18 February Monday
വായന

ഇരുളിടങ്ങളിലെ വെളിച്ചപ്പൊട്ടുകൾ

നാരായണൻ കാവുമ്പായിUpdated: Sunday Aug 12, 2018

ഇരുട്ടിനുമുമ്പ്/ ടി പത്മനാഭൻ/ കഥകൾ/ പൂർണ പബ്ലിക്കേഷൻസ്/ വില: 65 രൂപ

മനുഷ്യസ്നേഹത്തിന്റെയും അനുരാഗത്തിന്റെയും അനുതാപത്തിന്റെയും ഊഷ്മളതയിൽ ലോകത്തെ കാണാൻ കൊതിക്കുന്ന കഥാകാരനാണ് ടി പത്മനാഭൻ. ഈ പേലവമായ മനസ്സാണ് പത്മനാഭൻ കഥകളെ വ്യത്യസ്തമാക്കുന്നത്.  സത്യത്തിന്റെയും നന്മയുടെയും  പ്രകാശവലയം ആ കഥകൾക്ക‌് പരിവേഷം ചാർത്തുന്നു. 
 
പത്മനാഭൻകഥകളുടെ പതിവുരീതികളിൽനിന്ന് വേറിട്ട  ആഖ്യാനരീതി  സ്വീകരിക്കുന്ന എട്ട് കഥകളുടെ സമാഹാരമാണ് 'ഇരുട്ടിനുമുമ്പ്'. പൂർണ പുറത്തിറക്കിയ ഈ കഥാസമാഹാരം  ഭാവതീവ്രമായ വായനാനുഭവമാണ് നൽകുക. കഥാകാരന്റെ ആത്മാംശം കലർന്ന കഥകൾ. ചിലതെല്ലാം നേരിട്ടുള്ള അനുഭവങ്ങൾ.  ഇരുട്ടിനുമുമ്പ്, സന്ന്യാസിയും സ്വധർമനിരതയായ യുവതിയും, ആനന്ദവർധനൻ, അറബിയും ഒട്ടകവും ഒരു പഴയ കഥയുടെ പുനരാഖ്യാനം, ഷാർജയിൽനിന്നു വന്നവർ, ചന്ദനത്തിന്റെ മണം, ജിങ്കിൾ ബെൽ, ടി പത്മനാഭൻ അഥവാ ഒരു ചെറിയ തെറ്റിദ്ധാരണ എന്നീ കഥകളാണ് സമാഹാരത്തിലുള്ളത്. 
 
'ഇരുട്ടിനുമുമ്പി’ൽ കഥാകാരൻ തന്നെത്തന്നെ പറിച്ചുനട്ടിട്ടുണ്ട്.   മനുഷ്യനേക്കാൾ  കുറഞ്ഞ പ്രാധാന്യമല്ല പുല്ലിനും പുൽച്ചാടിക്കും നായ്ക്കും പൂച്ചയ്ക്കും കഥകളിലുള്ളത്. ആ ലോകത്തിൽ മരങ്ങൾ ചില്ല വീശി നിൽക്കുന്നു; ആ ചില്ലകളിൽ കിളികൾ പഞ്ചമം ഉതിർക്കുന്നു. നിങ്ങൾ മരങ്ങൾ നട്ടുവളർത്തിയാൽ മതി,  കിളികൾ താനേ വന്നുകൊള്ളും എന്ന് 'മറ്റൊരിന്ത്യക്കാരൻ' പറയുന്നില്ലേ? കഥയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം അങ്ങനെ ആയിരുന്നു. എത്ര നായ്ക്കളും പൂച്ചകളുമാണ് പത്മനാഭന്റെ കുടുംബാംഗങ്ങളായി കൂടെ പാർത്തിരുന്നതെന്നതിന‌് കണക്കുണ്ടോ? അഭയാർഥികളായി വന്നവർതന്നെ എത്ര! 
 
വക്കീൽപ്പണി നിർത്തി ടി പത്മനാഭൻ ഉദ്യോഗസ്ഥനായത് ഫാക്ട് അമ്പലമേട് ഡിവിഷനിൽ എസ്റ്റേറ്റ് മാനേജരായിട്ടാണ്. ആ ഡിവിഷൻ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എസ്റ്റേറ്റ് മാനേജരുടെ ഭാവനയും ആസൂത്രണ വൈഭവവും നന്നായി പ്രകാശനം നേടി. വിസ്തൃതമായ ആ ടൗൺഷിപ്പിലെ പാതയോരങ്ങളിൽ നിരക്കെ നീർമരുതും ചെമ്പകവും നട്ടുപിടിപ്പിച്ചു. കൽപ്പന പുറപ്പെടുവിച്ച് മാറി ഓഫീസിൽ ഇരുന്നില്ല. ഓരോ തൈ  നടുമ്പോഴും കൂടെയുണ്ടായിരുന്നു. വളവും വെള്ളവും വാത്സല്യവും നൽകി.  പ്രഭാതസവാരിക്കിടയിൽ ഓരോന്നിനോടും കുശലം പറഞ്ഞു. തന്നെ സന്ദർശിക്കാൻ വരുന്ന സ്നേഹിതന്മാരെ ചൊടിയോടെ വളരുന്ന അവയെ ചൂണ്ടിക്കാട്ടി പിതാവിനെപ്പോലെ അഭിമാനം പൂണ്ടു.
 
അമ്പലമേട്ടിലെ ടൗൺഷിപ്പിലൂടെ പത്മനാഭൻ ഇപ്പോൾ നടന്നാൽ  ആ നീർമരുതും ചെമ്പകവും അദ്ദേഹത്തെ തിരിച്ചറിയുമോ?  വെളിച്ചങ്ങളൊന്നൊന്നായി അണഞ്ഞുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് നന്മയുടെ പച്ചപ്പുകൾ ഒടുങ്ങുന്നുവല്ലോ എന്ന ഉൽക്കണ്ഠയിൽനിന്നാണ് 'ഇരുട്ടിനുമുമ്പ്' എന്ന കഥയുടെ പിറവി എന്നുവേണം കരുതാൻ. 
 
പൊളിച്ചുകൊണ്ടിരിക്കുന്ന കമ്പനിക്കരികിൽ ആയിടെ വന്നെത്തിയ വൃദ്ധൻ അവിടത്തുകാരനായ ചെറുപ്പക്കാരനോട് പറയുന്ന കഥയാണിത്.  വലിയൊരു വളം നിർമാണശാലയുണ്ടാക്കാൻ സർക്കാരിൽനിന്ന് കരാർ നേടിയ അമേരിക്കൻ കമ്പനിയുടെ ചീഫ് എൻജിനിയറുടെ അസിസ്റ്റന്റായിരുന്നു അയാൾ. കമ്പനിയും അതിനടുത്തുള്ള അണക്കെട്ടും പരിസരത്തെ പച്ചപ്പുമെല്ലാമുണ്ടാക്കുന്നതിൽ അയാളുടെ കഠിനാധ്വാനവുമുണ്ടായിരുന്നു. ഉദ്യോഗത്തിൽനിന്ന് പിരിഞ്ഞ് പലദിക്കുകളിൽ കഴിഞ്ഞുകൂടിയ  ആ സാധുമനുഷ്യൻ അവിടെയെത്തിയത‌് കമ്പനി ഏതോ മുതലാളിക്ക് കെടുവിലയ‌്ക്ക് വിറ്റുവെന്നു കേട്ടാണ്.  ആ വൃദ്ധനെ ഹൃദയഭേദകമായ കാഴ്ചകളാണ് വരവേറ്റത്.  
 
ആത്മാനുഭവങ്ങളുടെ അപൂർവാഖ്യാനങ്ങളാണ് ഈ സമാഹാരത്തിലെ ചന്ദനത്തിന്റെ മണം, ഷാർജയിൽനിന്നു വന്നവർ എന്നീ കഥകൾ. ഭ്രമാത്മകതയാണ് ചന്ദനത്തിന്റെ മണത്തിൽ നിറയുന്നതെങ്കിൽ ഒരു തീവണ്ടിമുറിയിലെ അപൂർവാനുഭവമാണ് ഷാർജയിൽ നിന്നുവന്നവരിലുള്ളത്.  സമീപകാല രാഷ്ട്രീയാനുഭവങ്ങളെ ഓർമിപ്പിക്കുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്.
പ്രധാന വാർത്തകൾ
 Top