16 February Saturday

സ്വപ്നം മാത്രമാകുന്ന മണ്ണ്

വെബ് ഡെസ്‌ക്‌Updated: Sunday Feb 11, 2018

സ്വപ്നം പോലെ ചില ഭൂമികൾ ഇനിയും അവശേഷിക്കുന്നുണ്ട്. വിഷം കലരാത്ത തെളിനീരുറവകൾ ഒഴുകിപ്പരക്കുന്ന സുന്ദരഭൂമികൾ. അത്തരം ഭൂമികളുടെ സങ്കൽപ്പംപോലും വിദൂരമാകുന്ന കാലത്ത് ചിലത് സംഭവിക്കുകയും ചിലരെല്ലാം തലയറ്റ് വീഴുകയും ചെയ്യുന്നുവെന്നതാണ് ഭയാനകം. പ്രണയത്തെക്കുറിച്ച് സങ്കൽപ്പം പോലും ഭീതിജനകമാകുന്നു. മതജാതി മതിലുകളിലെ വിടവുകളിലൂടെ പ്രണയത്തെപോലും നോക്കിക്കാണുകയും കൃത്യമായ കള്ളികൾക്കുള്ളിൽനിന്ന് പ്രണയിക്കുകയും ചെയ്യണമെന്ന് ഒരു തലമുറയെ പഠിപ്പിക്കുകയുംചെയ്യുന്ന കാലത്ത് ഒരു പ്രണയം ഒരു നാട്ടുനന്മയിലേക്ക് എങ്ങനെ പടർന്നുകയറുന്നുവെന്നും അതിന്റെ അടിവേരിനെപ്പോലും പിടിച്ചുകുലുക്കുന്ന നിലയിൽ മതം എങ്ങനെ ആടിത്തിമിർക്കുന്നുവെന്നും ഒരു നാടകം പറയുകയാണ്. പെരുമ്പാവൂരിനടുത്ത് വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാലയിൽ പ്രവർത്തിക്കുന്ന ഗുരുസംഗമം‐നന്മഗൃഹം പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച നാടകം 'മണ്ണ്' ഒരു നാടിന്റെ കഥയാണ് പറയുന്നത്. 

നാനാജാതി മതസ്ഥരുടെ ജീവിതോത്സാഹത്തിന്റെ സംഗമഭൂമിയായ നാട്. അവിടെ പ്രകാശന്റെയും സുഹറയുടെയും പ്രണയം ആദ്യം കൗതുകവും പിന്നെ കലാപവുമായി മാറുന്നു. അതിരില്ലാ ഗ്രാമത്തിന് മതത്തിന്റെ അതിരുയരുന്നു. പ്രണയം മതവൈരമായി വളർന്ന് കലഹിക്കുന്നു. കലാപങ്ങൾക്കൊടുവിൽ വർഗീയവികാരങ്ങളേക്കാൾ മണ്ണും മനുഷ്യനുമാണ് നേരുള്ള സത്യമെന്ന തിരിച്ചറിവിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ അവരുടെ പ്രണയം പൂവണിയുന്ന നിഷ്കളങ്കസ്വപ്നമാണ് മണ്ണ്. 

എൻവയോൺമെന്റൽ തിയറ്ററിന്റെ സമസ്തസാധ്യതയെയും പ്രയോഗിക്കുന്ന നാടകം  വലിയൊരു ക്യാൻവാസിൽ വരച്ചിട്ട ചിത്രമാണ്. ഒരു ചിറയോരത്ത് ഒരുക്കിയ സെറ്റിലാണ് നാടകം അരങ്ങേറിയത്. ചിറയും ഓരവുമെല്ലാം നാടകത്തിന്റെ ഭാഗമാകുന്നു. നാട്ടുവഴിയും കവലയും കള്ളുഷാപ്പും ചായക്കടയും ചിറയും കുളിക്കടവുമെല്ലാം നിറഞ്ഞ നാട്ടിൻപുറപരിസരം. കാർഷികവൃത്തിയുടെ അടയാളമെന്നോണം ചിറയിൽ സ്ഥാപിച്ചിരിക്കുന്ന തേക്കുകുട്ടയും മറ്റു കാർഷികോപകരണങ്ങളുമുണ്ട്. മൺമറഞ്ഞ ഇന്നലെകൾ കൺമുന്നിൽ വന്നപോലെ ഗ്രാമാന്തരീക്ഷം. 

നാട്ടുകാർതന്നെയാണ് നാടകത്തിൽ വേഷമിട്ടവരും നാടകമൊരുക്കിയവരും. അവർതന്നെയാണ് തട്ടൊരുക്കിയതും. ഏതാണ്ട് നൂറ്റമ്പതോളം കലാകാരന്മാരാണ് അരങ്ങിലെത്തിയത്. ഒരു ഗ്രാമം മുഴുവൻ നാടകമൊരുക്കാൻ തുടങ്ങിപ്പോൾ. കേരളം പുതിയ സാംസ്കാരികപ്രതിരോധത്തിന് മുതിരുകയായിരുന്നു. നാടകം ഒരു നാടിന്റെ മുഴുവൻ സ്വപ്നത്തെയാണ് പ്രതിനിധാനംചെയ്തതത്. അതിരില്ലാത്ത മനസ്സുള്ള ഒരു ഗ്രാമം കിനാവുകാണുന്നതാണ് ഈ 'മണ്ണ്'. 

'മണ്ണ്' നാടകം ഒരിക്കലല്ല പലകുറിയാണ് ഒരേ വേദിയിൽ അരങ്ങിലെത്തിയത്. ആവർത്തിച്ചാവർത്തിച്ച് ഒരേ നാട്ടിൽ നിറഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി നാടകം അരങ്ങേറിയിട്ടും പിന്നെയും പിന്നെയും നാടകം കാണാൻ കൊതിച്ച് ആളുകളെത്തുന്ന അപൂർവാനുഭവവും മണ്ണിനുണ്ടായി. 

നാടകരചനയും സംവിധാനവും: എൽദോസ് യോഹന്നാൻ, മ്യൂസിക് ഡിസൈൻ: എം ജി കൃഷ്ണൻകുട്ടി, ബിന്ദുരാജ്, ലൈറ്റ്: വിമൽ സുവർണ. രംഗപടം: ജി ശിവൻ സുവർണ, ടി എം ബേബി, പോൾ, ഇ എസ് മണി.

എം ജി കൃഷ്ണൻകുട്ടി, ടി എം ബേബി, കെ പി ജനാർദനൻ, പി ആർ വിജയൻ, എം എ ശശി, വി ടി രതീഷ്, ശശി കുമ്മനോട്, സാന്ദ്ര മനോഹർ, അമൃതവല്ലി വിജയൻ, രാധ ശശി, പി കെ സുരേഷ്, ഹരിഹരൻ, മാർട്ടിൻ കെ ജെ, എൽദോസ് ഐരാപുരം തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രധാന വാർത്തകൾ
 Top