23 April Tuesday

501 ബാർസോപ്പുമായി ചൊക്കൻ

നിഷ അനിൽകുമാർUpdated: Sunday Mar 11, 2018

'ജീവിതം കഠിനവും ശോകവുമായിരിക്കെ എഴുതപ്പെട്ട വാക്കുകൾകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാൾ മറ്റൊരാളെ തന്നിലേക്കടുപ്പിച്ചുനിർത്തുന്നത്'‐ കാഫ്കയുടെ ഈ വരികൾ സൂചിപ്പിക്കുന്നതുപോലെ സംഘർഷഭരിതമായ തീർഥയാത്രതന്നെയാണ് കഥപറച്ചിൽ. എന്റെ ഓരോ രചനയ്ക്കുപിന്നിലും ഓരോ പിന്തിരിഞ്ഞുനോട്ടങ്ങളുണ്ട്; ചിലപ്പോൾ വായിച്ച പുസ്തകങ്ങളിലേക്കാകാം, കേട്ട കഥകളിലേക്കാകാം, അനുഭവങ്ങളിലേക്കാകാം, സ്വപ്നങ്ങളിലേക്കാകാം... 

ഞാൻ ജനിച്ചുവളർന്ന ഗ്രാമം ഒട്ടേറെ ഐതിഹ്യങ്ങൾക്ക്  പേര് കേട്ടയിടമായിരുന്നു. അച്ഛമ്മ  ചെറുപ്പത്തിൽ  പറഞ്ഞുതന്ന കഥകൾ കേട്ടുകേട്ടാണ് എന്നിൽ ഒരു കഥപറച്ചിലുകാരി ജനിച്ചത്. ആ കഥകളിൽ ഞങ്ങളുടെ നാട്ടിൽ സ്ഥിതിചെയ്യുന്ന തൃക്കാക്കരയപ്പന്റെ ക്ഷേത്രവും പഞ്ചപാണ്ഡവർക്ക് താമസിക്കാൻ പണിത  അരക്കില്ലവും നിത്യകാഴ്ച. അതിൽ ഏറ്റവും സ്വാധീനിച്ചത് പഞ്ചപാണ്ഡവർ അരക്കില്ലം കത്തിയതിൽനിന്ന് രക്ഷപ്പെട്ട കഥയായിരുന്നു. അരക്കില്ലം സ്ഥിതിചെയ്തുവെന്ന് പറയുന്ന സ്ഥലവും പാണ്ഡവർക്ക് രക്ഷപ്പെടാൻ പണിത ഗുഹാമാർഗവും കാക്കനാട് മലയിൽ ആണെന്നും അച്ഛമ്മയുടെ അമ്മയുടെ ചെറുപ്പത്തിൽ അരക്കില്ലത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കാൻ മല കയറി പോയിരുന്ന കഥയും അത്ര വിശ്വസനീയമായാണ് പറഞ്ഞുകേൾപ്പിച്ചിരുന്നത്. സത്യമോ മിഥ്യയോ എന്നു സംശയം തോന്നാത്ത വിധം കഥ മെനഞ്ഞുണ്ടാക്കാനുള്ള വൈദഗ്ധ്യം അച്ഛമ്മയ്ക്കുണ്ടായിരുന്നു. ആ കഥ കേൾക്കുന്ന ഓരോ രാത്രിയിലും അരക്കില്ലത്തിൽപെട്ട് മരിച്ച കാട്ടാളത്തിയെയും മക്കളെയും ഓർത്ത് ഞാൻ വേവലാതിപ്പെട്ടു. കഥകളിലെ നെല്ലും പതിരും ചികഞ്ഞുനോക്കാൻ തോന്നാനാകാത്തവിധം അതിമനോഹരമായും വിശ്വസനീയമായും കഥ പറഞ്ഞുതന്നിരുന്ന അച്ഛമ്മതന്നെയാണ് കഥയെഴുത്തിൽ എന്റെ ഗുരുവും പ്രചോദനവും. കൺകെട്ട്വിദ്യപോലെ പറഞ്ഞുവിശ്വസിപ്പിക്കാനുള്ള കഴിവുള്ളതുകൊണ്ടാകാം അച്ഛമ്മ പറഞ്ഞുതന്ന കഥകളിലെ രാജാക്കന്മാരെയും റാണിമാരെയും മന്ത്രവാദികളെയും ജീവിച്ചിരുന്നവരായി ഞാൻ വിശ്വസിച്ചത്.
ഗ്രാമത്തിൽ കൂടോത്രംചെയ്യുന്ന മന്ത്രവാദികൾ ഉണ്ടായിരുന്നു. ചുട്ട കോഴിയെ പറപ്പിക്കാൻ കേമന്മാർ. ഒട്ടൊരു ഭയത്തോടെയല്ലാതെ അത്തരക്കാരോട് ഇടപെടാൻ ആരും ധൈര്യപ്പെട്ടില്ല. ബ്ലാക്ക് മാസിലെ ചൊക്കൻ എന്ന മന്ത്രവാദി ചെറിയ കുട്ടിയായിരിക്കുമ്പോഴേ ഞാൻ കണ്ടുവളർന്നയാൾ. പോഴച്ചിരിയായിരുന്നു അയാളുടെ ട്രേഡ് മാർക്ക്. കറുത്ത് പൊക്കംകുറഞ്ഞ മനുഷ്യൻ. പകുതിയിലേറെ പല്ലുകൾ കൊഴിഞ്ഞുപോയ മോണകാട്ടിയുള്ള ചിരിയിൽ നാട്ടിൻപുറത്തെ വൃദ്ധരിൽ പ്രകടമാകുന്ന നിഷ്കളങ്കത  മുഴുവൻ പ്രതിഫലിച്ചു. പകൽസമയത്ത് കരിങ്കൽ ക്വാറിയിലും പാടത്തും വീടുകളിൽ പുറംപണിക്കുമെല്ലാം പോയിരുന്ന ചൊക്കന് രാത്രിയായൽ മറ്റൊരു മുഖമാണ്, ഒന്നാന്തരം  മന്ത്രവാദിയുടെ. പാതിരാത്രികളിൽ അയാളുടെ വീട്ടിൽനിന്ന് ദുർമന്ത്രവാദത്തിന്റെ  ഒച്ചയും മണിയടിയും അട്ടഹാസങ്ങളും കേൾക്കാം. കൂടോത്രംചെയ്യുന്ന  കാര്യത്തിൽ ചൊക്കൻ കേമനാണെന്നാണ് കേൾവി. ചൊക്കനെ കുറിച്ചുള്ള എല്ലാ ഓർമകളും ചെന്നെത്തുന്നത് തലയിൽ  നിറയെ എണ്ണ തേച്ചുകൊണ്ട് കൈയിൽ 501 ബാർ സോപ്പുമായി   പാറമടയിലേക്ക് കുളിക്കാൻപോകുന്ന രൂപമാണ്. പലപ്പോഴും തല ചൊറുകി കൊണ്ടുവന്ന് അമ്മാമ്മയുടെ കൈയിൽനിന്ന് കാശ്  കടം വാങ്ങാൻ നിൽക്കുന്ന നിഷ്കളങ്കതയുടെ പര്യായമായ ഈ മനുഷ്യനെയാണോ ആളുകൾ ഭയക്കുന്നതെന്ന് അത്ഭുതത്തോടെ  ഞാൻ ചിന്തിച്ചിട്ടുണ്ട്. കൂടോത്രം പേടിച്ചിട്ടാകാം ചൊക്കൻ എന്തു  ചോദിച്ചാലും ആളുകൾ കൊടുത്തിരുന്നതും. ഒരു ചക്ക, അമ്പതോ നൂറോ രൂപ, കപ്പ, തേങ്ങ എന്നിങ്ങനെയുള്ള ചെറിയ ആവശ്യങ്ങളേ അപ്പോഴും അയാൾക്കുണ്ടായിരുന്നുള്ളൂ.
തണൽമരങ്ങളിലെ അച്ഛമ്മ എന്റെ അച്ഛമ്മതന്നെയായിരുന്നു. ചെന്നിക്കുത്തിന് ഒതുക്കൽ നടത്തിയിരുന്ന കാളിമൂപ്പത്തിയും വാസുവാപ്പന്റെ ചായക്കടയും വഞ്ചിക്കാരൻ വാപ്പനും എന്റെ അമ്മാമ്മയും  ഉൾപ്പെടെയുള്ളവരാണ് കഥാപാത്രങ്ങൾ. അതിനാൽ ത്തന്നെ ആത്മകഥാംശം ഉറ്റിനിൽക്കുന്ന കഥാപരിസരമാണ്.
ഉള്ളിൽ ഒരായിരം ഭ്രാന്തും തലച്ചോറിൽ വിപ്ലവവും ഹൃദയത്തിൽ കവിതയും നിറച്ച ഒരെഴുത്തുകാരിയുടെയും വിപ്ലവകാരിയായ മകന്റെയും കഥ പറയുന്ന നോവലാണ് 'ഇതിഹാസത്തിന്റെ അമ്മ'. 1950കളിലെ കേരളവും 1970കളിലെ ബംഗാളും പശ്ചാത്തലമായി എഴുതിയ നോവൽ. കമ്യൂണിസ്റ്റ്‐നക്സൽബാരി പ്രസ്ഥാനങ്ങളാണ് പ്രമേയം. ഞാൻ ജീവിച്ച കമ്യൂണിസ്റ്റ് ചുറ്റുപാടുകളും വായിച്ചറിഞ്ഞ വിപ്ലവകാരികളുടെ ജീവിതവുമായിരുന്നു പത്തൊമ്പത് വയസ്സിൽ ആ നോവൽ എഴുതാൻ പ്രേരണ.
ഹൃദയസ്പർശിയായ അനുഭവങ്ങളിൽനിന്നുമാത്രമല്ല ഹൃദയ ഭേദകമായ വാർത്തകളിൽനിന്നും കഥകൾ ജനിക്കുന്നു. യമനിൽ  നടക്കുന്ന യുദ്ധവും പലായനവും അഭയാർഥിപ്രശ്നങ്ങളും ഇതിവൃത്തമാക്കിയ കഥയാണ് യുദ്ധം + പ്രണയം = പലായനം.
സ്ഥലകാലങ്ങൾ, ബൗദ്ധികമായ വികാരപ്രകടനങ്ങൾ, മാറുന്ന മാനുഷികമൂല്യങ്ങൾ, ആത്മരോഷം, ജീവിതത്തെപ്രതിയുള്ള ഉൽക്കണ്ഠ ഇതെല്ലാം എഴുത്തിന്റെ വേറിട്ടൊരു ലോകം സൃഷ്ടിക്കുന്നു. മനുഷ്യവികാരങ്ങളെ  ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്ന ഒരു മൂന്നാംകണ്ണ്.
എഴുത്തുകാർക്ക്  സമൂഹത്തോട്  തീർച്ചയായും ഒരു പ്രതിബദ്ധത ഉണ്ട്; ഉണ്ടാകണം. അനീതിക്കും വർഗീയതയ്ക്കും രാഷ്ട്രീയ ദുർനടപ്പിനുംനേരെയുള്ള ചെറുത്തുനിൽപ്പ്. എഴുത്ത് ആയുധമാകുന്നത് അപ്പോഴാണ്. എഴുത്ത്  തൊഴിലും സ്വയം അടയാളപ്പെടുത്തലും മാത്രമായല്ല ഞാൻ  കാണുന്നത്. സമൂഹത്തോട്  എനിക്കു പറയാനുള്ളത് തുറന്ന് പ്രകടിപ്പിക്കാൻ  ഒരുമാർഗവും കൂടിയാണ്.
കഥകളിൽ അനവധി കഥാപാത്രങ്ങളും അനേകം ജീവിത സന്ദർഭങ്ങളും സ്ഥലകാലങ്ങളും രേഖപ്പെടുത്തിവയ്ക്കുമ്പോൾ അതിൽ പലതിലും എന്റെ നിഴൽ വീണിട്ടുണ്ടാകാം. ചിലപ്പോഴത് നിലപാടുകളാകാം, അനുഭവങ്ങളാകാം, വിമർശനങ്ങളാകാം, പ്രതിഷേധങ്ങളാകാം, കാഴ്ചപ്പാടുകളും വേദനകളുമാകാം. ചില  കഥകൾ ജീവിതത്തിനുതൊട്ട് നിൽക്കുന്നതുകൊണ്ട്  ആ കഥകൾ വലിയ അഭിപ്രായങ്ങൾ കേട്ടില്ലെങ്കിലും എനിക്കു പ്രിയപ്പെട്ടതാണ്. അമൃതം, വിശ്വാസത്തിന്റെ ചില വഴികൾ എന്നീ കഥകൾ അത്തരത്തിൽ ഉള്ളതാണ്. അമൃതത്തിലെ  അമ്മു  അവളുടെ അമ്മയെ രണ്ടാംവിവാഹത്തിന് അണിയിച്ചൊരുക്കിക്കൊണ്ടിരിക്കെ എനിക്കും വേണം പൂ എന്നുപറഞ്ഞ് വാശിപിടിക്കുന്നതും കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സുമി ബ്യൂട്ടി പാർലറിൽവച്ച്   തന്റെ പുരികം ത്രെഡ് ചെയ്ത പെൺകുട്ടിയോട് എനിക്കു നിങ്ങളെ വിശ്വാസമാണ് എന്നു പറയുന്നതും ആത്മപരമായി അടുത്തുനിൽക്കുന്ന കഥകൾതന്നെയാണ്.
പ്രധാന വാർത്തകൾ
 Top