24 August Saturday

കുട്ടികളേ, പുത്തനുടുപ്പിനുണ്ട്‌ ഒരു കഥപറയാൻ

പി കെ സജിത് pksajithdbi@gmail.comUpdated: Sunday Apr 14, 2019

കേരളത്തിന്റെ കൈത്തറി ഗ്രാമങ്ങളിലെല്ലാം ഇപ്പോള്‍ അനസ്യൂതം കേള്‍ക്കാം തറികളുടെ സം​ഗീതം. സ്കൂള്‍ തുറക്കുമ്പോള്‍ എട്ടരലക്ഷത്തോളം കുട്ടികള്‍ക്കുള്ള കൈത്തറി യൂണിഫോം നെയ്തെടുക്കാനുള്ള അവസാനവട്ട തിരക്കിലാണ് നെയ്‌ത്തുകാർ. കൈത്തറി മേഖലയെ ഊർജസ്വലമാക്കിയിരി ക്കുകയാണ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി. 42 ലക്ഷം മീറ്റര്‍ തുണി ഇതിനോടകം തയ്യാറായി. വിഷുക്കാലത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ ഉണർവിന്റെ സാക്ഷ്യമാകുന്നു തറികളുടെ നിലയ്ക്കാത്ത താളം

 

 
എൺപതു കഴിഞ്ഞെങ്കിലും കുമാരേട്ടനിപ്പോൾ തിരക്കൊഴിഞ്ഞ നേരമില്ല. എന്നും രാവിലെയെത്തും. വൈകുവോളം നെയ്‌ത്ത്‌.
‘ഇരുപതാം വയസ്സിലെത്തിയതാ ഇവിടെ, ഇപ്പോഴാ തറിയുടെ ഇടമുറിയാത്ത ശബ്ദം ഇവിടെനിന്നുയരുന്നത്.' 
വടകര ചോമ്പാൽ കൈത്തറി സംഘത്തിലെ മുതിർന്ന നെയ്ത്തുതൊഴിലാളിയായ ഈരായിക്കണ്ടി മീത്തൽ കുമാരൻ എന്ന കുമരേട്ടൻ പണിത്തിരക്കിനിടെ പറഞ്ഞു. 
 
ജീവിതത്തിന്റെ ഊടും പാവും നെയ്തുകൂട്ടിയ ഇക്കാലത്തിനിടയിൽ ഇത്രയും തിരക്കുള്ള തൊഴിലിടം കുമാരേട്ടന്റെ ഓർമയിലില്ല. അധികജോലി ചെയ്ത ഇനത്തിൽ വേതനത്തിനു പുറമെ ഇൻസെന്റീവായി ഒടുവിൽ ഒന്നിച്ചുകിട്ടിയത് 38,000 രൂപ. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട നെയ്ത് ജോലിയിൽ ഇത്രയും തുക ഒന്നിച്ചുകിട്ടുന്നതാദ്യം. ‘സാധാരണ നിലയിൽ ഒരുവർഷം പണിയെടുത്താൽ കൂലി അമ്പതിനായിരത്തിനടുത്താണ് കിട്ടുക. ഇതിപ്പോ ഇൻസെന്റീവായിമാത്രം 42,000 രൂപ വരെ വാങ്ങിയ ആൾ ഈ സംഘത്തിലുണ്ട്.' കുമാരേട്ടൻ അതു പറയുമ്പോൾ നിലയ്ക്കാതെ ചുറ്റും മുഴങ്ങുന്ന തറികൾ പൊട്ടിച്ചിരിക്കുമ്പോലെ.
 
കേരളത്തിന്റെ കൈത്തറി ഗ്രാമങ്ങളിലെല്ലാം കേൾക്കാം തറികളുടെ ഈ പൊട്ടിച്ചിരി. കാരണം എട്ടരലക്ഷം കുട്ടികളെയാണ് ഇക്കുറി അവർക്ക് പുതുവസ്ത്രമണിയിക്കേണ്ടത്. അതിന് 42 ലക്ഷം മീറ്റർ യൂണിഫോം തുണിവേണം. അത‌് നെയ്തെടുക്കുന്ന അവസാനവട്ട തിരക്കിലാണ് കേരളത്തിലെ നെയ്ത്തുകാരെമ്പാടും. മധ്യവേനലവധിത്തിമിർപ്പുകഴിഞ്ഞ് ജൂണിൽ പള്ളിക്കൂടത്തിൽ പോകേണ്ട കുട്ടികൾക്കുള്ള യൂണിഫോം തുണി വിഷുക്കാലത്തുതന്നെ സ്‌കൂളുകളിലേക്ക്‌ എത്തിത്തുടങ്ങി.
 

കൈത്തറി യൂണിഫോമിട്ട കുട്ടികൾ

 
നാടിന്റെ പാരമ്പര്യത്തോളം പഴക്കംചെന്ന ഗ്രാമീണ വ്യവസായമായ കൈത്തറിയെ മരണമുഖത്തുനിന്ന‌് കുട്ടികളിലൂടെ പുനരുജ്ജീവിപ്പിച്ച അവിശ്വസനീയതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. കൈത്തറി യൂണിഫോമിട്ട കുട്ടികൾ നാശോന്മുഖമായ പാരമ്പര്യവ്യവസായത്തിന്റെ തിരിച്ചുവരവിന്റെ പ്രതീകമായി മാറുന്നു. ‘സ്കൂൾ യൂണിഫോം പദ്ധതി തുടങ്ങിയില്ലെങ്കിൽ എന്നേ ഇതെല്ലാം അടച്ചുപൂട്ടേണ്ടിവന്നേനെ'–- കുമാരേട്ടൻ നെടുവീർപ്പെടുന്നു.  ‘ഇപ്പം ഭേദപ്പെട്ട കൂലീം ദിവസോം പണീം ഉണ്ട്.' നെയ്ത്തുതാളം അദ്ദേഹത്തിന് ജീവതാളംകൂടിയാണ്, കുമാരേട്ടൻ പ്രായം മറന്ന് അതിൽ അലിഞ്ഞു.
 
സംഘത്തിലെ തൊഴിലാളികളായ സുമതിയും ശാന്തയും മന്നൻ രാമനും പുഷ്പവല്ലിയും വസന്തയുമെല്ലാം ജീവിതത്തിന്റെ ഇഴയടുപ്പങ്ങൾകൂടിയാണ് ഇപ്പോൾ തറികളിൽ നെയ്തെടുക്കുന്നത്. ഏറ്റെടുത്ത ജോലി പൂർത്തിയാക്കാനുള്ള ഉത്സാഹത്തിലാണവർ. രണ്ടരവർഷത്തിനിടെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പൂട്ടിക്കിടന്ന സംഘങ്ങൾ സജീവമായി. ഉപേക്ഷിച്ചുപോയ തൊഴിലാളികൾ  തരിച്ചെത്തി. 
 

വർഷം മുന്നൂറിലേറെ തൊഴിൽദിനം

 
വ്യവസായ- വകുപ്പും വിദ്യാഭ്യാസവകുപ്പും പരസ്പരം കൈകോര്‍ത്ത് നടപ്പാക്കിയ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 2017ൽ സർക്കാർ സ്കൂളിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള 2.25 ലക്ഷം കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകി. തൊട്ടടുത്തവർഷം അത് ഏഴുവരെയുള്ള വിദ്യാർഥികൾക്കാക്കി. നാലര ലക്ഷം വിദ്യാർഥികൾക്ക് 23 ലക്ഷം മീറ്റർ യൂണിഫോം നൽകി. ഇനി സ്കൂൾ തുറക്കുമ്പോൾ എയ്ഡഡ് എൽപി സ്കൂളുകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുകയാണ്. എല്ലാ വിദ്യാർഥികൾക്കും ഈ ഒരുവർഷം രണ്ടുജോഡി യൂണിഫോം നൽകും. ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംഘങ്ങളിലെ ഓരോ തൊഴിലാളികളുമെന്ന് കൈത്തറി സൊസൈറ്റി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ വി ബാബു പറഞ്ഞു.
 
അയ്യായിരത്തിലേറെ നെയ്ത്തുകാർക്കും അത്രതന്നെ അനുബന്ധ തൊഴിലാളികൾക്കും വർഷത്തിൽ  300 ദിവസത്തോളം ജോലി ലഭ്യമാക്കനായി. ദിവസം 400 രൂപമുതൽ 600 രൂപവരെ കൂലി ലഭിക്കുന്നു. നിശ്ചയിച്ചതിലും  കൂടുതൽ നെയ്യുന്നവർക്ക് ഇരട്ടിയാണ് ഇൻസെന്റീവ്. നല്ലി ചുറ്റുന്ന തൊഴിലാളികൾക്കും ഇൻസെന്റീവുണ്ട്. ഇതുവരെ 87 കോടിയിലധികം രൂപ കൂലി ഇനത്തിൽ നൽകി. ഉൽപ്പാദന പ്രോത്സാഹനം എന്ന നിലയിൽ അധിക ജോലിചെയ്ത ഇനത്തിൽ 16.72 കോടി രൂപയും. തൊഴിലാളികൾക്കേറെയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്നു.
 

ഏറെയും സ്ത്രീത്തൊഴിലാളികൾ

 
നെയ്ത്തുതൊഴിലിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് പണിയെടുക്കുന്നത്. അതും പിന്നോക്ക സമുദായത്തിൽനിന്നുള്ളവരാണ് ഏറെയും. അതുകൊണ്ടുതന്നെ പിന്നോക്കവിഭാഗത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സമ്പാദ്യശീലം മെച്ചപ്പെടുത്താനും വഴിയൊരുക്കപ്പെട്ടിരിക്കുകയാണെന്ന് ഹാൻടെക്സ് മാനേജിങ് ഡയറക്ടർ കെ എസ് അനിൽകുമാർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണകേരളത്തിലെ ഏഴു ജില്ലയിൽ കൈത്തറി യൂണിഫോം എത്തിക്കാനുള്ള ചുമതല ഹാൻടെക്സിനാണ്. 
 
ചോമ്പാൽ വീവേഴ്സ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായ അറുപത്തിമൂന്നുകാരി മുക്കാളിയിലെ തീവണ്ടി ചാലിൽ രാധ 1974ലാണ് സംഘത്തിൽ എത്തുന്നത്. നല്ല് ചുറ്റിയായിരുന്നു തുടക്കം. ഇപ്പോ തൊണ്ണൂറ് ഇഞ്ച് മഗ്ഗത്തിൽ നെയ്യും. ‘നേരത്തെ ഒരു വർഷം 75 ദിവസം പണി കിട്ടിയാലായി. ഇപ്പോ തരക്കേടില്ലാത്ത വേതനം മാസന്തോറും ലഭിക്കും.' കൈത്തറി രംഗത്തെ തൊഴിലാളി സംഘാടകകൂടിയായ രാധ സാക്ഷ്യപ്പെടുത്തുന്നു.
 
‘മുമ്പൊക്കെ ഒരു പാവുതീർന്നാൽ രണ്ടു മൂന്നു മാസം കഴിയണം പുതിയവ കിട്ടാൻ. എന്നാൽ, ആ സ്ഥിതി മാറി. ഇന്നിപ്പോ സമയമില്ലാത്ത അവസ്ഥയാ. എല്ലാ ദിവസവും പണിയുണ്ട്'–- കോഴിക്കോട് മിയൂർ കൈത്തറി സംഘത്തിലെ പാലോറ്റ ശശിയും കുന്നോത്ത് മീത്തൽ ലീനയും കുടിയാംവള്ളി ശ്രീജയുമെല്ലാം പറയുന്നു. ‘നേരത്തെ ഈ തൊഴിൽ പരിശീലിക്കാൻപോലും ആളുകളെ കിട്ടാത്ത അവസ്ഥയായിരുന്നു. ഇപ്പോ 20 ആളുകൾക്ക് പരിശീലനം നൽകി. 17 പേരും പതിവായി സംഘത്തിലെത്താറുണ്ട്'–- ശ്രീജയുടെ വാക്കുകളിൽ ആത്മവിശ്വാസം.
 
‘2011 മുതൽ റിബേറ്റ് കിട്ടാനുണ്ടായിരുന്നു. ഈ സർക്കാർ വന്നതിനുശേഷം 2016 വരെയുള്ളത് പൂർണമായി കൊടുത്തുതീർത്തു. അടച്ചുപൂട്ടുന്ന സംഘങ്ങൾ പുനരുജ്ജീവിപ്പിച്ചു. മുഴുവൻ തൊഴിലാളികൾക്കും പൂർണമായി തൊഴിൽ നൽകി.  കൈത്തറി മേഖലയിൽനിന്നുള്ള കൊഴിഞ്ഞുപോക്കും തടയാനായി'–-  മണിയൂർ സംഘം പ്രസിഡന്റ് കൂടിയായ എ വി ബാബു ചൂണ്ടിക്കാട്ടി. 
 

നെയ്‌ത്ത്‌ പഠിക്കുന്ന സ്ത്രീകൾ

 
ഹാൻവീവ് ആവിഷ്കരിച്ച കൈത്തറി പരിശീലന പദ്ധതിയുടെ സാർഥകമായ മറ്റൊരു കാഴ്ചയാണ് കണ്ണൂരിലെ മാങ്ങാട്ടിടം പഞ്ചായത്തിലേത്. അവിടെ പുതുതായി ഇരുനൂറോളം സ്ത്രീകൾ നെയ്ത്ത് പഠിച്ചു. സർക്കാർ തറി നൽകി. ഇപ്പോൾ സ്കൂൾ യൂണിഫോമിനായുള്ള കൈത്തറിത്തുണികൾ അവർ നെയ്യുന്നു. നെയ്ത്തുകൂലി അക്കൗണ്ടുവഴി നൽകുന്നു. നെയ്ത്ത് പഠിപ്പിക്കൽ മാത്രമല്ല, തറിയും സൗജന്യമായി നൽകുന്നതാണ് ഹാൻവീവിന്റെ പദ്ധതി. പായം, കോളയാട്, ചെറുപുഴ പഞ്ചായത്തുകളിലും സൗജന്യ കൈത്തറിപരിശീലം നടക്കുന്നു. അവരും ഉടൻ യൂണിഫോം നിർമാണത്തിൽ പങ്കാളികളാകും. സൗജന്യ കൈത്തറി യൂണിഫോം പദ്ധതി ഉള്ളതിനാൽ അവർക്ക് സ്ഥിരമായി തൊഴിൽനൽകാൻ കഴിയുമെന്നതിൽ ഉറപ്പുണ്ട്. പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് സ്ത്രീത്തൊഴിലാളികൾ പദ്ധതിയുമായി സഹകരിക്കുന്നത്–- ഹാൻവീവ് ഡയറക്ടർ ജയരാജ്  പറഞ്ഞു.

 

വീണ്ടെടുക്കപ്പെടുന്ന തറികൾ

 
തിരുവനന്തപുരം നേമത്ത് ട്രാവൻകൂർ ടെക്സ്റ്റൈൽസ് സംഘം 1978ലാണ് രജിസ്റ്റർ ചെയ്തതെങ്കിലും സ്വാതന്ത്ര്യലബ്ധിക്ക് മുന്നേയുള്ള പാരമ്പര്യം പേറുന്നുണ്ട്. സൊസൈറ്റിയുടെ നെയ്ത്തുശാലയിലേക്ക് 80 കഴിഞ്ഞ കൃഷ്ണമ്മ ഇപ്പോഴും കയറിവരും. കുട്ടികൾക്കുള്ള വസ്ത്രം നെയ്യാൻ. പെൻഷൻ പറ്റി മടങ്ങിയവരും ജോലി ഉപേക്ഷിച്ചവരുമെല്ലാം ഇപ്പോൾ സംഘത്തിലെ പതിവുകാരായി. കൂടുതലും സ്ത്രീകൾ. നാൽപ്പത് തറികളുണ്ടിവിടെ. എല്ലാം പ്രവർത്തിച്ചുതുടങ്ങുമ്പോൾ അവരിലെല്ലാം പഴയകാലത്തിന്റെ ആവേശം നിറയുകാണ്. നെയ്ത്തും അനുബന്ധ തൊഴിലുമായി 75 പേർക്ക് ഇപ്പോൾ സൊസൈറ്റി ജോലി നൽകുന്നു. പ്രായമായവർക്കും സ്ത്രീകൾക്കും അറിയാവുന്ന തൊഴിലെടുത്ത് ആത്മവിശ്വാസത്തോടെ പുലരാനുള്ള അവസരമാണ്  കൈവന്നിരിക്കുന്നതെന്ന് സംഘം സെക്രട്ടറി ജയലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.  ബാലരാമപുരത്തും മറ്റും നഷ്ടത്തെതുടർന്ന് തറി വിറ്റവർപോലും ഇപ്പോൾ അവ തിരിച്ചുവാങ്ങി യൂണിഫോം പദ്ധതിയിൽ പങ്കുചേർന്നിരിക്കുകയാണ്. 
 

എൻഐഎഫ്ടി പറയുന്നത്

 
കൈത്തറിമേഖലയിൽ പോയകാലഘട്ടത്തിനിടയിൽ നടന്ന ഏറ്റവും ശക്തമായ ഇടപെടലാണ് യൂണിഫോം പദ്ധതിയെന്ന് കേന്ദ്ര വസ‌്ത്രമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) ചൂണ്ടിക്കാട്ടുന്നു. നെയ്ത്തുകാർക്കിടയിലും കുട്ടികൾക്കിടയിലും അവരുടെ മാതാപിതാക്കളിലും പദ്ധതിയുടെ വ്യത്യസ്തതലങ്ങളെക്കുറിച്ച് വിശദമായ സർവേയാണ് സ്ഥാപനം നടത്തിയത്. നെയ്ത്തുകാരുടെ തൊഴിൽ സംബന്ധിയായ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാൻ സാധിച്ചെന്നും കുട്ടികൾക്ക് മിൽത്തുണിയേക്കാൾ ഇഷ്ടം കൈത്തറിയാണെന്നും എൻഐഎഫ്ടിയുടെ പഠനം സാക്ഷ്യപ്പെടുത്തുന്നു. തുണിയുടെ നിലവാരം, ആരടുപ്പം, ഇഴഗുണം, നിറം, മൃദുലത, വിയർപ്പ് വലിച്ചെടുക്കാനുള്ള കഴിവ് തുടങ്ങിയവയിൽ പഠനത്തിൽ പങ്കെടുത്ത 98 ശതമാനവും പൂർണ സംതൃപ്തി രേഖപ്പെടുത്തി. കേരളത്തിലെ നെയ‌്ത്തുകാരുടെ അധ്വാനവും ജീവിതവുമാണ് തങ്ങൾ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളെന്ന അഭിമാനബോധവും കുട്ടികൾക്കുണ്ട്. വസ്ത്രമെന്നതിന് ഇങ്ങനെ കൂടി ചില ഉപയോ​ഗങ്ങളുണ്ടെന്ന്  ഇതിലുമേറെ ലളിതമായെങ്ങനെ കുട്ടികള്‍ തിരിച്ചറിയും.
പ്രധാന വാർത്തകൾ
 Top