23 May Thursday

ഭയത്തിന്റെ ഭൂഖണ്ഡങ്ങൾക്ക് ഒരേമുഖം

അൻവർ അബ്ദുള്ളUpdated: Sunday Feb 11, 2018

അത് മഞ്ഞായിരുന്നില്ല; കശ്മീരിന്റെ വശ്യസൗന്ദര്യത്തെ പുതച്ചുനിന്നിരുന്നത് ഭയമായിരുന്നു. ജമ്മു‐ ശ്രീനഗർ യാത്രയിലെവിടെയും കണ്ട മുഖങ്ങളിൽ സന്തോഷമുണ്ടായിരുന്നില്ല. നാല് സാധാരണ പൗരന്മാർക്ക് എട്ട് അർധസൈനികരെന്ന മട്ടിൽ വഴിക്കാഴ്ച. കൈകളിൽ തോക്ക്. തോക്ക് ഹിംസയുടെ പ്രതീകമായി, ഏതു നിമിഷവും നെഞ്ച് തുളയ്ക്കാവുന്ന വെടിയുണ്ടയുടെ ഉറവിടമായി ആ തോക്കുകൾ എന്നെ ഉൽക്കണ്ഠപ്പെടുത്തിക്കൊണ്ടിരുന്നു. സഹയാത്രികരായ ഗിരീഷിന്റെയും ലാലുസാറിന്റെയും തമാശകൾക്ക് ലഘൂകരിക്കാനാകാത്തവിധം എന്റെ ചിന്തകൾ കനംവച്ചു.

സ്കോർപിയോ ശ്രദ്ധയോടെ ഓടിക്കുന്നതിനിടെ ജാവേദ് സംസാരം തുടങ്ങി. ജമ്മുവിൽനിന്നുള്ള അയാളുടെ മടക്കയാത്രക്കിടയിൽ കിട്ടിയ ബോണസായിരുന്നു ഞങ്ങൾ. ശ്രീനഗറിലെത്തിക്കും, അവിടെനിന്ന് ഞങ്ങൾക്ക് ലേയിലേക്കും മണാലിയിലേക്കും പോകണം. വഴിമധ്യേ ലഭിച്ച സാരഥിയാണ് ജാവേദ്.

ജാവേദിന് പറയാനുണ്ടായിരുന്നത് തന്റെ കുടുംബത്തെക്കുറിച്ച്. ഭാര്യയും ചെറിയ മകനും. കശ്മീരിൽ ജീവിതം അത്ര ലളിതമല്ല. അത്യാവശ്യസാധനങ്ങൾ എപ്പോഴും കരുതിവയ്ക്കണം. എപ്പോഴാണ് കർഫ്യൂ പ്രഖ്യാപിക്കപ്പെടുന്നതെന്ന് അറിയാനാകില്ല. ഏതു നിമിഷവും ഒരു തോക്കിൻമുന നിങ്ങളുടെ നേർക്കുയരാം. ഇതൊക്കെ ഇപ്പോൾ നിത്യജീവിതത്തിലെ പതിവുകൾ.എങ്കിലും ചിലതൊക്കെ മായാതെ മറയാതെ മനസ്സിൽനിൽക്കും; ഓർക്കുമ്പോൾ സുഷ്മനയിലൂടെ മുകളിലേക്ക് പോകുന്ന ഭയത്തിന്റെ ആലക്തികാനുഭവമായി. അത്തരമൊരു ദിവസത്തെപ്പറ്റി ജാവേദ് പറഞ്ഞു. സംഘർഷഭരിതം അന്തരീക്ഷം. പട്ടാളവാഹനങ്ങൾ റോഡിൽ റോന്തുചുറ്റുന്നു. കടകൾ തുറന്നിരുന്നില്ല. അപ്പോഴാണ് ജാവേദിന്റെ കുഞ്ഞ് ചോക്ലേറ്റിന് വാശിപിടിച്ച് കരയാൻ തുടങ്ങിയത്. പരസ്പരം കൊന്നൊടുക്കുന്ന മനുഷ്യരെ മനസ്സിലാക്കാനുള്ള പ്രായം അവനില്ല. കുട്ടിയുടെ കരച്ചിലടക്കാൻ ജാവേദ് അവനുമായി പുറത്തിറങ്ങി. അപകടമാണെന്ന് അറിയാത്തതല്ല. കട തുറന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടെ ഏതാനും തോക്കുധാരികൾ മുന്നിൽ. നിൽക്കാനുള്ള ആജ്ഞ കുട്ടിക്ക് മനസ്സിലായില്ല. ചോക്ലേറ്റിന്റെ മധുരമായിരുന്നിരിക്കാം ആ കുഞ്ഞു മനസ്സിൽ. അവൻ ഇളംകാലുകൾ മുന്നോട്ടുവച്ചു. തോക്കുകൾ ഗർജിക്കാൻ താമസമുണ്ടായില്ല. ജാവേദ് വിറച്ചുപോയി. ഭാഗ്യം! വെടിയുണ്ട അവരെ സ്പർശിച്ചില്ല. തൊട്ടടുത്ത പോസ്റ്റിൽ തറച്ചു. ഉപ്പയും മകനും പെട്ടെന്ന് നിന്നു. തോക്കുധാരികൾ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ പിൻവാങ്ങിയതിനാൽ ജീവൻ രക്ഷപ്പെട്ടു.

ജാവേദിന്റെ അനുഭവം എന്നെ അതിശയിപ്പിച്ചു. കാരണം, രണ്ടുവർഷംമുമ്പ് ഞാനെഴുതിയ ഐസ്ക്രീം എന്ന കഥയുമായി ഇതിന് അത്ഭുതകരമായ സാമ്യം. കലാപംമൂലം ആളുകൾ വീട്ടിനകത്ത് അടച്ചിരിക്കേണ്ട സാഹചര്യത്തിൽ ഐസ്ക്രീമിനായി വാശിപിടിച്ച് നിലവിളിച്ച എട്ടുവയസ്സുകാരനെയുംകൊണ്ട് നിവൃത്തിയില്ലാതെ പുറത്തിറങ്ങേണ്ടിവരുന്ന പിതാവിന്റെ കഥയാണത്. ഐസ്ക്രീം കട തേടി അവരിറങ്ങി, ജാവേദിനെയും മകനെയുംപോലെ. പക്ഷേ, ജാവേദിന്റെ ‘ഭാഗ്യം ആ പിതാവിനുണ്ടായില്ല. ശരമാരിപോലെ പെയ്ത വെടിയുണ്ടകളിൽ ഒന്നുപോലും തികച്ചുവേണ്ടിയിരുന്നില്ല ആ കുരുന്നിന്റെ ജീവനെടുക്കാൻ. ഇനി വീട്ടിലേക്ക് എങ്ങനെ മടങ്ങും. മകനെ കാത്തിരിക്കുന്ന ഭാര്യയോട് എന്ത് മറുപടി പറയും. അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു. കടൽതീരത്തെത്തി. അവിടെ ഇരുന്നു, വൈകുവോളം. എന്തായാലും വീട്ടിൽ പോകണമല്ലോ. യാഥാർഥ്യം എല്ലാവരും അറിഞ്ഞല്ലേ മതിയാവൂ. എന്തുംവരട്ടെ അയാൾ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോൾ സമാധാനമായി. ഇനി ആരോടും ഒന്നും പറയേണ്ട. വീടിരിക്കുന്നിടത്ത് ഒരു മൺകൂനമാത്രം! മനുഷ്യനുമേൽ മനുഷ്യൻ നടത്തുന്ന അതിക്രമങ്ങളുടെ നേർക്കാഴ്ചകൾ കേവലം ഭാവനയല്ല. ലോകമെങ്ങും അനുഭവിക്കുന്ന യാഥാർഥ്യം. 

വർഷങ്ങൾക്കുശേഷം വീണ്ടും കശ്മീരിൽ പോയപ്പോഴും ജാവേദിനെ വിളിച്ചു. അയാളുടെ വീട് സന്ദർശിച്ചു. അതുപക്ഷേ അയാളുടെ വീടല്ല. സുഹൃത്തിന്റെ വീട്ടിലാണ് ജാവേദും കുടുംബവും.  പ്രകൃതിക്ഷോഭത്തിൽ വീടുമാത്രമല്ല, അതിരുന്ന സ്ഥലംതന്നെ പോയി. ജാവേദ് ദൂരെ സവാരിപോയ സമയമായിരുന്നു. കുടുംബത്തെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നത്രേ!

ഓരോ മനുഷ്യനിലും ഒരു ഫാസിസ്റ്റ് ഉറങ്ങിക്കിടപ്പുണ്ട്. യുദ്ധങ്ങളും അതിക്രമങ്ങളും സൃഷ്ടിക്കുന്നത് ആ ഫാസിസ്റ്റാണ്. ചെറിയ ചെറിയ അധികാരങ്ങൾപോലും നമ്മിലെ ഫാസിസ്റ്റിനെ ഉണർത്തും. ചില്ലറയില്ലാതെയാണോ യാത്രചെയ്യുന്നത്’എന്ന് യാത്രക്കാരോട് കയർക്കുന്ന കണ്ടക്ടർപോലും മറ്റൊരാളുടെ മേൽ അധികാരം പ്രയോഗിക്കുന്ന മനുഷ്യനാണ്. അതായത്, വലിയ വലിയ ആധിപത്യശ്രമങ്ങൾ മാത്രമല്ല അധികാരത്തിന്റെ പ്രയോഗമായി തീരുന്നത്. ഡ്രാക്കുളപോലുള്ള രചനകളിലേക്ക് എന്നെ നയിച്ചത് ഈ തോന്നലാണ്. കോളേജ് അധ്യാപകനായ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ് ഡ്രാക്കുളയുടെ സൃഷ്ടിക്ക് കാരണം. അതിർത്തിപ്രദേശത്ത് ഒരു ജോലിക്കായി പോയതാണ് അയാൾ. പക്ഷേ, അവിടെ തുടരാൻ പറ്റിയ സാഹചര്യമല്ല. ജോലിവിട്ട് പോരാനും അയാൾക്ക് സ്വാതന്ത്ര്യമില്ല. ഒരുതരം തടങ്കൽ. ഒടുവിൽ ആരുടെയൊക്കെയോ സഹായത്തോടെ ഒളിച്ചോടേണ്ടിവന്നു ജീവൻ രക്ഷപ്പെടുത്താൻ.

ഇതേ കാലഘട്ടത്തിലാണ് ഗുജറാത്ത് വംശഹത്യ. തീവ്രഹിന്ദുത്വത്തിന്റെ ആക്രമണോത്സുകത ഭയത്തിന്റെ തീവ്രരൂപങ്ങൾ സൃഷ്ടിച്ചു. നമ്മുടെ അഭയമായ മാതൃരാജ്യം നമ്മെ ഭയപ്പെടുത്തുന്നു എന്നത് ആരിലാണ് സംഘർഷം സൃഷ്ടിക്കാത്തത്. ഇതെല്ലാംകൂടി ചേർന്നാണ് ഡ്രാക്കുള സൃഷ്ടിക്കപ്പെടുന്നത്. അതിൽ ഞാനാണ് കഥാഗതി നയിക്കുന്നത്. ആ ഞാൻ തേഡ് പേഴ്സണാണ്. യഥാർഥ ഞാനല്ല. അതിൽ ഒരു രാഷ്ട്രീയമുണ്ട്. എനിക്ക് ഞാൻ’എന്ന് പറയാൻ ഭയമാണ്. അതിനാൽ, ഞാൻ മൂന്നമനായി മാറാൻ ശ്രമിക്കുന്നു. ഭാഷാപരമായി പറഞ്ഞാൽ ഒരുപക്ഷേ ദ്രാവിഡഭാഷകളിൽമാത്രമേ ഇത്തരമൊരാഖ്യാനം സാധ്യമാകൂ. മറ്റു ഭാഷകളിൽ ഞാൻ എന്നത് ഫസ്റ്റ് പേഴ്സൺ മാത്രമായേ നിൽക്കാനാകൂ. സങ്കീർണമായ ബഹുതല ആഖ്യാന രീതിയാണ് ഡ്രാക്കുളയിൽ സ്വീകരിച്ചത്. പ്രമേയം അത് ആവശ്യപ്പെടുന്നു എന്നുതോന്നുന്നു. പ്രമേയത്തോട് നീതിപുലർത്തുന്ന ആഖ്യാനരീതി സ്വീകരിക്കലാണ് ചെയ്യുന്നത്.

പ്രധാന വാർത്തകൾ
 Top