01 June Monday

ഗുരുവിന്റെ ഡിജിറ്റല്‍ അങ്കലാപ്പ്

മുകുന്ദനുണ്ണിUpdated: Monday Mar 11, 2019

വർഷങ്ങളോളം സമയമെടുത്താണ് ഗുരുവിൽനിന്ന് ശിഷ്യനിലേക്ക‌് സംഗീതം ഒഴുകി നിറയുക. ഇന്ന്, ഇപ്പോൾ, ശിഷ്യർ പാഠങ്ങൾ റെക്കോഡ് ചെയ്ത് കേട്ട‌് പഠിക്കുകയാണ്. ശിഷ്യരോടൊപ്പം മൊബൈലിലുണ്ട് ഗുരുവാണി

 

അധ്യാപകരെ നമുക്ക് അറിയാം. പക്ഷേ, നമുക്ക് ഗുരുവിനെ അറിയുമോ? ഗുരുവിനെ കണ്ടുമുട്ടിയവർ വിരളമാണ്.  ഒരു വിഷയത്തിന്റെ അഗാധതയിൽനിന്നുകൊണ്ട് മറ്റെന്തിനെയും അറിയുന്ന വിവേകബുദ്ധി ഗുരുവിന്റെ യോഗ്യതയാണ്. ഗുരു നയിക്കാൻ പ്രാപ്തിയുള്ള വ്യക്തിയായിരിക്കും. ഗുരുവും ശിഷ്യരും തമ്മിൽ മത്സരമുണ്ടാകില്ല. ശിഷ്യരെ നയിക്കുകയും അവരുടെ വികാസത്തെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ഗുരു സദാ ജാഗരൂകനായി കുടെയുണ്ടാകും.

കബീർ ഗുരുവിനെ കാണുന്നത് വിവേകത്തിലേക്ക‌് നയിക്കുന്നവനായിട്ടാണ്:
ഗുരു ഗോവിന്ദ്, ദോനോ ഖഡേ, കാകോ ലാഗു പായേ
ബലിഹരി ഗുരു അപ്‌നെ ഗോവിന്ദ് ദിയോ ദിഖായേ
ഗുരുവും ദൈവവും നമ്മുടെ മുന്നിൽ നിൽക്കുകയാണെങ്കിൽ, നാം ആരെ വന്ദിക്കും? എല്ലാവരും നിസ്സംശയം പറയും ‘ദൈവത്തെ' എന്ന്.  പക്ഷേ, കബീർ പറയുന്നു, നാം ഗുരുവിനെ വന്ദിക്കണം. കാരണം, ഗുരുവാണ് ദൈവത്തെ, അതിലൂടെ വിവേകത്തെയും കാണിച്ചുതന്നത്.  ചില ഇന്ത്യൻ പാരമ്പര്യങ്ങളിൽ ഗുരു ദൈവതുല്യനാണ്. ഗുരു തരുന്നതാണ് താലിം. താലിം എന്ന ഉറുദു വാക്ക് സാമാന്യമായി പഠിപ്പിക്കലിന്റെ പ്രക്രിയയെയാണ് അർഥമാക്കുന്നത്. അക്ഷരാർഥത്തിൽ താലിം എന്നാൽ ഒറ്റനോട്ടത്തിൽത്തന്നെ വെളിപ്പെടുന്ന വിശ്വദർശനമത്രേ. 
സംഗീതലോകത്ത് പല തരക്കാരായ ഗുരുക്കന്മാരുണ്ടായിരുന്നു. കുസൃതികളും പിടിവാശികളും ഉള്ളവർ. ഒരു നല്ല ഗുരുശിഷ്യ ബന്ധമുണ്ടാകണമെങ്കിൽ, ഗുരുവിൽനിന്ന് സംഗീതം സ്വായത്തമാക്കണമെങ്കിൽ, ഗുരുഭക്തിയും വിദ്യയോട് അർപ്പണബോധവും ഉണ്ടെന്ന് ശിഷ്യൻ തെളിയിക്കണം. ഗുരുവിന് വീട്ടുസാധനങ്ങൾ വാങ്ങിക്കൊടുക്കുക, കാൽ ഉഴിഞ്ഞുകൊടുക്കുക, ഭക്ഷണം പാകം ചെയ്തുകൊടുക്കുക, ഗുരുവിന്റെ കിറുക്കുകൾ സഹിക്കുക, എന്നിങ്ങനെ പല വിധത്തിൽ ഗുരുവിനോടുള്ള ആശ്രിതത്വം തെളിയിക്കേണ്ടിവന്നവരുണ്ട്.   
 
ഭക്ഷണം പാകം ചെയ്യുന്നതിലും വേണം ഭക്തി. ഒരു കഥ ഇങ്ങനെയാണ്: സസ്യാഹാരിയായ ശിഷ്യൻ മാംസാഹാരിയായ ഗുരുവിന് ഭക്ഷണം ഉണ്ടാക്കിയതിനെക്കുറിച്ച്. മാംസം എന്ന് കേൾക്കുമ്പോഴേക്കും ഓക്കാനം വരുന്ന ശിഷ്യൻ ഗുരുവിന് ആട്ടിൻകുട്ടിയെ കറിവച്ചുകൊടുത്തു.  അടുക്കളയിൽനിന്നുള്ള മണം കിട്ടിയപ്പോഴേ ഗുരുവിന് വായിൽ വെള്ളം ഊറി. ശിഷ്യന്റെ ത്യാഗം തിരിച്ചറിഞ്ഞപ്പോൾ ഗുരുവിന്റെ ഹൃദയവാതിൽ തുറക്കുകയും ചെയ്തു.   
 
രണ്ടു വർഷത്തെ അഭ്യർഥനയുടെ ഫലമായാണത്രേ ഹരിപ്രസാദ് ചൗരാസ്യയെ ശിഷ്യനായി സ്വീകരിക്കാൻ അന്നപൂർണാദേവി തയ്യാറായത്. ഗുരു ആദ്യംതന്നെ ശിഷ്യനോട് പറഞ്ഞത് ഇത്രയും കാലം പഠിച്ചതെല്ലാം മറക്കാനാണ്.  എല്ലാം മറന്ന് ആദ്യംമുതൽ തുടങ്ങാൻവേണ്ടി ചൗരാസ്യ ഓടക്കുഴൽ പിടിക്കുന്ന വിധംതന്നെ മാറ്റി. വലത്തുനിന്ന് ഇടത്തേയ്ക്ക് മാറ്റി. അങ്ങനെയാണ് അദ്ദേഹം അന്നപൂർണാദേവിയുടെ ശിഷ്യനായത്.  
 
ഗുരുശിഷ്യ ബന്ധത്തിൽ ഗുരുവിന് വിശ്വാസവും അടുപ്പവും തോന്നുമ്പോഴാണ് പഠിപ്പിക്കൽ പൂർണമായി നടക്കുക.  ഈ അടുപ്പവും വിശ്വാസവും നിർലോഭമായ വിദ്യാദാനവും പരിഗണിച്ചാകാം സംഗീതത്തിന് ഗുരുകുല സമ്പ്രദായമാണ് യോജിച്ചത് എന്ന് പറയാൻ ചിലരെ പ്രേരിപ്പിക്കുന്നത്. ഗുരുവിന് വേണ്ടത് പണമല്ല. തന്റെ വാണി കാത്തു സൂക്ഷിക്കപ്പെടും, ഭാവിയിൽ ശിഷ്യരിലൂടെ തന്റെ സംഗീതശൈലി സജീവമായി നിലനിൽക്കും, എന്നൊക്കെയുള്ള പ്രതീക്ഷകളാണ് ഗുരുവിനെ തൃപ്തിപ്പെടുത്തുക.    
തമിഴ് സാഹിത്യകാരനായ മാലൻ എഴുതിയ ‘വിദ്വാൻ' ഗുരുകുലവാസത്തെക്കുറിച്ചുള്ള രസകരമായ ഒരു കഥയാണ്.  കഥാനായകനായ ജാനകീരാമൻ ലളിതവിനീതനായ ഒരു വയലിൻ വാദകൻ. ധാരാളം ശിഷ്യന്മാരുണ്ട്, പക്ഷേ ആരും ഗുണം പിടിക്കുന്നില്ല.  ഒരു ശിഷ്യനുണ്ട്. മിടുക്കൻ. ജോസഫ് ഓം. അമേരിക്കയിൽനിന്ന് ഇടയ്ക്കിടയ്ക്ക് വന്നു പഠിക്കും. പോകുന്നതുവരെ ഗുരുവിനോടൊപ്പം താമസിച്ച്, ഗുരുവിന് ചാരെയിരുന്ന‌് ശുശ്രൂഷ ചെയ്ത്, രസം കൂട്ടി ചോറുണ്ട്, സംഗീതം പഠിച്ച് ഗുരുകുലവാസം ചെയ്യും. ഒരു യഥാർഥ ഗുരുകുലവാസം. താൻ അമേരിക്കയിലായിരിക്കുമ്പോഴും ഗുരുവിന് ശുശ്രൂഷ ലഭിക്കാൻവേണ്ടി ശിഷ്യൻ ഗുരുകുലത്തിൽ ഒരു കംപ്യൂട്ടർ നിയന്ത്രിത റോബോട്ട് സ്ഥാപിക്കുന്നു. റോബോട്ടിന്റെ പേര് യക്ഷണി. വസ്ത്രം അലക്കും, ഭക്ഷണം ഉണ്ടാക്കും, ചെടികൾ നനയ്ക്കും, കച്ചേരിക്ക് പോകാൻ ഗുരുവിന്റെ ബാഗിൽ വസ്ത്രം അടക്കി വയ്ക്കും, കച്ചേരിയുള്ള കാര്യം ഓർമിപ്പിക്കും...  ഈ റോബോട്ടിന് വയലിൻ ശ്രുതിചേർത്ത് വയ്ക്കാനും അറിയാം.  പക്ഷേ, അതുമാത്രം ഗുരു സമ്മതിക്കില്ല. സംഗീതത്തിന്റെ കാര്യത്തിൽ യന്ത്രത്തെ ഇടപെടാൻ അനുവദിക്കില്ല. 
ഡൽഹിയിൽ കച്ചേരി നടത്തി പത്തു ദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീടിനകത്തുനിന്ന് ആരോ ഭൈരവി വായിക്കുന്നു.  ഇത്രയും മനോഹരമായി ഭൈരവി വായിക്കുന്നത് ജാനകീരാമൻ ആദ്യമായി കേൾക്കുകയാണ്. പിന്നെ കൃതി. തുടർന്ന് കൽപ്പനാസ്വരം. സ്വർഗീയമായ കച്ചേരിതന്നെ. ഏറ്റവും ശുദ്ധമായ ആ ഭൈരവിയിൽ സ്വയം മറന്ന് ഗുരു ആനന്ദാശ്രുക്കൾ പൊഴിച്ചു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ആരാണ് വയലിൻ വായിച്ചത് എന്ന‌് ചോദിച്ചപ്പോൾ യക്ഷണി പറഞ്ഞു താനാണെന്ന്. ‘നിന്നോട് വയലിൻ തൊടരുത് എന്ന് പറഞ്ഞിട്ടില്ലേ?,' ഗുരു ക്ഷോഭിച്ചു. ‘ഞാൻ വയലിൻ തൊട്ടിട്ടില്ല. ആവൃത്തിയും ശബ്ദതരംഗങ്ങളും ഉണ്ടാക്കിയതാണ്. അവയാണ് നിങ്ങൾ സംഗീതം എന്നു പറയുന്നതിന്റെ അടിസ്ഥാനം.' ആവൃത്തികളെയും ശബ്ദതരംഗങ്ങളെയും അടിസ്ഥാനമാക്കി യക്ഷണിക്ക‌് ഏത് രാഗവും അതിന്റെ പൂർണതയിൽ വായിക്കാനാകും. ഉപകരണവും വേണ്ട. ഗുരു കോപിച്ചും കരഞ്ഞും പിണങ്ങിപ്പോയി.  
 
 
 
അടുത്ത ദിവസം ഗുരു എല്ലാം ഒന്ന് പുനരാലോചിച്ചു. തന്നെ പഠിപ്പിച്ചത് ഋഷിയാണെന്നും ദൈവമാണെന്നുമുള്ള ധാരണയൊക്കെ മാഞ്ഞു.  യക്ഷണിയെ ഗുരുവായി സ്വീകരിക്കാനായി ഗുരു അതിനരികിൽ വന്നണഞ്ഞു. പക്ഷേ, ഗുരുവിന്റെ കോപവും സങ്കടവും സെൻസറുകൾവഴി മനസ്സിലാക്കിയ യക്ഷണി കഴിഞ്ഞ ദിവസംതന്നെ അതിന്റെ മെമ്മറി ഡിലീറ്റ് ചെയ്തുകഴിഞ്ഞിരുന്നു. യക്ഷണി പറഞ്ഞു, ‘എനിക്ക് ഒന്നും അറിയില്ല.' ഗുരു അത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഗുരു യക്ഷണിക്ക‌് സരളിവരിശകൾ പാടിക്കൊടുക്കുന്നു.
ഗുരുകുലവാസത്തിലൂടെ ലഭിക്കുന്നതാണ് ആധികാരികമായ സംഗീതം എന്ന ധാരണ ഗുരുകുലവാസത്തോട് പൊതുവിൽ കാണുന്ന ആദരവിൽ പ്രകടമാണ്. വർഷങ്ങളോളം സമയമെടുത്താണ് ഗുരുവിൽനിന്ന് ശിഷ്യനിലേക്ക‌് സംഗീതം ഒഴുകി നിറയുക. ഡിജിറ്റൽ യന്ത്രത്തിൽ എല്ലാം ഞൊടിയിടകൊണ്ട് സംഭവിക്കും. കഥ തീരുന്നത് റോബോട്ട് ഗുരുകുലവാസം അനുഷ്ഠിക്കാൻ തുടങ്ങുന്ന രംഗത്തിലാണെങ്കിലും, ആരാണ് ഗുരു, സംഗീതത്തിന്റെ ആധികാരികത എന്താണ്, എന്നീ ചോദ്യങ്ങൾ അതിൽ നേരത്തെ ഉന്നയിക്കപ്പെടുന്നുണ്ട്. കൃത്രിമബുദ്ധിയുടെയും ഗുരുകുലവാസത്തിന്റെയും യുക്തികൾ തമ്മിൽ താരതമ്യം ചെയ്യുന്നതിലൂടെ എന്താണ് യഥാർഥത്തിൽ ആധികാരികത എന്ന ധാരണയെ അസ്ഥിരപ്പെടുത്തുന്ന യുക്തികൾ കഥ അവതിരിപ്പിക്കുന്നുണ്ട്. അതായത്, സംഗീതത്തിലെ ശബ്ദപ്രമാണത്തിന്റെ ആധികാരികതയെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ കഥ തകിടംമറിക്കുന്നുണ്ട്. 
1900 ആകുമ്പോഴേക്കും ഗുരുകുലവാസവ്യവസ്ഥ തകർന്നുകഴിഞ്ഞിരുന്നു, ഇനി വിശദമായ സ്വരപ്പെടുത്തൽമാത്രമേ ഒരു മാർഗമായുള്ളൂ എന്ന് പ്രസിദ്ധ പാട്ടുകാരനും പണ്ഡിതനുമായിരുന്ന അരിയക്കുടി രാമാനുജയ്യങ്കാർ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ഇന്ന്, ഇപ്പോൾ, ശിഷ്യർ പാഠങ്ങൾ റെക്കോഡ് ചെയ്ത് കേട്ട‌് പഠിക്കുകയാണ്. ശിഷ്യരോടൊപ്പം മൊബൈലിലുണ്ട് ഗുരുവാണി.
പ്രധാന വാർത്തകൾ
 Top