02 March Tuesday

നാടാര്‌ (നാട് ആരാണ്‌‌)

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Feb 14, 2021

നീയാര്‌ എന്ന്‌ ചോദിച്ചാൽ മതത്താൽ മാത്രം തീർത്ത ഒരാളല്ല, എന്ന മറുപടി കിട്ടുന്ന ദേശം. ഒരേ വീട്ടിൽ ഹിന്ദുവും ക്രിസ്‌ത്യനും അതിന്റെ തന്നെ പല കൈവഴികളും സമൃദ്ധമായി ജീവിക്കുന്ന ഇടം. തലസ്ഥാന ജില്ലയെയും തമിഴ്‌നാട്‌ അതിർത്തി ജില്ലകളെയും ഉഴുതുമറിച്ച നാടാർ ജനപഥത്തിൽ വലിയൊരു സാമൂഹ്യമാറ്റം കൂടി നടക്കുന്ന കാലം കൂടിയാണിത്‌. എല്ലാ വിഭാഗം നാടാർമാരെയും ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുക വഴി, പ്രാചീനമായൊരു വിവേചനത്തെ തിരുത്തുക കൂടിയാണ്‌ എൽഡിഎഫ്‌ സർക്കാർ

 
 
കൃഷ്‌ണനും രാമനും ഏത്‌ മതക്കാരാണ്? പോട്ടെ, വിഷ്‌ണു എന്ന പേരുകാരൻ ആരായിരിക്കും. പൊതുബോധമെ അറിയുക: നെയ്യാറ്റിൻകരയ്‌ക്കടുത്ത്‌ വ്ളാത്താങ്കരയിലെ സിഎസ്‌ഐ പള്ളിക്കമ്മിറ്റി സെക്രട്ടറിയാണ്‌ കൃഷ്‌ണൻ! സ്‌കൂൾ സർട്ടിഫിക്കറ്റിൽ കത്തോലിക്കനെന്ന്‌ രേഖപ്പെടുത്തിയ ആളാണ്‌ വിഷ്‌ണുവും അർജുനനുമൊക്കെ!
 
ഇതേപോലെ തിരിച്ച്‌ ഒന്നാലോചിച്ചേ; അമ്പലത്തിൽ വിളക്ക്‌ വയ്‌ക്കുന്ന ക്രിസ്‌‌തുദാസും യേശുദാസുമൊക്കെ. അതുമുണ്ടിവിടെ; ഹിന്ദുമതമെന്ന സർട്ടിഫിക്കറ്റ്‌ കൈയിലുള്ള ജോസഫും ഫ്രാൻസിസും സ്റ്റീഫനും മറ്റും മറ്റും...
പേരിൽ, ചിഹ്‌നങ്ങളിൽ, പെരുമാറ്റങ്ങളിൽ അത്രയൊന്നും മതജീവിതം പ്രകടമല്ലാത്ത തലസ്ഥാനജില്ലയിലെ നാട്ടുകാരാണ്‌ നാടാർ വിഭാഗം. വേണമെങ്കിൽ അവരെ ക്രിസ്‌ത്യൻ നാടാർ/ഹിന്ദു നാടാർ എന്നൊക്കെ നമുക്ക്‌ വിളിക്കാം എന്നുമാത്രം.
 
ക്രിസ്‌ത്യൻ നാടാരുടെ മകൾ ജീവിക്കുന്നത്‌ ഒന്നാം തരം ‘അമ്പലവാസി’യായി; ഇനി അമ്പലക്കമ്മിറ്റി പ്രസിഡന്റിന്റെ മകൻ പള്ളിഗാനമേള ട്രൂപ്പിലെ പ്രധാന ഗായകൻ... ഏതോ മതരഹിതമായ നാട്ടിലെ ഭാവനയിലുള്ളൊരു വീടിന്റെ ചിത്രമല്ലിത്‌. തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും സമ്പന്നമായ സാംസ്‌കാരിക ജീവിതം കൈയാളുന്ന നാടാർ ജീവിതം ഇങ്ങനെയൊക്കെയാണ്‌ നാടിന്റെ സാംസ്‌കാരിക ചരിത്രത്തെ സമ്പന്നമാക്കുന്നത്‌.
 
കുടുംബചിത്രം: പാറശാല അമരവിളയിലെ വിജയരാജിന്റെ (താടിയുള്ളയാൾ) കുടുംബം. ഇദ്ദേഹം നാടാർ ക്രിസ്‌ത്യനാണെങ്കിലും ഭാര്യ എം ലളിത (നീലസാരി) നാടാർ ഹിന്ദുവാണ്‌. മകൻ ജിമ്മി രാജ്‌ (നാടാർ എസ്‌ഐയുസി), മരുമകൾ ദീപ (നാടാർ ഹിന്ദു), മടിയിൽ  ഇരിക്കുന്ന കൊച്ചുമകൻ ആയുഷ്‌ രാജ്‌ (‌നാടാർ ക്രിസ്‌ത്യൻ). പിറകിൽ നിൽക്കുന്നത്‌  കൊച്ചുമക്കൾ തസ്‌ന, ബ്ലെസിൻ രാജ്‌, ആദിത്യ

കുടുംബചിത്രം: പാറശാല അമരവിളയിലെ വിജയരാജിന്റെ (താടിയുള്ളയാൾ) കുടുംബം. ഇദ്ദേഹം നാടാർ ക്രിസ്‌ത്യനാണെങ്കിലും ഭാര്യ എം ലളിത (നീലസാരി) നാടാർ ഹിന്ദുവാണ്‌. മകൻ ജിമ്മി രാജ്‌ (നാടാർ എസ്‌ഐയുസി), മരുമകൾ ദീപ (നാടാർ ഹിന്ദു), മടിയിൽ ഇരിക്കുന്ന കൊച്ചുമകൻ ആയുഷ്‌ രാജ്‌ (‌നാടാർ ക്രിസ്‌ത്യൻ). പിറകിൽ നിൽക്കുന്നത്‌ കൊച്ചുമക്കൾ തസ്‌ന, ബ്ലെസിൻ രാജ്‌, ആദിത്യ

മതമേതെങ്കിലും...

 

മത, ജാതി വിവേചനത്തിന്റെ കെട്ടകാലം സഹിയാഞ്ഞാണ്‌ ശ്രീനാരായണ ഗുരു, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന പ്രഖ്യാപനം നടത്തുന്നത്‌. നെയ്യാറ്റിൻകര കമുകിൻകോട്‌ ഈഴവപ്പള്ളിയിൽ വന്നപ്പോഴാണ്‌ ഗുരുവിന്റെ ഈ വചനം പ്രസിദ്ധമായത്‌. കമുകിൻകോട്ടെ നാടാർ സമുദായത്തിൽ മത/ ജാതി ഭേദമില്ലാത്ത സാമൂഹ്യ ജീവിതം കണ്ടാവണം ‘മതമേതായാലും....’ എന്ന പ്രയോഗം അദ്ദേഹം നടത്തിയത്‌ എന്നും  നിരീക്ഷണമുണ്ട്‌‌. മതശാഠ്യങ്ങളിൽ ജീവിക്കാത്ത ആ ജനസമൂഹത്തിലെ പ്രധാനികളായിരുന്നു കമുകിൻകോട്ടെ ഈഴവരും. അവരോട്‌ എന്തുതരം മതത്തെ പറ്റിയാണ്‌ താൻ പറയേണ്ടത്‌ എന്ന ഗുരുവിന്റെ സംശയവും നയതന്ത്രജ്ഞതയുമായിരിക്കാം‌ ചരിത്രപ്രസിദ്ധമായ ‘മതമേതായാലും’ എന്ന പ്രസ്‌താവനയിലേക്ക്‌ അദ്ദേഹത്തെ എത്തിച്ചത്‌.
 
ഒരു വീട്‌; അച്ഛൻ ഹിന്ദു, അമ്മ ക്രിസ്‌ത്യാനി, മക്കൾ ഹിന്ദുവും ക്രിസ്‌ത്യാനിയും. ക്രിസ്‌ത്യാനിയായ മക്കളിൽ കത്തോലിക്കരുണ്ട്‌, പ്രൊട്ടസ്റ്റന്റുണ്ട്‌, പെന്തക്കോസ്‌തുണ്ട്‌. ചുമരിൽ തൂങ്ങുന്ന ചിത്രക്കലണ്ടറിൽ, ഒരുഭാഗത്ത്‌ ക്രൂശിതനായ യേശുവും മറുഭാഗത്ത്‌ ശയിക്കുന്ന പത്മനാഭ സ്വാമിയും. ചെറുകാറ്റൊന്നടിച്ചാൽ കലണ്ടർ താളിളകി ദൃശ്യമാകുന്നത്‌ സുന്ദരവും നിഷ്‌കളങ്കവുമായ നാടാർ മതജീവിതം. മനുഷ്യനും പൊതുജീവിതവും കമ്പാർട്ടുമെന്റുകളായി ചുരുങ്ങുന്ന മതവെറിയുടെ പുതിയ ഇന്ത്യൻ അവസ്ഥയിൽ, നാടാർ ജീവിതം എത്രമാത്രം ചേതോഹരം.
 
തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിൽ ചെന്നൈ, കന്യാകുമാരി, തഞ്ചാവൂർ, മധുര, തൂത്തുക്കുടി, തിരുച്ചെന്തൂർ, വിരുദുനഗർ ജില്ലകളിലുമാണ്‌ നാടാർ ജനവിഭാഗമുള്ളത്‌. തിരുവിതാംകൂറിൽ ആദ്യസെൻസസ്‌ നടന്ന 1873ൽ കണ്ടെത്തിയ 75 ഹിന്ദു വിഭാഗങ്ങളിൽ നായർക്കും ഈഴവർക്കും ഒപ്പം ജനസംഖ്യയിൽ മൂന്നാമതായി നാടാർ സമുദായവുമുണ്ട്‌. അതിനും മുമ്പ്‌ 1819ൽ ഭാഷാവിദഗ്‌ധനും ചരിത്രകാരനുമായ കാർഡ്‌വെൽ എഴുതിയ ‘തിന്നവേലി ഷാന്നാഴ്‌സ്‌’ (തിരുനെൽവേലി നാടാന്മാർ) എന്ന പുസ്‌തകത്തിൽ, ജനവിഭാഗമെന്ന നിലയിൽ നാടാർ ചരിത്രപശ്‌ചാത്തലം രേഖപ്പെടുത്തുന്നുണ്ട്‌. മതപരിവർത്തനം അടക്കമുള്ള കാര്യങ്ങളാകാം ഇങ്ങനെയൊരു സമുദായത്തെ സൃഷ്ടിച്ചത്‌ എന്ന്‌ കേവല ബുദ്ധിയിൽ തോന്നാമെങ്കിലും, കാർഡ്‌വെൽ പക്ഷേ അതിന്‌ തെളിവ്‌ തരുന്നില്ല. ഹിന്ദുവിനും ക്രിസ്‌ത്യനുമൊപ്പം തന്നെ സവിശേഷമായ സാംസ്‌കാരിക അസ്‌തിത്വം പേറുന്ന വിഭാഗമായി നാടാരെ കാർഡ്‌വെൽ കണ്ടു. പിന്നീട്‌ 1876ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ കാനേഷുമാരിയിലാണ്‌ ഹിന്ദു നാടാർ/ക്രിസ്‌ത്യൻ നാടാർ എന്നിങ്ങനെയുള്ള പരികൽപ്പന വരുന്നത്‌.
 

സമ്പന്നം ഇന്നലെകൾ...

 

ചട്ടമ്പി സ്വാമിക്കും നാരായണ ഗുരുവിനും അയ്യൻകാളിക്കും മുമ്പേ അന്നത്തെ തിരുവിതാംകൂറിൽ നിന്നൊരു നാടാർ മകൻ –- മുടിചൂടുംപെരുമാൾ (1809–- 1851) ഉണ്ടായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായി സ്വയം വിശേഷിപ്പിച്ച്‌ ജാതിഭ്രാന്തിനോടും ജന്മിത്തത്തോടും കർശനമായി കലഹിച്ചു. വൈകുണ്‌ഠസ്വാമി എന്ന പേര്‌ സ്വീകരിച്ച്‌ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്‌തു. കരം പിരിവിനെയും നിർബന്ധിത തൊഴിലിനെയും എതിർത്തു. വിഗ്രഹാരാധനയ്‌ക്കും മൃഗബലിക്കും എതിരായി ജനങ്ങളെ ബോധവൽക്കരിച്ചു. 1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന സംഘടന സ്ഥാപിച്ച്‌ ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതി. കൂലിയില്ലാതെ അടിമപ്പണി ചെയ്‌തിരുന്ന പുലയർ, പറയർ, കുറവർ, ചാന്നാൻ തുടങ്ങിയ കർഷക അടിയാളരിൽ ചെറുത്തുനിൽപ്പിന്റെ വിത്തുപാകിയത് വൈകുണ്ഠസ്വാമിയായിരുന്നു.
 
കാലത്തിന്റെ നോട്ടുപുസ്‌തകത്തിൽ അത്രത്തോളം പറഞ്ഞുപഠിക്കാത്ത ഒരധ്യായമാണ്‌ വൈകുണ്‌ഠസ്വാമിയുടെ ചരിത്രം. അതേ പോലെ തന്നെയാണ്‌ നാടാർ സമുദായത്തിന്റെ പോരാട്ടത്തിന്റെ അധ്യായവും എന്ന്‌ കരുതേണ്ടി വരും. ആരും അറിഞ്ഞ്‌ പഠിച്ചില്ല. മറ്റു പലതുമെന്ന പോലെ, ഇന്നലെയുടെ മണ്ണടരിൽ തിളങ്ങുന്ന ചരിത്രമായി പക്ഷെ നാടാർ പോരാട്ടം നിലനിൽക്കുന്നുണ്ട്‌.
 
പ്രശസ്‌തമായ ചാന്നാർ ലഹള (നാടാർ ലഹള 1812–-1859)യുടെ കാര്യം തന്നെ നോക്കുക. മാറുമറയ്‌ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം എന്നൊക്കെ പറയുന്ന തിരുവിതാംകൂറിലെ ത്രസിപ്പിക്കുന്ന സമരാധ്യായമാണത്‌. മാറുമറയ്‌ക്കാനുള്ള അവകാശം ആവശ്യപ്പെട്ട്‌ നിരത്തിലിറങ്ങിയ ആദ്യ പെൺസമരം കൂടിയാണത്‌. ക്രിസ്‌ത്യൻ മിഷണറിമാരുടെ കൂടി പിന്തുണയിലാണ്‌ ഈ സമരം നടന്നത്‌ എന്നൊരു നിരീക്ഷണം കൂടി ഇതിനുണ്ട്‌. എന്നാൽ ലഹള ആരംഭിക്കുന്ന കാലത്ത്‌ റിംഗിൾ ടൂബെയെന്ന മതപ്രചാരകൻ മാത്രമാണ്‌ തിരുവിതാംകൂറിൽ എത്തിയത്‌ എന്ന്‌ രേഖകളിൽ കാണുന്നു. ‘കേരള: ദ ലാൻഡ്‌‌ ഓഫ്‌ പാംസ്‌’ (ടി എച്ച്‌ ഹാക്കർ 1912) എന്ന പുസ്‌തകം നിരീക്ഷിച്ചാൽ തന്നെയറിയാം, ചാന്നാർ ലഹളയിൽ ഇന്ധനമായിരുന്നത്‌ നാടാർ പേരാട്ടവീര്യം മാത്രമായിരുന്നു എന്നത്‌.
 
കീഴാള കരുത്തിന്റെ പ്രതീകങ്ങളെയും അവരുടെ ജീവിത വഴക്കങ്ങളെയും നിരാകരിക്കുക എന്നത്‌, ഈയടുത്ത കാലം വരെയും ചരിത്രരചനയിലെ ഒരു കീഴ്‌വഴക്കമായിരുന്നല്ലോ!
ക്രിസ്‌ത്യൻ മിഷണറി പ്രവർത്തനം നാടാർ സമുദായത്തിൽ, വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്താൻ കാരണമായിട്ടുണ്ട്‌. 1817 മുതൽ ഒരു നൂറ്റാണ്ടുകാലം തിരുവിതാംകൂറിൽ സ്ഥാപിതമായ 200 സ്‌കൂളിൽ നൂറ്റമ്പതിനും ചുക്കാൻ പിടിച്ചത്‌‌ നാടാർ സമുദായത്തിൽ പെട്ടവരാണ്‌. സ്ഥലം വിട്ടുകൊടുത്തോ, കെട്ടിടം പണിതോ മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയോ, ആ സമുദായം പഠനവഴികളിൽ ചേർന്നുനിന്നു.
1838ലാണ്‌ തിരുവിതാംകൂറിൽ ആദ്യമായി അലോപ്പതി ചികിത്സ വരുന്നത്‌. നാഗർകോവിലിൽ ഡോ. റാംഡേ കപ്പലിറങ്ങി മെഡിക്കൽ മിഷൻ പ്രവർത്തനം തുടങ്ങി. ഇന്ത്യയിൽ അതിന്‌ മുമ്പ്‌ കൊൽക്കത്തയിൽ മാത്രമാണ്‌ ഇംഗ്ലണ്ടിൽനിന്നും ചികിത്സയ്‌ക്കായി ഭിഷഗ്വരൻ എത്തുന്നത്‌.
 
അക്കാലത്തും തിരുവിതാംകൂറിൽ നാടാർ തനത്‌ വൈദ്യം കേൾവികേട്ടതായിരുന്നു. കൊട്ടാരം വൈദ്യരായി നിരവധി നാടാർമാർ അറിയപ്പെട്ടു. വൈദ്യ രേഖകളുള്ള ഓലകൾ, വാസ്‌തുസമ്പന്നമായ കെട്ടിടങ്ങൾ, കളരി തുടങ്ങിയവ, നാടാർ പാരമ്പര്യത്തിന്റെ തിളങ്ങുന്ന ഏടുകളാണ്‌.
 

ഡാനിയലും ശിവ്‌ നാടാരും

 

ലോകത്ത്‌ എവിടെയാണെങ്കിലും സ്വന്തം അസ്‌തിത്വത്തിൽ മതരഹിതരായി കലവറയില്ലാതെ അഭിമാനം കൊള്ളുന്നവർ കൂടിയാണ്‌ നാടാർമാർ. തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രി കാമരാജ്‌, മലയാളസിനിമയുടെ പിതാവ്‌ ജെ സി ഡാനിയൽ, നടൻ സത്യൻ, ഷൺമുഖവേൽ നാടാർ (തമിഴ്‌നാട്‌ മർക്കന്റൈൽ ബാങ്ക്‌ സ്ഥാപകൻ), ബിഷപ്‌ ലോറൻസ്‌ മാർ അപ്രേം, ആൽഫ്രഡ്‌ വേദനായകം തോമസ്‌ നാടാർ (എവിടി ഗ്രൂപ്പ്‌), ശിവ്‌ നാടാർ (എച്ച്‌സിഎൽ സ്ഥാപകൻ), ശിവ്‌ അയ്യാദുരൈ (ഇമെയിൽ രൂപകൽപ്പനയിൽ സുപ്രധാന പങ്കുള്ള കംപ്യൂട്ടർ വിദഗ്‌ധൻ) തുടങ്ങിയവരുടെ ജീവിതവഴികളിൽ, ബഹുമുഖമായ നാടാർ സ്വത്വവും ഉണ്ടെന്ന്‌ അവർ അഭിമാനപ്പെടുന്നു.
 
നോക്കു; എസ്‌എൻഡിപിയുടെയും എൻഎസ്‌എസിന്റെയും രൂപീകരണവും കുതിപ്പും സാധാരണ ചരിത്ര വിദ്യാർഥികൾക്കുപോലും അറിയാം. അതേകാലത്ത്‌ തന്നെ തിരുവിതാംകൂറിൽ കേരളീയ നാടാർ സമാജം (1915) രജിസ്‌റ്റർ ചെയ്യുന്നുണ്ട്‌. എത്ര പൊതു ഇടങ്ങളിൽ, എത്ര വാർത്തകളിൽ ആ സമാജത്തിന്റെ വാർത്ത നാം വായിച്ചു?
 

ചരിത്രപരമായ കുതിപ്പ്

 

 
നാടാർ ക്രിസ്‌ത്യൻ വിഭാഗക്കാർക്കു കൂടി ഒബിസി സംവരണ ആനുകൂല്യം സർക്കാർ ഉറപ്പാക്കിയതോടെ, ചരിത്രപരമായ വലിയൊരു മാറ്റമാണ്‌ ഈ വിഭാഗത്തിൽ ഉണ്ടാകുന്നതെന്ന്‌ കാഞ്ഞിരംകുളം ഗവ. കോളേജിലെ ചരിത്രാധ്യാപകനും ഈ രംഗത്തെ ഗവേഷകനുമായ ഡോ. ജോയി ബാലൻ വ്‌ളാത്താങ്കര പറഞ്ഞു.
 
20 ലക്ഷത്തിലധികം നാടാർ ക്രിസ്‌ത്യാനികൾക്കാണ്‌ സംവരണാനുകൂല്യം ലഭിക്കുന്നത്‌. ‌ ആറു പതിറ്റാണ്ടുനീളുന്ന ആവശ്യം കൂടിയാണിത്. ഹിന്ദു– ക്രിസ്‌ത്യൻ നാടാർമാർക്ക് ഭാവിയിലും വരുത്തേണ്ട തുല്യതയ്‌ക്കും ഏകീകരണങ്ങൾക്കും സംവരണം മാർഗദർശനമാകും.
 
മലങ്കര കത്തോലിക്ക, സിറോ മലബാർ, മാർത്തോമ സുറിയാനി, മലങ്കര ഓർത്തഡോക്‌സ്‌, ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻചർച്ച്‌, അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌, സാൽവേഷൻ ആർമി, പെന്തകോസ്‌ത്‌ മിഷൻ, ബിലിവേഴ്‌സ്‌ ചർച്ച്‌, ബ്രദറൻ സഭ തുടങ്ങിയ നിരവധി ക്രിസ്‌ത്യൻസഭാ വിഭാഗങ്ങൾക്ക്‌ സർക്കാരിന്റെ പുതിയ തീരുമാനം നേട്ടമാകും.
 
1935ലാണ്‌ തിരുവിതാംകൂർ പബ്ലിക്‌ സർവീസ്‌ കമീഷൻ നിലവിൽ വരുന്നത്‌. അതിനുമുമ്പേ മദ്രാസ്‌ പിഎസ്‌സിയും കൊച്ചിൻ സ്റ്റാഫ്‌ സെലക്‌ഷൻ ബോർഡും നിലവിലുണ്ട്‌.
തിരുവിതാംകൂർ പിഎസ്‌സിക്ക്‌ വേണ്ടി തിരുവിതാംകൂർ ഹൈക്കോടതി ജഡ്‌ജിയായിരുന്ന ഡോ. നോക്‌സ്‌ സമർപ്പിച്ച റിപ്പോർട്ടിലാണ്‌ നാടാർ ഉപവിഭാഗങ്ങളുടെ സംവരണ വിഷയം ആദ്യം രേഖകളിൽ വരുന്നത്‌. തിരുവിതാംകൂറിൽ മൊത്തം ജനസംഖ്യയുടെ രണ്ട്‌ ശതമാനം വരുന്നവരോ അല്ലെങ്കിൽ ഒരുലക്ഷം എണ്ണമുള്ളവരോ ആയ വിഭാഗത്തെ ഡോ. നോക്‌സ്‌ മത/ ജാതി വിഭാഗമായി പരിഗണിച്ചു. നാടാർ വിഭാഗത്തിൽ ഹിന്ദു, ക്രിസ്‌ത്യൻ എന്നിങ്ങനെ തരംതിരിച്ചു. അന്നുമുതൽ തുടർന്നുവന്ന സംവരണ ആനുകൂല്യങ്ങളുടെ പട്ടികയിലാണ്‌ ഇപ്പോൾ മറ്റു‌ എല്ലാത്തരം ക്രിസ്‌ത്യൻ നാടാർ വിഭാഗങ്ങളും ഉൾപ്പെട്ടത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top