12 August Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022

ആഹാ സുന്ദര തിയറ്ററിൽ

നസ്രിയയുടെ ആദ്യ തെലുങ്ക്‌ ചിത്രം ആഹാ സുന്ദര തിയറ്ററുകളിൽ എത്തി. നാനി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം വിവേക് ആത്രേയയാണ്‌. ഹിന്ദു, ക്രിസ്ത്യൻ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം മൂന്നു ഭാഷയിലായാണ്‌ റിലീസ്‌ ചെയ്‌തത്‌. സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും ക്രിസ്ത്യൻ യുവതി ലീലയായി നസ്രിയയും എത്തുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള സിനിമയ്‌ക്ക്‌ വിവേക് സുന്ദറാണ്‌ സംഗീതമൊരുക്കിയത്‌.

ദസ്തേയെവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും സിനിമയാക്കുന്നു

ദസ്തേയെവ്‌സ്‌കിയുടെ വിഖ്യാത റഷ്യൻ നോവൽ കുറ്റവും ശിക്ഷയും ‘ചമ്മട്ടി’ എന്നപേരിൽ മലയാളത്തിൽ സിനിമയാക്കുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ഷേക്‌സ്‌പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലോയും ഹാംലെറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂരാണ്‌ സംവിധായകൻ. പാപത്തിൽനിന്നു പശ്ചാത്താപത്തിലൂടെ മോചനമെന്ന ആശയമാണ് ചമ്മട്ടിയിലൂടെ പറയുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തലശേരി ഭാഗങ്ങളിലാണ്‌ ചിത്രീകരണം. അനുമോഹനാണ്‌ നായകൻ. നായികയായി രഞ്ജിത മേനോനും എത്തുന്നു. മുയൽഗ്രാമം മൂവീസിന്റെ ബാനറിൽ ഖത്തർ വ്യവസായി അഷ്കർ ബാബു ചമ്മട്ടി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയാണ്‌. സംഗീതം: അൽഫോൺസ് ജോസഫ് . കേരളത്തിലും റഷ്യയിലും ചിത്രം റിലീസ് ചെയ്യും.

ദി ക്രീച്ചർ റീലോഡഡ്  റിലീസിനൊരുങ്ങി

ഒരു കൊലപാതകത്തിന്റെ  ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ക്രൈം സസ്പെൻസ് ത്രില്ലർ ദി ക്രീച്ചർ റീലോഡഡ്  റിലീസിനൊരുങ്ങി. അനിൽ എങ്കക്കാടാണ്‌ കഥയും സംവിധാനവും. ത്രീ കുട്ടീസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ രഞ്ജിത വി ആറാണ്  നിർമാണം. പുതുമുഖങ്ങളായ ആരോൺ, മിഥുൻ എന്നിവരാണ് നായികാ നായകൻമാർ.  മാധ്യമപ്രവർത്തകൻ കെ കെ  കൃഷ്ണകുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവജി ഗുരുവായൂർ, സുനിൽ സുഗത, മജീദ്, ബിജു കൊടുങ്ങല്ലൂർ, വിനോദ് മായന്നൂർ തുടങ്ങിയവരും വേഷമിടുന്നു. തിരക്കഥ-, സംഭാഷണം, ഗാനങ്ങൾ, സംഗീതം സ്നേഹചന്ദ്രൻ ഏഴിക്കര. ഛായാഗ്രഹണം രഞ്ജിത് രവി.

ഹോംലി ഫാമിലി കൈരളി ടിവിയിൽ ആരംഭിച്ചു

ഹോംലി ഫാമിലി കൈരളി ടിവിയിൽ സംപ്രേഷണം ആരംഭിച്ചു . സിനിമാ - സീരിയൽ രംഗത്ത് സജീവമായ മനീഷയും മക്കളായ നീരധയും നിതിനുമാണ്  അഭിനയിക്കുന്നത്. കൊച്ചി നഗരത്തിൽ ജീവിക്കുന്ന ഒരു കുഞ്ഞു കുടുംബത്തിലെ തമാശകളും നൊമ്പരങ്ങളും കോർത്തിണക്കിയാണ് ഹോം ലി ഫാമിലി ഒരുക്കിയിരിക്കുന്നത്. തട്ടീം മുട്ടീം ഫെയിം സിദ്ധാർഥ പ്രഭു , സുഹിൽ രാജ് , വിബിത വിജയൻ  , സുഹൈൽ , ബേബി പ്രിയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ . കൈരളിയിൽ സംപ്രേഷണം ആരംഭിച്ച ഈ പരമ്പര തിങ്കൾമുതൽ വെള്ളിവരെ രാത്രി 8.30ന് കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top