17 September Tuesday

‘കംപ്യൂട്ടര്‍ ബാബ എന്റെ ഐശ്വര്യം’

സൂക്ഷ്മൻUpdated: Sunday May 12, 2019

വലിയ മതനിരപേക്ഷകനായ ദിഗ്‌വിജയ‌ിന‌് ഇത്രയൊക്കെ ആകാമെങ്കിൽ സുധാകരനും ചെന്നിത്തലയുമൊക്കെ ആർഎസ‌്എസ് വോട്ടു വാങ്ങിയിട്ടു ണ്ടെങ്കിൽ എന്താണ് തെറ്റ്?

പകലും രാത്രിയും ഒരുപോലെ കോൺഗ്രസ് ആയി നിൽക്കുന്ന അപൂർവം ആളുകളിൽ ഒന്നാമതാണ് ദിഗ്‌വിജയ് സിങ‌് സ്ഥാനം. നരേന്ദ്ര മോഡിക്കും ആർഎസ്എസിനും എതിരെ അതിശക്തമായ വിമർശനമുയർത്തി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് സിങ‌്. അദ്ദേഹം ഒരിക്കൽ പറഞ്ഞത്,  ദേശസ്നേഹം ആർഎസ്എസിന്റെ മുന്നിൽ തെളിയിക്കേണ്ട ഗതികേട് തനിക്ക് ഇല്ല എന്നാണ്. മതത്തെയും ജാതിയെയും രാഷ്ട്രീയവുമായി കൂട്ടിച്ചേർക്കുന്നതിന് തെല്ലും യോജിപ്പില്ലാത്ത നേതാവാണെന്ന‌് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കാറുമുണ്ട്. ബിജെപിയെ എതിർക്കുന്നു എന്ന് ഇടയ്ക്കിടെ പറയുകയും കേരളത്തിൽ വന്ന‌്  ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയെ വിമർശിക്കാം. -എന്നാൽ ദിഗ്‌വിജയ് സിങ്ങിന്റെ കാര്യത്തിൽ അത്തരം ഒന്നിനും സ്ഥാനമില്ല എന്നതാണ് മതനിരപേക്ഷവാദികൾ ആശ്വസിച്ചിരുന്നത്. അദ്ദേഹത്തിന്റേത‌് കറകളഞ്ഞ മതനിരപേക്ഷ രാഷ്ട്രീയമാണ് എന്ന‌് കോൺഗ്രസുകാർപോലും അഭിമാനത്തോടെ പറഞ്ഞുനടക്കാറുണ്ട്. മധ്യപ്രദേശിലെ ഭോപ്പാൽ മണ്ഡലത്തിൽനിന്നാണ് ഇത്തവണ ദിഗ്‌വിജയ്  ജനവിധി തേടുന്നത്. എതിർക്കാൻ ബിജെപി നിയോഗിച്ചത്  തീവ്രവാദ കേസുകളിൽ പ്രതിസ്ഥാനത്തുനിന്ന, സന്യാസിവേഷം ഉള്ള വനിതയെ ആണ്. 
 
കേരളത്തിൽ കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനത്തുനിന്ന് രാജിവയ‌്പിച്ച് മത്സരിപ്പിച്ചപോലെയാണ് ഭോപാലിലേക്ക‌് പ്രഗ്യാ സിങ് ഠാക്കൂറിനെ കൊണ്ടുവന്നത്. സ്ഥാനാർഥിയാകാൻ വേണ്ടി അവർക്ക‌് ബിജെപി അംഗത്വം നൽകി. രാജ്യത്തിനുവേണ്ടി ഭീകരരോട്  പൊരുതി വീരചരമമടഞ്ഞ ഹേമന്ത് കർക്കറേയുടെ മരണം തന്റെ ശാപം കൊണ്ടാണ് എന്നുപോലും പറഞ്ഞ മതഭ്രാന്തും തീവ്ര നിലപാടുമുള്ള  വനിതയ്ക്കെതിരെ ഗൗരവമായ  മത്സരമാണ് കോൺഗ്രസ് നടത്തുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുക. അത്തരം തോന്നലുകളെ ആകെ മാറ്റിമറിക്കുന്നതാണ് മധ്യപ്രദേശിൽനിന്നുള്ള വാർത്ത.
 
കാവി കുപ്പായമിട്ട;  വിദ്വേഷ വാക്കുകൾ പറഞ്ഞ‌് മത്സരരംഗത്തുള്ള പ്രഗ്യാ സിങ്ങിനേക്കാൾ എന്തുകൊണ്ടും യോഗ്യനാണ് ദിഗ്‌വിജയ് സിങ‌് എന്നു തോന്നിപ്പോകും.  ബിജെപിയുടെ സന്യാസിയെ അതേനാണയത്തിൽ നേരിടുകയാണ് കോൺഗ്രസ്.  അതിനായി രംഗത്തിറക്കിയത് നേരത്തെ ബിജെപി ഭരണം ഉണ്ടായിരുന്നപ്പോൾ മധ്യപ്രദേശിൽ മന്ത്രിതുല്യമായ സ്ഥാനം നൽകി ആദരിച്ച ദിവ്യന്മാരിൽ ഒരാളായ കംപ്യൂട്ടർ ബാബയെ ആണ്. കംപ്യൂട്ടർ ബാബയുടെ നേതൃത്വത്തിൽ 7000 സന്യാസിമാരുടെ സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നു. അതിനു മുന്നോടിയായി ദിഗ്‌വിജയ് സിങ‌് വിജയത്തിനുവേണ്ടി കംപ്യൂട്ടർ ബാബ  വലിയ ഒരു യാഗം നടത്തി. അതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ ബാബയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നു.
 
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ബിജെപിയിൽനിന്ന് അകന്നുമാറിയ കംപ്യൂട്ടർ ബാബയ‌്ക്ക്  ഇപ്പോൾ മധ്യപ്രദേശിലേത്  ധർമവും അധർമവും തമ്മിലുള്ള മത്സരമാണ്. ചുരുക്കത്തിൽ ബിജെപി   കാവിയിട്ട സ്ഥാനാർഥിയെ  ഇറക്കുമ്പോൾ അനേകം കാവിക്കാരെ  ഇറക്കിയാണ്  കോൺഗ്രസിന്റെ പ്രതിരോധം. അത്  സാധാരണ കോൺഗ്രസുകാർ നടത്തിയാൽ മനസ്സിലാക്കാം. പകൽ കോൺഗ്രസും രാത്രി ആർഎസ്എസും  എന്ന സിദ്ധാന്തം മുതിർന്ന കോൺഗ്രസ് നേതാക്കൾതന്നെ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, രാജ്യത്ത് കോൺഗ്രസിന്റെ മുഖമായി അറിയപ്പെടുന്ന; ഏറ്റവും സീനിയർ നേതാക്കളിലൊരാളായ; വർഗീയ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണിപ്പടയാളി എന്ന് സ്വയംവിളിക്കുന്ന ദിഗ്‌വിജയ് സിങ് കാഷായവും കമണ്ഡലുവും സംഘടിപ്പിച്ച് വോട്ടു തെണ്ടാനിറങ്ങുമ്പോൾ പ്രശ്നം ഗുരുതരമാവുകയാണ്. ഇന്നത്തെ കോൺഗ്രസിന് നാളെ ആർഎസ‌്എസ‌് ആകാമെന്നാണ്, ഇന്നുതന്നെ ആയേക്കാം എന്നാണു ദിഗ്‌വിജയ് തെളിയിക്കുന്നത്.
 
"പ്രഗ്യാ ദേശസ്നേഹിയാണ്. ഇന്ത്യയുടെ നിഷ്കളങ്കയായ മകളാണ്' എന്ന് ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിട്ടുണ്ട്. മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ 1984ൽ വിജയിച്ചതിനുശേഷം ഭോപ്പാലിൽ കോൺഗ്രസ് ജയിച്ചിട്ടില്ല. അങ്ങനെ ഒരു മണ്ഡലം തെരഞ്ഞെടുത്തു മത്സരത്തിനിറങ്ങിയ ദിഗ്‌വിജയ് രാഷ്ട്രീയംപറഞ്ഞു പോരാടുമെന്നും മത നിരപേക്ഷതയ്ക്കുവേണ്ടി നിലക്കൊള്ളുമെന്നും സംഘപരിവാറിനെ വെള്ളം കുടിപ്പിക്കുമെന്നും കരുതിയ ശുദ്ധാത്മാക്കളാണ് തെറ്റുകാർ. പ്രഗ്യാ സിങ്ങിന്റെ അതേ തലത്തിലാണ് താനെന്നും രാഷ്ട്രീയവും നയങ്ങളുമല്ല കാവിയും യാഗവും മന്ത്രവാദവും കാപട്യവുമാണ്  മത്സരത്തിലെ യഥാർഥ ചേരുവ എന്ന് ദിഗ്‌വിജയ് തന്നെ വിളിച്ചു പറയുമ്പോൾ കെ സുധാകരനെ പോലുള്ളവരാണ് മാന്യത നേടുന്നത്. സുധാകരന് കർമംകൊണ്ടും സഹവർത്തിത്വം കൊണ്ടും മാനസികാവസ്ഥകൊണ്ടും പണ്ടേ സംഘി ഛായയുണ്ട്. വലിയ മതനിരപേക്ഷകനായ ദിഗ്‌വിജയ‌ിന‌് ഇത്രയൊക്കെ ആകാമെങ്കിൽ സുധാകരനും ചെന്നിത്തലയുമൊക്കെ ആർഎസ‌്എസ് വോട്ടു വാങ്ങിയിട്ടുണ്ടെങ്കിൽ എന്താണ് തെറ്റ്? എല്ലാവരും കോൺഗ്രസല്ലേ.വലിയ മതനിരപേക്ഷകനായ ദിഗ്‌വിജയ‌ിന‌് ഇത്രയൊക്കെ ആകാമെങ്കിൽ സുധാകരനും ചെന്നിത്തലയുമൊക്കെ ആർഎസ‌്എസ് വോട്ടു വാങ്ങിയിട്ടു ണ്ടെങ്കിൽ എന്താണ് തെറ്റ്? 

 

പ്രധാന വാർത്തകൾ
 Top