26 March Tuesday

അവിശ്വാസികളുടെ ‘റിപ്പബ്ലിക്‌’

പി വി ജീജോUpdated: Sunday May 13, 2018

വൈലാശ്ശേരിയിലെ അവിശ്വാസികളുടെ ഗ്രാമത്തിലുള്ളവർ/ ഫോട്ടോ: കെ െഷമീർ

കാടും കാട്ടാറും കവിത രചിക്കുന്ന, മാനും മയിലും കണ്ണാടിനോക്കുന്ന ചാലിയാർ. ചാലിയാർ തീരത്ത് തേക്കിൻക്കാടുകൾ പൂക്കുന്ന നിലമ്പൂർ.  ഇന്ദ്രജാലംകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന മുതുകാടും മലയത്തും പിറന്ന നാട്. അവിടെ ചാലിയാറിന്റെ തീരത്തൊരു ഗ്രാമമുണ്ട്. മതനിരപേക്ഷ ചിന്തകൾകൊണ്ട് അടിത്തറപണിത ഒരു കൊച്ചു ‘രാജ്യം’, വൈലാശ്ശേരി. ഇവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമില്ല. മനുഷ്യർ മാത്രം പാർക്കുന്ന ഇടം. ജാതിമത ചിന്തകൾ മനസ്സിലുണ്ടെങ്കിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് നിങ്ങൾക്ക് കൂട്ടുവരുന്നതെങ്കിൽ ഈ മണ്ണിൽ പ്രവേശനമില്ല.  മതരഹിതരായ, ജാത്യാചാരങ്ങൾ പാലിക്കാത്ത മനുഷ്യരെങ്കിൽ ഈ സ്വപ്നഭൂമിയിലേക്ക് സുസ്വാഗതം. സ്വതന്ത്രചിന്തയുടെ ഈ പുതിയ ആകാശത്തിന് ചുവടെ പുതിയ ഭൂമിയിൽ പാർക്കാൻ ഈ ഗ്രാമവാസികളുടെ സാങ്കൽപ്പിക ഭരണഘടനയിൽ ഒറ്റ നിബന്ധനമാത്രം; നിങ്ങൾ മതവിശ്വാസിയാകരുത്. 
വിശ്വാസികൾക്ക് പ്രവേശനമില്ലെന്ന് കർക്കശമായി പറയുമ്പോൾ അൽപ്പം ജനാധിപത്യത്തിന്റെ കുറവില്ലേ എന്ന് തോന്നാം. പക്ഷേ ഇവർ ഇങ്ങനെയാണ്. മനസ്സുകളെ വേർതിരിക്കുന്ന മതത്തിന്റെ അതിർത്തികൾ ഇല്ലാതാകുമ്പോൾ ജനാധിപത്യം പൂത്തുലയുമെന്ന് ഇവർ വിശ്വസിക്കുന്നു. 
വിശ്വാസം അതല്ലേ എല്ലാം എന്നത് ഇന്നൊരു പരസ്യവാചകമല്ല. മലയാളിയുടെ ജീവിതത്തിന്റെ പ്രകടനപത്രികയായി ആ വാചകം മാറുന്ന കാലമാണിത്. ഇവിടെയാണ് അവിശ്വാസികളുടെ ഗ്രാമമായി വൈലാശ്ശേരി മാതൃക തീർക്കുന്നത്. “വിശ്വാസികൾ’ക്ക് പ്രവേശനമില്ലാത്ത നാട്. മനുഷ്യനിൽമാത്രം വിശ്വസിക്കുന്ന വേലിക്കെട്ടുകളില്ലാത്ത ലോകമെന്നത് സ്വപ്നമല്ല  യാഥാർഥ്യമാണെന്ന് ജീവിച്ചുകാട്ടിത്തരികയാണിവിടെ കുറേ മനുഷ്യർ. ഒറ്റ നിറത്തോടെ ഒറ്റ ഭാഷയോടെ ഒറ്റ ചിന്തയോടെ ജീവിക്കുന്നവർ. ആചാരാനുഷ്ഠാനങ്ങളുടെ കെട്ടുപാടുകളില്ലാതെ മത‐ജാതി ചിന്തകളുടെ കുരുക്കുകളില്ലാതെ സ്വതന്ത്രരായി ജീവിക്കുകയാണിവർ. 
 

തുടക്കം എട്ടുവർഷം മുമ്പ്

മലപ്പുറത്തെ അവിശ്വാസികളുടെ കൂട്ടായ്മയിലാണ് ഈ ആശയം മുളച്ചത്. യുക്തിവാദികളുടെ ആ സംഘത്തിൽ 27 പേരുണ്ടായിരുന്നു ഈ ആശയം പ്രാവർത്തികമാക്കാൻ. പരസ്പരം ദുഷിപ്പിക്കുന്ന മതങ്ങളുടെ കാലുഷ്യങ്ങളിൽനിന്നകന്ന് സ്വസ്ഥമായി ജീവിക്കാൻ ഒരിടം വേണം. ചാലിയാർ തീരത്ത് പച്ചപ്പുള്ള, സ്വച്ഛമായ ഒരിടംഅവർ കണ്ടെത്തി. സാദിഖലി, ഷരീഫ, റെയിൽവേ ജീവനക്കാരൻ ശ്രീനേഷ്, അധ്യാപക ദമ്പതികളായ മറിയംബിയും  കുഞ്ഞുമുഹമ്മദും, അധ്യാപകനായ ജെയിംസ്, ഡോക്ടർമാരായ വിജയൻ, കെ ആർ വാസുദേവൻ, വർഗീസ്, ഫർണിച്ചർ വ്യാപാരി ഭാസ്കരൻ, പ്രൊഫ. ജോയ്മോൻ, ശ്രീധരൻ, സജിത് തുടങ്ങിയവർ ചേർന്ന് ഏഴ് ഏക്കറോളം സ്ഥലം വാങ്ങി. കൃത്യമായി പറഞ്ഞാൽ ആറ് ഏക്കർ 90 സെന്റ് . നിലമ്പൂർ പട്ടണത്തിൽനിന്ന് പതിമൂന്ന് കിലോമീറ്റർ താണ്ടണം ഇവിടെയെത്താൻ. ഓരോരുത്തരായി ഇവിടെ വീടുകൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്. 
   

കുഞ്ഞാലിയുടെയും ഇ കെ അയമുവിന്റെയും നാട്

അന്യമതസ്ഥനെ തല്ലിയും ചുട്ടും കൊന്ന് വെറുപ്പിന്റെ പാഠങ്ങൾമാത്രം പ്രചരിപ്പിക്കുന്ന കാലത്ത്് ഈ ഏറനാടൻ ഭൂമികയിൽനിന്ന് ലോകത്തോളം പരക്കുന്ന വെളിച്ചം പേറുന്നവരാണിവർ. “ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ എന്ന് വിളിച്ചുപറഞ്ഞ പ്രശസ്ത നാടകക്കാരൻ ഇ കെ അയമുവിന്റെ നാടു കൂടിയാണിത്. എംഎൽഎ ആയിരിക്കെ കോൺഗ്രസുകാർ കൊലപ്പെടുത്തിയ സഖാവ് കുഞ്ഞാലിയുടെ കർമഭൂമി. സ്നേഹവും സാഹോദര്യവും ഉള്ളടക്കംചെയ്ത മതരഹിത പാഠമാണ് ഇവിടെനിന്ന് പഠിക്കാനുള്ളത്. മതവും ജാതിയും  മനുഷ്യനെ വിഴുങ്ങുന്ന വർത്തമാനത്തിൽ ജാതിയോടും മതത്തിനോടും കടക്ക് പുറത്തെന്ന് പറഞ്ഞ് സമതയുടെ ധീര നൂതനലോകം തീർക്കുന്ന സാധാരണ മനുഷ്യരുടെ ഗ്രാമം.
 

ഫലവൃക്ഷങ്ങളുടെ സ്വപ്നഭൂമി

വൈലാശ്ശേരി  ഗ്രാമം

വൈലാശ്ശേരി ഗ്രാമം

മരങ്ങളും പൂക്കളും കായ്കളും നിറഞ്ഞ ഈ സ്വപ്നഭൂമി ഒരിക്കൽ കണ്ടാൽ ആരും കൊതിക്കും ഈ സ്വതന്ത്രസുന്ദരലോകത്തിന്റെ ഭാഗമാകാൻ. കളിക്കാനും ചിരിക്കാനും പാടാനും സൊറപറയാനും ഒത്തുകൂടാനുമായി പൊതുയിടം, കളിസ്ഥലം, പാർക്ക് എന്നിവയുമുണ്ട് ഈ ഗ്രാമത്തിൽ. 
വൃദ്ധസദനം, വായനശാല, ഡോക്ടേഴ്സ് ക്ലിനിക്ക് എന്നിവയും ഒരുക്കാനുള്ള ശ്രമത്തിലാണിവർ. പ്രകൃതിശാസ്ത്ര പഠനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനായി ഡോർമിറ്ററിയും പണിയുന്നുണ്ട്. കടയും സ്കൂളും ആശുപത്രിയുമെല്ലാമായി വലിയ ജീവിതസങ്കൽപ്പങ്ങളാണ് ഈ സ്വതന്ത്രലോകത്തിലെ അന്തേവാസികൾക്കുള്ളത്. തൊഴിൽ പരിശീലന കേന്ദ്രവും ഇവരുടെ സ്വപ്‌നത്തിലുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവരാണ് ഇവിടെ പാർക്കുന്നവരിൽ ഭൂരിഭാഗവും. ഏത് രാഷ്ട്രീയ വിശ്വാസിക്കും ഇവിടേക്ക് നിറഞ്ഞ സ്വാഗതം. മതനിരപേക്ഷതയിൽ ഉറച്ചു വിശ്വാസിക്കണമെന്നുമാത്രമാണ് ഏക നിബന്ധന. 
അറുപതിനം ഫലവൃക്ഷങ്ങളാണ് മാമ്പൂ മണക്കുന്ന ഈ ഗ്രാമത്തിന്റെ ആകർഷണീയത. സപ്പോട്ട, മലയൻ ചാമ്പ, ഇറാൻ അത്തി, സീതപ്പഴം, സർപ്പസുഗന്ധി, ഇലഞ്ഞി, ഞാവൽ, ലിച്ചി, ചൈനാപേരക്ക, ജമൈക്കൻ സ്റ്റാർഫ്രൂട്ട്, റോബിക്ക, മുള്ളാത്ത, ചാമ്പ, കൊടമ്പുളി, ബട്ടർഫ്രൂട്ട‌്, മാവിനങ്ങളായ ബംഗനപ്പള്ളി, കാലാപാഡി, ഹിമപസന്ത്, മൽഗോവ.. അങ്ങനെ മാവും പിലാവും പുളിയും കരിമ്പും ഇളംകവുങ്ങുമെല്ലാംചേർന്ന് കവിത പൊഴിയുന്ന ഹരിതാഭസുന്ദരമായ ഭൂമി. 
വയനാട് അമ്പലവയൽ സ്വദേശി  സി എം സാദിഖലിയാണാദ്യം ഇവിടെ വീടുവച്ചുതാമസിച്ചത്. ഭാര്യ മട്ടന്നൂർക്കാരിയായ ഷരീഫയും മക്കൾ സാഷയും സായയുമടക്കമുള്ള ഈ കുടുംബത്തിനൊപ്പം ഷരീഫയുടെ അനിയത്തി സൈനുവും ഭർത്താവ് ശ്രനേഷ് ശ്രീധരനുമെത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ് മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച കുഞ്ഞുമുഹമ്മദ്. മഞ്ചേരിയിൽ പ്രധാനാധ്യാപികയായി വിരമിച്ച ഭാര്യ മറിയംബിക്കൊപ്പം ഈ അവിശ്വാസഭൂമിയിൽ  വിശ്രമജീവിതം  പരമാനന്ദമാണെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. ഭൂമിയുടെ അവകാശികൾ ഇനിയും ഇങ്ങോട്ടെത്തി വീടുകൾ പണിയാൻ തുടങ്ങും. പലരും ജോലിയുടെ ഭാഗമായി അകലെയാണ്. ഇവിടെ ഒരു വീടു പണിയുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലരും സർവീസിൽനിന്ന് വിരമിക്കുന്ന മുറയ്ക്ക് ഇവിടെയെത്തി വീട് പണിയും. തങ്ങൾ സ്വപ്നം കണ്ട ഒരു ഗ്രാമമായി മാറുമെന്ന് അദ്ദേഹം പറയുന്നു. 
നിലമ്പൂർ കാരാട് സ്വദേശി ജയിംസ് മാഷും ജസി ടീച്ചറുമാണ് മറ്റൊരു കുടുംബം. മുഹമ്മദ് പാറയ‌്ക്കൽ സെക്രട്ടറിയും മഠത്തിൽ ഭാസ്കരൻ ചെയർമാനുമായ ട്രസ്റ്റാണ് മതരഹിതകൂട്ടായ്മക്കും ഗ്രാമത്തിനും നേതൃത്വം നൽകുന്നത്. ബഹുഭാഷാപണ്ഡിതനും അധ്യാപകനുമായ കോഴിക്കോട്ടെ മുഹമ്മദ് അഷ്റഫ്, ബാപ്പുട്ടി പെരിന്തൽമണ്ണ, മലപ്പുറത്തെ ശ്രീധരൻ, ട്രഷറി ജീവനക്കാരൻ ആദർശ്, ഡോ. വർഗീസ്, ബാലകൃഷ്ണൻ പുൽപ്പറ്റ എന്നിവരും അവിശ്വാസികളുടെ ഈ റിപ്പബ്ലിക്കിൽ സ്വാസ്ഥ്യം കണ്ടെത്തുന്നു. സങ്കൽപ്പംപോലല്ല ജീവിതമെന്ന് സങ്കടപ്പെടുന്നവർക്കിടയിൽ സങ്കൽപ്പത്തിലും സ്വപ്നത്തിലുമുള്ള ജീവീതം ജീവിക്കയാണീ മനുഷ്യർ, മനുഷ്യൻ എത്ര മഹത്തായ പദമെന്ന വചനത്തിന് ഉജ്വലമായ നിദർശനമായി.
 

‘റിപ്പബ്ലിക്കി’ലെ ആദ്യആഘോഷം 

അവിശ്വാസികളുടെ ഗ്രാമത്തില്‍ ആദ്യ ആഘോഷം ഈയിടെ നടന്നു കുഞ്ഞുമുഹമ്മദ്മാഷുടെ എൺപതാം പിറന്നാളാണ് മതരഹിതരായ മനുഷ്യരുടെ കൂട്ടായ്മയായി കൊണ്ടാടിയത്. പതിവ് ജന്മദിനാഘോഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തം. നിലവിളക്കും മെഴുകുതിരി കത്തിക്കലും പ്രാര്‍ഥനകളുമൊന്നുമില്ല. പകരം  മതനിരപേക്ഷവും അനാചാര വിരുദ്ധമായ ആശയങ്ങള്‍ പങ്കിടുന്ന സംവാദം. ഇടക്ക‌് പാട്ടും കഥയും ആട്ടവുമായി പിറന്നാളുണ്ണിക്ക‌് ആശംസ നേരല്‍, ഒപ്പം മാഷടക്കമുള്ളവര്‍ തുടരുന്ന വേറിട്ടജീവിതസംസ്‌കാരത്തിലേക്ക് പങ്കാളിയാകാനുള്ള ക്ഷണവും. അറുനൂറോളംപേരാണ് പരിപാടിക്കെത്തിയത്.
 

‘റിപ്പബ്ലിക്കി’ലെ പൗരരാകാം

താല്‍പര്യമുള്ള ആര്‍ക്കും വൈലാശേരിയില്‍ സ്വതന്ത്ര മതനിരപേക്ഷ ജീവിതകൂട്ടായ്മയില്‍ ചേരാം. വീടെടുത്ത് ഇവിടെ താമസമാക്കാം, വിശ്വാസിയാകരുതെന്ന വ്യവസ്ഥയിൽ.  ജാതി ചിന്തകളും അന്ധിവശ്വാസങ്ങളും കൊണ്ടാടുകയുമരുത്. പുലികളായും സിംഹങ്ങളായുമല്ലാതെ മർത്യത മാത്രം ജയിക്കുന്ന ഈ റിപ്പബ്ലിക്കിൽ  മനുഷ്യരായി ജീവിക്കാൻ ആഗ്രഹമുള്ളവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 9745049003
പ്രധാന വാർത്തകൾ
 Top