07 December Saturday

ഒരു രാജ്യം ജനതയോട്‌ ചെയ്യുന്നത്‌

ശ്രീജിത്‌ ശിവരാമൻUpdated: Sunday Aug 11, 2019

ലോകത്തെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട ഇടം. അവിടെ ഡസൻ കശ്‌മീരികൾക്ക്‌ ഒരിന്ത്യൻ സൈനികൻ. എന്നിട്ടും സമാധാനം പുലരുന്നില്ല. കശ്‌മീരി എഴുത്തുകാരൻ ബാഷാരത്ത് പീർ എഴുതി "കൊല്ലപ്പെട്ട കൗമാരക്കാരുടെ മുഖങ്ങളും പുത്രദുഃഖത്താൽ വെന്തു ജീവിക്കുന്ന രക്ഷിതാക്കളുടെ മുഖങ്ങളും നിങ്ങൾക്ക് എഡിറ്റു ചെയ്‌തുനീക്കാം. സ്വന്തം വീട്ടുമുറ്റത്ത് വെടിയേറ്റ് മരിച്ച കുട്ടികളുടെ രക്തം കഴുകിക്കളയുന്ന അമ്മയുടെ വീഡിയോ സെൻസർ ചെയ്യാം. പക്ഷേ കശ്‌മീരികൾ എല്ലാ ദിവസവും എഡിറ്റു ചെയ്യപ്പെടാത്ത കശ്‌മീർ കണ്ടുകൊണ്ടേയിരിക്കുന്നു.’ എന്താണ് കശ്‌മീർ പ്രശ്‌നത്തിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ? ആർട്ടിക്കിൾ 370 റദ്ദ്ചെയ്യാനും കശ്‌മീരിനെ വിഭജിക്കാനുമുള്ള മോഡി‐അമിത്ഷാ ഭരണകൂട തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം 

 

അവന്റെ നഗ്നശരീരം  തണുപ്പിൽ വിറയ്‌ക്കുന്നു

 
പതിമൂന്നാം നൂറ്റാണ്ടിൽ ലഡാക്കിൽനിന്ന്‌ അഭയംതേടി വന്ന്‌ കശ്‌മീരിന്റെ ഭരണാധികാരിയായി റിൻചാന. അദ്ദേഹം മതം മാറി സൂഫിവര്യനായി. ബുൾബുൾ ഷാ എന്ന പേര് സ്വീകരിച്ച്  ജനങ്ങളെ ഭരിച്ചു. കശ്‌മീരിൽ  ഇസ്ലാമിന് പ്രചാരം ലഭിക്കുന്നത് അങ്ങനെ. തുടർന്ന്‌ അധികാരത്തിൽ വന്ന ഷാ മിറിന്റേതാണ്  ആദ്യ മുസ്ലിം രാജവംശം. 15–-ാം നൂറ്റാണ്ടിൽ കശ്‌മീർ  മുസ്ലിംഭൂരിപക്ഷ പ്രദേശമായി.  85 ശതമാനം മുസ്ലിങ്ങളും 15 ശതമാനം ഇതര മതസ്ഥരും.  കടുത്ത ജന്മിചൂഷണത്തിനിടെ 16–-ാം നൂറ്റാണ്ടിൽ മുഗൾഭരണം. ഒരർഥത്തിൽ അത്‌ കശ്‌മീരികൾക്ക് ആശ്വാസമായി.  17–-ാം നൂറ്റാണ്ടിൽ അവിടം സന്ദർശിച്ച ജഹാംഗീർ ചക്രവർത്തി കശ്‌മീരിനെ നോക്കി പറഞ്ഞു, "ഈ ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിതാണ്, ഇതാണ്, ഇതാണ്.’  
 
18–-ാം നൂറ്റാണ്ടിൽ മുഗൾഭരണം ക്ഷയിച്ചു. ജന്മിമാർ അഹമ്മദ് ഷാ ദുറാനി എന്ന അഫ്ഗാൻ ഭരണാധികാരിയെ കശ്‌മീരിലേക്ക്‌ ക്ഷണിച്ചുകൊണ്ടുവന്നു. നരകകാലമായിരുന്നു അത്‌. സൂഫി സംസ്‌കാരം വളർത്തിയ സുന്നി-–- ഷിയാ സാഹോദര്യത്തെ  തകർത്തു. ഷിയാകളെ കൊന്നൊടുക്കി. ഇതര മതസ്ഥർക്കും പാവങ്ങൾക്കും പ്രത്യേക നികുതികൾ. 1819ൽ മഹാരാജാ രഞ്ജിത്‌ സിങ്ങിന്റെ പഞ്ചാബി സൈന്യം കശ്‌മീർ കീഴടക്കി. അവരും ക്രൂരമായാണ് കശ്‌മീരിനോട് പെരുമാറിയത്. പള്ളികൾ തകർത്തു, നികുതി ഇരട്ടിയാക്കി, ഗോഹത്യ നിരോധിച്ചു.  1846ലെ ഒന്നാം സിഖ് യുദ്ധത്തിൽ സിഖ് സൈന്യം പരാജയപ്പെട്ടു. കശ്‌മീർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാൽക്കീഴിൽ.  കശ്‌മീർ ഭരിക്കാൻ കമ്പനി താല്പര്യം കാണിച്ചില്ല. 75 ലക്ഷം രൂപയ്‌ക്ക് ദോഗ്രാ ഭരണാധികാരിക്ക് കമ്പനി കശ്‌മീരിനെ വിറ്റു.  ദോഗ്രകൾ ഒറ്റ മുസ്ലിമിനെയും ഭരണത്തിൽ അടുപ്പിച്ചില്ല. നികുതികൾ കുത്തനെ കൂട്ടി. 1921ൽ കശ്‌മീർ സന്ദർശിച്ച അല്ലാമാ ഇഖ്ബാൽ  എഴുതി: 
 
‘‘അവന്റെ കൈകളുണ്ടാക്കിയ 
സുന്ദര അംഗവസ്‌ത്രത്തിൽ 
സമ്പന്നർ പൊതിയുമ്പോൾ
അവന്റെ നഗ്നശരീരം 
തണുപ്പിൽ വിറയ്‌ക്കുന്നു''
 

21 രക്‌തസാക്ഷികൾ

 
ദോഗ്ര ഭരണത്തി മുസ്ലിങ്ങളിലെ സാക്ഷരതാ നിരക്ക് വെറും 0.8 ശതമാനംമാത്രം. ലാഹോറിലും ഡൽഹിയിലും പഠിച്ച്‌ തിരിച്ചെത്തിയവർ രാജാവിനെതിരെ പ്രക്ഷോഭം തുടങ്ങി. 1924ൽ കശ്‌മീരിനെ സ്‌തംഭിപ്പിച്ച പൊതുപണിമുടക്ക്. നടന്നു. സമരക്കാരെ വെടിവച്ചു.  1931ൽ ഷെയ്‌ഖ്‌ അബ്ദുള്ള എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ 11 യുവാക്കൾ രാജാവിന്‌ നിവേദനം നൽകി. നിവേദനം  അവഗണിച്ച രാജാവ് കൂടുതൽ ശക്തമായ ആക്രമണങ്ങൾ ആരംഭിച്ചു. ജുമുഅ നമസ്‌കാരസമയം പള്ളികളിൽ പൊലീസ് റെയ്ഡ്. തുടർന്ന് നടന്ന വെടിവയ്‌പിൽ 21 രക്തസാക്ഷികൾ. 1932ൽ ഈ പ്രതിഷേധങ്ങൾക്ക് സംഘടിതരൂപമായി. ‘ജമ്മു കശ്‌മീർ മുസ്ലിം കോൺഫറൻസ്' സ്ഥാപിക്കപ്പെട്ടു. ഷെയ്‌ഖ്‌ അബ്ദുള്ള പ്രസിഡന്റായി. തികഞ്ഞ മതേതരവാദിയായ അബ്ദുള്ള ഭൂപരിഷ്‌കരണം, ദോഗ്ര ഭരണത്തിന്റെ അന്ത്യം എന്നീ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചു. നാല്പതുകളുടെ തുടക്കത്തോടെ ജിന്നയുടെ പാകിസ്ഥാൻ വാദത്തിനും കശ്‌മീരിൽ സ്വീകാര്യത ലഭിച്ചു.
 

ഹരിസിങ്ങിന്റെ പതനം 

 
സ്വതന്ത്രയാകുമ്പോൾ ഇന്ത്യയിൽ  552 നാട്ടുരാജ്യമാണ്‌ ഉണ്ടായിരുന്നത്.  ഹൈദരാബാദ്, ജുനഗഡ്, കശ്‌മീർ എന്നിവയൊഴികെ  എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ. ഹൈദരാബാദിലും ജുനഗഡിലും മുസ്ലിം  ഭരണാധികാരികൾ. ജനങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കൾ.  കശ്‌മീരിൽ ഹിന്ദു രാജാവും ഭൂരിപക്ഷം മുസ്ലിംജനതയും. ഹൈദരാബാദ് സ്വതന്ത്ര രാജ്യമാകാനാണ് നൈസാം ആഗ്രഹിച്ചതെങ്കിൽ ജുനഗഡ് നവാബ്  മുഹമ്മദ് മഹബത് ഖാൻ മൂന്നാമന്‌ പാകിസ്ഥാനിൽ ലയിക്കണം. കശ്‌മീർ രാജാവാകട്ടെ മൂന്നു സാധ്യതയും തേടി.  1947 സെപ്തംബർ 16ന് നവാബ് ജുനഗഡിനെ പാകിസ്ഥാനിൽ ലയിപ്പിച്ചു.  തീരുമാനത്തെ ഇന്ത്യ ശക്തമായി എതിർത്തു.  
 
സർദാർ പട്ടേൽ നവാബുമായി ബന്ധപ്പെട്ടു. ഇന്ത്യ സൈനികമായി ഇടപെടുമെന്ന് അറിയിച്ചു. ഒടുവിൽ ജുനഗഡിൽ ഇന്ത്യൻ നിർബന്ധത്തിനുവഴങ്ങി ‘ഹിതപരിശോധന'.   99 ശതമാനം ജനങ്ങൾക്കും ആഭിമുഖ്യം ഇന്ത്യയോട്‌. ജുനഗഡ് ഇന്ത്യയുടെ ഭാഗം. നവാബ് പാകിസ്ഥാനിലെ സിന്ധിലേക്ക് കുടിയേറി. ജുനഗഡിന് ലഭിച്ച ഹിതപരിശോധനയുടെ ന്യായം  കശ്‌മീരിന് ലഭിച്ചില്ല. കശ്‌മീർ പാകിസ്ഥാന്റെ ഭാഗമാകണമെന്ന്‌ ജിന്നയ്‌ക്കായിരുന്നു നിർബന്ധം. അദ്ദേഹം കശ്‌മീർ രാജാവ്‌ ഹരിസിങ്ങിനെ പ്രലോഭിപ്പിച്ചു. പക്ഷേ, ഹരിസിങ് ചാഞ്ചല്യം തുടർന്നു. കശ്‌മീർ പിടിച്ചെടുക്കാനുള്ള ദൗത്യം ജിന്ന മുൻ സൈന്യാധിപൻകൂടിയായ ലീഗ് നേതാവ് ഷൗക്കത് ഹയാത്ത് ഖാനെ ഏൽപ്പിച്ചു. 1947 സെപ്തംബർ ഒമ്പതിന്‌ കശ്‌മീർ ആക്രമിക്കാൻ പാക് സൈന്യം തീരുമാനിച്ചു. എന്നാൽ,  കമാൻഡറുടെ വിവാഹം നിശ്ചയിച്ചതിനാൽ ദൗത്യം നീണ്ടു. വിവരം  മൗണ്ട് ബാറ്റൺ  നെഹ്‌റുവിനെ അറിയിച്ചു. പട്ടേൽ വഴി നെഹ്‌റു ഹരിസിങ്ങിനെ ബന്ധപ്പെട്ടു, സമ്മർദത്തിലാക്കി. ഇതിനിടയിൽ പാകിസ്ഥാന്റെ പഷ്തൂൺ സൈന്യം കശ്‌മീർ ആക്രമിച്ചു. ഒരാഴ്‌ചകൊണ്ട് ഹരിസിങ്ങിന്റെ സൈന്യം വീണു. ക്രൂരമായ ബലാത്സംഗവും കൊലകളും അരങ്ങേറി.  ഈ സമയം ഹരിസിങ്‌ ഇന്ത്യയുമായി ആക്‌സെഷൻ ഉടമ്പടി ഒപ്പുവച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിക്കാൻ കശ്‌മീരിലെത്തി. യുദ്ധത്തിനൊടുവിൽ ഇന്ത്യയും പാകിസ്ഥാനും ഐക്യരാഷ്ട്രസഭയെ സമീപിച്ചു. വെടിനിർത്തൽ നിലവിൽ വന്നു. പാക് സൈന്യം പിന്മാറിയതുവരെയുള്ള പ്രദേശം പാക് നിയന്ത്രണത്തിൽ. നിയന്ത്രണരേഖ നിലവിൽ വന്നു.
 

ആർട്ടിക്കിൾ 370 ന്റെ ചരിത്രം

 
1947 ഒക്ടോബർ 26നാണ്‌ മഹാരാജാ ഹരിസിങ്‌ ആക്‌സെഷൻ ഉടമ്പടി ഒപ്പുവച്ചത്.  തൊട്ടടുത്ത ആഴ്‌ചതന്നെ ഏറ്റവും ജനകീയനായ നേതാവായ ഷെയ്ഖ് അബ്ദുള്ളയെ അടിയന്തര ഭരണകൂടത്തിന്റെ തലവനായി മഹാരാജ ഹരിസിങ്‌ നിയമിച്ചു. 1948 മാർച്ച് അഞ്ചിന് ഷെയ്ഖ് അബ്ദുള്ള ‘പ്രധാനമന്ത്രി’യായി.  ഭരണഘടന തയ്യാറാക്കാൻ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചു. 1949 മെയ് മുതൽ ഒക്ടോബർവരെ ഡൽഹിയിൽ നടന്ന കൂടിയാലോചനകൾക്കുശേഷം ആർട്ടിക്കിൾ 370ലേക്ക് കാര്യങ്ങൾ എത്തി. രണ്ടു കാര്യമാണ് പ്രധാനം. ഒന്ന് കശ്‌മീരിന്റെ ഭരണഘടന, രണ്ട് ഇന്ത്യയുമായി കൂട്ടിച്ചേർക്കേണ്ട വിഷയങ്ങൾ. ചർച്ചയ്‌ക്കൊടുവിൽ ഒന്നാമത്തെ വിഷയം തീരുമാനിക്കേണ്ടത് കശ്‌മീരി ഭരണഘടനാ അസംബ്ലിയാണെന്നും, ഏതൊക്കെ വിഷയങ്ങൾ കൂട്ടിച്ചേർക്കണമെന്ന കാര്യത്തിലും അന്തിമാഭിപ്രായം കശ്‌മീരി ഭരണഘടനാ  അസംബ്ലിക്കായിരിക്കുമെന്നും  തീരുമാനിക്കപ്പെട്ടു. 1949 ജൂൺ 16ന്  ഷെയ്ഖ് അബ്ദുള്ളയും നാലു സഹപ്രവർത്തകരും  ഇന്ത്യൻ ഭരണഘടനാ നിർമാണ അസംബ്ലിയിൽ ചേർന്നു. ആർട്ടിക്കിൾ 370നെക്കുറിച്ചുള്ള കൂടിയാലോചനകൾ ആരംഭിച്ചു. പ്രധാനമായും പരിഗണിക്കപ്പെട്ട വിഷയങ്ങൾ ഇവ:  ജമ്മു കശ്‌മീരിന് ഇന്ത്യക്കകത്തുതന്നെ സ്വന്തമായി  ഭരണഘടന.  പാർലമെന്റിന് വിദേശകാര്യം, വാർത്താ വിനിമയം, ആഭ്യന്തര സുരക്ഷ എന്നീ വിഷയങ്ങളിൽ മാത്രം കശ്‌മീരിനുമേൽ നിയമനിർമാണ അധികാരം. മറ്റേതെങ്കിലും ഭരണഘടനാ വ്യവസ്ഥയോ അധികാരമോ   ബാധകമാകണമെങ്കിൽ കശ്‌മീർ സർക്കാരിന്റെ സമ്മതം വേണം, സംസ്ഥാന സർക്കാരിന്റെ ഈ സമ്മതം കശ്‌മീർ ഭരണഘടനാ അസംബ്ലി അംഗീകരിച്ചാലേ നിലനിൽക്കൂ. ആർട്ടിക്കിൾ 370 റദ്ദാക്കാനോ മാറ്റംവരുത്താനോ കശ്‌മീർ ഭരണഘടനാ അസംബ്ലിയുടെ ഭൂരിപക്ഷ അനുമതിയോടെമാത്രമേ കഴിയൂ.

 

ഗാവ്‌കാദൽ കൂട്ടക്കൊല

 
ജഗ്‌മോഹനെപ്പോലൊരു ഹിന്ദുത്വവാദിയെ  ഗവർണറാക്കിയതിൽ പ്രതിഷേധിച്ചാണ്‌ ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്‌. (അടിയന്തരാവസ്ഥക്കാലത്ത്‌ സഞ്‌ജയ്‌ഗാന്ധിയുടെ  വലംകൈയായി നിന്ന്‌ ഡൽഹിയിലെ ചേരികൾ ആക്രമണോത്സുകമായി ഒഴിപ്പിച്ചതിൽ കുപ്രസിദ്ധി നേടിയ ജഗ്‌മോഹൻ പിന്നീട്‌ ബിജെപിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായി). തുടർന്ന്‌ കശ്‌മീരിൽ പ്രസിഡന്റ് ഭരണം. പിറ്റേന്ന്‌  വ്യാപക റെയ്ഡുകൾ. നൂറുകണക്കിനാളുകൾ അറസ്റ്റിൽ.  പ്രതിഷേധിക്കാൻ 1990 ജനുവരി 21ന് ആയിരങ്ങൾ  ശ്രീനഗറിലെ ഗാവ്‌കാദൽ മരപ്പാലത്തിനടുത്തെത്തി. സൈന്യത്തെ കല്ലെറിഞ്ഞു. സൈന്യം നടത്തിയ വെടിവയ്‌പിൽ 280 പേർ മരിച്ചുവീണു. ജാലിയൻവാലാബാഗിനു സമാനമായ സംഭവം എന്നാണ്‌ അന്തർദേശീയ മാധ്യമങ്ങൾപോലും ഇതിനെ വിശേഷിപ്പിച്ചത്‌.  പ്രതിഷേധവും  വെടിവയ്‌പും ആവർത്തിച്ചു. ഈ സംഭവത്തെതുടർന്നാണ് വ്യാപകമായ രീതിയിൽ കശ്‌മീരിയുവാക്കൾ അതിർത്തി കടന്ന്‌ തീവ്രവാദ പരിശീലനത്തിന് പോയിത്തുടങ്ങിയതെന്ന്‌ പിന്നീട്‌ ബിജെപിയിലെത്തിയ  മാധ്യമപ്രവർത്തകൻ എം ജെ അക്ബർ നിരീക്ഷിച്ചു. 1990 മാർച്ച് ഒന്നിന്‌ സകൂരയിൽ നടന്ന  പ്രതിഷേധത്തിനുനേരെയും പട്ടാളം വെടിവച്ചു. 33 മരണം. 1991 ഫെബ്രുവരി 23ന്‌ കുനാൻ പോഷ്‌പോറയിൽ തീവ്രവാദികൾ സൈനികർക്കുനേരെ വെടിവച്ചു. തുടർന്ന്‌ സൈന്യം നടത്തിയ റെയ്ഡിൽ വ്യാപകമായ ബലാത്സംഗങ്ങൾ അരങ്ങേറി. സർക്കാർ കണക്കുപ്രകാരം 23 സ്‌ത്രീകൾ  ബലാത്സംഗത്തിനിരയായി.ഏറ്റുമുട്ടലുകളുടെയും കൂട്ടക്കൊലകളുടെയും കാലമായിരുന്നു പിന്നീട്‌.  സോപോറിൽ, ലാൽചൗക്കിൽ, ബിജ്‌ബെഹ്‌റയിൽ, സംഗ്രാംപോറയിൽ,  വന്ദാമയിൽ,  ചാപ്‌നാരിയിൽ പ്രാൻകോട്ടിൽ, ചിട്ടിസിംഗപുരയിൽ, തെലികതയിൽ എല്ലാം ചോരചിന്തി. സാധാരണ  ജീവിതം ദുരന്തമയമായി. ഡോക്ടർസ് സാൻസ് ബോർഡേഴ്സ് അന്തർദേശീയ ഏജൻസിയുടെ കണക്കുപ്രകാരം കശ്‌മീരിലെ ബലാത്സംഗങ്ങൾ ചെച്നിയയിലെയോ ശ്രീലങ്കയിലെയോ യുദ്ധമുഖത്ത് നടന്നതിനേക്കാൾ കൂടുതലാണ്. 2009ൽ 2700 ആളറിയാത്ത ശവക്കല്ലറകളിലായി 2943 ശവങ്ങൾ കണ്ടെടുത്തു. മിക്കതും ക്രൂരപീഡനങ്ങൾക്കിരയായ ശരീരങ്ങൾ. 2009 ൽ ഷോപ്പറിൽ നിലോഫർ ജാൻ (22), അയിഷാ ജാൻ (17) എന്നിവർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. 2011 ഒക്ടോബറിൽ കശ്‌മീർ മുഖ്യമന്ത്രിതന്നെ ബലാത്സംഗത്തിന്‌ ഇരയായ 1400 സത്രീകളുടെ പേരുവിവരം പുറത്തുവിട്ടു. 2010 ഏപ്രിൽ 30ന് ഇന്ത്യൻ സൈന്യം കുപ്‌വാരയിൽ മൂന്ന്‌ തീവ്രവാദികളെ കൊലപ്പെടുത്തി. എന്നാൽ,  കൊല്ലപ്പെട്ടത് മൂന്ന്‌ നിരായുധരായ ഗ്രാമീണരായിരുന്നെന്നും തെളിഞ്ഞു.  സൈന്യത്തിൽ പോർട്ടർ ജോലിക്ക് ആവശ്യമുണ്ടെന്നു പറഞ്ഞ്‌ പിടിച്ചുകൊണ്ടുപോയി വെടിവച്ച്‌ കൊല്ലുകയായിരുന്നു ഗ്രാമീണരെ. ഭീകരവാദികളെ കൊന്നാൽ ലഭിക്കുന്ന ക്യാഷ് അവാർഡിനുവേണ്ടിയായിരുന്നു കൊല.  കേരളംപോലൊരു സുരക്ഷിത ദേശത്ത് ജീവിച്ച് ദേശസ്‌നേഹത്തിന്റെ മേലങ്കി എടുത്തണിയുന്നവർക്ക്‌  മനുഷ്യജീവിതത്തിന്റെ അങ്ങേത്തലയ്‌ക്കുള്ള ദുരിത ജീവിതങ്ങൾ വെറും കെട്ടുകഥകളാകും.
 

വിഘടനവാദപ്രസ്ഥാനങ്ങളുടെ വളർച്ച

 

  എൺപതുകളുടെ തുടക്കത്തോടെ കശ്‌മീരിലും പഞ്ചാബിലും അസമിലും  നാഗാലാൻഡിലും വിഘടനവാദപ്രസ്ഥാനങ്ങൾ ശക്തമായി. ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെട്ടു. ഈ രോഗത്തെ ചികിത്സിക്കാതെ വർഗീയശക്തികളുമായി സന്ധിചെയ്‌തു കോൺഗ്രസ്‌. തീവ്രമതേതരവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്ന മഖ്ബൂൽ ഭട്ടായിരുന്നു കശ്‌മീരിലെ വിഘടനവാദ പ്രസ്ഥാനമായ ജെകെഎൽഎഫിന്റെ നേതാവ്. എന്നാൽ, ഒരു പൊലീസുകാരന്റെ കൊലപാതകം ആരോപിച്ച് ഭട്ടിനെ തൂക്കിക്കൊല്ലാൻ തീരുമാനിച്ചു. ജയിലിൽ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയാണ്‌ തൂക്കിലേറ്റിയത്‌.  ഭട്ടിന്റെ മരണം ജനലക്ഷങ്ങളെ  തെരുവിലിറക്കി. അതോടെ ജെകെഎൽഎഫ് നേതൃത്വം പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ കൈയിലായി.  1987ലെ തെരഞ്ഞെടുപ്പ്  ഏറ്റവും നിർണായകമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ   ജീവിതാവസ്ഥയെ മറികടക്കാമെന്ന്‌ കശ്‌മീരികൾ ആദ്യമായും അവസാനമായും പ്രതീക്ഷിച്ചത് ആ തെരഞ്ഞെടുപ്പിൽ. അന്ന്‌ മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് എന്ന ലേബലിൽ കശ്‌മീരിലെ വിവിധ  സംഘടനകൾ ഒന്നിച്ചു മത്സരിച്ചു. അപ്പുറത്ത് കോൺഗ്രസ്‌ –- നാഷണൽ കോൺഫറൻസ് സഖ്യവും. എംയുഎഫിന്റെ റാലികളിൽ ജനലക്ഷങ്ങൾ പങ്കെടുത്തു. എംയുഎഫ് വൻ വിജയം നേടുമെന്ന് എതിരാളികൾപോലും ഉറപ്പിച്ചു. കശ്‌മീരിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്, 75 ശതമാനം. റിസൾട്ട് വന്നപ്പോൾ കോൺഗ്രസ്‌–- നാഷണൽ കോൺഫറൻസ് സഖ്യത്തിന്‌ 66 സീറ്റ്‌.  എംയുഎഫിന് വെറും നാല് സീറ്റ്‌.  ഫലം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന്‌ വിജയികൾപോലും പരസ്യമായി പറഞ്ഞു.   പ്രതിഷേധങ്ങളിൽ  എംയുഎഫ് നേതാക്കളെല്ലാം അറസ്റ്റിലായി. തടവറകളിൽ പീഡിപ്പിക്കപ്പെട്ടു. ഇതോടെ  ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടു.  സംഘപരിവാർ പ്രചരിപ്പിക്കുംപോലെ കശ്‌മീർ എല്ലാക്കാലവും തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നില്ല. 89നു ശേഷമാണ്  തീവ്രവാദപ്രസ്ഥാനങ്ങൾ  ഉടലെടുക്കുന്നത്. അഫ്‌ഗാനിലെ സോവിയറ്റ് ഇടപെടലിനെതിരെ അമേരിക്കൻ സഹായത്തോടെ പാകിസ്ഥാൻ കേന്ദ്രമാക്കി രാഷ്ട്രീയ ഇസ്ലാം നടത്തിയ മുജാഹിദീൻ തീവ്രവാദം വിജയംകണ്ട കാലംകൂടിയാണത്. സ്വാഭാവികമായും സോവിയറ്റ് യൂണിയനെപ്പോലെ ഒരു മഹാശക്തിയെ കീഴടക്കാൻ മുജാഹിദീനുകൾക്ക് കഴിഞ്ഞാൽ കശ്‌മീരിനെ ഇന്ത്യൻ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാനും അവർക്കു കഴിയുമെന്ന് രാഷ്ട്രീയ ഇസ്ലാമും പാകിസ്ഥാനും കണക്കുകൂട്ടി. എൺപതുകളുടെ അവസാനം അതിർത്തികടക്കുന്ന ഏതു ചെറുപ്പക്കാരനും കലാഷ്നിക്കോവ്കൾ തോക്കുകൾ കിട്ടുന്ന അവസ്ഥയുണ്ടായി. 
 
പൊളിറ്റിക്കൽ ഇസ്ലാമിസത്തിന്റെ വരവ് കശ്‌മീരിനെ അശാന്തിയുടെ കൊടുമുടിയാക്കി മാറ്റി. തൊണ്ണൂറുകളുടെ തുടക്കത്തോടെ ഒന്നരലക്ഷത്തോളം പണ്ഡിറ്റുകൾ പലായനംചെയ്‌തു.  നൂറുകണക്കിനു മനുഷ്യർ കൊല്ലപ്പെട്ടു. 1990ൽ കശ്‌മീരിൽ അഫ്‌സ്‌പ  നടപ്പാക്കി. ബലാത്സംഗങ്ങളും കൊലപാതകങ്ങളും വ്യാപകമായി.


കശ്‌മീരിൽ ഇനിയെന്ത്‌

 
മോഡി–- - അമിത് ഷാ ഭരണകൂടം ആർട്ടിക്കിൾ 370 റദ്ദാക്കാനും കശ്‌മീരിനെ വിഭജിക്കാനും തീരുമാനമെടുത്തത്‌ ഒരുപക്ഷേ നെഹ്‌റുമുതൽ ആരംഭിച്ച ഒരു പ്രക്രിയയുടെ ഉച്ഛസ്ഥായിമാത്രം.  ഇപ്പോൾത്തന്നെ ഇസ്ലാമിക തീവ്രവാദത്തിന് വലിയ സ്വാധീനമുള്ള കശ്‌മീരിൽ തീവ്രവാദം ശക്തിപ്രാപിക്കും. ഇപ്പോൾത്തന്നെ ഇന്ത്യയുമായി അകന്നുനിൽക്കുന്ന കശ്‌മീരിജനതയെ അത് കൂടുതൽ അകറ്റും. പട്ടാളത്തെ  ഉപയോഗിച്ച്  ജനതയുടെ വിശ്വാസം നേടിയെടുക്കാനും കൂടെ നിർത്താനും പറ്റില്ലെന്നത് ചരിത്രപാഠമാണ്. 
 ഇന്ത്യൻ സമ്പദ്‌ഘടന അഭൂതപൂർവമായ തകർച്ച നേരിടുമ്പോൾ  സ്വാഭാവികമായും ഉയർന്നുവരേണ്ട ജനകീയ പ്രക്ഷോഭങ്ങൾ ഇതോടെ ഇല്ലാതാകും. ഉത്തരേന്ത്യയിൽ പടക്കം പൊട്ടിച്ചും മധുരം വിതരണംചെയ്തും ഈ തീരുമാനത്തെ സ്വാഗതംചെയ്യുന്ന മനുഷ്യർ അവർ നിൽക്കുന്ന നിലത്തിന്റെ ചൂട്‌ മറന്നിരിക്കുകയാണ്‌.  ലോകത്തെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കശ്‌മീരിൽ ഇന്ത്യൻ കോർപറേറ്റുകൾ ഭൂമി വാങ്ങിക്കൂട്ടും.  റിയൽ എസ്റ്റേറ്റ് മേഖലയ്‌ക്ക്‌ അത്  താൽക്കാലികാശ്വാസം നൽകും. അമിത് ഷായുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ പാടിപ്പുകഴ്‌ത്തുന്ന ജനത എല്ലാ പ്രതിരോധവും മറക്കും.  ഊതിവീർപ്പിച്ച ദേശസ്നേഹത്തിന്റെ ബലത്തിൽ നാം നമുക്കിടയിൽത്തന്നെ അപരന്മാരെ കണ്ടെത്തും. ദേശസ്നേഹത്തിന്റെ ഗാഥകൾ പാടും. അതിനിടയിൽ യഥാർഥ ദേശവിരുദ്ധർ രക്ഷപ്പെടും. 
പ്രധാന വാർത്തകൾ
 Top