29 May Sunday

ഏറ്റുവാങ്ങണം ലാലന്റെ പന്തം

അശോകൻ വെളുത്തപറമ്പത്ത്Updated: Sunday Dec 12, 2021

ഇ വി ഹരിദാസ്‌ സംവിധാനം ചെയ്‌ത്‌ കാഞ്ഞങ്ങാട് ജ്വാല അവതരിപ്പിച്ച ബാവുൾ നാടകത്തെക്കുറിച്ച്

ഏകാന്തവും ദുരന്തപൂർണവുമായ ബാവുൾ ഗായകന്റെ സ്വപ്‌നത്തിനും യഥാർഥ്യത്തിനുമിടയിലെ സംഘർഷങ്ങളുടെ സംഗീത സാന്ദ്രമായ ആവിഷ്‌കാരമാണ്‌ ബാവുൾ നാടകം. ഗ്രാമീണ ബംഗാളിലെ കുടിലുകളിൽ വസിക്കുകയും ഗ്രാമാന്തരങ്ങളിൽ അലഞ്ഞു നടന്ന് പാടുകയും ചെയ്യുന്ന ബാവുൾ ഗായകർ അവധൂത പാരമ്പര്യത്തിൽപ്പെട്ടവരാണ്. പ്ലേഗും വസൂരിയും ദാരിദ്ര്യവും കൂട്ടമരണങ്ങളും ബംഗാളിൽ സാധാരണമായിരുന്നെങ്കിലും സംഗീതവും നാടകവും മോചന സ്വപ്‌നങ്ങൾക്ക് ആക്കം കൂട്ടിയ കാലത്തിലൂടെയാണ്‌ നാടകം സഞ്ചരിക്കുന്നത്‌.  19–-ാം നൂറ്റാണ്ടിലെ തത്വചിന്തകനും ഗായകനുമായ ലാലൻ ഫക്കീറിന്റെ ജീവിതകഥയാണ് ഈ നാടകം. 

ഗംഗാസ്‌നാനത്തിന്‌ പോയ ലാലന് വസൂരി പിടിപെടുന്നു. കൂടെയുള്ളവർ ഉപേക്ഷിച്ച  ലാലനെ ഒരു മുസ്ലിം സ്‌ത്രീ പരിചരിച്ച് രക്ഷപ്പെടുത്തുന്നു. പൂർവകാലസ്‌മൃതികൾ നഷ്ടപ്പെട്ട ലാലൻ സൂഫി സംഗീതം കേൾക്കുമ്പോൾ ഓർമകൾ വീണ്ടെടുക്കുകയാണ്‌.  ദൈവത്തിന്റെ ഭാഷയായി സംഗീതത്തെ കാത്തു പോരുന്ന ദാർശനികനായ ലാലന്റെ ഉന്മാദ തുല്യമായ ജീവിതം രംഗത്തവതരിപ്പിക്കുമ്പോൾ മറ്റൊരു ഫക്കീറായി മാറുകയായിരുന്നു ചന്ദ്രൻ കരുവാക്കോട് എന്ന നടൻ.  അമ്മയും ഗ്രാമവും മുസ്ലിങ്ങളുടെ  ഭക്ഷണം കഴിച്ചതിന്റെ പേരിൽ ലാലനെ ഭ്രഷ്‌ടനാക്കുന്നു. "മുസ്ലിങ്ങളിൽനിന്ന്‌   ഭക്ഷണം വാങ്ങി കഴിച്ചാൽ ഇല്ലാതാവുന്നതാണോ നിങ്ങളുടെ മതം’ എന്ന ലാലന്റെ ചോദ്യം പ്രസക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മളും കടന്നു പോകുന്നത്.  

ബാവുൾ സംഗീതത്തിന്റെ അനന്തസാധ്യതകളെ നാടകം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നുണ്ട്. സംഘർഷഭരിതമായ ബാവുൾ വിഷലിപ്തമായ മതലോകത്തു നിന്ന് മതമില്ലാത്ത ഒരു ലോകത്തിന്റെ നൈസർഗികമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വിളറി പിടിക്കുന്ന മതമൗലികവാദികളെയും  നാടകം വിമർശിക്കുന്നു.  

 വസൂരിയെ പ്രതീകവൽക്കരിക്കുന്ന  മണിക്കിലുക്കവും അനശ്വരപ്രണയത്തിന് വർണശബളമായ പൂമാലയും പശ്ചാത്തലത്തിലെ സൂഫി നൃത്തവും ബാവുൾ ഗാനവും നാടകത്തെ സമ്പന്നമാക്കി. എല്ലാ മത ചിഹ്നങ്ങളും ചുട്ടെരിച്ചുകൊണ്ട് വിശ്വമാനവിക ദർശനത്തിലേക്കു മടങ്ങാൻ ആഹ്വാനം ചെയ്‌ത്‌ വേദി വിട്ട് പ്രേക്ഷകർക്കു കൈമാറുന്ന തീ പന്തം കെട്ടുപോയ ഒരു വ്യവസ്ഥിതിയെ ചാമ്പലാക്കാനല്ലാതെ മറ്റെന്തിനായിരിക്കാം?

ദേശീയ നാടകോത്സവം, എ കെ ജി തിയറ്റർ ഫെസ്റ്റിവെൽ, അശോകൻ കതിരൂർ അനുസ്മരണം തുടങ്ങിയ നിരവധി വേദികളിൽ ചന്ദ്രൻ കരുവാക്കോട് ബാവുളിനെ അവതരിപ്പിച്ചിട്ടുണ്ട്. 20 വർഷക്കാലമായി  കാഞ്ഞങ്ങാട്‌ ജ്വാലയിൽ പ്രവർത്തിക്കുന്ന ചന്ദ്രൻ സംസ്ഥാന കേരളോത്സവത്തിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2013ൽ ഗുവാഹത്തിയിൽ  ദേശീയ യുവജനോത്സവത്തിൽ പ്രധാന നടനായും തെരഞ്ഞെടുക്കപ്പെട്ടു. നടനും നാടകകൃത്തും സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക സംഘടനനായ രചനയുടെ പ്രവർത്തകനുമായ  ഇ വി ഹരിദാസാണ്‌ ബാവുൾ   സംവിധാനംചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top