20 June Thursday

പത്മവ്യൂഹത്തിലെ അഭിമന്യു

വി കെ സുധീര്‍കുമാര്‍ sudheerkumarvk@gmail.comUpdated: Monday Mar 11, 2019

അരുംകൊലചെയ്യപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്റെ ജീവിതം പ്രമേയമായ സിനിമ "പത്മവ്യൂഹത്തിലെ അഭിമന്യു' തിയറ്ററുകളില്‍

 

2018 ജൂലൈ. കോഴിക്കോട് ബീച്ചിലെ ഒരു സായാഹ്നം.
 
പ്രവാസികളായ നാലുപേർ ബീച്ചിൽ ഒത്തുകൂടി. കടലിനേക്കാൾ പ്രക്ഷുബ‌്ധമായിരുന്നു അവരുടെ മനസ്സ‌്. അവരുടെയുള്ളിൽ ഒരു ചിത എരിയുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ടുകാർ അരുംകൊല ചെയ്ത മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി അഭിമന്യുവിന്റെ ചിത. വിനീഷ് ആരാധ്യ, ഹാറൂൺ റഷീദ്, സുനിൽ ദത്ത്, ഇസ്മയിൽ കാവിൽ എന്നിവരായിരുന്നു ആ ചെറുപ്പക്കാർ. കഴിഞ്ഞദിവസം റിലീസ് ചെയ്ത പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമയുടെ പിറവി അവിടെനിന്നായിരുന്നു. കഥയും തിരക്കഥയും ഒരുക്കിയ വിനീഷ് ആരാധ്യതന്നെ സംവിധായകനായി.
 
കേരളത്തിനകത്തും പുറത്തുമുള്ള റെഡ് മലബാർ കോംമ്രേഡ്സെൽ  (ആർഎംസിസി) എന്ന വാട‌്സാപ‌് കൂട്ടായ്മയിലൂടെയാണ് ഈ ചിത്രം നിർമിച്ചത്. വാട‌്സാപ് കൂട്ടായ്മയിൽ ഒരു മുഴുനീള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടുതലും പ്രവാസികളാണ് കൂട്ടായ്മയിലുള്ളത്. ഒരു കോടിയിലധികം രൂപയാണ് സിനിമയ്ക്കായി കണ്ടെത്തിയത്. സിനിമയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അഭിമന്യുവിന് ഇഷ്ടമായ ലൈബ്രറി പ്രവർത്തനങ്ങൾക്കോ ആശുപത്രിയിലെ ഭക്ഷണവിതരണത്തിനോവേണ്ടി ചെലവഴിക്കുമെന്നും കൂട്ടായ്മയിലെ അംഗവും നിർമാതാവുമായ  തൊട്ടിൽപ്പാലം സ്വദേശി സുനിൽ ദത്ത്  പറഞ്ഞു.
 

വെള്ളിത്തിരയിലെ അഭിമന്യു

 
മഹാരാജാസ് കോളജിൽ കെലചെയ്യപ്പെട്ട അഭിമന്യുവിന്റെ ജീവിതകഥയാണ് സിനിമ തുറന്നുവയ്ക്കുന്നത്. അഭിമന്യുവെന്ന മനുഷ്യസ്നേഹിയെക്കുറിച്ച് അറിയുന്നതിനായി ആതിര എന്ന പെൺകുട്ടി സൈമൺ ബ്രിട്ടോയെ കാണുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അഭിമന്യുവിന്റെ വട്ടവടയിലെ ഒറ്റമുറി വീട്ടിലും സിനിമ ചിത്രീകരിച്ചു. വട്ടവടയുടെ ഓരോ സ്പന്ദനവും അറിയുന്ന, ലൈബ്രറി പ്രവർത്തനങ്ങളിൽ മുഴുകുന്ന, കർഷകർകരുടെയും തൊഴിലാളികളുടെയും സഹായിയായ ചെറുപ്പക്കാരനെ അവിടെ കാണാം. 
മഹാരാജാസിൽ എത്തുമ്പോൾ കറകളഞ്ഞ എസ്എഫ്ഐ നേതാവിനെ കാണാം. പലപ്പോഴും സഹപാഠികൾക്ക് സഹായഹസ്തമായി നീളുന്നത് അഭിമന്യുവിന്റെ കൈകളായിരിക്കും. എന്നാൽ, എറണാകുളത്തും പരിസരങ്ങളിലും മറ്റ് ജോലികൾ ചെയ്താണ് പഠിക്കാനും മറ്റുമുള്ള തുക അവൻ കണ്ടെത്തുന്നതെന്ന് സുഹൃത്തുക്കൾക്കുപോലും അറിയില്ലായിരുന്നു. അത് തിരിച്ചറിയുന്ന വളരെ വൈകാരികമായ മുഹൂർത്തവും സിനിമയിലുണ്ട്.
 
പ്രകടമായ രാഷ്ട്രീയം പറഞ്ഞ് ഈ  സിനിമ ഒരു മുദ്രാവാക്യചിത്രമായി മാറുന്നില്ല. എന്നാൽ, സിനിമയുടെ അന്തർധാര കൃത്യമായ  രാഷ്ട്രീയം പറയുന്നുണ്ട്. കൊലപാതകത്തിന്റെ കാരണങ്ങളൊന്നും സിനിമയിൽ അന്വേഷിച്ചാൽ കാണില്ല. എന്നാൽ, അഭിമന്യുവിനെപ്പോലെ മതേതര മനസ്സുള്ള ഒരുവന്റെ വളർച്ചയിൽ അസഹിഷ്ണുത പുലർത്തുന്നവരെ സിനിമയിൽ  കാണാം. മതേതരമായ ഒരു വിവാഹം നടത്തുന്നതിനും അഭിമന്യു മുന്നിലുണ്ടായിരുന്നു. അഭിമന്യൂ നിനക്ക് പത്മവ്യൂഹത്തിലേക്ക് കടക്കാനേ അറിയൂ എന്ന‌് ബ്രിട്ടോ ഓർമിപ്പിക്കുമ്പോൾ കോളേജിനെ കുരുക്ഷേത്രമാക്കാനുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.
 
കൽപ്പറ്റ ഗവ. കോളേജിലെ ജേർണലിസം വിദ്യാർഥി മാനന്തവാടി സ്വദേശി ആകാശ് ആര്യനാണ് അഭിമന്യുവായി വെള്ളിത്തിരയിലെത്തുന്നത്. 

 

സജീവസാന്നിധ്യമായി ബ്രിട്ടോ

 
അക്രമരാഷ്ട്രീയത്തിന്റെ ഇര സൈമൺ ബ്രിട്ടോ ഈ സിനിമയുടെ ആത്മാവാണ്. ഭാര്യ സീനയും മകൾ നിലാവും അതേ പേരിൽ ഈ സിനിമയലുണ്ട്.  ബ്രിട്ടോയാണ് സിനിമയുടെ പേര് നിർദേശിച്ചത്. 
 
സിനിമയിൽ അഭിമന്യുവിന്റെ അച്ഛനായി ഇന്ദ്രൻസ് വേഷമിടുന്നു. അമ്മയായി ശൈലജ ജെയും വരുന്നു. അഭിമന്യുവിന്റെ സഹോദരനായി വിമലും സഹോദരിയായി സംഘമിത്രയും വേഷമിടുന്നു. അനൂപ് ചന്ദ്രനാണ് മറ്റൊരു താരം. അഭിമന്യുവിന്റെ അധ്യാപികമാരായി സോനാ നായരും ഡോ. നിഖിലയും ഭാഗ്യശ്രീയും അഭിയയിക്കുന്നു. 25 വർഷത്തിനുശേഷം മലയാളത്തിലേക്ക‌് തിരിച്ചുവരികയാണ‌്
ഭാഗ്യശ്രീ.

 

പ്രധാന വാർത്തകൾ
 Top