23 September Thursday

സാറ എന്ന പെൺകുട്ടി

അജില പുഴയ്‌ക്കൽ ajilaramachandran@gmail.comUpdated: Sunday Jul 11, 2021

സാറാസ്‌ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ്‌ തുടക്കമിട്ടത്‌. സാറാസിലെ സാറയെ അവതരിപ്പിച്ച അന്ന ബെൻ സംസാരിക്കുന്നു

 
കുമ്പളങ്ങിനൈറ്റ്‌സിൽ ഷമ്മിയെ മര്യാദ പഠിപ്പിച്ച ബേബിമോളായി മലയാള സിനിമയിലേക്ക്‌ കയറിവന്ന നടിയാണ്‌ അന്ന ബെൻ. ഹെലനായി സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം നേടി. കപ്പേളയിലെ ജെസ്സിയായി മനം കവർന്നു. കണ്ണിൽ നിറഞ്ഞ ചിരിയുമായി അന്ന വീണ്ടുമെത്തുകയാണ്‌ ജൂഡ് ആന്തണി ജോസഫിന്റെ സാറാസിലൂടെ. സാറയെപ്പറ്റി അന്ന  സംസാരിക്കുന്നു.
 

അന്ന ബെൻ

അന്ന ബെൻ

ആരാണ്‌ സാറ

 
സ്വന്തമായി അഭിപ്രായമുള്ള, അഭിപ്രായം പ്രകടിപ്പിക്കാൻ മടിയില്ലത്ത 25കാരി. തനിക്ക്‌ എന്തുവേണമെന്ന്  വ്യക്തമായ ധാരണയുള്ളവൾ.
 

എങ്ങനെ സാറയായി

 
കഥ കേൾക്കുമ്പോൾ തന്നെ ഒരു വ്യക്തിയുടെ ചോയ്‌സുകൾ എത്ര പ്രധാനമാണ്‌ എന്ന്‌ തോന്നിയതുകൊണ്ടാണ്‌ സിനിമ ചെയ്യാൻ തീരുമാനിച്ചത്‌.  സിനിമയുടെ രീതി വളരെ രസകരമായി തോന്നി. ‌വളരെ ലളിതമായി  തമാശ രീതിയിലാണ്‌ അവതരണം.   അതുകൊണ്ടു തന്നെയാണ്‌ അഭിനയിക്കാൻ തോന്നിയതും.
 

പൊതുബോധത്തിനെതിരെ നീന്തുന്ന സിനിമയാണിത്‌. പേടിയുണ്ടായിരുന്നോ?

 
ഇല്ല. ഗർഭച്ഛിദ്രത്തെ പ്രൊമോട്ട്‌ ചെയ്യുന്ന സിനിമയല്ല ഇത്‌. വ്യക്തിയുടെ സ്വാതന്ത്ര്യത്തെപ്പറ്റിയാണത്‌ സംസാരിക്കുന്നത്‌.  അക്കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ട കാര്യമില്ലല്ലോ. കുട്ടികൾ വേണം എന്നാണെങ്കിലും വേണ്ടെന്നാണെങ്കിലും കല്യാണം കഴിക്കണമെന്നാണെങ്കിലും വേണ്ടെന്നാണെങ്കിലും വ്യക്തികൾ തീരുമാനിക്കേണ്ടതാണ്‌.  അതുകൊണ്ട്‌ പൊതുബോധത്തെ പേടിക്കേണ്ട കാര്യമില്ല.
 

അച്ഛന്റെ കൂടെയുള്ള സിനിമ

 
അച്ഛന്റെ കൂടെ അഭിനയിക്കാൻ സാധിക്കും എന്ന് കരുതിയതല്ല.  അച്ഛന്റെ മകളായിത്തന്നെ അഭിനയിക്കുക എന്നത്‌ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ.  ബെന്നി പി നായരമ്പലത്തെയാണ്‌ സാറയുടെ അച്ഛനായി കാസ്റ്റ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നത്‌ എന്ന്‌ സംവിധായകൻ പറഞ്ഞപ്പോൾ തന്നെ  സന്തോഷമായി.
 

കോവിഡ്‌ കാലത്തെ സാറാസ്‌

 
ലോക്‌ഡൗൺ കഴിഞ്ഞയുടനായിരുന്നു ഷൂട്ടിങ്. എന്നാലും ഒരുപാട്‌ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു, അതിന്റേതായ ബുദ്ധിമുട്ടുകളും. എന്നാൽ പോലും ആർക്കും രോഗം വരാതെ ഷൂട്ടിങ്‌ പൂർത്തിയാക്കി.
 

സ്‌ത്രീ കേന്ദ്രീകൃത സിനിമകൾ മനഃപൂർവമാണോ?

 
അല്ല. വന്ന കഥാപാത്രങ്ങൾ അങ്ങനെ ആയിപ്പോയെന്നേ ഉള്ളൂ. കഥാപാത്രത്തെയല്ല  സിനിമയ്‌ക്ക്‌ എന്താണ്‌ പറയാനുള്ളത്‌ എന്ന്‌ നോക്കിയാണ്‌ അഭിനയിക്കാറ്‌.
 

മുതിർന്ന താരങ്ങൾക്കൊപ്പം 

 
മുതിർന്ന താരങ്ങളോട്‌ ഒപ്പമുള്ള അഭിനയം തരുന്ന എക്‌സ്‌പീരിയൻസ്‌ വളരെ വലുതാണ്‌. അവരിൽനിന്ന്‌ ഒരുപാട്‌ പഠിക്കാനുണ്ട്‌.  സാറാസിൽ മല്ലിക സുകുമാരനും സിദ്ധിക്കിനുമൊപ്പം അഭിനയിക്കാനായത്‌ വലിയ ഭാഗ്യം.
 

അന്നയിൽ എത്രത്തോളം സാറയുണ്ട്‌

 
സാറയെപ്പോലെ സ്വന്തമായി അഭിപ്രായമുണ്ട്‌ എനിക്കും.  എനിക്കറിയാവുന്ന കുറേ പെൺകുട്ടികൾ  സ്വന്തം ചോയ്‌സുകൾക്ക്‌ പ്രാധാന്യം കൊടുക്കുന്നവരാണ്‌. സ്വന്തമായി തീരുമാനം എടുക്കാൻ എല്ലാ പെൺകുട്ടികൾക്കും കഴിവുണ്ട്. മറ്റുള്ളവർ അവരിൽ വിശ്വാസമർപ്പിക്കണം, അവർ തന്നെ തീരുമാനം  എടുക്കട്ടെ എന്ന് വിചാരിക്കണം.
 

സ്‌ത്രീധനവുമായി ബന്ധപ്പെട്ട്  സമരങ്ങളുടെ കാലമാണല്ലോ

 
സ്‌ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചകൾ എപ്പോഴും പ്രസക്തമാണ്‌.  കുറച്ചു നാളായി നടക്കുന്ന സംഭവങ്ങൾ വലിയ വിഷമം ഉണ്ടാക്കുന്നതാണ്‌. ഇത്രയും വിദ്യാസമ്പന്നർ ഉള്ള കേരളത്തിൽ ഇതാണ്‌ അവസ്ഥയെങ്കിൽ മറ്റിടങ്ങളിൽ പറയേണ്ടല്ലോ. സ്‌ത്രീധനം നിയമ വിരുദ്ധമാണെന്നും തെറ്റാണെന്നും‌ അറിയാത്തവരില്ല.  തെറ്റായ കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നത്‌ പ്രധാനമാണ്‌. സ്‌ത്രീകളുടെ ശരീരത്തെപ്പറ്റി തീരുമാനം എടുക്കേണ്ടത്‌ സ്‌ത്രീകൾ തന്നെയാണ്‌.
വരാനിരിക്കുന്ന സിനിമകൾ
 
ആഷിക്‌ അബുവിന്റെ  ‘നാരദൻ’  പൂർത്തിയായി.  എം സി ജോസഫിന്റെ ‘എന്നിട്ട്‌ അവസാന’ത്തിന്റെ ചിത്രീകരണം നടക്കാനുണ്ട്‌.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top