05 October Thursday

ബ്ലാക്ക് ബോക്സ്‌ തിയറ്റർ പുനർജനിക്കുന്നു

രാജൻ തിരുവോത്ത് rajanthiruvothpba@gmail.comUpdated: Sunday Jun 11, 2023

ബാലൂർഘാട്ട് നാട്യ ഉൽക്കർഷ കേന്ദ്രം

നാടിന്റെ സാംസ്കാരിക ഭൂമികയിൽ തദ്ദേശ ചിന്തയുടെയും രാഷ്ട്രീയബോധത്തിന്റെയും വെളിച്ചം നിറയ്ക്കുന്ന ദൃശ്യകലാരൂപമാണ്‌ നാടകം. ഓരോ നാടക പ്രവർത്തനകേന്ദ്രവും നാടിന്റെ സാംസ്കാരികതയുടെ നാഡീകേന്ദ്രങ്ങളാണ്. കാലഘട്ടത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പ്രതലത്തെ തിരിച്ചറിഞ്ഞ്‌ അതിനെ പരാവർത്തനം ചെയ്‌ത്‌ സഹജീവികളെ അറിയിക്കുന്ന സജീവ ബോധവൽക്കരണമാണ്‌ നാടകങ്ങൾചെയ്യുന്നതും ചെയ്യേണ്ടതും.  

കൊൽക്കത്തയിൽനിന്ന് നാനൂറ്റിഅമ്പത്‌ കിലോമീറ്റർ ദൂരെ സൗത്ത്ദിനാജ്പുർ ജില്ലയിലാണ്‌ ബാലൂർഘാട്ട് മുനിസിപ്പാലിറ്റി. അതിന്റെ ഹൃദയത്തിൽ  സ്ഥിതിചെയ്യുന്ന തിയറ്റർകോംപ്ലക്‌സ്‌ ആണ് " നാട്യ ഉൽക്കർഷ കേന്ദ്രം’. പതിമൂന്ന്‌ കോടി രൂപ ചെലവഴിച്ച് 2016ലാണ്‌ ഈ തിയറ്റർ സമുച്ചയം നിർമിച്ചത്. ഇതിനകത്താണ് ഇന്ത്യയിലെ മൂന്നാമത്തെ "ബ്ലാക്ക് ബോക്സ് തിയറ്റർ’. 

ബ്ലാക്ക് ബോക്സ് തിയറ്റർ എന്ന സങ്കൽപ്പത്തെക്കുറിച്ച്‌  നാടകചരിത്രത്തിൽ ആദ്യമായി സംസാരിച്ചത്‌ ഫ്രഞ്ച് നാടകകൃത്തും സംവിധായകനും " തിയറ്റർ ഓഫ്‌ ക്രൂവൽറ്റി’യുടെ ഉപജ്ഞാതാവുമായ അന്റോനിൻ അർത്താടാണ്. അർത്താടിന്റെ  തുടർച്ചക്കാരനായ ഴാങ് ഷെനെയും  ദരിദ്ര നാടകവേദിയുടെ ഉപജ്ഞാതാവ്‌ പോളിഷ്  നാടകകൃത്ത്  ജേഴ്സി ഗ്രറ്റോവിസ്കിയുംബ്ലാക്ക് ബോക്സ് തിയറ്ററിന്റെ പ്രയോക്താക്കളായിരുന്നു.

ലേഖകൻ ബ്ലാക്ക്‌ ബോക്‌സ്‌ തിയറ്ററിനുള്ളിൽ

ലേഖകൻ ബ്ലാക്ക്‌ ബോക്‌സ്‌ തിയറ്ററിനുള്ളിൽ

ബ്ലാക്ക് ബോക്സ് തിയറ്ററിൽ പ്രേക്ഷകരും നാടകവും തമ്മിൽ ഒരു ശ്വാസഗതിക്കപ്പുറം അകലം കാണില്ല.  പ്രേക്ഷകർ അർദ്ധവൃത്താകൃതിയിൽ തറയിലിരുന്ന്‌ നാടകത്തിന്റെ അകംപുറം  ആസ്വദിക്കുകയും അതിൽ മനംതുറന്ന്  പങ്കാളികളാകുകയും  ചെയ്യുന്നു.

ബാലൂർഘാട്ടിലെ നാട്യ ഉൽക്കർഷകേന്ദ്രത്തിലെ ബ്ലാക്ക് ബോക്സ് തിയറ്ററിൽ ശബ്ദവും വെളിച്ചവുമെല്ലാം സമൃദ്ധമാണെങ്കിലും പ്രേക്ഷകരുടെ എണ്ണം നൂറിലധികംവരില്ല. ഇത്ഒരുനാടകത്തിന്റെ അർഥവത്തായ ആസ്വാദനത്തിന്‌ യോജിച്ചതാണ്. നാലുവശത്തെ ചുവരുകളിലും കട്ടിയുള്ള കറുത്ത സാറ്റിൻ തുണിയും  നിലത്ത്‌  മിനുസമാർന്ന പലകകളും പതിച്ചിരിക്കുന്നു. മുറിയുടെ മേൽഭാഗത്ത് മച്ചിൽ വലിയ നാല്സെറ്റ്‌ ശബ്‌ദ–-വെളിച്ച ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സൂര്യോദയംമുതൽ  മൺചെരാതിന്റെ തെളിച്ചംവരെയും സൂചിമുഖിപ്പക്ഷിയുടെ മൃദുശബ്ദം മുതൽ ഇടിനാദംവരെയും ക്രമീകരിക്കാവുന്ന ദീപ–-ശബ്ദോപകരണങ്ങൾ ഇവിടെയുണ്ട്.

ഏക്കറുകളോളം വിസ്തീർണമുള്ള പരന്നഭൂമിയിൽ രണ്ട്നിലയിലുള്ള വലിയ കെട്ടിടം. ഒന്നാം നിലയിലും രണ്ടാം നിലയിലുമായി പതിനാറ്‌ വലിയ മുറികൾ. രണ്ടാം നിലയിൽ ഒരുസ്റ്റേജ്.  1600 സ്ക്വയർഫീറ്റ്‌  വിസ്തീർണമുള്ള ഓപ്പൺ എയർ സ്റ്റേജ്, സ്റ്റേജിന്‌  മുന്നിൽ 500 പേർക്ക്  ഇരിക്കാവുന്ന ഗ്യാലറി.  2016-ൽ നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനംചെയ്‌ത തിയറ്റർ കോംപ്ലക്സ് 2023-വരെ  ഉപയോഗിക്കാതെ അനാഥമായി കിടന്നു.

സൗത്ത്  ദിനാജ്പുർ ജില്ലാകലക്ടറായി  മലയാളിയും കോഴിക്കോട്  മേപ്പയൂർ സ്വദേശിയുമായ ബിജിൻകൃഷ്ണ ചാർജെടുത്ത്‌ അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജനപങ്കാളിത്തത്തോടെ ഒരു നാടകോത്സവം സംഘടിപ്പിച്ചു. നാട്യ ഉൽക്കർഷ കേന്ദ്രത്തിൽ ആറുദിവസം നീണ്ടുനിന്ന " നാട്യപാർബൺ " എന്ന പേരിൽ സംഘടിപ്പിച്ച നാടകോത്സവത്തിൽ  പഴയകാല നാടക രചയിതാവായ ഹരിമാധവ മുഖർജിയടക്കം ബാലൂർഘാട്ടിനകത്തും പുറത്തുമുള്ള നാടകപ്രതിഭകൾ ഒപ്പം ചേർന്നു. 22 നാടകം അവതരിപ്പിച്ചു.  

ബാലൂർഘാട്ട്  നൂറ്റാണ്ടുകൾക്ക്മുമ്പുതന്നെ നാടകകലയെ ഹൃദയപൂർവം  സ്വീകരിച്ച മണ്ണാണ്‌.  ബാലൂർഘാട്ട് തിയറ്ററിക്കൽ അസോസിയേഷൻ, ബാലൂർഘാട്ട്നാട്യമന്ദിർ, ത്രിതീർഥ നാടകസംഘം എന്നിവ ഇപ്പോഴും ദേശീയവും വിദേശീയവുമായ നാടകങ്ങൾ അവതരിപ്പിക്കുന്നു. നാടകോത്സവത്തെ തുടർന്ന് സഫ്ദർഹാഷ്മി അനുസ്മരണവും നാടകാവതരണവും നടന്നു. നാടകങ്ങളിൽ രണ്ടെണ്ണം ബാദൽസർക്കാറിന്റെതും മൂന്നാമത്തേത്‌ ശാരതേന്ദു ചക്രവർത്തിയുടേതുമായിരുന്നു. ഈ മൂന്ന് നാടകവും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ചചെയ്‌തത്. ബാലൂർഘാട്ട്സമോമൻ " എന്ന സംഘടനയാണ്  ബാദൽസർക്കാറിന്റെ രണ്ടുനാടകവും അവതരിപ്പിച്ചത്. മൂന്നാമത്തെ " ഓമെയേ’  (ഓഗേൾ) അവതരിപ്പിച്ചത് " ബാലൂർഘാട്ട്സമാബേട്ടാ പ്രൊയാഷ്’  എന്നസമിതിയാണ്. നാടകാഭിനയത്തിന്റെയും രംഗസാധ്യതയുടെയും പുതിയമുഖം പ്രേക്ഷകർക്ക്‌ കാണിച്ചുകൊടുക്കുകയായിരുന്നു ബ്ലാക്ക് ബോക്സ് തിയറ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top