിറ്റാറ്റിന്റെ വളര്‍ച്ച സാമ്പ്രദായിക കെട്ടിടനിര്‍മാതാക്കളെയും കോണ്‍ട്രാക്ടര്‍മാരെയും ഏറെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ശാരീരികമായ ആക്രമണങ്ങള്‍ നിരവധി ഉണ്ടായി. കൈയും കാലുമൊക്കെ ഒടിച്ചു. ഭയമില്ല. ഒന്നുകില്‍ എന്നെ കൊന്നുകളയണം, അല്ലെങ്കില്‍ ഞാന്‍ ഈ രംഗത്തുതന്നെ ഉണ്ടാകും എന്ന് ഓരോ ആക്രമണത്തിനുശേഷവും ഞാന്‍ പറഞ്ഞു. കാരണം അത് എന്റെ രാഷ്ട്രീയപ്രതിബദ്ധതയാണ്. കാലാവസ്ഥയോട് മാത്രമല്ല സാമൂഹികകാലാവസ്ഥയോടും പ്രതികരിക്കുന്നവരാകണം വാസ്തുശില്‍പ്പികള്‍- ഉറച്ചമനസ്സില്‍ നിന്നുവരുന്ന മുഴക്കമുണ്ട്് ശങ്കറിന്റെ വാക്കുകള്‍ക്ക്.

ചിലപ്പോഴെല്ലാം തലസ്ഥാനത്തെ പ്രക്ഷോഭവേദികളില്‍ ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിച്ചു നീങ്ങാറുണ്ട്്് ശങ്കര്‍. ഐക്യരാഷ്ട്രസഭയിലെ ഉപദേശകസമിതി അംഗത്വം പോലുള്ള ഉന്നതപദവികളോ പത്മശ്രീയോ ജോലിത്തിരക്കുകളോ നിരന്തരയാത്രകളോ വിലപിടിപ്പുള്ള സമയമോപോലും പ്രത്യയശാസ്ത്ര ആഭിമുഖ്യത്തെ പണയംവയ്ക്കാന്‍ പ്രേരിപ്പിച്ചിട്ടില്ല. പന്ത്രണ്ടാം വയസ്സില്‍ സാക്ഷരതാപ്രസ്ഥാനത്തിന്റെ ഭാഗമായതോടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റമാണുണ്ടായത്്.

സ്വഹിലി പഠിച്ച കുട്ടി

ആഫ്രിക്കയിലെ ചെറുരാഷ്ട്രത്തിലാണ്് ജനിച്ചുവളര്‍ന്നത്്. അതുകഴിഞ്ഞ് അമ്മയുടെ നാടായ തിരുവല്ലയിലേക്ക് വരുമ്പോള്‍ ഭാഷകള്‍ എന്നെ പ്രതിസന്ധിയിലാക്കി. ആഫ്രിക്കയില്‍ സ്വഹിലി ഭാഷയാണ് പഠിച്ചത്്. പിന്നീടാണ് മാതൃഭാഷ മലയാളവും ഇംഗ്ളീഷും പഠിക്കുന്നത്്. ഭാഷകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്നെ ബാധിച്ചു. കഠിനമായ വിക്കും അന്ന് അനുഭവപ്പെട്ടിരുന്നു. അതോടെ എന്റെ ബാല്യകാലം സങ്കീര്‍ണമായി. കഠിനമായ ഏകാന്തതയിലേക്ക് വീണു. അസ്തിത്വദുഃഖത്തിലും മരണോപാസനയിലും ഭൂതാവിഷ്ടമായ ഒരുകാലം എനിക്കുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെയാണ് ഞാന്‍ അതില്‍നിന്നെല്ലാം രക്ഷപ്പെട്ടത്്. അക്കാലത്തെ സമ്പൂര്‍ണസാക്ഷരതായജ്ഞത്തില്‍ പങ്കാളിയായി. അച്ഛന്റെ നാടായ തിരുവനന്തപുരത്തിന്റെ കടലോരഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അക്ഷരം പഠിപ്പിക്കാന്‍പോയ യാത്രകളിലാണ് എട്ടാംക്ളാസുകാരനായ ഞാന്‍ ആദ്യമായി ലോകത്തിന്റെ ഇല്ലായ്മകളെക്കുറിച്ച് ബോധവാനാകുന്നത്്.  പകലന്തിയോളം പണിയെടുത്തിട്ടുവരുന്ന തൊഴിലാളികളുടെ കൈപിടിച്ച് എഴുതിപ്പിച്ചു. രാത്രികളില്‍ അവര്‍ അവര്‍ക്കായ് കരുതിവച്ച ഭക്ഷണത്തിന്റെ പകുതി എനിക്കുതന്നു. അല്ലലില്ലാതെ വളര്‍ന്ന ഞാന്‍ ആദ്യമായി വറുതിയുടെ കരകാണാക്കടല്‍ കണ്ടു. എന്തായിത്തീരുന്നോ അത് ജനനന്മയ്ക്കായിത്തീരണം എന്ന് ദൃഢനിശ്ചയം എടുത്തത് അപ്പോഴാണ്്.

സാമ്പത്തികശാസ്ത്രവും സാഹിത്യവുമായിരുന്നു പഠനകാലത്ത് താല്‍പ്പര്യം. കണക്കില്‍ നൂറില്‍ നൂറും വാങ്ങിയത് ആ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. എന്‍ജിനിയറിങ് പഠിക്കേണ്ടിവന്നു. സിഇടിയില്‍നിന്ന് രണ്ടാംറാങ്കോടെ പുറത്തിറങ്ങി.  ഒന്നാമനാകാത്തതില്‍ നിരാശതോന്നി. വാശി തീര്‍ക്കാന്‍ ഇംഗ്ളണ്ടില്‍ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ പോയി ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി വന്നു. ആറക്ക ശമ്പളവും യുഎന്‍ ജോലിയും അടക്കം അന്നേ ഓഫറുകള്‍ വന്നു. പക്ഷേ തിരിച്ചു നാട്ടിലേക്കുതന്നെ പോന്നു. കേരളത്തില്‍ അന്ന്് ചെലവ് കുറഞ്ഞ ഭവനനിര്‍മാണസങ്കേതങ്ങള്‍ ഒരുക്കുന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ- ലാറി ബേക്കര്‍. മുന്നില്‍ രണ്ട് അവസരങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സാമ്പ്രദായികമായ ആര്‍ക്കിടെക്ട് വഴി സ്വീകരിച്ച് ജീവിതം സുരഭിലമാക്കുക. അല്ലെങ്കില്‍ വെയിലത്ത് നടക്കുക. രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.  സന്നദ്ധസേവനരംഗത്ത് കെട്ടിടനിര്‍മാണകേന്ദ്രം എന്ന നിലയില്‍ 80കളുടെ അവസാനംമുതലാണ് ഹാബിറ്റാറ്റ് സജീവമാകുന്നത്്.

ദുര്‍ഘടവഴിയിലെ ചൂരമീനുകള്‍


ഞാന്‍ ആദ്യത്തെ  അവസരത്തിനായി മാസങ്ങളോളം കാത്തിരുന്നു. കാനറ ബാങ്കില്‍ ജോലിചെയ്യുന്ന ഫിലിപ്പ് ആയിരുന്നു ആദ്യ ഗുണഭോക്താവ്. ഹാബിറ്റാറ്റിന്റെ ആദ്യത്തെ വീട്. പിറ്റേവര്‍ഷം 1988ല്‍ 18 കെട്ടിടം കെട്ടി. 1992-93 കാലഘട്ടത്തില്‍ വര്‍ഷം 1500-2000 കെട്ടിടം നിര്‍മിക്കുന്ന സ്ഥിതിയായി.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കോളനി പണിതുനല്‍കിയപ്പോള്‍ അന്ന് അവര്‍ എനിക്കുനല്‍കിയ സമ്മാനം പില്‍ക്കാലത്ത് ലഭിച്ച പത്മശ്രീയേക്കാള്‍ മൂല്യമുള്ളതായി കരുതുന്നു. ഓരോ വീട്ടുകാരും അവര്‍ പിടിച്ചുകൊണ്ടുവന്ന ഓരോ ചൂരമീന്‍ ആണ് സമ്മാനിച്ചത്. ആ മീന്‍ സ്നേഹമായിരുന്നു. വീട് എന്ന സ്വപ്നവുമായി കാത്തിരിക്കുന്നവരുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിച്ചത്.

ഏറ്റവും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുംവേണ്ടിയുള്ള ചെലവുകുറഞ്ഞ കെട്ടിടങ്ങളിലായിരുന്നു ഹാബിറ്റാറ്റ് തുടക്കത്തില്‍ ശ്രദ്ധ പതിപ്പിച്ചത്. ഭോപാലിലെ വാതകദുരന്തവും സുനാമിയും ഹാബിറ്റാറ്റിന് പുതിയ സേവനമേഖല തുറന്നിട്ടു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന പാര്‍പ്പിടസമുച്ചയങ്ങളുടെ നിര്‍മാണം എന്ന വലിയ ദൌത്യം. ഭോപാല്‍ കഴിഞ്ഞ്് ഒഡിഷയില്‍, ഗുജറാത്തിലെ ലത്തൂരില്‍, ഉത്തരകാശിയില്‍, ഉത്തരാഖണ്ഡില്‍, ഇന്തോനേഷ്യയില്‍, തായ്ലന്‍ഡില്‍, മാലിദ്വീപില്‍- പ്രകൃതിദുരന്ത ഇരകളുടെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

1990കളുടെ അവസാനം ഒഡിഷയില്‍ സൂപ്പര്‍സൈക്ളോണ്‍ കടന്നുപോയി. ചുഴലിക്കാറ്റിന്റെ താണ്ഡവത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും പാരദ്വീപിന് സമീപം ഹാബിറ്റാറ്റ് നിര്‍മിച്ച മെഡിക്കല്‍ കോളേജിന് ഒന്നും സംഭവിച്ചില്ല.  മുഖ്യമന്ത്രി ഗിരിധര്‍ ഗോമങ്ക് വ്യക്തിപരമായി വിളിച്ചുവരുത്തി അഭിനന്ദിച്ചു. പിന്നീട് ഒഡിഷതീരത്ത് ഭ്രാന്തന്‍കാറ്റ് വരുംവഴിയില്‍ സ്കൂളുകളും കോളേജുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഹാബിറ്റാറ്റ് ഒരുക്കി.

2004 ഡിസംബര്‍ 26ലെ സുനാമി ഹാബിറ്റാറ്റിന്റെ ജാതകം തിരുത്തിയെഴുതി. ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പപ്രതിരോധ കെട്ടിടം കൊല്ലത്ത് ആലുങ്കടവത്ത് സഖാവ് വി എസ് ഉദ്ഘാടനം ചെയ്തു. സുനാമിവേളയില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ അനാസ്ഥയ്ക്ക് എതിരായ പ്രതിരോധം തീര്‍ത്തതാണ് ആ കെട്ടിടം.  ലോകത്തിലെ ഏറ്റവും വലിയ പുനരധിവാസപദ്ധതി ഹാബിറ്റാറ്റ് ഏറ്റെടുത്തു; ശ്രീലങ്കയില്‍ 95,000 പേര്‍ക്കായുള്ള പാര്‍പ്പിട പദ്ധതി. യുഎന്നിന്റെ പലസ്തീന്‍, നേപ്പാള്‍ പുനരധിവാസപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ബംഗ്ളാദേശിലെ ധാക്കയില്‍ പണിത മണ്‍കെട്ടിടം വര്‍ത്തമാനലോകത്തിലെ ഏറ്റവുംവലിയ മണ്‍നിര്‍മിതിയാണ്.

മണ്ണും മുളയും തീര്‍ക്കുന്ന പ്രതിരോധം

കെട്ടിടനിര്‍മാണരംഗത്തെ അനഭിമതമായ പ്രവണതകള്‍ക്കെതിരായ യുദ്ധംകൂടിയാണ് നയിച്ചത്. മണ്ണും കുമ്മായവും മുളയുംകൊണ്ട് വീടൊരുക്കുമ്പോള്‍ സിമന്റും സ്റ്റീലും കമ്പിയും വില്‍ക്കുന്നവരുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് മുറിവേല്‍ക്കുന്നുണ്ട്.  മുളയും മണ്ണും പ്രതിരോധ ചിഹ്നങ്ങളാണ്. പുതുതലമുറയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ സമാന്തര വാസ്തുശില്പ പ്രസ്ഥാനത്തേക്ക് ചാലുതിരിച്ചുവിടാന്‍ ഹാബിറ്റാറ്റിന് കഴിയുന്നു. ഭവനനിര്‍മാണത്തില്‍ മുളയുടെ സാധ്യതകള്‍ തിരിച്ചറിയാനുള്ള ഗവേഷണകേന്ദ്രം തുറന്നുകൊണ്ടാണ് ഹാബിറ്റാറ്റ് മുപ്പതാംവാര്‍ഷികം ആഘോഷിക്കുന്നത്. 

വീട് സാധാരണക്കാരന്റെ അവസാനത്തെ അഭയസ്ഥാനമാണ്. അമ്മയുടെ മടിത്തട്ടുപോലെ സാന്ത്വനവും സമാധാനവും തരുന്ന ഇടമാകണമത്. വീട്ടിലെ ഭിത്തിക്ക് ജീവനുണ്ട് എന്ന് ചിന്തിച്ചാല്‍ നമ്മുടെ ചിന്തകള്‍ സമൂലം മാറും. പരിരക്ഷിക്കപ്പെടുന്ന എല്ലാ കെട്ടിടവും കല്‍പ്പാന്തകാലത്തോളം നിലനില്‍ക്കും. ചെലവ് കുറഞ്ഞ കെട്ടിടങ്ങള്‍ക്ക് ആയുസ്സില്ല; ബലമില്ല എന്ന വിമര്‍ശനം തെറ്റാണ്്. ബാക്കി എല്ലാ കെട്ടിടങ്ങള്‍ക്കുമുള്ള സുരക്ഷിതത്വവും ബലവും ഈടും ഈ കെട്ടിടങ്ങള്‍ക്കുമുണ്ട്്.

കാത്തിരിക്കുന്നവര്‍

എന്റെ തൊഴില്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തനംതന്നെയാണ്. അശരണര്‍ക്ക് ഒപ്പം നില്‍ക്കാനാണ് ഞാന്‍ പഠിച്ചത്. ബദല്‍വഴികള്‍ എപ്പോഴും ദുര്‍ഘടമാണ്്. പ്രതിസന്ധികള്‍ തീരുന്നില്ല. പക്ഷേ ഹാബിറ്റാറ്റ് അതിജീവനത്തിന്റെ പാതയിലാണ്.

ഹാബിറ്റാറ്റിന്റെ തുടക്കകാലത്ത് പരിഷത്തിന്റെ സാക്ഷരതാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഒരു ചേരി പ്രദേശത്ത് ചെന്നപ്പോള്‍ അവിടെ എന്നെക്കുറിച്ചുവന്ന വാര്‍ത്തയും പടവും ഒട്ടിച്ചുവച്ചിരിക്കുന്നു. കൂട്ടുകാരന്‍ വീട്ടുകാരോട് ഫോട്ടോ ആരുടേതാണെന്ന് ചോദിച്ചു. അയാള്‍ പറഞ്ഞു. 'എന്നെങ്കിലും പൈസ ഉണ്ടാകുമ്പോള്‍ ഞാന്‍ ഈ സാറിന്റെ കൈയില്‍ കൊണ്ടു കൊടുത്താല്‍ മതി. വീടുവച്ചു തരും'- അത്തരം വാക്കുകളാണ് എന്റെ ഊര്‍ജം. ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ടെലഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത് എന്റെ ശിഷ്ടജീവിതത്തിന്റെ പകുതി അവരുടെ സംസ്ഥാനത്തിന് വേണമെന്നാണ്.

ആളുകള്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. പലയിടത്തും വ്യക്തിപരമായി എത്താന്‍ കഴിയുന്നില്ല. എന്റെ ജോലിയില്‍ ഞാന്‍ സന്തോഷം അനുഭവിക്കുന്നു. എന്റെ വാക്കുകളില്‍ വൈകാരികത കടന്നുപോയിട്ടുണ്ടെങ്കില്‍ ഇതെന്റെ ജീവിതമായതുകൊണ്ടാണ്്. ഇതാണ് ഞാന്‍.


unnigiri@gmail.com

പ്രധാന വാർത്തകൾ
 Top