23 August Friday

ഉമ്മ തന്ന താക്കോല്‍

പി എസ് റഫീഖ്Updated: Sunday May 12, 2019

അതിഥിയും ഭര്‍ത്താവും കഴിച്ച് കഴിഞ്ഞ് ശേഷിക്കുന്ന കഞ്ഞിവെള്ളത്തിന്റെ വിശാലമായ സ്നേഹത്തില്‍ എന്റെയടുത്ത് വന്ന് കിടക്കുന്ന ഉമ്മയാണ് ആ താക്കോലെനിക്ക് തന്നത്. ലോകത്തിലേക്ക് തുറക്കുന്ന വാതിലിന്റെ താക്കോല്‍

പണ്ട് താമസിച്ചിരുന്ന സ്ഥലത്ത് വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു തമിഴന്റെ കുടുംബമുണ്ടായിരുന്നു. ആക്രി പെറുക്കുന്നവർ. റോഡിൽ നിന്നിറങ്ങി രണ്ട് മതിലുകൾക്കിടയിലൂടെ നടന്നുചെല്ലുന്നത് മുമ്പ് പാടശേഖരമായിരുന്ന, ഇപ്പോൾ തോടും ചിറയുമായി ചുരുങ്ങിയ വിശാലതയിലേക്കാണ്. മഴക്കാലത്ത് മുട്ടൊപ്പമോ അരയ‌്ക്കൊപ്പമോ വെള്ളം നീന്തിവേണം വീട്ടിലെത്താൻ. കുട്ടികളുടെ സ്‌കൂൾവണ്ടി റോഡിൽ വന്ന് നിൽക്കുമ്പോൾ, അവരെ എടുത്തുകൊണ്ടല്ലാതെ അങ്ങോട്ടെത്താൻപറ്റാത്ത അവസ്ഥ. ചിലപ്പോൾ കൈയിൽ അല്ലെങ്കിൽ തോളിൽ. പലപ്പോഴും രാത്രി ചെളിയിൽ പൂണ്ടിട്ടുണ്ട്. മുത്തപ്പൻതറയെന്ന് പഴമക്കാർ വിളിക്കുന്ന അവിടെ കാൽ ചെളിയിൽ നിന്നൂരിയെടുക്കാൻ ഇപ്പോഴും അവിടെയുണ്ടെന്ന് പറയുന്ന മുത്തപ്പന്റെ ആത്മാവ് എന്നെ സഹായിച്ചിട്ടുണ്ട്.

വെട്ടം കണ്ടാൽ പാഞ്ഞുവരുന്ന വരാലിനെ പിടിക്കാൻ, മരിച്ചുപോയ ബാബുവേട്ടൻ, പഴയ ബാറ്ററി ടോർച്ചും ചെറിയ വലയുമായി തോട്ടിറമ്പിൽ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ വഴിയിലുള്ള ഒരു വീട്ടുവളപ്പിലെ ഷെഡ്ഡിലാണ് തമിഴനും കുടുംബവും. ഒരു വൈകുന്നേരത്ത് ടൗണിൽ നിന്ന് വരുന്ന ഞാൻ മതിലിട കടന്ന് പറമ്പിലേക്കെത്തി. അവിടെ മതിൽ മൂലയിൽ തമിഴന്റെ ഭാര്യയും അവരുടെ ഒക്കത്ത് രണ്ടുവയസ്സ് കഴിഞ്ഞ ഒരു കുഞ്ഞുമുണ്ട്. എന്റെ കൈയിൽ കുട്ടികൾക്കുള്ള പച്ച ആപ്പിളിന്റെ ഒരു പ്ലാസ്റ്റിക് സഞ്ചിയുണ്ടായിരുന്നു. തീരെ ചെറിയ ആപ്പിളുകളാണ്. തമിഴത്തിയുടെ കൈയിലുള്ള കുഞ്ഞ് നിർത്താതെ കരയുകയും  അവർ അതിന്റെ കരച്ചിൽ നിർത്താൻ പാടുപെടുകയും ചെയ്തു. അവരെ കടന്നുപോയ ഞാൻ കുറച്ചുദൂരം നടന്ന് എന്തോ പ്രേരണയിൽ നിന്നു. വീണ്ടും തിരിഞ്ഞ് അവരുടെനേരെ നടന്നു. എന്റെ വരവ് കണ്ട് ആ സ്ത്രീ മതിലിന്റെ മൂലയിലേക്ക് ഒതുങ്ങിമാറി. അവരുടെ മുഖത്ത് പെട്ടെന്നെന്തോ ഭയം കനത്തുവന്നു. ഞാനടുത്തുചെല്ലുന്തോറും അത് കൂടിവന്നു. ഞാനവരുടെ മുമ്പിൽ ചെന്നുനിന്ന് പ്ലാസ്റ്റിക് കൂടിനകത്തുനിന്ന് ഒരു ആപ്പിളെടുത്ത് കുഞ്ഞിനുനേരെ നീട്ടി. പെട്ടെന്നത് കരച്ചിൽ നിർത്തി. തട്ടിപ്പറിക്കുംപോലെ ആപ്പിൾ വാങ്ങി. ഒറ്റക്കടിക്ക് തിന്നാനുള്ള വ്യഗ്രതയിൽ ആപ്പിളിന്റെ പച്ചയിൽ കുഞ്ഞുപല്ലുകൾ ചേർത്തു. ഭയം മാറിയ ആ സ്ത്രീ കുഞ്ഞിനോട് പറയുന്നത് നടന്നുപോകുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു. “അണ്ണാവുക്ക് നന്ദ്രി സൊല്ല് കണ്ണേ.” അത് വെറും പച്ച ആപ്പിളായിരുന്നില്ല. അതൊരു ഭൂഗോളവും ആ കൊച്ചുപല്ലുകൾ ഭൂമിക്കുമേൽ അമർന്ന മനുഷ്യന്റെ വിശപ്പുമായിരുന്നു.   

ആലുവയിലൊരിടത്ത് ഒരു സുഹൃത്തിന്റെ വീട് കണ്ടെത്താനുള്ള വ്യഗ്രതയിലായിരുന്നു ഞങ്ങൾ രണ്ടുപേർ. കാറിലായിരുന്നു യാത്ര. സന്ധ്യാസമയമാണ്. പലരോടും വഴി ചോദിച്ചു. കാർ ഒരു ചെമ്മൺറോഡിലേക്ക് കടക്കുമ്പോൾ മുതുക് കൂനിയ ഒരു വയസ്സൻ നിൽക്കുന്നു. ഭൂമിശാസ്ത്രവും മറ്റ് രേഖകളും കാരണവന്മാർക്ക് അറിയാമെന്നാണല്ലോ വയ‌്പ‌്. കാർ നിർത്തി ഞങ്ങൾ ചാടിയിറങ്ങി. നിർത്തിയ കാറിൽനിന്നിറങ്ങിവന്ന ഞങ്ങൾക്കുമുമ്പിൽ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വയസ്സൻ “എന്നെ ഒന്നും ചെയ്യരുത്” എന്ന ഭാവത്തിൽ നിന്നു. അദ്ധ്വാനംകൊണ്ടും ദാരിദ്ര്യംകൊണ്ടും ഉണങ്ങി ഒട്ടിപ്പോയ അയാളുടെ മസിൽഞരമ്പുകൾപോലും വിറച്ചുകൊണ്ടിരുന്നു. അയാളും തമിഴനായിരുന്നു.

ആദ്യമായി ഗൾഫിലെത്തിയ ഞാൻ… ഞാൻ എന്ന ഞാനൊക്കെ അലിഞ്ഞലിഞ്ഞില്ലാതാകുന്നത് അപരദേശത്താണ്. ഒറ്റയ്ക്ക് തുണിയലക്കുമ്പോൾ, ഭക്ഷണമുണ്ടാക്കുമ്പോൾ, സർക്കസ് റിങ്ങിലെ മൃഗശിക്ഷകരെപ്പോലെയുള്ളവരുടെ കീഴിൽ പണിയെടുക്കുമ്പോൾ, മരുവനങ്ങളിൽ കാറ്റടിക്കുമ്പോൾ, നമ്മളെത്ര ദൂരെയാണെന്ന് ചിന്തിക്കുമ്പോൾ, അമ്മയെ പിരിഞ്ഞല്ലോയെന്നോർക്കുമ്പോൾ, വിമാനം കയറാനുള്ള പെട്ടി കെട്ടാനുള്ള തിരക്കിൽ ബന്ധുബഹളങ്ങൾക്കിടയിൽ ഭാര്യയെ ഒന്നു ചുംബിക്കാൻ കഴിഞ്ഞില്ലല്ലോയെന്നാലോചിക്കുമ്പോൾ, ഒക്കെയും ഒക്കെയും ആലോചിച്ച് കരയുന്നൊരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മുറിവാതിലിൽ ഒരു മുട്ട് കേട്ടു. സ്ഥിരം തല്ല് കൂടാറുള്ളൊരു പാകിസ്ഥാനിയാണ്.
 
ജോലിക്കിടയിൽ പലപ്പോഴും അവനുമായി കശപിശ ഉണ്ടായിട്ടുണ്ട്. അവൻ പിറകിൽ ഒരു പൊതി മറച്ചുപിടിച്ചിരുന്നു. വാതിൽ തുറന്ന എന്റെ നേരെ നോക്കി അവനാദ്യം കാർക്കശ്യത്തോടെ പല്ലിറുമ്മി. പിന്നീടതൊരു ചിരിയായി മാറി. പൊതി അവനെനിക്ക് നീട്ടി. അതിൽ കുറച്ച് മധുരപലഹാരങ്ങളായിരുന്നു. അവന്റെ ഉമ്മ ഉണ്ടാക്കി കൊടുത്തയച്ചത്. ഞാനത് വാങ്ങി നന്ദി പറഞ്ഞ് അവനെ യാത്രയാക്കി. പിന്നീട് മുറിയിലെവിടെയോ അത് മറവിയിലിരുന്നു. പിറ്റേ ആഴ്ച പാകിസ്ഥാനി പെട്ടെന്ന് നാട്ടിലേക്ക് വണ്ടികയറി. അവന്റെ ഉമ്മ മരണപ്പെട്ടിരുന്നു. ഒരു വെള്ളിയാഴ്ച കരയുന്നതിനിടയിൽ ഞാനാ പൊതി കണ്ടുപിടിച്ചു തുറന്നു. അതിലെ പലഹാരങ്ങൾ തണുത്തും മരവിച്ചും പോയിരുന്നു.
രാത്രിനമസ്‌കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് വരുന്ന ഉപ്പയുടെ കൂടെ പലപ്പോഴും യാത്രയ്ക്കിടയിൽ പെട്ടുപോയ ഫക്കീറന്മാരോ ഉസ്താദുമാരോ കാണും. എല്ലാവരും കഴിച്ചുകഴിഞ്ഞ സമയമാകും. ബാക്കി വരുന്ന ഒരാൾ ഉമ്മയാണ്. അതിഥിയും ഭർത്താവും കഴിച്ചുകഴിഞ്ഞ് ശേഷിക്കുന്ന കഞ്ഞിവെള്ളത്തിന്റെ വിശാലമായ സ്നേഹത്തിൽ എന്റെയടുത്തുവന്ന് കിടക്കുന്ന ഉമ്മയാണ് ആ താക്കോലെനിക്ക് തന്നത്. ലോകത്തിലേക്ക് തുറക്കുന്ന വാതിലിന്റെ താക്കോൽ. അവിടെ അപരന്മാരില്ല. വാഗ അതിർത്തികളില്ല. എല്ലാം വിശാലവിശാലമാണ്. ആ താക്കോലിട്ട് തുറന്നാൽ ആരുടെ മുഖത്തും ഭയമുണ്ടാകില്ല. മനുഷ്യൻ വിശപ്പും അന്നവും മരണവും മാത്രമാണെന്ന് ഇപ്പോഴും പച്ച ആപ്പിളുകളും പാകിസ്ഥാനിയുടെ മധുരപലഹാരവും വയസ്സൻ തമിഴനും ഒരു വറ്റ് പോലുമില്ലാത്ത കഞ്ഞിവെള്ളംമാത്രം കുടിച്ച‌് ഉറങ്ങാൻകിടന്ന ഉമ്മയുടെ വയറിന്റെ കടലിരമ്പവും എന്നോട് പറയുന്നു.
പ്രധാന വാർത്തകൾ
 Top