16 February Saturday
സെൽഫി

വെള്ളപ്പൊക്കവും സൂപ്പർ ചികിത്സയും

കൃഷ‌്ണ പൂജപ്പുരUpdated: Sunday Aug 12, 2018
ബഹുമാനപ്പെട്ട മനഃശാസ്ത്രജ്ഞൻ സാറെ,
എനിക്ക് പ്രശ്നമാണ് സാറെ. പ്രശ്നമെന്നുവച്ചാൽ നല്ല അഡാറ് പ്രശ്നം. താനേ തീരുന്നെങ്കിൽ അങ്ങ് തീരട്ടെ എന്നു കരുതീട്ടാണ് ഇതുവരെ ഒരു മനഃശാസ്ത്രജ്ഞനെ സമീപിക്കാത്തത്. പക്ഷേ ഇനിയും വച്ചോ ണ്ടിരുന്നാൽ വീട്ടുകാർ പിടിച്ച് ചങ്ങലയ്ക്കിടും. സാറ്  പ്രശ്നം കേട്ട്‌ പരിഹാരം നിശ്ചയിക്കണം. മരുന്നോ ലേഹ്യമോ എന്തുവേണമെങ്കിലും കഴിക്കാം.
 
എന്റെ കുഴപ്പമെന്താണെന്നല്ലേ? പറയാം. കുഴപ്പങ്ങളാണ്  എന്റെ  കുഴപ്പം ....  ഞാൻ പ്രാസമൊപ്പിച്ച‌് പറഞ്ഞതല്ല. എവിടെ കുഴപ്പം കാണുന്നോ എവിടെ പ്രശ്നങ്ങളും കഷ്ടപ്പാടും കാണുന്നോ അവിടെ എന്റെ മനസ്സ് സന്തോഷം കൊള്ളാൻ തുടങ്ങും. ഇതൊരു പ്രശ്നമല്ലേ സാർ. അടിയന്തരമായി ചികിത്സ വേണ്ടതല്ലേ?
 
ഞാൻ വിശദീകരിച്ചുപറയാം. ഇപ്പോൾ കേരളത്തിൽ മഴയാണല്ലോ. ഡാം തുറക്കുന്നു, മലയിടിച്ചിൽ, ഉരുൾപൊട്ടൽ, കൃഷിനാശം. പക്ഷേ ഞാനിത് ത്രില്ലടിച്ചാണ് ടിവിയിൽ കാണുന്നത്. ഡാം തുറന്നുവിടുന്നതുകാണാൻ ഞാൻ ടിവിയുടെമുന്നിൽ ഊണും ഉറക്കവും കളഞ്ഞാണ് ഇരുന്നത്. ട്രയൽ റണ്ണിന് പത്തുമണിക്ക് ഇടുക്കിയിലെ ഒരു ഷട്ടർ തുറക്കുമെന്ന് അടിച്ചിട്ട് ഒരൽപ്പം വൈകി തുറക്കാൻ. സാറെ ആ സമയമത്രയും ഞാൻ പരവേശമെടുത്ത് ഓടുകയായിരുന്നു. ഇടുക്കി തുറക്കുന്നതും നദികളിൽ വെള്ളം പൊങ്ങുന്നതുമൊക്കെ കാണാൻ വേണ്ടി ഞാൻ ഉഴറിനടന്നു. റോഡിൽ വെള്ളം കയറി കാറും ബസുമാകെ വെള്ളം മുങ്ങുന്നതൊക്കെ ഞാൻ ത്രീഡി സിനിമ ആസ്വദിക്കുംപോലെയാണ് കണ്ടതും ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതും.
 
എനിക്കറിയാം കഷ്ടപ്പെടുന്നവരെ സഹായിക്കലാണ് യഥാർഥ മനുഷ്യധർമമെന്ന്. സഹായിച്ചില്ലെങ്കിലും സഹതപിക്കുകയെങ്കിലുംവേണം. അവിടെയണ് സാറെ പ്രശ്നം. എന്നെക്കൊണ്ട് അതുപറ്റുന്നില്ല.
 
വീട്ടുകാർ പറയുന്നത് ഞാൻ എപ്പോഴും മൊബൈലിൽ ഫെയ‌്സ്ബുക്കും യൂട്യൂബും കണ്ടുകണ്ടാണ് ഇങ്ങനെ മനസ്സ് തിരിഞ്ഞതെന്നാണ്. സമൂഹത്തിലേക്കിറങ്ങി നാട്ടുകാർക്കൊപ്പം ദുരിതാശ്വാസപ്രവർത്തനം നടത്താനും ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുമൊക്കെ മുൻകൈ എടുത്തിരുന്നെങ്കിൽ ഇത്തരം ചിന്താഗതിയൊക്കെ മാറുമായിരുന്നെന്ന്. സാറിന് അറിയാമോ?  യൂ ട്യൂബിലൊക്കെ കാറപകടം, ലോറി അപകടം തുടങ്ങിയ അപകട വീഡിയോ ഒക്കെ ഉണ്ടല്ലോ. അതൊക്കെ ഞാൻ ആവർത്തിച്ചാവർത്തിച്ച് കാണും. സിസിടിവി ക്യാമറാദൃശ്യങ്ങളാണല്ലോ അധികവും. എനിക്കത് കാണുമ്പോൾത്തന്നെ അറിയാം ഏതൊക്കെ വാഹനങ്ങളാണ് കൂട്ടിയിടിക്കുന്നതെന്ന്. റോഡ് ക്രോസ് ചെയ്യുന്നവരെ ഇടിച്ചുതെറിപ്പിക്കുക, മുന്നിൽ പോകുന്ന ട്രക്കിൽനിന്ന‌് തടിയും സാധനങ്ങളും തൊട്ടടുത്തുകൂടിപോകുന്ന കാറിന്റെ മേലേക്ക് വീഴുക തുടങ്ങിയ വീഡിയോകൾ എന്റെ ഫേവറിറ്റ് ആണ് സാർ. അതൊക്കെ ഞാൻ കൈയോടെ വാട‌്സാപ്പിൽ ഷെയർ ചെയ്യും. 
 

മൃഗലോകം

സിംഹം മാനിനെ പിടിക്കുന്നതെങ്ങനെ, മുതല കാട്ടുപന്നിയെ പിടികൂടുന്നതെങ്ങനെ തുടങ്ങിയ മൃഗലോകത്തെ സംഘർഷങ്ങൾ എനിക്കിപ്പോൾ പച്ചവെള്ളമാണ്. സിംഹത്തെക്കാൾ പുലിയുടെ ഓട്ടമാണ് എനിക്ക് ഹരം. പുലിയുടെ ഓട്ടം സ്ലോമോഷനിലാണ് കാണിക്കുന്നത്. വെട്ടിത്തിരിഞ്ഞൊക്കെയാണ് മാനിന്റെ ഓട്ടം. എന്നിട്ട് പുലി വിടുമോ. അതൊരു കാഴ്ചതന്നെയാണ്  സാറെ. കൈകൊണ്ട് ഒരടിയും ഒരു കടിയും കടിച്ച് കുറേനേരം അങ്ങനെ വച്ചേക്കും. അതാണ് ടെക്നിക്ക്.
ഒരു വീഡിയോയിൽ കാട്ടുപോത്തിന്റെ കുഞ്ഞിനെ സിംഹം ആക്രമിക്കാൻ ചെന്നപ്പോൾ കാട്ടുപോത്തുകൾ ഗ്രൂപ്പായി സിംഹത്തെ ഓടിച്ചു കളഞ്ഞു. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. മറ്റു കാട്ടുപോത്തുകളുടെ അനാവശ്യ ഇടപെടലായാണ് എനിക്ക് തോന്നിയത്. ഒരു പൂർണത കിട്ടിയില്ല. ഞാൻ പറഞ്ഞില്ലേ, അപ്പോഴൊക്കെയാണ് ഞാൻ എനിക്ക് എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ചത്. പോസിറ്റീവ് ഒന്നും വേണ്ട. ആ കാട്ടുപോത്ത് കുഞ്ഞിനെ സിംഹം ഫിനിഷ് ചെയ്തിരുന്നെങ്കിൽ അതിന്റെ ലെവൽ മാറിയേനെ എന്നുതന്നെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. 
 
വീട്ടുകാർ  വല്ലാതെ വഴക്കുപറയും. ഇതൊക്കെ കണ്ടാൽ മനുഷ്യർക്ക് മൃഗസ്വഭാവം വരുമത്രെ. പണ്ട് കോഴിയെ കൊല്ലുന്നതുകണ്ടാൽ കണ്ണുംപൊത്തി ഓടുന്ന ടീമായിരുന്നു ഞാൻ. ഇന്ന്, യൂട്യൂബ് എടുത്താൽ വിദേശത്തൊക്കെ അഞ്ചാറുപേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്, വെടിവച്ച് കൊല്ലുന്നത് ഒക്കെ കണ്ടില്ലെങ്കിൽ എനിക്ക് പരവേശമാണ്. ആനയുടെ ആക്രമണം, ആന ഓട്ടോറിക്ഷ കുത്തിമറിച്ചിടുന്നത്. ഒക്കെ ഹാർഡ് ഡിസ്ക്കിൽ സേവ് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ എടുത്തു കാണും. 
ഇങ്ങനെ കണ്ടുകണ്ടായിരിക്കണം സാറെ, ഇതാ ഇപ്പോൾ കാറ്റും മഴയും പ്രകൃതിക്ഷോഭവുമൊക്കെ കണ്ട് ത്രില്ലടിക്കാൻ തോന്നുന്നു. വെള്ളം കയറി ഒരു വീട് ഒഴുകിപ്പോകുന്നതുകണ്ട് വല്ലാതെ കുളിരുകോരി. ആ സമയത്താണ് പെട്ടെന്ന് കറണ്ടു പോയത്. ഉടനേ വിളിച്ചു കെഎസ്ഇബിയിൽ. അവരുടെ സ്ഥിരം പരിപാടിയാണ്. നമ്മളങ്ങ് രസിച്ച് ഏതെങ്കിലും ടിവി പരിപാടി കണ്ടിരിക്കുമ്പോഴാണ് കറണ്ട് പോകുന്നത്. 
 
ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നത് സാറ് കണ്ടായിരുന്നോ. ഞാൻ കരുതി മലവെള്ളപ്പാച്ചിൽപോലെ ഒരു പാച്ചിലായിരിക്കുമെന്ന‌്. ഇത് തണുത്തുപോയി. ഒരു ഹുങ്കാരമില്ല. ഞാൻ ഇതല്ല പ്രതീക്ഷിച്ചത്. ക്യാമറ ദൂരെ വച്ചു പിടിച്ചു കാണിച്ചതുകൊണ്ടാണോ എന്തോ, വിദേശത്തെ സുനാമിയൊക്കെ യൂട്യൂബിൽ കണ്ടതു കൊണ്ടാണോ സാറേ ഇതൊന്നും ഇപ്പോൾ ഏൽക്കാത്തത്. മദ്യപാനത്തെക്കുറിച്ച് പറയുമല്ലോ. ലഹരി അടിച്ചുകയറിയാൽ പിന്നെ സാധാരണ ലവലൊന്നും ഏൽക്കില്ലെന്ന്. ഞാൻ ആ നിലയിൽ എത്തിയോ? 
 
യൂട്യൂബും ഫെയ‌്സ്ബുക്കുമൊക്കെ കഴിഞ്ഞ് റിയൽ ലൈഫിലും എന്റെ സ്വഭാവം മാറിത്തുടങ്ങി. എന്റെ അമ്മാവൻ വീടിന്റെ മുന്നിലെ ഒരു കുഴിയിൽ കാലുതെറ്റി വീണു. ഓടി വരണേ, രക്ഷിക്കണേ എന്നൊക്കെ നിലവിളിച്ചു. ഞാൻ ചെന്നപ്പോഴുണ്ട് സാറേ കുഴിയിൽനിന്ന് കയറാൻപറ്റാതെ അമ്മാവൻ കിടക്കുന്നു. എന്നെ ഒന്നു പിടിച്ചു കയറ്റെടാ എന്ന് നിലവിളിക്കുന്നു. ഹൊ! അതൊരു ദൃശ്യമായിരുന്നു സാറേ, എന്റെ മനസ്സാക്ഷിയും ഞാനുംകൂടി ഭയങ്കര തർക്കം. അമ്മാവനെ പിടിച്ചു കയറ്റണോ അതോ അമ്മാവൻ കുഴിയിൽകിടക്കുന്നത് യൂട്യൂബിലിട്ട് വൈറൽ ആക്കണോ. അമ്മാവനെ യൂട്യൂബിൽ കയറ്റാൻതന്നെ തീരുമാനിച്ചു. ഞാൻ മൊബൈൽ എടുത്തു പല ആംഗിളിൽ ഷൂട്ടുതുടങ്ങി. ഫെയ‌്സ്ബുക്ക് ലൈവും പോയി. 'ഇതാ കുഴിയിൽ വീണുകിടക്കുന്ന എന്റെ അമ്മാവൻ' എന്നൊക്കെ പറഞ്ഞിട്ട്. അമ്മാവനെക്കൊണ്ട് ഞാൻ ഒരു 'ഹായ്'യും പറയിച്ചു. അമ്മാവനെ കുഴിയിൽനിന്ന് കയറ്റാൻ വന്നവരെ ഞാൻ തടഞ്ഞു. എന്തു പറയുന്നു സാറേ, കുഴിയിൽനിന്ന് പിടിച്ചുകയറാൻ ശ്രമിച്ച അമ്മാവനെ ഞാൻ കുഴിയിൽ വീണ്ടും തള്ളയിട്ടു. അമ്മാവൻ എനിക്കെതിരെ കേസ് കൊടുത്തിരിക്കയാണ്. 
 
ഈ പശ്ചാത്തലത്തിലാണ് സാറേ ഞാൻ സാറിന്റെ സഹായം അഭ്യർഥിക്കുന്നത്. ഇതൊരു രോഗമാണോ സാർ, ആ രോഗത്തിന് പ്രതിവിധിയുണ്ടോ? 
 

മറുപടി

ഞാൻ മനഃശാസ്ത്രജ്ഞന്റെ ഭാര്യയാണ് സഹോദരാ. ഇടുക്കിയിൽ ഷട്ടർ തുറക്കുന്നതുകാണാൻ പുള്ളിക്കാരൻ തടസ്സങ്ങളൊന്നും വകവയ്ക്കാതെ പോയി. സെൽഫി എടുക്കാൻ പാടില്ല എന്നൊക്കെയുള്ള ഗവൺമെന്റ് മുന്നറിയിപ്പിനൊന്നും വിലകൊടുത്തില്ല. പുഴയുടെ കരയിൽചെന്ന് ചിരിച്ചുകൊണ്ടുനിന്ന് സെൽഫി എടുത്തു. ദേഷ്യംവന്ന ഒരു നാട്ടുകാരൻ പിടിച്ചൊരറ്റത്തള്ള്. രണ്ടു കിലോമീറ്റർ പുഴയിലൂടെ ഒഴുകി. ഇപ്പോൾ ഐസിയുവിലാണ്. അപകടനില തരണംചെയ്തു. ആളിപ്പോൾ പോസിറ്റീവ് ആയിട്ടുണ്ട്. അനിയനും ഇങ്ങനെയൊക്കൊ അങ്ങ് നന്നാവുമായിരിക്കും.
 
krishnapoojappura@gmail.com
 
പ്രധാന വാർത്തകൾ
 Top