18 August Sunday

ജിന്നുകളുടെ താരാട്ട്

പി കെ സുധിUpdated: Monday Mar 11, 2019

ഏറ്റുമാന്നൂർ അതിരമ്പുഴ റോഡിൽനിന്നു കാണുമ്പോൾ അതൊരു കൂറ്റൻ ഓടിട്ട കെട്ടിടമാണ്. അതീവസമ്പന്നർക്കു മാത്രം സാധ്യമായ ഒരു നിർമിതിയായിരുന്നു ഹസ്സൻ മൻസിൽ. പകലും അനക്കങ്ങളുള്ള മച്ചിൽ ജിന്നുകളുണ്ടെന്ന് ആരും വിശ്വസിച്ചുപോകും. കോട്ടയത്തെ അതീവ സമ്പന്നനായിരുന്ന ഹസ്സൻ റാവുത്തറുടെ ആ കൊട്ടാരത്തിലേക്ക‌് ഞാൻ ട്രാൻസ്ഫറായി ചെന്നതായിരുന്നു. അക്കാലത്ത് ആ കെട്ടിടം ഒരു അക്ഷരക്കൊട്ടാരമായി മാറിയിരുന്നു. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്ന പഠനവിഭാഗമായിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്. അടുക്കളഭാഗത്ത് പബ്ലിക്കേഷൻ വിഭാഗവും.

വണിക്കുകളുടെ കാലം കഴിഞ്ഞു. മലയാള സാംസ്കാരികതയെ കോരിത്തരിപ്പിച്ചിരുന്ന പ്രതിഭകളായിരുന്നു അവിടെ നിറയെ. ആർ നരേന്ദ്രപ്രസാദ്, ഡി വിനയചന്ദ്രൻ, എൻ എൻ മൂസത്, വി സി ഹാരിസ്, പി ബാലചന്ദ്രൻ, പി പി രവീന്ദ്രൻ, കുര്യാക്കോസ് കുമ്പളക്കുഴി, കെ എം കൃഷ്ണൻ, ഉമർ തറമേൽ എന്നിവരുടെ നേതൃത്വത്തിൽ സാഹിത്യവും സിനിമയും നാടകവും സംഗീതവും സംബന്ധിയായ പഠനങ്ങളും ഗവേഷണങ്ങളും അവിടെ നടന്നു. 
 
എൺപതുകളുടെ അവസാന വർഷങ്ങളിലാണ് ഹസ്സൻ മൻസിൽ സ്കൂൾ ഓഫ് ലെറ്റേഴ്സായി രൂപംമാറിയത്. അതിനുശേഷം ആ കൊട്ടാരത്തിലേക്ക‌് വർത്തകന്മാർ വന്നില്ല. കലാകാരന്മാരുടെ സങ്കേതമായി അതുമാറി. ജിന്നുകളുടെയും അവിടെ വന്നുപാർത്ത ജലസ്പർശമില്ലാതെ സ്വയം ശുചിയാക്കാൻ ശേഷിയുള്ള സിദ്ധന്മാരുടെയും കഥകൾ ആ കെട്ടിടവും ചുറ്റുവട്ടത്തുമുള്ളവരും മറന്നു. 
 
തകഴി, എം ടി, ഭാരതി ശിവജി, കലാമണ്ഡലം ഗോപി, പൊൻകുന്നം വർക്കി, അയ്യപ്പപ്പണിക്കർ, എം കെ സാനു, രാഘവവാരിയർ, എം ഗംഗാധരൻ, വൈക്കം ബഷീറിന്റെ കുടുംബം, എ ഇ ആഷർ, ജയന്ത മഹാപാത്ര തുടങ്ങി എണ്ണമറ്റ പ്രതിഭകളെ കേൾക്കാൻ ഹസ്സൻ മൻസിലിലെ ജിന്നുകൾക്കും ഭാഗ്യമുണ്ടായി. അവർക്കൊപ്പം മഹാരഥന്മാരുടെ വാക്കുകൾ എന്നെയും മറ്റൊരു ലോകത്തിലേക്ക‌് വേരുറപ്പിക്കാൻ സഹായിച്ചു. 1993 മുതൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് മെയിനാപ്പിസീലേക്ക‌് മാറുന്നതുവരെ ആറു വർഷം ഞാനവിടെ ലൈബ്രേറിയനായി കഴിഞ്ഞു. 
എന്റെ എഴുത്തിനും ചിന്തകൾക്കും ഉരകല്ലുകളായി വിദ്യാർഥികളും ഗവേഷകരും മാറി. രചനകളിലെ കുറവുകൾ കണ്ടെത്താനും മികച്ച സൃഷ്ടികളെ നിരീക്ഷിക്കാനും എഴുത്തിന്റെ മറ്റൊരു ലോകം കാണാനും ആ ജീവിതമെന്നെ സഹായിച്ചു.
 
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എന്റെ കഥ ആദ്യമായി അച്ചടിച്ചുവന്ന വിവരം ഞാനറിയുന്നത് വിനയചന്ദ്രൻ സാറിൽനിന്നായിരുന്നു. ഹസ്സൻ മൻസിലിന്റെ തളത്തിൽ വച്ച് സാറ് വിളിച്ചുപറയുമ്പോൾ അത് മറ്റൊരു നിറവായി. എന്റെ കഥകൾ വായിച്ചശേഷം ഹാരിസ് സാറിൽനിന്നുണ്ടായ മന്ദഹാസം. അതിന്റെ വിശദമാക്കാത്ത അർഥതലങ്ങൾ. പി ബാലചന്ദ്രൻ സാറും  എൻ എൻ മുസതു സാറും പരിചയപ്പെടുത്തിയ എഴുത്തിന്റെ അവനവൻ ചവിട്ടിപ്പോകേണ്ട വഴിത്താരകൾ. മരണത്തിന് തൊട്ടുമുമ്പ് ഞാനായിരുന്നു വി സി ഹാരിസ്സിന്റെ ഇഷ്ടപ്പെട്ട ലൈബ്രേറിയൻ എന്ന വെളിപ്പെടുത്തലും അതറിയാൻ വൈകിയതിലെ ഖിന്നതയും വെറും തൊഴിലിടമായിരുന്നില്ല അതെനിക്ക് എന്നതിനുള്ള തെളിവാണ്. 
 
പത്തുമുതൽ അഞ്ചുവരെയുള്ള ചിട്ടപ്പടി ജോലികൾക്കപ്പുറത്ത് സമയത്തിന്റെ ഓരോ ഖണ്ഡത്തിലും ഞാനലഞ്ഞു. ഡിപ്പാർട്ടുമെന്റ ലൈബ്രറിക്ക് പുറത്തുനിന്നും പുസ്തകങ്ങൾ സമാഹരിക്കുന്നതിൽ, സെമിനാറുകളുടെ സംഘാടനത്തിലെ ചില്ലറജോലികൾ. പിന്നെയുമുണ്ട് ജി  ശങ്കരപ്പിള്ള അനുസ്മരണത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളുടെ ഒരുക്കങ്ങൾക്ക് കൈത്താങ്ങുകാരൻ. രസമുള്ള പുറംപണികളായിരുന്നു അവയെല്ലാം. ഒരു ഗവേഷകൻ അയാൾക്ക് ജോലി കിട്ടിയപ്പോൾ എന്നെ കടലുകടത്തി ലക്ഷദ്വീപിലേക്ക‌്  കൊണ്ടുപോയത് മറ്റൊരു സർക്കാർ ജീവനക്കാരനും ലഭ്യമല്ലാത്ത അത്യപൂർവ അനുഭവമാണ്.
 
കുങ്കുമം നോവലറ്റ് അവാർഡ് ഉൾപ്പെടെ എനിക്കു ലഭ്യമായ ചെറിയ ചെറിയ സമ്മാനങ്ങൾക്ക് അക്കാദമിക് സമൂഹത്തിൽനിന്നും വിദ്യാർഥികൾക്കിടയിൽ നിന്നും ലഭിച്ച സ്വീകരണങ്ങൾ, എന്റെ പുസ്തകത്തെ പ്രൗഢമായ സദസ്സിനു മുന്നിൽ നടത്തിയ പരിചയപ്പെടുത്തൽ. അതൊരു പകയില്ലാത്ത, സമൃദ്ധമായ അംഗീകാരം ചൊരിയുന്ന ലോകമായിരുന്നു.
ധാരാളം സംസ്കാരിക പ്രവർത്തകർക്കും ഹസ്സൻ മൻസിലിനോട് ചേർത്തുവയ്ക്കാൻ എന്തെങ്കിലുമുണ്ടാകും. പെരുമഴയത്ത് നനയാതിരിക്കാൻ ഓടിക്കയറിയ കെട്ടിടം എന്നുപറയുന്നതുപോലെ ചിലർ ആ ബംഗ്ലാവിൽ പഠനത്തിനെത്തി, ചിലരൊക്കെ നരേന്ദ്രപ്രസാദ്,  വിനയചന്ദ്രൻ എന്നിവരെ ഒന്നുകണ്ടുപോകാനെത്തി.അങ്ങനെയങ്ങനെയാണ് ജിന്നുകളും സൂഫികളുമുറങ്ങിയ ഈ കെട്ടിടം മലയാളത്തിന്റെ പൊതു ഓർമയായി മാറുന്നത്.
 
ഇന്നു തെരഞ്ഞുപോയാൽ ഒരു ഗൂഗിൽ മാപ്പിനും മറ്റംകവലയിലെ ആ ലെറ്റേഴ്സിനെ കാണിച്ചുതരാൻ കഴിയില്ല. റബർക്കട്ട വച്ച് മായ‌്ച്ചു കളഞ്ഞതുമാതിരിയാണ് ഹസ്സൻ മൻസിലിനെ കാലം തുടച്ചെടുത്തത്. അതിനാൽ കണ്ടവർക്കും കേട്ടവരുടെയും ഓർമയിൽ ആ ജിന്നുകൊട്ടാരം തെളിയുന്നു. ഒരിക്കലും തുടച്ചുമാറ്റാനാകാത്ത എഴുത്തോർമകളാണതെനിക്ക്. താരാട്ടുപോലെ.
പ്രധാന വാർത്തകൾ
 Top