18 February Monday

സ്വപ്‌നത്തിലെ ഓറഞ്ച് നിറമുള്ള കഴുത

ഷാഹിന കെ റഫീഖ്Updated: Sunday Jan 14, 2018

നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് വാപ്പ ഒരു കുഞ്ഞു പോക്കറ്റ് ഡയറി തന്ന് ഓരോ ദിവസത്തെയും വിശേഷങ്ങൾ എഴുതിവയ്ക്കണമെന്ന് പറയുന്നത്. അത് പിന്നീട് ഒരു ശീലമാകുകയായിരുന്നു. കോളേജിലൊക്കെ എത്തുമ്പോഴേക്കും ഈ എഴുത്ത് വലിയ ഒരനുഷ്ഠാനംപോലെ ആയി മാറി. അക്കമിട്ട് ഓരോ പേജ് എന്ന കണക്കിന് ദിവസത്തെ അളന്നുതൂക്കി നിശ്ചയിച്ച് ഇറക്കുന്ന ഡയറികളിൽ ഒതുങ്ങാത്തത്ര വിശേഷങ്ങൾ ഉണ്ടായിരുന്നു എനിക്കന്ന് എഴുതിനിറയ്ക്കാൻ. ഞാൻ ഓറഞ്ച് നിറമുള്ള കഴുതയെ സ്വപ്‌നം കണ്ടു എന്ന് പറഞ്ഞപ്പോൾ  കൂട്ടുകാരികൾ കളിയാക്കിയത്, സൗഹൃദത്തിനപ്പുറത്തേക്ക് കോമ്പസ്സിലെ സൂചി തെന്നുന്നുവോ എന്നു തോന്നിപ്പിച്ച നിശ്ശബ്ദതകൾ,  എല്ലാമെല്ലാം ഓർത്തെടുത്ത് വാക്കുകളിലാക്കി  ഞാൻ കുനുകുനാ എഴുതിവച്ചു. എക്‌സ്ട്രാ പേപ്പറുകൾ തിരുകിവച്ചുവീർത്ത ഡയറികൾ! ഇതിനിടയ്ക്ക് കവിത എന്ന സാഹസങ്ങൾ മാതൃഭൂമിയിലെ ചവറ്റുകുട്ടകളെയും പരിപോഷിപ്പിച്ചുകാണും. പിന്നീട് ഡയറി ഒളിച്ചു വയ്ക്കാൻ ഇടമില്ലാത്തിടത്ത് എത്തിയപ്പോൾ എഴുത്ത് മനസ്സിൽ മാത്രമായി. അങ്ങനെ കൂട്ടിവച്ചതൊക്കെയാകാം കഥകളായി പിറന്നത്.  

ബ്രിട്ടീഷ് കൗൺസിൽ നടത്തിയ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞുകഥ പിന്നീട് ‘എന്റെ നോട്ടുബുക്ക്' എന്ന പേരിൽ മാതൃഭൂമിയിൽ വന്നു. ശൈശവ വിവാഹത്തെക്കുറിച്ചായിരുന്നു അത്. കഥ വായിച്ച് അഭിനന്ദനം അറിയിക്കാൻ വിളിച്ചവർക്കെല്ലാം അറിയേണ്ടത് എന്റെ വിവാഹം എപ്പോഴായിരുന്നു എന്നായിരുന്നു! പെണ്ണെഴുതുന്നതെല്ലാം അവളുടെ അനുഭവങ്ങൾ ആകാതെ തരമില്ലല്ലോ! എന്റെ പേര് ദ്യോതിപ്പിക്കുന്ന മതം ആ വിചാരത്തെ ഒന്നൂടെ ഉറപ്പിച്ചിട്ടുണ്ടാകാം. 

പിന്നീടൊരു കഥയിൽ ‘ആദ്യരാത്രിയിൽ ചുവപ്പിനെ പ്രസവിക്കാത്ത ചർമം അയാളുടെ ഉറക്കം കെടുത്തിയിരിക്കാം' എന്ന വരികളിൽ എന്റെ പങ്കാളിയെക്കണ്ട് അടക്കിച്ചിരിച്ചവർ! മന്ത്രം ചൊല്ലി ശൂന്യതയിൽനിന്ന് സൃഷ്ടിച്ചെടുത്തതൊന്നുമല്ല എന്റെ കഥകൾ, അറിഞ്ഞോ അറിയാതെയോ മനസ്സിൽ പതിഞ്ഞ മുഖങ്ങൾ, കാഴ്ചകൾ, എന്തിന്, ചില മണങ്ങൾപോലും പിന്നീടെപ്പോഴോ ഞാൻപോലും ഓർക്കാത്ത നേരത്ത് വിരൽത്തുമ്പിൽ വന്നുനിന്നിട്ടുണ്ടാകാം. നോട്ടുബുക്ക് എഴുതുമ്പോൾ തീർച്ചയായും കുട്ടിക്കാലത്ത് എന്റെ അയൽപക്കത്ത് വിവാഹംകഴിഞ്ഞ് സൽക്കാരത്തിന് വന്ന, വയസ്സറിയിക്കാത്ത, കുഞ്ഞുപെണ്ണുണ്ട്. ‘ഭ്രാന്തി'ലെ  നാല് തലമുറ സ്ത്രീകളുടെ  ജീവിതം ഞാൻ ജീവിച്ചതല്ല, ഇമകൾ ചിമ്മിച്ചിമ്മി ചിമ്മിണി എന്ന് വിളിപ്പേരുവന്ന, കാലുകൾ അകത്തിവച്ചു നടക്കുന്ന എട്ടു വയസ്സുകാരി അമ്മിണിയെ ഞാൻ കണ്ടിട്ടുമില്ല. പക്ഷേ വലുതായപ്പോൾ സങ്കടം വന്നു പറഞ്ഞ അമ്മിണിമാർ ഉണ്ടായിരുന്നു. ‘നെണക്കറിയോ, ജീവനില്ലാത്ത വസ്തുക്കൾക്കേ മാനം ഉള്ളൂ, ഈ തറവാടിന്, കുടുംബത്തിന്. എനിക്കതില്ല, ഉണ്ടാവാൻ പാടുംല്ല. പറമ്പില് കപ്ലങ്ങ കുത്തി ഇടുന്ന പോലെ ആ വയറ്റാട്ടിത്തള്ള കുത്തിക്കലക്കിയിട്ടു…' എന്നെഴുതുമ്പോൾ കൂട്ടുകാരിയുടെ വീട്ടിലെ സുന്ദരി അമ്മമ്മ അവരുടെ ഓർമക്കുറവിൽ  (അതോ കൂടുതലിലോ!) പറഞ്ഞുകേട്ട പൊട്ടും പൊടിയുമുണ്ട്. ‘നെനക്ക് ജീവിക്കണോ എന്റെ ജീവിതം? മുട്ടറ്റം മുടിയുള്ള വിരിഞ്ഞ മാറുള്ള ദേവയാനിയുടെ ജീവിതം' എന്നവർ കൂട്ടുകുടുംബ വ്യവസ്ഥ  ഒട്ടും ഇഷ്ടമില്ലാത്ത എന്നോട് ചോദിക്കുന്നതായി സങ്കൽപ്പിച്ചിട്ടുണ്ട്.   

‘ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി'യുടെ ആമുഖത്തിൽ എഴുതിയതുപോലെ ‘രണ്ടു പല്ലുതേപ്പുകൾക്കിടയിൽ, ഒരു വാതിൽ തുറക്കലിനും അടയ്ക്കലിനുമിടയിൽ, പ്രാതലിനും അത്താഴത്തിനുമിടയിൽ ആവർത്തിക്കുന്ന രാപ്പകലുകളിൽ ജീവിച്ചുതീരുമായിരുന്ന എന്നെ വീണ്ടെടുക്കൽ' തന്നെയാണ് എഴുത്ത്. ചെറിയ ലോകത്തിലെ ചെറിയ കാഴ്ചകൾ!

പ്രധാന വാർത്തകൾ
 Top