07 December Saturday

പ്രളയത്തിൽ മഹത്വപ്പെട്ടവർ

ആനന്ദ്‌ ശിവൻUpdated: Sunday Aug 11, 2019

സാജിതയും ഭർത്താവ്‌ ജബിൽ കെ ജലീലും മകൻ സുബ്‌ഹാനും

കേരളം ഒരിക്കൽക്കൂടി പ്രളയജലത്തിന്റെ തടവിലാക്കപ്പെട്ടിരിക്കയാണ്‌. മറവി ബാധിക്കാത്ത പ്രകൃതി ആഗസ്‌ത്‌ പ്രളയത്തിന്റെ ദുരിതപ്പെയ്‌ത്ത്‌ ആവർത്തിക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെ വീരഗാഥകൾ ഓർമിപ്പിച്ചുകൊണ്ട്‌ ഒരു പ്രളയംകൂടി നമ്മുടെ കൺമുന്നിൽ. മത–-ജാതി വൈരങ്ങളെ തള്ളിമാറ്റി മനുഷ്യർ ഉജ്വലമായ മാനവികത ഉയർത്തിപ്പിടിച്ച നാളുകൾ. അത്തരം ദിനങ്ങളുടെ ആവർത്തനം ആവശ്യപ്പെടുംവിധം ഒരു പ്രളയകാലംകൂടി. ഇതും മറികടക്കും നിശ്‌ചയദാർഢ്യമുള്ള കേരള ജനത. സംസ്ഥാന സർക്കാരിന്റെ ജാഗരൂകമായ സംവിധാനങ്ങൾക്കൊപ്പം  കടലിന്റെ മക്കൾ രക്ഷാദൗത്യവുമായി ഇറങ്ങിക്കഴിഞ്ഞു.  കഴിഞ്ഞ വർഷത്തെ പ്രളയകാലത്തെ രണ്ടു കാര്യങ്ങൾ,  പ്രതീക്ഷാനിർഭരമായ ഭാവിയിലേക്കാണ്‌ വിരൽ ചൂണ്ടുന്ന രണ്ടനുഭവങ്ങൾ ഞങ്ങളിവിടെ സ്‌മരിക്കുന്നു. നാവികസേനയുടെ ആകാശയാനത്തിൽ  ആകാശത്തേക്കുയർത്തപ്പെട്ട ഗർഭിണി സാജിതയെയും വെള്ളക്കെട്ടിൽനിന്ന്‌ രക്ഷപ്പെടാൻ ഒരു സംഘം സ്‌ത്രീകൾക്ക്‌ മുതുക്‌ ചവിട്ടുപടിയാക്കിക്കൊടുത്ത ജൈസൽ എന്ന മത്സ്യത്തൊഴിലാളിയെയും. സാജിതയുടെ മകൻ സുബ്‌ഹാന്‌  17ന്‌ ഒന്നാം പിറന്നാൾ. ജൈസലാകട്ടെ വള്ളവുമായി നിലമ്പൂരിൽ രക്ഷാപ്രവർത്തനത്തിലും

 
ആലുവയ്‌ക്കടുത്ത്‌ ചെങ്ങമനാട്‌ നാലാംവാർഡിലെ കളത്തിങ്കൽ വീടിനുള്ളിൽ ഹെലികോപ്‌റ്റർ മാതൃകയിലുള്ള കൊച്ചുവാഹനത്തിൽ കറക്കത്തിലാണ്‌ സുബ്‌ഹാൻ. ആശങ്കയുടെ ആകാശത്തുനിന്ന്‌ പ്രത്യാശയുടെ പുതിയ ഭൂമിയിലേക്ക്‌ പറന്നിറങ്ങിയ പൊന്നോമന. കളത്തിങ്കൽ ജബിൽ കെ ജലീലിന്റെയും സാജിതയുടെയും ഇളയമകന്‌ കളിക്കൂട്ടുകാരായി സഹോദരങ്ങൾ അഞ്ചുവയസ്സുകാരൻ നയീമും രണ്ടുപിന്നിട്ട നുഐമും. പിറന്നുവീണ്‌ 12–-ാം നാൾ ആദ്യമായി കണ്ട കുഞ്ഞനിയനെ പിന്നീടിതുവരെ നയീമും നുഐമും പിരിഞ്ഞിരുന്നിട്ടില്ല. 
 
മഹാപ്രളയം വിഴുങ്ങിയ കേരളത്തിന്റെ അതിജീവനപോരാട്ടങ്ങൾക്കും സുബ്‌ഹാനും ഒരുവയസ്സ്‌ പിന്നിടുകയാണ്‌. പേറ്റുനോവിന്റെ വേദനയിലും കൂടിനിന്നവരുടെ നിലവിളികളിലും പതറാതെ, അന്തരീക്ഷത്തിൽ നിലയുറപ്പിച്ച ഹെലികോപ്‌റ്ററിൽ കയറാൻ നിശ്ചയദാർഢ്യം കാണിച്ച സാജിത മണിക്കൂറുകൾക്കകം സുബ്‌ഹാന്‌ ജന്മം നൽകി; 2018 ആഗസ്‌ത്‌ 17ന്‌. പ്രതിസന്ധികളെ മറികടന്ന്‌ പുതിയൊരു കേരളത്തിന്‌ ജന്മം നൽകാനുള്ള പരിശ്രമങ്ങൾക്ക്‌ കരുത്താകുന്നതും സാജിതയുൾപ്പെടെ അനേകരുടെ നിശ്ചയദാർഢ്യവും ത്യാഗവും.
 

ആശങ്കയുടെ രാത്രി

 
പൂർണ ഗർഭിണിയായ സാജിതയെ 2018 ആഗസ്‌ത്‌ 16ന്‌ ആലുവ ചൊവ്വര കൊണ്ടോട്ടി  ജുമാ മസ്‌ജിദിന്റെ മുകൾനിലയിൽനിന്ന്‌ നാവികസേനയുടെ െഹലികോപ്‌റ്ററിലേക്ക്‌ ഉയർത്തുന്നു

പൂർണ ഗർഭിണിയായ സാജിതയെ 2018 ആഗസ്‌ത്‌ 16ന്‌ ആലുവ ചൊവ്വര കൊണ്ടോട്ടി ജുമാ മസ്‌ജിദിന്റെ മുകൾനിലയിൽനിന്ന്‌ നാവികസേനയുടെ െഹലികോപ്‌റ്ററിലേക്ക്‌ ഉയർത്തുന്നു

രണ്ടുകുഞ്ഞുങ്ങളുടെ അമ്മയായ സാജിത മൂന്നാമത്തെ പ്രസവത്തിനായി ചെങ്ങമനാട്ടെ ജബിലിന്റെ വീട്ടിൽനിന്ന്‌ ചൊവ്വര കൊണ്ടോട്ടിയിലെ സ്വന്തം വീട്ടിലേക്ക്‌ പോയത്‌ കഴിഞ്ഞ ആഗസ്‌ത്‌ ആദ്യവാരം. ആലുവ ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ കുറിച്ച പ്രസവത്തീയതി ആഗസ്‌ത്‌ 20ന്‌. 14 വരെ കാര്യങ്ങൾ സാധാരണ നിലയിൽ. പ്രളയജലം വീടിനെ മൂടുമെന്നായപ്പോൾ സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട്‌ ചൊവ്വര കൊണ്ടോട്ടി ജുമാ മസ്‌ജിദിന്റെ മുകൾനിലയിൽ അഞ്ഞൂറിലധികം പേർക്കൊപ്പം സാജിതയും രണ്ടുമക്കളും സാജിതയുടെ മാതാപിതാക്കളായ സുലൈമാനും റംലയും ജലംകൊണ്ട്‌ തടവിലാക്കപ്പെട്ടു. 
 
16ന്‌ വൈകിട്ടുമുതൽ സാജിതയ്‌ക്ക്‌ പ്രസവവേദന തുടങ്ങി, കൂടെയുള്ളവരുടെ നെഞ്ചിടിപ്പ്‌ പേമാരിയുടെ ഹുങ്കാരശബ്ദത്തിനും മീതെ ഉയർന്നു കേൾക്കാവുന്ന അവസ്ഥ. പള്ളിയുടെ താഴത്തെ നിലയും ചുറ്റുമുള്ള റോഡും കടകളും വീടുകളുമെല്ലാം പ്രളയജലത്തിൽ മുങ്ങിയിരുന്നു. വള്ളമെത്തിച്ച്‌ സാജിതയെ ആശുപത്രിയിലേക്ക്‌ മാറ്റാനുള്ള ശ്രമങ്ങൾ ഫലംകണ്ടില്ല. എയർലിഫ്‌റ്റിനായി സഹായം തേടി തലങ്ങും വിലങ്ങും ഫോൺവിളികളും സന്ദേശങ്ങളും തലങ്ങും വിലങ്ങും പാഞ്ഞു. വിവരമറിഞ്ഞ സേനാംഗങ്ങൾ പേരുകൊണ്ട്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ മലപ്പുറം കൊണ്ടോട്ടിയിൽ അന്വേഷിച്ച്‌  നിരാശരായത്‌ സാജിതയും ഒപ്പമുള്ളവരും അറിഞ്ഞതേയില്ല. ആവർത്തിച്ചുള്ള സന്ദേശങ്ങൾ പിന്തുടർന്ന്‌ പിറ്റേന്ന്‌ രാവിലെ 9.30ന്‌ നാവികസേനയുടെ ഹെലികോപ്‌റ്റർ പള്ളിക്കുമുകളിൽ വട്ടമിട്ടു. പള്ളിയുടെ മുകളിലെ ഷീറ്റിടാത്ത ചെറിയഭാഗത്തുനിന്ന്‌ പ്രസവവേദനകൊണ്ട്‌ പുളയുന്ന സാജിതയെ എയർലിഫ്‌റ്റ്‌ ചെയ്യുക എന്ന ശ്രമകരമായ ദൗത്യത്തിന്‌ നേതൃത്വം നൽകിയത്‌ കോഴിക്കോട്‌ സ്വദേശി  കമാൻഡർ വിജയ്‌ വർമ.
 

പ്രത്യാശയുടെ പകൽ

 
ഹെലികോപ്‌റ്ററിൽനിന്ന്‌ കയറിൽ തൂങ്ങിയിറങ്ങിയ ഡോക്ടർ സാജിതയ്‌ക്ക്‌ എയർലിഫ്‌റ്റിന്‌ ആവശ്യമായ നിർദേശങ്ങൾ നൽകി. എല്ലാം കേട്ട്‌ തലയാട്ടിയെങ്കിലും നല്ല പേടിയുണ്ടായിരുന്നുവെന്ന്‌ സാജിത ഓർക്കുന്നു. ‘‘പള്ളിയുടെ മുകൾനിലയിലേക്ക്‌ കയറുമ്പോൾ രക്ഷപ്പെടണമെന്ന ചിന്തമാത്രം. രണ്ടുദിവസം  അവിടെ തുടരേണ്ടിവന്നു. പ്രസവവേദന ആരംഭിക്കുകകൂടി ചെയ്‌തതോടെ പേടികൂടി. ഹെലികോപ്‌റ്ററിൽനിന്ന്‌ താഴെയിറങ്ങിയ ഡോക്ടർ പരിശോധിച്ചു. നിർദേശങ്ങൾ നൽകി. പേടി മാറ്റിവച്ച്‌ കയറിൽ തൂങ്ങി മുകളിലേക്ക്‌ കയറാൻ തീരുമാനിച്ചു. അപ്പോഴേക്കും അടുത്തുനിൽക്കുകയായിരുന്ന രണ്ടുമക്കളും വാവിട്ട്‌ നിലവിളിച്ചുതുടങ്ങി. എന്തുംവരട്ടെയെന്നു കരുതി കയറിൽ തൂങ്ങി. കറങ്ങിക്കറങ്ങി മുകളിലേക്കുള്ള യാത്ര അവസാനിച്ചതോടെ ആരോ പിടിച്ച്‌ ഹെലികോപ്‌റ്ററിൽ കയറ്റി’’–- ആശങ്കയുടെ മുൾമുനയിൽനിന്ന നിമിഷങ്ങളെക്കുറിച്ച്‌ സാജിത. 
അരമണിക്കൂറിനകം വെല്ലിങ്‌ടൺ ഐലൻഡിലെ നാവികസേനയുടെ സഞ്‌ജീവനി ആശുപത്രിയിൽ എത്തിച്ച സാജിത 2.18ന്‌ ആൺകുഞ്ഞിന്‌ ജന്മംനൽകി. ലെഫ്‌റ്റനന്റ്‌ കമാൻഡർ ഡോ. തമന്ന ഷിനോയിയുടെ നേതൃത്വത്തിലുള്ള സംഘം വൈദ്യസഹായവുമായി ഒപ്പംനിന്നു. 
 
വഞ്ചിയിലും മെട്രോയിലും ബസിലുമൊക്കെ കയറി വൈകിട്ട്‌ ആശുപത്രിയിലെത്തിയ ജബിൽ സാജിതയെയും സുബ്‌ഹാനെയും കൺനിറയെ കണ്ടു. 12 ദിവസംകഴിഞ്ഞ്‌ വെള്ളംകയറിയ വീട്‌ വാസയോഗ്യമാക്കിയശേഷമേ ആശുപത്രിയിൽനിന്ന്‌ സാജിതയെയും കുഞ്ഞിനെയും വിട്ടയച്ചുള്ളൂ. കറങ്ങുന്ന കയറിൽ തൂങ്ങി ഉയർന്നുപൊങ്ങിയ ഉമ്മയെ കണ്ട്‌ വാവിട്ടു കരഞ്ഞ നയീമിനും നുഐമിനും കുഞ്ഞുസുബ്‌ഹാനുമായി സാജിത വന്നുകയറിയതോടെ പെരുത്ത്‌ സന്തോഷം.
 

പിറന്നാളിന്‌ അവരെത്തും

 
സുബ്‌ഹാൻ എന്ന വാക്കിന്‌ മഹത്വപ്പെട്ടവൻ എന്നർഥം. അതിജീവനത്തിന്റെ പുതുപാഠം പകർന്ന്‌ പിറവികൊണ്ടവന്‌ ഉചിതമായ പേര്‌ നിർദേശിച്ചത്‌ നാവികസേനാംഗങ്ങൾ. സേനയുടെ പ്രളയരക്ഷാദൗത്യം -ഓപ്പറേഷൻ മഡാഡിന്റെ ഭാഗമായാണ്‌ സാജിതയെ എയർലിഫ്‌റ്റ്‌ചെയ്‌തത്‌. നേതൃത്വം നൽകിയ കമാൻഡർ വിജയ്‌ വർമയ്‌ക്ക്‌ രാഷ്ട്രപതിയുടെ നാവികസേനാ മെഡലും ഏഷ്യൻ ഓഫ്‌ ദി ഇയർ പുരസ്‌കാരവും ലഭിച്ചു. ആഗസ്‌ത്‌ 17ന്‌ കുടുംബത്തിനൊപ്പം സുബ്‌ഹാന്റെ പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്‌ രക്ഷാദൗത്യത്തിലുണ്ടായിരുന്ന സേനാംഗങ്ങൾ.
 

ആ വീഡിയോയിൽ ഞാനല്ല

 
പ്രളയത്തിൽ അകപ്പെട്ട ഗർഭിണിയെ രക്ഷിക്കുന്നതിന്റെ ദൃശ്യം എന്ന പേരിൽ ഭൂരിഭാഗം പേരും കണ്ട വീഡിയോ തന്റേതല്ലെന്ന്‌ സാജിത. സാജിതയുടേതെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ യുവതിയുടെ വേഷം നീല പാന്റ്‌സും മജന്തയും മെറൂണും കലർന്ന ടോപ്പുമാണ്‌. ആലുവയ്‌ക്കു സമീപത്തുതന്നെ പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലേക്ക്‌ മാറ്റുന്നതിന്‌ ഒപ്പംകൊണ്ടുപോകുന്ന അമ്മയാണതെന്നും സാജിത ഓർമിച്ചു. ഇരുവരും ഗർഭിണികളായിരുന്നു എന്നതാണ്‌ ഏകസാമ്യം. ചന്ദനനിറമുള്ള ടോപ്പും ഓറഞ്ച്‌ പാന്റ്‌സും ധരിച്ച സാജിത കയറിൽ തൂങ്ങി ഹെലികോപ്‌റ്ററിൽ കയറുന്ന വീഡിയോ മൊബൈലിൽ ആവർത്തിച്ചു കാണുന്നത്‌ മൂത്തമകൻ നയീം.
 

നന്മയുടെ ചവിട്ടുപടി

മനു വിശ്വനാഥ‌്

 
ഒരാണ്ടിനുശേഷം പിന്നെയും ആഗസ്‌ത്‌ പ്രളയം.   രക്ഷാപ്രവർത്തനത്തിന്‌ നാടാകെ ഒരുമയോടെ വീണ്ടും. -അവർക്കുമുന്നിൽ മനുഷ്യസ്‌നേഹത്തിന്റെ മഹാപ്രതീകമായി ജൈസൽ എന്ന മത്സ്യത്തൊഴിലാളി. 
 
കഴിഞ്ഞ പ്രളയകാലത്ത്‌ മലപ്പുറം വേങ്ങര മുതലമാടിൽ ബോട്ടിൽ കയറാൻ പ്രയാസപ്പെട്ട  സ്‌ത്രീകൾക്കും കുട്ടികൾക്കും മുതുക്‌ ചവിട്ടുപടിയാക്കി നൽകിയ ജൈസലിനെ മറക്കുന്നതെങ്ങനെ. ജൈസലുൾപ്പെടുന്ന താനൂർ ട്രോമാകെയർ യൂണിറ്റിലെ പതിനഞ്ചംഗസംഘം നിലമ്പൂരിൽ രക്ഷാപ്രവർത്തനത്തിലാണിപ്പോൾ. 
 
 കഴിഞ്ഞവർഷം ആഗസ്‌തിലെ പ്രളയദിനങ്ങൾ. വീടുകളിൽനിന്ന്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറുന്നവരെ എയർബോട്ടിൽ വെള്ളം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റുകയായിരുന്നു. ബോട്ടിൽ കയറുന്നതിനിടെ സ്‌ത്രീ വെള്ളത്തിലേക്ക് വീണു. അത് കണ്ട മറ്റു സ്‌ത്രീകൾ ബോട്ടിൽ കയറാൻ കൂട്ടാക്കിയില്ല.  ജൈസൽ വെള്ളത്തിൽ മുട്ടുകുത്തിയിരുന്ന് ബോട്ടിൽ കയറുന്നവർക്ക് ചവിട്ടുപടിയായി. അത്‌ കൂട്ടത്തിലൊരാൾ  വീഡിയോ എടുത്ത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. ‘നന്മയുടെ മനുഷ്യരൂപം’ എന്ന തലക്കെട്ടോടെ കേരളം അതേറ്റെടുത്തു. മുതുക്‌ ചവിട്ടുപടിയാക്കി നൽകിയത്‌ പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ജൈസലാണെന്ന്‌ ലോകമറിഞ്ഞത്‌ ദേശാഭിമാനി ഓൺലൈനിലൂടെ.
 പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബാംഗമായ ജൈസൽ ട്രോമാകെയർ വളന്റിയറായാണ്‌ സേവനപ്രവർത്തനത്തിനെത്തുന്നത്‌. ‘‘വെള്ളത്തിലകപ്പെട്ടവരുടെ ദുരിതംമാത്രമായിരുന്നു അപ്പോൾ മനസ്സിൽ. മറ്റൊന്നും ചിന്തിച്ചില്ല’’–- പഴയരക്ഷാപ്രവർത്തനത്തെപ്പറ്റി ജൈസലിന്റെ വാക്കുകൾ. 
 
സ്വജീവിതം അന്യജീവനുതകിയ ജൈസലിന്‌ എസ്‌വൈഎസ്‌ ജില്ലാകമ്മിറ്റി വീട്‌ നിർമിച്ചുനൽകി. മഹിന്ദ്രയുടെ കാറും സമ്മാനമായി കിട്ടി. വിവിധ സംഘടനകളും സഹായവുമായെത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി പി വി അൻവറിന്‌ കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്‌ ജൈസലായിരുന്നു. 
 
ജസീറയാണ്‌ ഭാര്യ. മക്കൾ: ജിർവാൻ, ജിഫ മോൾ, ജുബിമോൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top