20 October Tuesday

ഹരിതകലാശാല

അഡ്വ. കെ എച്ച് ബാബുജാന്‍Updated: Sunday Sep 13, 2020

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാന്പസിൽ നടത്തിയ തരിശുനില നെൽക്കൃഷി നടത്തി വിളയിച്ച നെല്ല് വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള, പ്രോ വൈസ് ചാൻസലർ ഡോ. പി പി അജയകുമാർ, സിൻഡിക്കറ്റ് അംഗങ്ങൾ തുടങ്ങിയവർ കൊയ്യുന്നു

കാര്യവട്ടം ക്യാമ്പസിലെ കാർഷിക മുന്നേറ്റം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കേരള സർവകലാശാല

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ വൈദ്യൻകുന്നെന്ന്‌ അറിയപ്പെട്ടിരുന്ന 50 ഏക്കർ കുറ്റിക്കാട്‌ ഇന്ന്‌ ലോകമറിയുന്ന ഐടി പാർക്കാണ്‌. മറുഭാഗത്ത്‌ ഗ്രീൻഫീൽഡ്‌ അന്താരാഷ്ട സ്‌റ്റേഡിയം. നാനൂറ്‌ ഏക്കറിലേറെ സ്ഥലം ഇനിയും സർവകലാശാലയുടെ കൈവശമുണ്ട്‌. ക്യാമ്പസ്‌, അനുബന്ധ കെട്ടിടങ്ങളും മൈതാനങ്ങളും കഴിഞ്ഞാൽ, അക്കേഷ്യ മരങ്ങൾ നിറഞ്ഞ കാട്‌. ഇടയ്‌ക്ക്‌ പ്രസിദ്ധമായ ഹൈമവതിക്കുളവും ചെറിയ ജലാശയങ്ങളും. പ്രകൃതിക്കിണങ്ങാത്ത ഈ അക്കേഷ്യക്കാടുകൾ വഴിമാറുകയാണ്‌ കാർഷിക മുന്നേറ്റത്തിൽ പുതുചരിത്രം കുറിക്കുന്ന കേരളത്തിനു വഴികാട്ടിയായി. കോവിഡ്‌ മഹാമാരി വരുത്തിവച്ചേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത്‌ സർവകലാശാല അധികൃതർ മുന്നോട്ടുവരികയായിരുന്നു. പരിസ്ഥിതി ദിനത്തിൽ ‘ഹരിതാലയം’ എന്ന പേരിൽ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. ആദ്യഘട്ടമായി 20 ഏക്കർ സ്ഥലം കാടുവെട്ടിത്തെളിച്ച്‌ നെൽക്കൃഷിക്കൊരുക്കി. അതിന്റെ വിളവെടുപ്പാണ്‌ ആഘോഷമായി കഴിഞ്ഞ ചൊവ്വാഴ്‌ച നടന്നത്‌. ഹൈമവതിക്കുളത്തിനു സമീപമുള്ള 20 ഏക്കറാണ്‌ നെൽക്കൃഷിക്കായി ഒരുക്കിയത്‌. സർവകലാശാല കാർഷിക യന്ത്രവൽകൃത മിഷന്റെ സഹകരണത്തോടെ കൃഷിയിറക്കി. കാർഷിക സർവകലാശാല വികസിപ്പിച്ച മനുരത്‌ന എന്ന വിത്തെറിഞ്ഞു. കഴിഞ്ഞ ദിവസം കൊയ്‌തെടുത്തത്‌ 50 ടണ്ണോളം നെല്ല്. ഒപ്പം, 40 ടൺ വയ്‌ക്കോലും. നെൽക്കൃഷിയിലൊതുങ്ങുന്നില്ല ഹരിതാലയം പദ്ധതി.  ഫലവൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പതിനാറായിരത്തിലധികം തൈകൾ ഇതിനകം ക്യാമ്പസിൽ നട്ടുകഴിഞ്ഞു. 400 ഏക്കർ സ്ഥലത്ത് 45,000 തൈകൾ നടാനാണ് പദ്ധതി. പ്ലാവും മാവും പേരയും എല്ലാം ഉൾപ്പെടും. 1000 തെങ്ങിൻ തൈയും അഞ്ഞൂറിലധികം വാഴകളും നട്ടു.

ആൻഡമാൻ നിക്കോബാർ സസ്യോദ്യാനം

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മാത്രം കാണുന്ന അപൂർവയിനം മരങ്ങളും ചെടികളും നട്ടു  വളർത്തുന്ന പദ്ധതിക്കും തുടക്കമായി. ആൻഡമാനിലുള്ള വിവിധയിനം വന്മരങ്ങളും പ്രത്യേകതരം ചൂരലുകളും ഔഷധസസ്യങ്ങളും അലങ്കാരസസ്യങ്ങളും വളർത്തിയെടുക്കുക വഴി തടി, ചൂരൽ വ്യവസായരംഗം, ആയുർവേദ ഔഷധരംഗം, ഫ്ളോറികൾച്ചർ എന്നീ മേഖലകളിൽ വിലയേറിയ സംഭാവനകൾക്കും ഗവേഷണത്തിനും വഴിയൊരുക്കാനുള്ള സാധ്യത സർവകലാശാല മുന്നിൽകാണുന്നു.  പദ്ധതി പൂർത്തിയാകുന്നതോടെ ആൻഡമാൻ നിക്കോബാറിലെ സസ്യങ്ങളുടെ ഉദ്യാനമുള്ള ഇന്ത്യൻ സർവകലാശാലകളിൽ ആദ്യത്തേതാകും കാര്യവട്ടം.

പച്ചക്കറിയും മീനും ക്യാമ്പസിൽ

അഞ്ച് ഏക്കർ സ്ഥലത്ത് പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വാഴയും വച്ചുപിടിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി വിദ്യാർഥികളെ കാർഷിക പ്രവൃത്തികൾ പരിചയപ്പെടുത്തുവാനും ലക്ഷ്യമിടുന്നു. ഹൈമവതിക്കുളത്തിലും ചുറ്റുമുള്ള ജലാശയങ്ങളിലും മത്സ്യക്കൃഷിയും ആരംഭിച്ചു. 3000 മത്സ്യക്കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങി. 1000 തേക്കിൻ തൈയും നടും.

ഹോർത്തൂസ് മലബാറിക്കസ് ഗാർഡൻ

ആയുർവേദത്തിലും മറ്റും ഉപയോഗിക്കുന്ന 743 സസ്യങ്ങളുടെ വിവരണമാണ് പന്ത്രണ്ട് വോള്യമായി പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്നത്‌.  ഈ സസ്യങ്ങളെല്ലാം വച്ചുപിടിപ്പിക്കുന്ന ഹോർത്തൂസ് മലബാറിക്കസ് ഗാർഡനും  മിയാവാക്കി വനവും ക്യാമ്പസിൽ ഇടംപിടിക്കും. കേരളത്തിൽ 250ൽ പരം നാട്ടു മാവുകളുള്ളതായാണ്‌ പഠനങ്ങൾ. ഇവയിൽ പലതും ഇന്ന് വംശനാശ ഭീഷണിയിലാണ്. ഈ നാട്ടുമാവുകളുടെ ഉദ്യാനവും ക്യാമ്പസിൽ നട്ടുവളർത്താൻ ഉദ്ദേശിക്കുന്നുണ്ട്‌. കാര്യവട്ടം ക്യാമ്പസിൽ തുടങ്ങി എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കുന്ന വിപുലമായ പദ്ധതിയാണ് ഹരിതാലയം വിഭാവനം ചെയ്യുന്നത്. 

(കേരള സർവകലാശാല സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top