15 October Tuesday

വെള്ളിത്തിരയിൽ കുമാരനാശാൻ

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

കുമാരനാശാനായി ശ്രീവത്സൻ ജെ മേനോൻ

മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി പ്രമുഖ സംവിധായകൻ കെ പി കുമാരൻ സംവിധാനംചെയ്യുന്ന ചിത്രത്തിൽ സംഗീതസംവിധായകൻ ശ്രീവത്സൻ ജെ മേനോൻ കവിയെ അവതരിപ്പിക്കുന്നു. കർണാടകസംഗീജ്ഞൻ കൂടിയായ ശ്രീവത്സൻ ജെ മേനോൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. സിനിമയുടെ സംഗീതം കൈകാര്യംചെയ്യുന്നതും അദ്ദേഹമാണ്. ‘കാലം പിന്നെയും കഴിഞ്ഞു’ എന്ന് പേരിട്ട സിനിമ കുമാരനാശാന്റെ ജീവിതത്തിലെ നിർണായകമായ എട്ടു വർഷങ്ങൾ പ്രമേയമാക്കിയുള്ളതാണ്. ആധുനികകേരളത്തെ രൂപപ്പെടുത്തുന്നതിൽ കുമാരനാശാൻ വഹിച്ച പങ്ക് അടയാളപ്പെടുത്തുന്നതായിരിക്കും സിനിമയെന്ന് കെ പി കുമാരൻ പറഞ്ഞു. കെ ജി ജയൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബി അജിത്കുമാർ എഡിറ്റിങ്. കെ പി കുമാരന്റെ മകൻ മനു കുമാരൻ ആണ് ചിത്രം നിർമിക്കുന്നത്.
 

കലാമണ്ഡലം ഹൈദരാലി

കലാമണ്ഡലം ഹൈദരാലിയായി രൺജി പണിക്കർ

കലാമണ്ഡലം ഹൈദരാലിയായി രൺജി പണിക്കർ

കഥകളിസംഗീതത്തിലെ ഭാവഗായകൻ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാകുന്നു.  പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും  നടനുമായ രൺജി പണിക്കരാണ് ഹൈദരാലിയായി എത്തുന്നത്.  കലാമണ്ഡലം ഹൈദരാലിയുടെ  ജീവിതവും സംഗീതലോകവും സത്യസന്ധമായി വരച്ചുകാട്ടുന്ന ചിത്രം സംവിധാനംചെയ്യുന്നത് കിരൺജി നാഥ്.
രൺജി പണിക്കരുടെ മകൻ നിഖിൽ, മീരാനായർ, പാരീസ് ലക്ഷ്മി, അശോകൻ, ജയപ്രകാശ് കൂളൂർ, കുടമാളൂർ മുരളീധരൻ, വാണി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം അടുത്തമാസം പ്രദർശനത്തിനെത്തും. കേരള കലാമണ്ഡലം, കഥകളി സ്‌കൂൾ, നിളാക്യാമ്പസ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. ഡോ. അജു കെ നാരായണനാണ് തിരക്കഥ. സംഗീതം ശ്രീവത്സൻ ജെ മേനോൻ, കോട്ടയ്ക്കൽ മധു. വേദാസ് ക്രിയേഷൻസ് എൽഎൽപിക്കുവേണ്ടി വിനീഷ്‌ മോഹനാണ് നിർമാണം.
പ്രധാന വാർത്തകൾ
 Top