16 September Monday

എ പ്ലസ് ജീവിതം

ജയന്‍ ഇടയ്ക്കാട് jayanedakkad@gmail.comUpdated: Sunday May 12, 2019

സുനിൽ ബിസ്തയും പ്രിയങ്കസിങ്ങും

കൊല്ലം കോയിക്കൽ ഗവ. ഹൈസ്‌കൂളി ല്‍നിന്നും സുനിൽ ബിസ്തയും പ്രിയങ്ക സിങ്ങും പത്താംതരം  പഠിച്ചിറങ്ങുന്നത് ജീവിതത്തിലെ എ പ്ലസ് വിജയവുമാ യാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ നേപ്പാൾ സ്വദേശിയും ജാര്‍ഖണ്ഡുകാരിയും

പത്താം ക്ലാസ്സുകഴിഞ്ഞ് സ ന്തോഷത്തോടെ കൊല്ലം കോയിക്കൽ ഗവൺമെന്റ് ഹൈസ്‌കൂളിലെ പടിയിറങ്ങുന്ന ഈ കുട്ടികളാണ് സുനിൽ ബിസ്തയും പ്രിയങ്കസിങ്ങും. കേരളം എണീറ്റുനിന്ന് കൈയടിക്കണം ഇവരുടെ വിജയത്തില്‍. സുനിൽ ബിസ്ത നേപ്പാൾ സ്വദേശിയും പ്രിയങ്കസിങ‌് ഉത്തരാഖണ്ഡ് സ്വദേശിയുമാണ്. മലയാളമടക്കം എല്ലാ വിഷയത്തിലും ഇരുവരും നേടി നല്ല ഉശിരന്‍ എ എപ്ലസ് വിജയം.
 
അഞ്ചാം ക്ലാസിൽ ചേര്‍ന്നപ്പൊഴാണ് സുനില്‍ ബിസ്ത ആദ്യമായി മലയാളം അക്ഷരമാല പഠിക്കുന്നത്. നേപ്പാളിലെ കാഞ്ചൻപൂർ ജില്ലയിലെ തിരുവൻബസ്തി ഗ്രാമത്തിൽ ജനിച്ച സുനിൽബിസ്ത ഒന്നുമുതൽ നാലുവരെ കപ്തഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു. അച്ഛൻ ലാൽബാദ്ബിസ്തയ്ക്ക് ചാത്തന്നൂർ ടൗണില്‍ ​ഗൂര്‍ഖാ ജോലിയാണ്. അമ്മ മനുദേവി ബിസ്ത, അനുജത്തിമാരായ നിർമല ബിസ്ത, സജ്‌ന ബിസ്ത എന്നിവർക്കൊപ്പം അഞ്ചുവർഷംമുമ്പ‌് സുനിലും കേരളത്തിലെത്തി. ചാത്തന്നൂർ ഗവ. എച്ച്എസ്എസിൽ അഞ്ചാം ക്ലാസിൽ ചേർന്നു. മലയാള അക്ഷരങ്ങൾ ആദ്യം എഴുതിപ്പഠിപ്പിച്ച  ശാന്തടീച്ചറെ സുനിലിന് മറക്കാനാകില്ല. യുപി ക്ലാസുകളിൽ ലഭിച്ച ഡി ഗ്രേഡ് ഓരോ ക്ലാസും കഴിയുമ്പോൾ ഉയർന്നുകൊണ്ടിരുന്നു. മലയാളപത്രങ്ങൾ മുടങ്ങാതെ വായിച്ചു. പ്രത്യേകിച്ച്  സ്‌പോർട്‌സ്‌ പേജ്.  നേപ്പാളി, ഹിന്ദി,  ഇംഗ്ലീഷ്, മലയാളം എന്നിവ ഇപ്പോൾ സുനിലിന് സ്വന്തം. ഫുട്‌ബോൾ കളിയിലുണ്ടായിരുന്ന മികവ് പിന്നീട് ഹോക്കിക്ക് വഴിമാറി. ഹോക്കി ദേശീയചാമ്പ്യൻഷിപ്പിൽ ഇക്കൊല്ലം സ്‌കൂൾ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു.
 

ഹോക്കിയിൽ നാളെയുടെ താരം

കളിമികവാണ് സുനിൽ ബിസ്തയെ കൊല്ലത്തുള്ള ഡിസ്ട്രിക് സ്‌പോർട്‌സ് അക്കാദമിയിൽ പ്രവേശനത്തിന് അർഹനാക്കിയത്. 47 കുട്ടികൾ പഠിക്കുന്ന ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചതോടെ പത്താം ക്ലാസിൽ കോയിക്കൽ ഗവ. എച്ച്എസിൽ ചേർന്നു. രാവിലെയും വൈകിട്ടും മുടങ്ങാതെയുള്ള  പരിശീലനം  കേരളത്തെ പ്രതിനിധീകരിച്ച് ദേശീയചാമ്പ്യൻഷിപ്പിൽ മൽസരിക്കുന്നതുവരെയെത്തി.
 
"ഇവൻ നാളെയുടെ താരമാണ്, ബുദ്ധിമാനായ ഉശിരൻ  കളിക്കാരൻ' സുനിലിന്റെ കഴിവിന് -പരിശീലകൻ രവിവർമയുടെ സാക്ഷ്യംപ്പെടുത്തല്‍.
പത്താം ക്ലാസ് മലയാളം പാഠങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട പാഠഭാഗം ഏതെന്ന ചോദ്യത്തിന് സുനിൽ ബിസ്തയുടെ മറുപടി ഉടൻ വന്നു. അക്കർമാശി. പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാലെയുടെ ആത്മകഥനമായ അക്കർമാശി.  നൊമ്പരങ്ങളും കഷ്ടപ്പാടും നിറഞ്ഞ ആ ജീവിതകഥനവുമായി ഏറെ ബന്ധമുണ്ട് സുനിലിന്റെ ജീവിതത്തിനും. പ്രാരാബ്ദങ്ങളുടെ നടുവിലും  വിനയവും ഗുരുത്വവുമുണ്ട് പ്രിയപ്പെട്ട ശിക്ഷ്യനെന്ന് അധ്യാപകര്‍.
 

പ്രിയങ്കയ്ക്ക് പ്രിയം മലയാളം

ഉത്തരാഖണ്ഡിലെ ചാംബവത്ത് പ്രിയങ്കസിങ്ങിന് ജന്മദേശംമാത്രം. അക്ഷരം അറിഞ്ഞുതുടങ്ങുന്നത് മലയാളമണ്ണിൽ. ഒന്നാം ക്ലാസ് മുതല്‍ കോയിക്കൽ സ്‌കൂളിലെ വിദ്യാര്‍ത്ഥി. ഹിന്ദി പ്രധാനഭാഷയെങ്കിലൂം ചാംബവത്തിലെ പ്രാദേശിക ഭാഷയായ പഹാഠിയിലാണ് പ്രിയങ്കയുടെ വീട്ടിൽ എല്ലാവരും സംസാരിക്കുക. 22 വർഷമായി കേരളത്തിലുള്ള അച്ഛൻ കല്യാൺസിങ്ങിന് ഇപ്പോഴും നന്നായി മലയാളം വഴങ്ങില്ല. ഇതരസംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയാണ്  കല്യാൺസിങ്ങിന് ഇപ്പോൾ അനുഗ്രഹം. ബേക്കറിത്തൊഴിലാളിയായ  കല്യാൺസിങ്ങിന് ആലുവയിലാണിപ്പോൾ ജോലി. പ്രാരാബ്ദം ഏറെയുള്ള കുടുംബമായിട്ടും ബുദ്ധിമുട്ടുണ്ടാകാതെ മക്കളെ പഠിപ്പിക്കുന്നതിൽ അമ്മ ജമുനാദേവി പ്രത്യേകം ശ്രദ്ധിക്കുന്നു. മൂന്നിടത്ത് വീട്ടുജോലി ചെയ്യുന്നു. സഹോദരിമാരായ പ്രീതിസിങ‌് എട്ടിലും ദേവികാ ദേവി അഞ്ചിലും കോയിക്കല്‍ സ്കൂളിലുണ്ട്. ജില്ലാ സ്‌കൂൾതല  വനിതാ ഹോക്കി ടീമിൽ അംഗമാണ് പ്രിയങ്ക. നൂറു ശതമാനം അർഹിക്കുന്നുണ്ട് അവൾ ഈ  വിജയം ...ഹെഡ്മിസ്ട്രസ് സീറ്റ ആർ മിറാന്റായുടെ വാക്കുകളിൽ അഭിമാനം.
ഇതുപോലുള്ള സ്‌കൂളും അധ്യാപകരും ഉണ്ടെങ്കിൽ ആരും പഠിക്കും, വിജയിക്കും. ഫീസില്ല. എല്ലാ സൗകര്യങ്ങളുമുണ്ട്. മികവുറ്റ അധ്യാപകർ. ഈ സ്കൂളുകള്‍ തന്നെയാണ്  ഞങ്ങൾക്ക് ലഭിക്കുന്ന ഭാഗ്യം, പ്രിയങ്ക പറയുന്നു.
 
സുനിലിന്റെ കുടുംബം  മൈനാഗപ്പള്ളിയിലും പ്രിയങ്കയുടെ കുടുംബം കൊല്ലത്തും വാടകവീടുകളിലാണ് താമസം. സുനിലിന്റെ  സഹോദരങ്ങളായ നിർമല ബിസ്തയും  സജ്‌ന ബിസ്തയും മൈനാഗപ്പള്ളി ഗവൺമെന്റ് എച്ച്എസിൽ ഒമ്പതും ആറും ക്ലാസുകളിൽ പഠിക്കുന്നു.  മാതാപിതാക്കൾക്ക്  സ്‌കൂൾ പ്രാഥമികവിദ്യാഭ്യാസംമാത്രം.
സ്‌കൂളിൽ ഇതിനുമുമ്പ‌് നടന്ന പരീക്ഷകൾക്ക് എ പ്ലസ് ലഭിച്ചിരുന്നില്ല. അവസാനമെത്തിയപ്പോൾ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ പഠിച്ചു. പ്ലസ്ടുവിന് സയൻസ് എടുത്ത് കോയിക്കൽ സ്‌കൂളിൽത്തന്നെ പഠനം തുടരണം എന്നാണ് സുനിലിന്റെയും പ്രിയങ്കയുടെയും  ആഗ്രഹം. കോയിക്കൽ സ്‌കൂളിൽനിന്ന് ഇത്തവണ ഫുൾ എ പ്ലസ് നേടുന്ന ഏക ആൺകുട്ടിയും സുനിൽബിസ്തയാണ്. ഹോക്കിയിൽ ഇന്ത്യൻ ടീമിലെത്തുന്ന സുദിനമാണ് സുനിലിന്റെ സ്വപ്‌നം. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടി വീട്ടിലെത്തിയ സുനിലിനെ നെഞ്ചോടുചേർത്ത് അച്ഛൻ പറഞ്ഞു.. സബ് സഹീ ഹോഗാ (-എല്ലാം ശരിയാകും).
 

വിജയം നൽകുന്ന വിദ്യാലയം

പൊതുവിദ്യാലയങ്ങളുട മികവിന് സംസ്ഥാനത്ത് മറ്റ് പലയിടത്തുമുണ്ട് സമാനമായ ഉദാഹരണങ്ങള്‍. ആലുവ ബിനാനിപുരം ഗവൺമെന്റ് ഹൈസ്‌കൂളിൽനിന്ന് ബിഹാര്‍ സ്വദേശിയായ ദില്‍ഷാദ് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 67 വർഷത്തെ ചരിത്രത്തിൽ ബിനാനിപുരം ഗവൺമെന്റ് ഹൈസ്‌കൂളിൽനിന്ന്  സമ്പുർണ എ പ്ലസ് നേടുന്ന ആദ്യവിദ്യാർഥി.

 

പ്രധാന വാർത്തകൾ
 Top