21 February Thursday

കോടമഞ്ഞിൽ പുതഞ്ഞ രണ്ടുരൂപം

ഫർസാന അലിUpdated: Sunday Jan 13, 2019

ഉമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെയും ബിരിയാണിയുടെയും നാലുമണി പലഹാരങ്ങളുടെയും സ്‌നേഹോഹരി പറ്റിക്കൊണ്ട് റസിയാത്ത വന്നുകൊണ്ടേയിരുന്നു. സ്‌കൂളിലെ കുരുന്നുകളുടെയും സഹാധ്യാപകരുടെയും  വിശേഷങ്ങൾ ആവേശത്തോടെ പറഞ്ഞു.  ഒരേസമയം എന്റെയും ഉമ്മയുടെയും അടുത്ത കൂട്ടുകാരി. ദൂരദർശനിലെ നാലുമണി സിനിമയിൽ ഉണ്ടാകാറുള്ള, തുളസിത്തറയ്‌ക്കുചുറ്റും വിളക്ക് കൊളുത്തുന്ന പെൺകുട്ടിയുടേത് പോലെ നീണ്ട, കനത്ത മുടിയായിരുന്നു റസിയാത്തയ‌്ക്കും

 

ഉൾക്കാടിന്റെ ഹൃദയഭാഗത്തുകൂടെ സ്വച്ഛമായൊഴുകുന്ന അരുവികൾ പോലെയാണ് ചില ഓർമകൾ. അടുത്തെത്തുംവരെ ശബ്ദംപോലും കേൾക്കാനാവില്ല. ചില ഓർമകളിലേക്ക് ഒന്നെത്തി നോക്കാൻപോലും വയ്യാതെ വനമുഖത്തുനിന്നേ ഞാൻ പിന്തിരിഞ്ഞു നടക്കാറുമുണ്ട്. എങ്കിലും, ഒരു നാളിൽ ആ ഓർമയരുവികളിൽ അടിമുടി മുങ്ങിനിവരും!

തറവാടു വീടുവിട്ടു, കുന്നിൻമുകളിലെ പുതിയ വീട്ടിലേക്കു ഞങ്ങൾ മാറിപ്പാർത്തത് എന്റെ പത്താംവയസ്സിൽ.  അടുത്ത കൂട്ടുകാരില്ലാതെ, അപരിചിതരായ അയൽപക്കക്കാർക്ക് നേരെ മുഖം കുനിച്ചും, അന്തർമുഖത്വം അലങ്കാരമാക്കിയും നടന്നു ഞാൻ.  വൈകിട്ട്  ഒരു വീട്ടിൽ ട്യൂഷന്‌ പോണം. സന്ധ്യയോടെയേ തിരിച്ചെത്തു. ഒരിക്കൽ വീട്ടിലേക്ക് വരുമ്പോഴാണ്, ഗേറ്റിനരികിൽ ഉമ്മയുമായി സംസാരിച്ചുനിൽക്കുന്ന റസിയാത്തയെ കണ്ടത്.
 
ചുവന്ന സാരി, വലതു തോളിൽ കറുത്തൊരു നീളൻ ബാഗ്‌. മെലിഞ്ഞു നീണ്ടിട്ടായിരുന്നു. സംസാരിക്കുമ്പോൾ അൽപ്പം വിടവുള്ള, നിരയൊക്കാത്ത പല്ലുകൾ പ്രകടമാകും. മനോഹരമായിരുന്നു അവരുടെ പുരികക്കൊടികളും കണ്ണുകളും. പതിവുപോലെ, അവരെയും  ഗൗനിക്കാതെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങിയെങ്കിലും നിറഞ്ഞ ചിരിയോടെ, ‘മോളേ’ എന്ന വിളിയോടെ, വിശേഷങ്ങൾ അവർ ചോദിച്ചുകൊണ്ടിരുന്നു.
 
സുന്ദരവും വശ്യവുമായിരുന്നു പെരുമാറ്റം! മുന്നോട്ടു നീങ്ങാനാവാതെ  സംസാരത്തിൽ ഞാൻ തറച്ചുനിന്നുപോയി. ആദ്യ കാഴ‌്ചയിൽതന്നെ അപരിചിതത്വത്തിന്റെ കനമുള്ള ആവരണം പറിച്ചെടുത്തു.
 
 ഞാൻ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്‌തുകഴിഞ്ഞിരുന്നു നേഴ്‌സറി ടീച്ചറായ ആ അയൽക്കാരിയെ. ഞങ്ങളിൽ ഒരാളായി അവർ മാറി.  ചുറ്റിലും പ്രസരിപ്പ് പ്രദാനംചെയ്യുന്ന,  ഹൃദയങ്ങളിലേക്ക്‌ എളുപ്പം ചേക്കേറുന്ന ഒരു നന്മ.
 
ഒരിക്കൽ, ട്യൂഷൻ കഴിഞ്ഞു വരുംനേരം പതിവുപോലെ  വർത്തമാനത്തിലായിരുന്നു ഉമ്മയും റസിയാത്തയും.
“ഉമ്മാ... ട്യൂഷൻ ടീച്ചറെ കല്യാണമാണ് അടുത്താഴ്‌ച. ഞങ്ങളോടെല്ലാം വരാൻ പറഞ്ഞിട്ടുണ്ട്.”   മുന്നറിയിപ്പില്ലാതെ കറുത്ത മാനംപോലെ, ഉമ്മയുടെയും റസിയാത്തയുടെയും മുഖം പെട്ടെന്നിരുണ്ടു. ഒരു സന്തോഷവാർത്ത കേട്ടിട്ടും ഇവരെന്താ ഇങ്ങനെ? വിവാഹ സ്വപ്‌നങ്ങൾ ശിഥിലമായ, ഏറെക്കുറെ ഉമ്മയോളംതന്നെ പ്രായമുള്ളവരാണ് റസിയാത്ത എന്ന്‌ ഞാൻ  മനസ്സിലാക്കിയിട്ടില്ലായിരുന്നു.
 
ഉമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെയും ബിരിയാണിയുടെയും നാലുമണി പലഹാരങ്ങളുടെയും സ്‌നേഹോഹരി പറ്റിക്കൊണ്ട് റസിയാത്ത വന്നുകൊണ്ടേയിരുന്നു. സ്‌കൂളിലെ കുരുന്നുകളുടെയും സഹാധ്യാപകരുടെയും  വിശേഷങ്ങൾ ആവേശത്തോടെ പറഞ്ഞു.  ഒരേസമയം എന്റെയും ഉമ്മയുടെയും അടുത്ത കൂട്ടുകാരി. ദൂരദർശനിലെ നാലുമണി സിനിമയിൽ ഉണ്ടാവാറുള്ള, തുളസിത്തറയ്‌ക്കുചുറ്റും വിളക്ക് കൊളുത്തുന്ന പെൺകുട്ടിയുടേത് പോലെ നീണ്ട, കനത്ത മുടിയായിരുന്നു റസിയാത്തയ‌്ക്കും.  
അയൽനാട്ടുകാരനായ, വെളുത്തു തുടുത്ത, തുർക്കിക്കാരന്റെ ഛായയുള്ള മധ്യവയസ്‌കനുമായി റസിയാത്തയുടെ കല്യാണം നടക്കുമ്പോൾ ഞാൻ ഒമ്പതിലായിരുന്നു. 
“എങ്ങനെയാണാവോ എന്നെ അവർക്ക് ബോധിച്ചത്? അവരെ കാണാൻ എന്നെക്കാളും ഭംഗിയില്ലേ!”
ഉമ്മയോടുള്ള റസിയാത്തയുടെ ആ ചോദ്യം എന്റെ കാതിലും വീണു. 
 
“നിന്റെ മനസ്സ് നല്ലതല്ലേ... നിനക്ക് നല്ലതേ വരൂ.. വേറൊന്നും ആലോചിക്കാൻ നിക്കേണ്ട.”
കനമുള്ള ആശങ്കകളെ കാറ്റിൽ പറത്താൻ, കുളിരുപകരുന്ന വാക്കുകളുമായി എന്നും ഉമ്മ കൂടെയുണ്ടായിരുന്നു റസിയാത്തയ‌്ക്ക്. 
“ഈ സാരിയുടെ നിറം ഏതാ നല്ലത്?”
“സാരി ഇങ്ങനെ ഇട്ടാൽ മതിയോ?”
“മുല്ലപ്പൂ ഇനീം വേണോ?” 
 
കൗതുകം നിറഞ്ഞ ചോദ്യങ്ങളാൽ എനിക്കുചുറ്റും റസിയാത്ത കറങ്ങിയപ്പോൾ അവരെനിക്ക് ഒരു അനിയത്തിയായി.  കല്യാണനാളിൽ, ചുവന്ന പട്ടുസാരിയും, അൽപ്പംമാത്രം ആഭരണവുമണിഞ്ഞു, റസിയാത്ത ഏറെ മനോഹരിയായിരുന്നു. പിന്നീട് വല്ലപ്പോഴുംമാത്രം വിരുന്നുവരുമ്പോഴും റസിയാത്ത ഞങ്ങൾക്കിടയിൽ തന്നെയുണ്ടായിരുന്നു. 
ഇരട്ടക്കുട്ടികൾ ഉദരത്തിൽ നാമ്പെടുത്തു ഏറെ നാളാകും മുമ്പേ,  ഭർത്താവ് അപ്രത്യക്ഷനായപ്പോൾ  ചിറകറ്റുവീണു റസിയാത്ത. വീണ്ടും നേഴ്‌സറി  ടീച്ചറായി. വൈകുന്നേരങ്ങളിൽ  ചെങ്കുത്തായ റോഡും കയറി, എളിക്ക്‌ കൈയും കൊടുത്തു, ക്ഷീണിതയായി വരുന്ന റസിയാത്തയുടെ മുഖം ഇന്നും മനസ്സിലുണ്ട്.
 
മനുവും മിനുവും ഈ ലോകത്തേക്ക് വന്നത് ഉപ്പയുടെ കൈകളുടെ സുരക്ഷിതത്വം ഇല്ലാതെ.  റസിയാത്തയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയതിനാൽ, സ്‌കൂൾ കഴിഞ്ഞുവന്നാൽ മനുവിനെ എന്റെ വീട്ടിലേക്കു കൊണ്ടുപോരും. മനുവായിരുന്നു എനിക്കേറെ പ്രിയപ്പെട്ടവൻ. ഞാനാദ്യമായി വാരിയെടുത്തു, തോളിലിട്ടുറക്കി, സ്‌നേഹമൂട്ടിയ കുഞ്ഞ്! മനുവിനെ കളിപ്പിക്കാൻ വല്ലാത്ത ഇഷ്ടമായിരുന്നെനിക്ക്.   
 
അന്നൊരിക്കൽ സ്‌കൂൾ വിട്ട് വന്നശേഷം, അടുക്കള ഭാഗത്തെ അരത്തിണ്ണയിലിരുന്നു ചായ കുടിക്കുകയായിരുന്നു. മുറ്റത്തുകൂടെ ഓടിനടക്കുന്ന മനുവിനും മിനുവിനും പിന്നാലെയായിരുന്നു റസിയാത്ത.
 
“മനുവിന്റെ തുടയിൽ ഒരു മുഴ ശ്രദ്ധിച്ചോ മോളെ?” പെട്ടെന്നായിരുന്നു ആ ചോദ്യം. 
ഇല്ല, ശ്രദ്ധിച്ചില്ലായിരുന്നു.
 
അവനെ കുളിപ്പിക്കുമ്പോഴോ, വസ്‌ത്രം  മാറ്റുമ്പോഴോ, പൗഡറിട്ട് കൊടുക്കുമ്പോഴോ കൈകളാൽ തടഞ്ഞതുമില്ലായിരുന്നു.
 ഇളം മേനിയിൽ നാമ്പിട്ട അർബുദമെന്ന മഹാമാരിയെയും താങ്ങിയെടുത്തു, പതം പറഞ്ഞു, കിതച്ചോടിയ റസിയാത്തയെ എങ്ങനെ മറക്കാനാവും!
കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വാർഡിൽ, അനേകം കുട്ടികൾക്കിടയിൽ മാസ്‌ക‌് ധരിച്ച്, മുടി കൊഴിഞ്ഞ തലയും, ഭാഗികമായി നഷ്ടപ്പെട്ട കാഴ്‌ചയുമായി, ചികിത്സയിലൂടെ കിട്ടിയ അമിതഭാരവും പേറി ഇടറിനടന്ന മൂന്നു വയസ്സുകാരൻ മനുവിന്റെ  ചിത്രം മനസ്സിൽനിന്ന‌് എങ്ങനെ തുടച്ചുനീക്കും! 
മലമുകളിലൂടെ കോട പരക്കുന്ന പുലർച്ചകളിൽ, മഞ്ഞിൻകണങ്ങൾ പെയ‌്തുവീണ പാടവരമ്പത്തുകൂടെ, കമ്പിളിയിൽ പുതഞ്ഞ മനുവിനെയും തോളിലിട്ടു ആശുപത്രിയിലേക്ക് നടന്നുനീങ്ങുന്ന റസിയാത്തയുടെ ചിത്രത്തോളം ആഴത്തിൽ എന്റെ ഹൃദയത്തിൽ പതിഞ്ഞ മറ്റേത് ചിത്രമുണ്ട്!
അസുഖം മൂർച്ഛിച്ചു, ശ്വാസം ഉള്ളിലേയ്‌ക്കെടുക്കാൻപോലും ബുദ്ധിമുട്ടി, മനു അത്യാസന്ന നിലയിലായപ്പോൾ, ദുരന്തത്തെ നേരിടാൻ മനസ്സിനെ സജ്ജമാക്കിയ എന്നിലേക്കെത്തിയത് റസിയാത്തയുടെ മരണവിവരമായിരുന്നു!
രണ്ടുവർഷത്തോളം ആശുപത്രികൾതോറും അലഞ്ഞു നടന്നതിനിടയിലെപ്പോഴോ, സ്വന്തം ശരീരത്തിൽ അതിക്രമിച്ചു കയറിയ ഹെപ്പറ്റൈറ്റിസ് ബി വൈറസ് നിരന്തരം കാണിച്ചുകൊടുത്ത രോഗലക്ഷണങ്ങളെ മനുവിനായി  അവർ അവഗണിച്ചു.  ഐസിയുവിൽ ആയിരുന്ന റസിയാത്തയെ പോയി കണ്ടു. കഫം നിറഞ്ഞ നെഞ്ചകം ഊക്കോടെ ഉയർന്നു താഴുന്നതു മാത്രമായിരുന്നു അബോധാവസ്ഥയിലായ ആ ദേഹത്തിൽ അവശേഷിച്ചിരുന്ന ജീവന്റെ  ലക്ഷണം!  മരണത്തിന്റെ ഇരുട്ടിലേക്ക്  മൗനത്തോടെ റസിയാത്ത പടിയിറങ്ങിപ്പോയി.
 
മക്കളെ തൊട്ടിലിലാട്ടുമ്പോൾ ഇരിക്കാറുള്ള കട്ടിലിലായിരുന്നു വെള്ളപുതപ്പിച്ച റസിയാത്തയെ അവസാനമായി കിടത്തിയിരുന്നത്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനാവാതെ അമ്പരന്നിരുന്ന മനുവിനെയും മിനുവിനെയും  വാരിയെടുത്ത് വീട്ടിലേക്കു കൊണ്ടുപോയി, വിതുമ്പലടക്കിക്കൊണ്ട‌് ആ കുഞ്ഞു മുഖങ്ങളിൽ മാറിമാറി ചുംബിക്കാനേ ഞങ്ങൾക്കായുള്ളു.  
 
മനു…
പതിയെ ശരീരത്തിന്റെ പ്രതിരോധശേഷിയും സംസാരശേഷിയും കുറഞ്ഞു, കുടുംബവീടിന്റെ ഒരു മൂലയിലേക്ക് ചുരുണ്ടുകൂടി കഴിഞ്ഞിരുന്നു. കാണാൻ ചെല്ലുമ്പോഴെല്ലാം അവന്റെ ഒരു പറച്ചിലുണ്ടാവും;
“നാളെ മെഡിക്കൽ കോളേജിലേക്ക് ന്റെ കൂടെ വരണം, ഞാൻ കൊണ്ടാവാട്ടോ.” 
മനുവിനെ സംബന്ധിച്ചിടത്തോളം മെഡിക്കൽകോളേജ് അവന്റെ മറ്റൊരു വീടായിരുന്നു. മിനുവിനൊപ്പം  ജീവിച്ചതിലുമേറെ മനു കഴിഞ്ഞിരുന്നത്, മരുന്നും മരണവും മണക്കുന്ന ആശുപത്രിയുടെ ചുവരുകൾക്കുള്ളിലായിരുന്നു! 
ആരെയും അധികം ബുദ്ധിമുട്ടിക്കാതെ, ആർക്കും അലോസരമുണ്ടാക്കാതെ റസിയാത്തയുടെ വഴിയേ മാസങ്ങൾക്കുള്ളിൽതന്നെ മനുവും ഇറങ്ങിപ്പോയി. അടുപ്പമുള്ളവരോട് ഇന്നും ഞാൻ പറയാറുണ്ട്; എനിക്കു താലോലിക്കാൻ ഏറെ ഇഷ്ടം ആൺകുട്ടികളെയാണെന്ന്, അതിനുള്ള കാരണം മനു മാത്രമാണ്!
അവർ രണ്ടുപേരും ഈ ലോകത്തിൽ ഇല്ലെന്ന് വിശ്വസിക്കാൻ ഞാനിപ്പോഴും ഇഷ്ടപ്പെടുന്നില്ല. റസിയാത്ത എപ്പോഴും പറയുമായിരുന്നു, രണ്ടുപേരെയും നേഴ്സറിയിൽ ആക്കേണ്ട സമയമാവുമ്പോൾ ഇരു കൈകളിലും കോർത്തുപിടിച്ചു എനിക്കവരെ കൂടെക്കൊണ്ടുപോകണം, എനിക്കുതന്നെ എന്റെ ക്ലാസിൽ ഇരുത്തി അവരെ പഠിപ്പിക്കണമെന്നും…
 ഒരിക്കൽ, മിനുവിനെ തൊട്ടിലിലാട്ടിക്കൊണ്ടിരുന്ന വേളയിൽ റസിയാത്ത എന്നോട് പറഞ്ഞിരുന്നു;
 
“മിനു വലുതാവുമ്പോൾ നല്ല സുന്ദരിയാകുമല്ലേ...!” 
അതെ. 
മിനു സുന്ദരിയാണിന്ന്. ഞങ്ങളുടെ വീടിനകത്തളത്തിൽ, ഇടയ‌്ക്കെല്ലാം റസിയാത്തയുടെ ഭാവങ്ങളും ചേഷ്ടകളും അറിയാതെ കടന്നുവരുന്ന, ഉമ്മയെ കണ്ടതോർമയില്ലാത്ത മകളായി അവളിന്നുമുണ്ട്. റസിയാത്തയും മനുവും അവശേഷിപ്പിച്ച ഒരേയൊരു സ‌്നേഹ സ‌്പർശം!
 ഒരിക്കലും ഉണങ്ങാത്ത മുറിവാണ് ആ ഉമ്മയും മകനും എനിക്കിന്നും. അവരുടെ ഓർമകൾ നിശ്ശബ്ദം മനസ്സിലേക്ക് ഒഴുകിയെത്താറുണ്ടെങ്കിലും, വറ്റിവരണ്ടൊരു പുഴയെ എന്റെ മനസ്സിൽ അവശേഷിപ്പിച്ചേ അവ പിൻവാങ്ങാറുള്ളു.  അപ്പോൾപ്പിന്നെ, കോടമൂടിയ വഴിയിലൂടെ നടന്നകലുന്ന ആ രണ്ടുരൂപത്തെ എങ്ങനെ എനിക്ക‌് എളുപ്പത്തിൽ മറക്കാനാകും!
പ്രധാന വാർത്തകൾ
 Top